Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഉദയസൂര്യ​െന കാത്ത്​...

ഉദയസൂര്യ​െന കാത്ത്​ തമിഴകം

text_fields
bookmark_border
ഉദയസൂര്യ​െന കാത്ത്​ തമിഴകം
cancel
camera_alt

എടപ്പാടി പളനിസ്വാമി , എം.കെ. സ്​റ്റാലിൻ, കമൽഹാസൻ

തമിഴ്​മണ്ണിൽ ഡി.എം.കെയുടെ സൂര്യൻ ഉദിച്ചുയരുമോ​? രണ്ടില വാടാതെ സൂക്ഷിക്കാനും സംസ്ഥാനഭരണം നിലനിർത്താനും എടപ്പാടിക്കും കൂട്ടർക്കും കഴി​യുമോ?. ടി.ടി.വി. ദിനകര​െൻറ 'അമ്മ മക്കൾ മുന്നേറ്റ കഴകം', കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതിമയ്യം' എന്നിവയുടെ രാഷ്​ട്രീയഭാവിയെന്താവും? ബി.ജെ.പിക്ക്​ നിയമസഭ പ്രവേശം സാധ്യമാവുമോ? ഇത്തരം നിരവധി ചോദ്യങ്ങൾക്ക്​ ഇൗ നിയമസഭ തെരഞ്ഞെടുപ്പ്​ ഉത്തരം നൽകും.

തമിഴ്​ രാഷ്​ട്രീയത്തിൽ പതിറ്റാണ്ടുകൾ അരങ്ങുവാണ കലൈഞ്​ജർ കരുണാനിധിയും പുരട്​ചി തലൈവി ജയലളിതയും സൃഷ്​ടിച്ച ശൂന്യതയിൽ നിലനിൽപി​െൻറ പോരാട്ടത്തിലാണ്​ എം.കെ. സ്​റ്റാലിനും എടപ്പാടി പളനിസാമിയും. സ്​റ്റൈൽ മന്നൻ രജനികാന്തും ത്യാഗ തലൈവി ചിന്നമ്മ വി.കെ. ശശികലയും രാഷ്​ട്രീയത്തിൽനിന്ന്​ മാറിനിന്നതോടെ തമിഴ്​ രാഷ്​ട്രീയം സ്വാഭാവികനിലയിലേക്ക്​ നീങ്ങുകയാണ്. ഡി.എം.കെ-അണ്ണാ ഡി.എം.കെ മുന്നണികൾ തമ്മിലാണ്​ മുഖ്യപോരാട്ടം. ഇവർക്ക്​ പുറമെ കമൽഹാസ​െൻറ മക്കൾ നീതിമയ്യം, ടി.ടി.വി. ദിനകര​െൻറ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ), വിജയ്​കാന്തി​െൻറ ഡി.എം.ഡി.കെ, സീമാ​െൻറ 'നാം തമിഴർ കക്ഷി' എന്നിവയും അണിനിരക്കുന്നു. തെരഞ്ഞെടുപ്പുത്സവത്തിൽ പ്രചാരണരംഗം കൊഴുക്കുന്നതോടെ രാഷ്​ട്രീയകക്ഷികൾ കോടികളാവും ഒഴുക്കുക.

തെരഞ്ഞെടുപ്പ്​ വിജ്ഞാപനത്തിന്​ ഒരു മാസം മു​േമ്പ എം.കെ. സ്​റ്റാലിൻ, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, കമൽഹാസൻ തുടങ്ങിയവർ തമിഴകമൊട്ടുക്കും ഒരു റൗണ്ട്​ പര്യടനം പൂർത്തിയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ, കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി ദേശീയ നേതാക്കളും തമിഴ്​നാട്ടിലെത്തി. ഡി.എം.കെ- അണ്ണാ ഡി.എം.കെ കക്ഷികളുടെ മോഹന വാഗ്​ദാനങ്ങളടങ്ങിയ പ്രകടന പത്രികകളും ചർച്ചയായിട്ടുണ്ട്​.

വിലപേശലിൽ മികച്ച്​ ദ്രാവിഡകക്ഷികൾ

ഘടകകക്ഷികളോട്​ വിലപേശൽ നടത്തി കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ദ്രാവിഡ കക്ഷികൾ ഇത്തവണ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്​. 14 മണ്ഡലങ്ങളിൽ ഡി.എം.കെയുടെ ചില ഘടകകക്ഷികൾ 'ഉദയസൂര്യൻ' ചിഹ്നത്തിലാണ്​ മത്സരിക്കുന്നത്. ഇത്​ കണക്കാക്കിയാൽ ഡി.എം.കെ മത്സരിക്കുന്ന മൊത്തം സീറ്റുകളുടെ എണ്ണം 187 ആവും. 1989നുശേഷം ആദ്യമായാണ്​ ഡി.എം.കെ ഇത്ര കൂടുതൽ സീറ്റുകളിൽ. അതേപോലെ 12 മണ്ഡലങ്ങളിൽ അണ്ണാ ഡി.എം.കെ സഖ്യത്തിലുള്ള ചെറുകക്ഷികളും 'ഇരട്ടയില'യിലാണ്​ മത്സരം. ഇതും ചേർത്താൽ അണ്ണാ ഡി.എം.കെ മത്സരിക്കുന്ന മൊത്തം സീറ്റുകളുടെ എണ്ണം 191 ആവും. തമിഴ്​നാട്ടിൽ 131 സീറ്റുകളിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിൽ നേരിട്ടാണ്​ മത്സരം. 14 സീറ്റുകളിൽ ഡി.എം.കെ- ബി.ജെ.പി കക്ഷികളാണ്​ ഏറ്റുമുട്ടുക. ബി.ജെ.പിയെ അഞ്ചിടങ്ങളിൽ കോൺഗ്രസ​ും ഒരിടത്ത്​ സി.പി.​െഎയും നേരിടും.

