ജൈവകാര്‍ഷിക സംസ്ഥാനം: പരാജയപ്പെടാന്‍ പോകുന്ന മികച്ച സ്വപ്നം
text_fields2016 മുതല്‍ കേരളം സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാകുകയാണത്രെ. അതിന്‍െറ ഭാഗമായി മാര്‍ച്ച് മുതല്‍ സംസ്ഥാനത്ത് രാസവള ഉപയോഗം സമ്പൂര്‍ണമായി നിരോധിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന് പ്രഖ്യാപിച്ചിരിക്കുന്നു. നിയമസഭയില്‍ അതിനുള്ള പ്രായോഗിക പദ്ധതികളും കഴിഞ്ഞകാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളും വിശദീകരിക്കുകയും ചെയ്തു. ഹോര്‍ടികള്‍ചര്‍ മിഷന്‍െറ സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാല പ്രഫസര്‍ രഞ്ജന്‍ എസ്. കരിപ്പായി, ഡോ. ജലജ എസ്. മേനോന് എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം മുന്‍നിര്‍ത്തി അവര്‍ പ്രധാന നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. വരുന്ന കേരളപ്പിറവി ദിനം മുതല്‍ ഗ്രാമസഭകള്‍ കേന്ദ്രീകരിച്ച് ജൈവകാര്‍ഷിക സാക്ഷരതാ യജ്ഞം, കര്‍ഷക കൂട്ടായ്മകള്‍ക്ക് ജൈവവള-കീടനാശിനി നിര്‍മാണത്തിലുള്ള പരിശീലനം, അടുത്ത ശീതകാലം മുതല്‍ വീട്ടുവളപ്പുകൃഷിയില് ജൈവരീതി നിര്‍ബന്ധമാക്കല്‍, രാസവള നിരോധം, ചുവപ്പും മഞ്ഞയും ലേബലുള്ള കീടനാശിനികളുടെ നിരോധം തുടങ്ങി വിവിധ പരിപാടികളും പദ്ധതികളും ആസൂത്രണംചെയ്തിരിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകരേയും സംഘടനകളേയും ഈ തീവ്രയത്നത്തില്‍ സജീവ പങ്കാളികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. വളരെ നല്ലതുതന്നെ.
വിപുലവും ജനകീയവുമായ പങ്കാളിത്തംകൊണ്ടുമാത്രം വിജയിക്കാന്‍ കഴിയുന്നതും വിജയിക്കേണ്ടതുമായ ഈ പദ്ധതിയുടെ ഒരുക്കവും താല്പര്യവും കൃഷിവകുപ്പില്‍ മാത്രം ഒതുങ്ങുന്നുവോ എന്ന സംശയം പ്രബലമാണ്. കേരളത്തെ ജൈവസംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതും മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിച്ചതുമായ തുക വളരെ തുച്ഛമാണ്. സമ്പൂര്‍ണ ജൈവ സംസ്ഥാനമെന്ന ആശയം വിജയിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഏകോപിച്ച് ഏറ്റെടുത്തതിന്‍െറ ഒരുലക്ഷണവും ഇതുവരെയുണ്ടായിട്ടില്ല. ഒറ്റയടിക്ക് രാസവളം നിരോധിച്ചാല്‍ തോട്ടമേഖലയിലും മലയോര മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതമെന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ഏതെങ്കിലും പഠനം നടത്തിയതിനും തെളിവില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കീടങ്ങള്‍ക്കും കളക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ഉല്പരിവര്ത്തനം (മ്യൂട്ടേഷന്) ചെറുക്കാന്‍ നിലവിലെ ജൈവ കള/കീടനാശിനികള്‍ക്ക് ശേഷിയുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.
