Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസമാധാന ശ്രമങ്ങളും...

സമാധാന ശ്രമങ്ങളും ഭീകരാക്രമണങ്ങളും ഒരുമിച്ചുപോവില്ല

text_fields
bookmark_border
സമാധാന ശ്രമങ്ങളും ഭീകരാക്രമണങ്ങളും ഒരുമിച്ചുപോവില്ല
cancel

ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ ബി.എസ്.എഫ് വാഹനവ്യൂഹത്തെ ആക്രമിച്ച് രണ്ടു ജവാന്മാരെ കൊലപ്പെടുത്തുകയും 13 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത പാക് ഭീകരരുടെ അത്യന്തം പ്രകോപനപരമായ നടപടി ആഗസ്റ്റ് 23ന് നടക്കേണ്ട ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനില്‍ വെച്ചാണെന്നതിന് സംശയാതീതമായ തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റിനെ അറിയിച്ചിരിക്കെ സമാധാന പുന$സ്ഥാപന ചര്‍ച്ചകള്‍ക്കെന്ത് പ്രസക്തി എന്ന ചോദ്യം  ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ഒരുവേള അതുതന്നെയാവും തീവ്രവാദികളുടെ ഉന്നവും. മോശമായി തുടരുന്ന ഇന്ത്യ-പാക് ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥതലത്തിലോ മന്ത്രി തലത്തിലോ അത്യുന്നതതലത്തില്‍ തന്നെയോ ചര്‍ച്ചകള്‍ നിശ്ചയിക്കപ്പെട്ടപ്പോഴൊക്കെ അല്ളെങ്കില്‍ ചര്‍ച്ചകള്‍ക്കുശേഷം മഞ്ഞുരുക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴെല്ലാം ഇമ്മാതിരി ഭീകരാക്രമണങ്ങളിലൂടെ അട്ടിമറിക്കപ്പെടുക സാധാരണ സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ മാസം റഷ്യയിലെ ഉഫായില്‍ ഇന്ത്യ-പാകിസ്താന്‍ പ്രധാനമന്ത്രിമാര്‍  തമ്മില്‍ കണ്ടതിനുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പരസ്പര ബന്ധങ്ങള്‍ സൗഹൃദപരമാക്കാനുള്ള നടപടികളിലേക്ക് സൂചനകള്‍ നല്‍കിയിരുന്നു. അപ്പോഴാണ് കിഴക്കന്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ അരങ്ങേറിയ തീവ്രവാദി ആക്രമണത്തില്‍ ഏഴു ജവാന്മാരും മൂന്നു ഭീകരരും കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചത്. പാകിസ്താന്‍ സര്‍ക്കാര്‍ നിരോധിച്ച ലശ്കറെ ത്വയ്യിബയാണ് ഈയാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരോധിത ലശ്കറിന്‍െറ സൂത്രധാരനായ ഹാഫിസ് മുഹമ്മദ് സഈദിന്‍െറ ജമാഅത്തുദ്ദഅ്വ ഇപ്പോള്‍ വളരെ സജീവമാണ്. ആ സംഘടനയെ നിരോധിക്കാന്‍ മതിയായ തെളിവുകളില്ല എന്നാണ് പാകിസ്താന്‍െറ അവകാശവാദം. കഴിഞ്ഞ ദിവസത്തെ ഉധംപുര്‍ ആക്രമണത്തില്‍ പിടിക്കപ്പെട്ട തീവ്രവാദി മുഹമ്മദ് നവീദിനെ ചോദ്യംചെയ്തതില്‍ ലശ്കര്‍ നിയോഗിച്ച ഭീകരസംഘത്തില്‍ അംഗമാണയാളെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അയാള്‍ പാകിസ്താന്‍കാരനല്ളെന്നാണ് ആ രാജ്യത്തിന്‍െറ നിലപാട്. മുമ്പെന്നത്തേയുംപോലെ ഇത്തവണയും ‘മതിയായ തെളിവുകള്‍’ ഹാജരാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കയാണ് പാകിസ്താന്‍. തെളിവില്ലാതെ ഇന്ത്യ പാകിസ്താനെ പ്രതിക്കൂട്ടില്‍ കയറ്റുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അയല്‍രാജ്യം അങ്ങനെയാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, ഹാഫിസ് മുഹമ്മദ്  മുഹമ്മദ് സഈദിന്‍െറ ശിഷ്യന്‍ സകിയുര്‍റഹ്മാന്‍ ലഖ്വി ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു കടല്‍വഴി വന്ന പാക് ഭീകരരുടെ മുംബൈ ആക്രമണമെന്ന് ഏറ്റവും ഒടുവില്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ഐ.