Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightറെയില്‍വേ...

റെയില്‍വേ ടിക്കറ്റെടുക്കൂ; കവര്‍ച്ചക്കിരയാകൂ

text_fields
bookmark_border
റെയില്‍വേ ടിക്കറ്റെടുക്കൂ; കവര്‍ച്ചക്കിരയാകൂ
cancel

തട്ടിപ്പിനും കൊലപാതകത്തിനും കേസുള്ളവരും ഇരുപതും ഇരുപത്തൊന്നും പ്രായക്കാരുമായ ചെറുപ്പക്കാര്‍ക്ക്, എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴിയായി തോന്നിയത് ട്രെയിനില്‍ കയറി കവര്‍ച്ച ചെയ്യലാണ്. അവര്‍ കേരള എക്സ്പ്രസില്‍ കയറുന്നു. അംഗപരിമിതര്‍ക്കുള്ള കോച്ചില്‍ ഇരിക്കുന്നു. അംഗപരിമിതരായ യാത്രക്കാര്‍ക്ക് ചെറുത്തുനില്‍ക്കുക പ്രയാസമാകും എന്നവര്‍ക്കറിയാം. അത്രതന്നെ അവര്‍ക്ക് തീര്‍ച്ചയുള്ള കാര്യമാണ്, ട്രെയിനില്‍ പൊലീസ് സംരക്ഷണമെന്ന പ്രാഥമിക അവകാശംപോലും യാത്രക്കാര്‍ക്ക് (ഭിന്നശേഷിക്കാരുടെയും വനിതകളുടെയും പ്രത്യേക കോച്ചിലടക്കം) ലഭ്യമാകില്ല എന്ന്. ട്രെയിന്‍ യാത്രയില്‍ സുനിശ്ചിതമെന്ന് പറയാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഈ അരക്ഷിതാവസ്ഥയാണെന്ന് വന്നിരിക്കുന്നു. അങ്ങനെ ട്രെയിന്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ വിട്ടശേഷം അക്രമികള്‍ പണിതുടങ്ങി. കുടുംബത്തിലെ മൂന്നുപേരെ ആക്രമിക്കുന്നു; അവരെ മൂവരെയും പരിക്കേല്‍പിച്ച് കവര്‍ച്ച നടത്തുന്നു; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചശേഷം ഓടി രക്ഷപ്പെടുന്നു. റെയില്‍വേയില്‍ കവര്‍ച്ചക്കാര്‍ക്ക് ആരെയും പേടിക്കേണ്ടതില്ളെന്ന കണക്കുകൂട്ടല്‍ പിഴച്ചില്ല. പക്ഷേ, റെയില്‍വേ ട്രാക്കിലൂടെ ഓടുന്നതിനിടെ നാട്ടുകാര്‍ പിന്നാലെകൂടി. അവരും പൊലീസും ചേര്‍ന്ന് കവര്‍ച്ചക്കാരെ പിടികൂടി. നാലരവര്‍ഷംമുമ്പ് ഷൊര്‍ണൂര്‍ പാസഞ്ചറില്‍വെച്ച് പീഡിപ്പിക്കപ്പെട്ട സൗമ്യ അക്രമിക്കിരയായതും റെയില്‍വേയിലെ സുരക്ഷയില്ലായ്മമൂലമായിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഒരു ഗോവിന്ദച്ചാമിയും സന്തോഷും വിനുവും മാത്രമല്ല കുറ്റവാളികള്‍. സുരക്ഷിതയാത്ര ഉറപ്പാക്കേണ്ട റെയില്‍വേയും കൂട്ടുപ്രതിതന്നെയാണ്.

കവര്‍ച്ചയും പീഡിപ്പിക്കലും കൊലയുമൊക്കെ എത്ര സാധാരണമാകുന്നു എന്നപോലത്തെന്നെ നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ് അതെല്ലാം എത്ര എളുപ്പമായിക്കഴിഞ്ഞിരിക്കുന്നു എന്നതും. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നത് അവര്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യവും നല്‍കാന്‍ വേണ്ടിയാണ്. എന്നാല്‍, സുരക്ഷാസംവിധാനമെന്നൊന്ന് ഇല്ലാത്ത അവസ്ഥയില്‍ അത്തരം കോച്ചുകള്‍ കുറ്റവാളികളുടെ ഇഷ്ടലക്ഷ്യങ്ങളായിട്ടുണ്ടോ എന്ന് ആശങ്കിക്കണം. സൗമ്യ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ മുഹമ്മദ് നാസിന്‍െറ കുടുംബം കൊള്ളയടിക്കപ്പെട്ടതും ട്രെയിനിനകത്ത് സുരക്ഷാസംവിധാനം ഒട്ടുമില്ലാത്ത അവസ്ഥയിലാണ്. ഇതിനെപ്പറ്റി റെയില്‍വേ അധികൃതരും സര്‍ക്കാറും വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണ്. റെയില്‍വേ സംരക്ഷണസേന എന്തിനാണെന്ന ചോദ്യത്തിന്, വേണ്ടത്ര ആളുകള്‍ സേനയിലില്ലാത്തതാണ് പ്രശ്നമെന്ന് അധികൃതര്‍ മറുപടി നല്‍കുന്നു. ആരാണ് ഇതിനുത്തരവാദികള്‍? ആരാണ് പ്രശ്നം പരിഹരിക്കേണ്ടത്? ടിക്കറ്റ് വാങ്ങി റെയില്‍വേയെ വിശ്വസിച്ച് യാത്രചെയ്യുന്നവരുടെ ജീവനും സ്വത്തിനും രക്ഷയില്ളെന്നുവന്നാല്‍ അതില്‍പരം പരാജയവും ഭരണവീഴ്ചയും മറ്റെന്തുണ്ട്?
കവര്‍ച്ചയും മോഷണവും കൊള്ളയും നടത്താന്‍ പരിശീലനംകിട്ടിയ ക്രിമിനല്‍ സംഘങ്ങള്‍ ട്രെയിനുകളെ ഉന്നമിട്ടുതുടങ്ങിയിട്ടുണ്ടെന്നത് ഉത്കണ്ഠയുണ്ടാക്കുന്നു. ഭയാനകമായ മറ്റൊരുകാര്യം, ട്രെയിന്‍ യാത്രാസുരക്ഷയുടെ ഉത്തരവാദിത്തം ആര്‍ക്കെന്നകാര്യംപോലും കൃത്യമായി പറയാനാകുന്നില്ല എന്നതാണ്.

