Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനാഗാ കരാറിന്‍െറ...

നാഗാ കരാറിന്‍െറ മാനങ്ങള്‍

text_fields
bookmark_border
നാഗാ കരാറിന്‍െറ മാനങ്ങള്‍
cancel

ആഗസ്റ്റ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍വെച്ച് നാഗാ വിമതരുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ ചരിത്രപ്രസിദ്ധമെന്നാണ് കേന്ദ്രസര്‍ക്കാറും ബന്ധപ്പെട്ട കേന്ദ്രങ്ങളും അവകാശപ്പെടുന്നത്. ഇന്ത്യക്കെതിരെ  യുദ്ധം പ്രഖ്യാപിച്ച് ‘നാഗാലിം’ എന്ന് തങ്ങള്‍ പേര് വിളിക്കുന്ന സ്വതന്ത്ര രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യന്‍  പ്രധാനമന്ത്രിയുടെ വസതിയില്‍ വരികയും അദ്ദേഹവുമായും ആഭ്യന്തര മന്ത്രിയുമായും ചര്‍ച്ച നടത്തുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യംതന്നെ. പക്ഷേ, ആ കരാര്‍ എത്രത്തോളം നിര്‍ണായകവും ചരിത്രപരവുമാണ് എന്ന തീര്‍പ്പിലത്തെണമെങ്കില്‍, അതിന്‍െറ വിശദാംശങ്ങള്‍ പൂര്‍ണമായി പുറത്തുവരികയും അതിന്‍െറ പ്രായോഗിക നടപടികളിലേക്ക് കടക്കുകയും വേണം.
ഇന്നത്തെ നാഗാലാന്‍ഡ് സംസ്ഥാനവും മണിപ്പൂര്‍, അസം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെയും അയല്‍രാജ്യമായ മ്യാന്മറിലെയും നാഗാ വംശജര്‍ അധിവസിക്കുന്ന പ്രദേശങ്ങളും ചേര്‍ത്ത് സ്വതന്ത്ര പരമാധികാര രാജ്യം -വിശാല നാഗാലിം- സ്ഥാപിക്കണമെന്നതാണ് നാഗാ വിമതരുടെ ആവശ്യം. ഇന്ത്യ സ്വതന്ത്രമാകുന്നതിന്‍െറ തലേദിവസം അവര്‍ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് പ്രയോഗത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നാഗാ ഗ്രൂപ്പുകളുടെ പോരാട്ടങ്ങളും ഇന്ത്യയുടെ അവയോടുള്ള പ്രതികരണങ്ങളുംകൊണ്ട്  നിറഞ്ഞതാണ് ആ പ്രദേശത്തിന്‍െറ ചരിത്രം.
1975 നവംബര്‍ 11ന് ഇന്ത്യന്‍ സര്‍ക്കാറും നാഗാ നാഷനല്‍ കൗണ്‍സിലും തമ്മില്‍ ഒപ്പുവെച്ച ഷില്ളോങ് കരാര്‍ പ്രധാന സംഭവമായിരുന്നു. നാഗാ-ഇന്ത്യ ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനും അതിന്‍െറ  മുന്നോടിയായി നാഗാ ഗ്രൂപ്പുകള്‍ ആയുധം താഴെവെക്കാനും കരാര്‍ വ്യവസ്ഥ ചെയ്തു. എന്നാല്‍, ഷില്ളോങ് കരാര്‍ സമ്പൂര്‍ണമായ കീഴടങ്ങലാണെന്ന് ആരോപിച്ച്  രൂപവത്കരിക്കപ്പെട്ട  പ്രസ്ഥാനമാണ് നാഷനല്‍ സോഷ്യലിസ്റ്റ്  കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍.എസ്.സി.എന്‍). 1988ല്‍ എന്‍.എസ്.സി.എന്‍ ഇസാക്-മുവിയ, കപ്ളാങ്  എന്നീ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞു. ഇതില്‍ ഇസാക്-മുവിയ ഗ്രൂപ്പാണ് ഏറ്റവും പ്രബലമായി കരുതപ്പെടുന്നത്. പ്രസ്തുത ഗ്രൂപ്പുമായാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ കരാറിലത്തെിയിരിക്കുന്നത്. നാഗാലാന്‍ഡിലെയും അയല്‍സംസ്ഥാനങ്ങളിലെയും നാഗാ ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ സ്വയംഭരണമുള്ള നാഗാലിം രൂപവത്കരിക്കുകയെന്നതാണ് കരാറിലെ വ്യവസ്ഥയെന്നാണ് പൊതുവെ ഊഹിക്കപ്പെടുന്നത്. പക്ഷേ, ഇത് എത്രത്തോളം പ്രായോഗികമാവും എന്നതിനെക്കുറിച്ച സന്ദേഹങ്ങള്‍ വ്യാപകമാണ്. അസം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. തങ്ങളുടെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ളെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്രസ്തുത സംസ്ഥാനങ്ങളെ വിവിധ ഗോത്രവിഭാഗങ്ങളും ഇങ്ങനെയൊരു ധാരണക്കെതിരാണ്. സ്വതന്ത്ര നാഗാലിമിന് വേണ്ടിത്തന്നെ പ്രവര്‍ത്തിക്കുന്ന കപ്ളാങ് വിഭാഗം കരാറിനോട് എന്തു സമീപനം