എ മുന്‍ ഡയറക്ടര്‍ ജനറല്‍ ജനറല്‍ താരീഖ് ഖോസ വെളിപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹമായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പാക് സമിതിയുടെ തലവന്‍. കറാച്ചിയിലെ ഒരുമുറിയിലാണ് ഗൂഢാലോചനയും ആസൂത്രണവും നടന്നതെന്നും ഖോസ വ്യക്തമാക്കുന്നു. ഇന്ത്യ തൂക്കുമരത്തിലേറ്റിയ അജ്മല്‍ കസബ് സംഭവത്തില്‍ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും മതിയായ തെളിവില്ളെന്ന് പറഞ്ഞു ലഖ്വിയെ ഇപ്പോഴും ജാമ്യത്തിലിറങ്ങി വിഹരിക്കാന്‍ വിട്ട പാക് നടപടി വിചിത്രമാണ്.
ഭീകരാക്രമണങ്ങളുടെ ഏറ്റവും വലിയ ഇരകളിലൊന്നാണ് പാകിസ്താന്‍ എന്നിരിക്കെ തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമേയില്ളെന്നും മറിച്ച്, തീവ്രവാദി സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് പാകിസ്താന്‍െറ എപ്പോഴത്തെയും ന്യായം. അതില്‍ ശരിയില്ല എന്നു പറയാനാവില്ല. തഹ്രീകെ താലിബാനെപ്പോലുള്ള തീവ്രവാദ സംഘടനകള്‍ പാകിസ്താന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തലവേദന ചെറുതല്ല. അമേരിക്കന്‍ സഹായത്തോടെ നിരന്തരം ബോംബാക്രമണം തന്നെ പാക്സേന നടത്തിയിട്ടും ഭീകരതാവളങ്ങളുടെ അടിവേരറുക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടുമില്ല. അതേയവസരത്തില്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യെ പാക് അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന ഭീകര കൃത്യങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ആ രാജ്യം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍നിന്നൊക്കെയുള്ള  വസ്തുത വ്യക്തമാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം സൃഷ്ടിക്കപ്പെടാത്തിടത്തോളംകാലം ഇടക്കിടെ നടക്കുന്ന പ്രധാനമന്ത്രിമാരുടെ ഹസ്തദാനമോ മന്ത്രിതലത്തിലോ ഉദ്യോഗതലത്തിലോ ഉള്ള ചര്‍ച്ചകളോ ഫലപ്രാപ്തിയുടെ അടുത്തൊന്നും എത്തിക്കുകയില്ല. പരസ്പരം സംശയങ്ങളും കുറ്റാരോപണങ്ങളും അതിനെയൊക്കെ സാധൂകരിക്കുന്ന വിധമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് ബന്ധത്തെ പിടിച്ചുലക്കുന്നത്. തന്മൂലം ആഗോള കോര്‍പറേറ്റുകളുടെ ആയുധങ്ങള്‍ക്ക് സുഗമമായ വിപണി ഒരുങ്ങുന്നതല്ലാതെ ഉപഭൂഖണ്ഡത്തിലെ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ നിരക്ഷരതയോ ഉന്മൂലനം ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യം നേടാന്‍ സ്വാതന്ത്ര്യത്തിന്‍െറ ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇരു രാജ്യങ്ങള്‍ക്കും സാധിക്കുന്നില്ല. സ്ഫോടനങ്ങളും അട്ടിമറികളും അവിരാമമായി തുടരുന്നു. ഒരു മൂന്നാംകക്ഷിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ളെന്നതാണ് നമ്മുടെ സ്ഥിരം നിലപാട്. എങ്കില്‍ രണ്ടു കക്ഷികളും വിശ്വാസവീണ്ടെടുപ്പിനും സമാധാനസൃഷ്ടിക്കും ആത്മാര്‍ഥമായി ശ്രമിക്കുകയും അതിന് വിഘാതം സൃഷ്ടിക്കുന്ന സമാധാനത്തിന്‍െറ ശത്രുക്കളെ ഉരുക്കുമുഷ്ടിയോടെ നേരിടുകയും ചെയ്യേണ്ടതല്ളേ? പ്രത്യേകിച്ചും പാകിസ്താന്‍ സത്യസന്ധമായ ഒരാത്മ പരിശോധനക്ക് തയാറില്ളെങ്കില്‍ നിലനില്‍പുതന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നേടത്താണ് കാര്യത്തിന്‍െറ കിടപ്പ്.
 

Show Full Article
TAGS:
Next Story