സംസ്ഥാന സര്‍ക്കാറിന് കീഴിലെ റെയില്‍വേ പൊലീസും റെയില്‍വേയുടെ സ്വന്തം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും രണ്ടും സുരക്ഷക്കുവേണ്ടിയുള്ള സംവിധാനങ്ങളാണ്. ഇവ രണ്ടും തമ്മില്‍ ഏകോപനം കുറവാണ്; സഹകരണം ഒട്ടുമില്ളെന്നും കേള്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ കുറവ്. വനിതാ പൊലീസുകാര്‍ നന്നേകുറവ്. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ എല്ലാമാസവും യോഗംചേരുക, വല്ലതും സംഭവിച്ചാല്‍ തല്‍ക്കാല നടപടികളും പ്രസ്താവനകളുംകൊണ്ട് അവസാനിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ആകെക്കൂടി നടക്കുന്ന സുരക്ഷാ നടപടികള്‍. ഓരോവീഴ്ചയിലും ഇരകള്‍ക്ക് നഷ്ടപരിഹാരം, ഉത്തരവാദികളായ റെയില്‍വേ ഉദ്യോഗസ്ഥരെ കണ്ടത്തെി ശിക്ഷിക്കല്‍ തുടങ്ങി പ്രാഥമികമായ പരിഹാരകൃത്യങ്ങള്‍ക്കുപോലും വ്യവസ്ഥയില്ല എന്നിരിക്കെ പ്രതിരോധസംവിധാനങ്ങളിലെ ഉദാസീനതയെപ്പറ്റി എന്തുപറയാന്‍! സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയെന്ന നിര്‍ദേശമുണ്ട്. നല്ലതുതന്നെ. പക്ഷേ, കുറ്റം നടന്നശേഷം അന്വേഷണത്തിന് ഉപകരിക്കുമെന്നല്ലാതെ, കുറ്റം തടയുന്നതിന് വനിതകളടങ്ങുന്ന സംരക്ഷണസേന എന്ന സംവിധാനംതന്നെ വേണം. മറ്റൊന്നും അതിന് പകരമാകില്ല.

റെയില്‍വേ സുരക്ഷയെപ്പറ്റി പേടിയുയര്‍ത്തുന്ന വാര്‍ത്തകള്‍ മറ്റിടങ്ങളില്‍നിന്നുമുണ്ട്. മധ്യപ്രദേശില്‍ മഴവെള്ളപ്പാച്ചിലില്‍ പാളം ഒലിച്ചുപോയതിനാല്‍ രണ്ട് തീവണ്ടികള്‍ മറിഞ്ഞ് 31 പേര്‍ മരിച്ചത് റെയില്‍പാളങ്ങളില്‍ സുരക്ഷാപരിശോധന ശരിയായി നടക്കാത്തതുകൊണ്ടാണ്. തീവണ്ടിക്കുള്ളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട അനുഭവങ്ങള്‍ വേറെ സ്ഥലങ്ങളിലുമുണ്ടായിട്ടുണ്ട്. യാത്രാസുരക്ഷ വെറുമൊരു മുദ്രാവാക്യമാണ് റെയില്‍വേക്ക്. അതിനപ്പുറം യാത്രക്കാരുടെ ജീവനും അഭിമാനത്തിനും സ്വത്തിനും സംരക്ഷണംനല്‍കാന്‍ ഫലപ്രദമായ സജ്ജീകരണങ്ങളോ പദ്ധതിയോ ഇല്ളെന്ന് പലകുറി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കളെന്ന നിലക്കും പൗരന്മാരെന്ന നിലക്കും മനുഷ്യരെന്ന നിലക്കും യാത്രക്കാര്‍ക്ക് കിട്ടേണ്ട ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ് സുരക്ഷ; ഇടക്കിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താല്‍ക്കാലിക ആശങ്കയല്ല അതെന്ന് സര്‍ക്കാറും റെയില്‍വേ അധികൃതരും ഇനിയെങ്കിലും മനസ്സിലാക്കണം.

Show Full Article
TAGS:
Next Story