കര്‍ഷകര്‍ക്ക് മാര്‍ച്ച് മുതല്‍ ആവശ്യത്തിന് ജൈവികമായ വളം ലഭ്യമാകുന്നതിനുള്ള ഒരുക്കങ്ങള്‍ എന്താണെന്നതിനും മറുപടി മൗനമാണ്. കൃഷിമന്ത്രിക്ക് കേരളത്തെ ജൈവസംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ അതിയായ ആഗ്രഹമുണ്ടാകാം. നിരന്തരമായി അദ്ദേഹമതിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ, കേരളത്തില്‍ അത് സാക്ഷാത്കരിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥതയോടെ ഒറ്റക്കെട്ടായി അതേറ്റെടുക്കണം. പ്രതിപക്ഷത്തെയും സന്നദ്ധസംഘടനകളേയും കര്‍ഷകരേയും അതില്‍ അണിചേര്‍ക്കണം. മാധ്യമങ്ങളുടേയും സാമൂഹിക പ്രസ്ഥാനങ്ങളുടേയും സര്‍വപിന്തുണയും ഉറപ്പുവരുത്തണം. അവയെല്ലാം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ഭക്ഷണത്തിലെ വിഷം അത്രമാത്രം ഭീകരമായി ഓരോ മലയാളിയും നിത്യേനെ അനുഭവിക്കുകയാണ്. പക്ഷേ, വിഷയത്തിന്‍െറ ഗൗരവവും പ്രാധാന്യവും സര്ക്കാറിനില്ലാത്തതാണ് ജൈവകാര്‍ഷിക കേരളം എന്ന മികച്ച ആശയത്തെ പരാജയപ്പെടുത്താന്‍ പോകുന്നത്.
സമീപകാല കേരള ചരിത്രത്തിലെ അതുല്യമായ നേട്ടമായിരുന്നു സമ്പൂര്‍ണ സാക്ഷരതാ യജ്ഞമെന്നത്. ചെറുതും വലുതുമായ മുഴുവന്‍ ആളുകളും പ്രസ്ഥാനങ്ങളും അണിചേര്‍ന്ന, ഗ്രാമങ്ങളും നഗരങ്ങളും ഒന്നായ, മലയാളികള്‍ ഒറ്റക്കെട്ടായി ലക്ഷ്യപ്രാപ്തിക്കുവേണ്ടി രംഗത്തിറങ്ങിയ അപൂര്‍വ സംഭവങ്ങളിലൊന്ന്. നിരക്ഷരതയെ തോല്പിക്കാന് നാം ഒന്നുചേര്‍ന്ന് എപ്രകാരം പോരാടിയോ അതുപോലെ വിഷമുക്ത കാര്‍ഷിക സമൂഹത്തിനും കേരളം രംഗത്തിറങ്ങേണ്ട സന്ദര്‍ഭം ആസന്നമായിരിക്കുന്നു. ഇനിയും നാം ഉറക്കം നടിക്കുകയാണെങ്കില്‍ ജൈവസമ്പന്നവും പ്രകൃതിരമണീയവുമായ ഒരു ഭൂപ്രദേശത്തെ വിഷമയമാക്കിയതിനും രോഗാതുരമായ ഒരു തലമുറയെ സൃഷ്ടിച്ചതിനും ഭാവികേരളം നമ്മെ വിചാരണചെയ്യും. അതിനാല്‍, 2016ഓടുകൂടി സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുന്നതിനുള്ള കൃഷിമന്ത്രാലയത്തിന്‍െറ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍തന്നെ ആദ്യം ഏറ്റെടുക്കണം. സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുകയും കര്‍ഷകര്‍, കൃഷിശാസ്ത്രജ്ഞര്‍, ജൈവകാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ ഏകോപിപ്പിക്കുകയും വേണം.
ജൈവസംസ്ഥാനത്തിലേക്കുള്ള കേരളത്തിന്‍െറ പ്രയാണം അത്ര സുഖകരമൊന്നുമായിരിക്കില്ല. രാസവള ലോബിയുടെ കടുത്ത സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടിവരും. 70 ശതമാനം കാര്‍ഷിക വിഭവങ്ങളും വരുന്നത് കേരളത്തിന് പുറത്തുനിന്നാണ്. അവക്ക് സെസ് ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന വിവാദങ്ങളും പ്രതിസന്ധിയും കടുത്തതായിരിക്കും. കേരളത്തിലെതന്നെ ഭക്ഷ്യവിളയുടെ 73 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് രാസവള/കീടനാശിനി പ്രയോഗം വഴിയാണെന്നതാണ് മറ്റൊരു കടുത്ത യാഥാര്‍ഥ്യം. ജൈവകാര്‍ഷിക രീതിയെ മുന്നോട്ടുവെക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സ്വന്തം സര്‍ക്കാറും വാണിജ്യ കര്‍ഷക സമൂഹവും സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമെന്ന കൃഷിമന്ത്രിയുടെ സ്വപ്നത്തെ വിജയിപ്പിക്കുമോ? നിയമസഭയില്‍ മന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളുടെ സാക്ഷാത്കരണം അത്ര എളുപ്പമല്ളെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