സ്വീകരിക്കുമെന്നതും ആശങ്കയുയര്‍ത്തുന്ന ചോദ്യമാണ്. ഇസാക്-മുവിയ വിഭാഗവുമായി സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടതില്‍ അവര്‍ നേരത്തെതന്നെ പ്രകോപിതരായിരുന്നു. ജൂണ്‍ നാലിന് മണിപ്പൂരിലെ ചന്ദലില്‍18 ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് കൊന്നത് ആ ഗ്രൂപ്പായിരുന്നു. ‘ഞങ്ങള്‍ ഇവിടെയുണ്ട്’ എന്ന സന്ദേശം അവര്‍ ഇന്ത്യക്ക് നല്‍കുകയായിരുന്നു ആ ആക്രമണത്തിലൂടെ. അതായത്, ഒരു ഗ്രൂപ്പുമായി മാത്രമുണ്ടാക്കുന്ന കരാറിലൂടെ പരിഹാരമുണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണ്. സ്വയംഭരണമുള്ള നാഗാലിം എന്നതും സ്വതന്ത്ര നാഗാലിം എന്നതും വ്യത്യസ്തമായ ആശയങ്ങളാണ്. എന്‍.എസ്.സി.എന്‍-ഐ.എം സ്വയംഭരണത്തില്‍ തൃപ്തിപ്പെട്ട് കരാറിലത്തെിയാല്‍ തന്നെ മറ്റ് ഗ്രൂപ്പുകള്‍ കൂടുതല്‍ തീവ്രമായ നിലപാടുകളെടുത്ത് രംഗത്ത് വരില്ളേ എന്നത് ന്യായമായ സംശയമാണ്. അതായത്, ഷില്ളോങ് കരാറിന് വന്ന അതേ ഗതി പുതിയ കരാറിനും വന്നുഭവിക്കാന്‍ എമ്പാടും ന്യായങ്ങളുണ്ട്.
എന്തുതന്നെയായാലും ഒരു രാഷ്ട്രീയ പ്രശ്നത്തെ രാഷ്ട്രീയമായി സമീപിക്കാനും ചര്‍ച്ചകള്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ കാണിച്ച സന്നദ്ധത അഭിനന്ദിക്കപ്പെടണം. വിഘടനവാദികളുമായി ഒരു ചര്‍ച്ചയും പാടില്ളെന്നും സായുധമായി നിര്‍ദയം അടിച്ചമര്‍ത്തുക മാത്രമാണ് പോംവഴിയെന്നും ശക്തമായി വാദിക്കുന്നവരാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍. വിഘടനവാദത്തെയും സ്വയംനിര്‍ണയത്തിനായുള്ള സമരങ്ങളെയും ഒരുനിലക്കും അംഗീകരിക്കാത്തവരാണവര്‍. ബി.ജെ.പിയുടെ സഖ്യകക്ഷിയായ നാഗാ പീപ്ള്‍സ് ഫ്രണ്ട് ആണ് നാഗാലാന്‍ഡ്  ഭരിക്കുന്നത്. ആര്‍.എസ്.എസിന്‍െറ  വടക്കു-കിഴക്കന്‍ നേതാവായിരുന്ന പി.ബി. ആചാര്യയാണ് അവിടത്തെ ഗവര്‍ണര്‍. സ്വതന്ത്ര ഭൂരിപക്ഷത്തോടെ അവര്‍ കേന്ദ്രവും ഭരിക്കുന്നു. ആര്‍.എസ്.എസിന്‍െറ പ്രിയങ്കരനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് ഈ ചര്‍ച്ചകളുടെയും കരാറിന്‍െറയും ശില്‍പി. കോണ്‍ഗ്രസോ മറ്റേതെങ്കിലും കക്ഷിയോ ആണ് ഇങ്ങനെയൊരു കരാറുമായി മുന്നോട്ട്  വരുന്നതെങ്കില്‍ തീവ്ര ദേശീയ വികാരമുയര്‍ത്തി സംഘ്പരിവാര്‍ അതിനെ എതിര്‍ക്കുമായിരുന്നു. പക്ഷേ, വിഘടനവാദികളുമായി പ്രധാനമന്ത്രിയുടെ വസതിയില്‍വെച്ചുതന്നെ ബി.ജെ.പി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് വലിയ കൗതുകം തന്നെയാണ്. കറകളഞ്ഞ ‘രാജ്യസ്നേഹി’കളാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്  എന്നതിനാല്‍ കാര്യങ്ങള്‍ ഗൗരവത്തില്‍ മുന്നോട്ടു പോവുമെന്ന് പ്രതീക്ഷിക്കാം. കശ്മീരിലെ ഹുര്‍റിയത്ത് നേതാവ് അലീഷാ ഗീലാനിയെ പാക് എംബസി ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ചതിന്‍െറ പേരില്‍ വലിയ ബഹളമുണ്ടാക്കിയവരാണ് ബി.ജെ.പിക്കാര്‍. രാഷ്ട്രീയ  പ്രശ്നങ്ങളെ അങ്ങനെ സമീപിക്കാതെ വര്‍ഗീയവും വംശീയവുമായ ചേരിതിരിവ് ഉണ്ടാക്കി ഉന്മാദ ദേശീയത വളര്‍ത്താനാണ് അവര്‍ എന്നും ശ്രമിച്ചത്. അങ്ങനെയിരിക്കെ, നാഗാ വിമതരുമായി ബി.ജെ.പിയുടെ പ്രധാനമന്ത്രി തന്നെ നേരിട്ട് ചര്‍ച്ച നടത്തുന്നത് പ്രശംസിക്കപ്പെടേണ്ട കാര്യമാണ്. എല്ലാറ്റിനും സൈനിക പരിഹാരമെന്ന സംഘ്പരിവാറിന്‍െറ സ്ഥിരം നിലപാടില്‍ നിന്ന് അവര്‍ താഴേക്ക് ഇറങ്ങിവരുന്നെങ്കില്‍ അത് അത്രയും നല്ലത്. നാഗാ കരാറിന് നല്ല ഭാവിയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Show Full Article
TAGS:
Next Story