ഭരണവിരുദ്ധ വികാരം ശക്തം

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിലേറെ വോട്ടുകളുടെ വ്യത്യാസത്തിലാണ്​ ഡി.എം.കെക്ക്​ ഭരണം നഷ്​ടപ്പെട്ടത്​. തുടർച്ചയായ 10 വർഷത്തെ അണ്ണാ ഡി.എം.കെ ഭരണത്തിൽ ഒ​േട്ടറെ ക്ഷേമ-വികസനപദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഭരണവിരുദ്ധ വികാരവും ശക്തമാണ്​. ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിനെതിരെ പെട്രോൾ- ഡീസൽ, പാചകവാതക വിലക്കയറ്റം എതിർകക്ഷികൾ പ്രചാരണായുധമാക്കുന്നുണ്ട്​. വികസനത്തി​െൻറ പേരിൽ ജനദ്രോഹ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാറിനെതിരായ ജനരോഷം വോട്ടാക്കിമാറ്റാനുള്ള ശ്രമത്തിലാണ്​ ഡി.എം.കെ സഖ്യം.

ജയലളിതയുടെ വിയോഗത്തിനുശേഷം പാർട്ടിയെ സംഘടനാതലത്തിൽ നയിക്കാനും ഭരണകാലയളവ്​ പൂർത്തിയാക്കാനും എടപ്പാടിക്കും കൂട്ടർക്കും കഴിഞ്ഞുവെങ്കിലും അണ്ണാ ഡി.എം.കെയുടെ വോട്ടുബാങ്ക്​ നിലനിർത്താനായിട്ടുണ്ടോയെന്ന്​ തെരഞ്ഞെടുപ്പ്​ ഫലം വ്യക്തമാക്കും. ജയലളിതയെ പോലെ പുതുമുഖ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ നിലവിലുള്ള നേതൃത്വത്തിന്​ ധൈര്യമുണ്ടായില്ല. മിക്ക മണ്ഡലങ്ങളിലും പാർട്ടിയിലെ പഴയ പടക്കുതിരകളെ തന്നെയാണ്​ സ്ഥാനാർഥികളാക്കിയത്​.

ടി.ടി.വി. ദിനകര​ൻ നയിക്കുന്ന എ.എം.എം.കെയുടെ സജീവസാന്നിധ്യവും വിജയ്​കാന്തി​െൻറ ഡി.എം.ഡി.കെ മുന്നണിയിനിന്ന്​ പുറത്തുപോയതും അണ്ണാ ഡി.എം.കെയെ ബാധിക്കും. എ.സി. ഷൺമുഖത്തി​െൻറ പുതിയ നീതി കക്ഷിയും അണ്ണാ ഡി.എം.കെ മുന്നണി വിട്ടിരുന്നു. പുതുതായി രാഷ്​ട്രീയകക്ഷികളെ മുന്നണിയിലുൾപ്പെടുത്താനും അണ്ണാ ഡി.എം.കെക്ക്​ സാധിച്ചില്ല. രാഷ്​ട്രീയത്തിൽനിന്ന്​ ശശികല മാറിനിന്നത്​ മാത്രമാണ്​ അവർക്ക്​ ആശ്വാസം. എന്നാൽ, ശശികലയെ ഭയന്ന്​ തമിഴ്​നാട്​ സർക്കാർ അടച്ചിട്ട മറീനയിലെ ജയലളിത സമാധിയും പോയസ്​ ഗാർഡനിലെ വേദനിലയം വസതിയും ഇനിയും ജനങ്ങൾക്ക്​ തുറന്നുകൊടുത്തിട്ടില്ല. തെക്കൻ തമിഴക ജില്ലകളിൽ ടി.ടി.വി. ദിനകര​െൻറ പാർട്ടിക്ക്​ നിർണായക സ്വാധീനമുണ്ട്​. വടക്കൻ തമിഴക ജില്ലകളിലും 'കൗണ്ടർ' സമുദായ ബെൽട്ടായ തമിഴക പശ്ചിമമേഖലയിൽ മാത്രമാണ്​ അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷ.

അവസാനനിമിഷത്തിലെ പ്രീണനനീക്കങ്ങൾ

പാട്ടാളി മക്കൾ കക്ഷിയുടെ സമ്മർദത്തിന്​ വഴങ്ങി തെരഞ്ഞെടുപ്പ്​ വിജ്ഞാപനത്തിന്​ തൊട്ടുമുമ്പ്​​ ജോലിയിലും വിദ്യാഭ്യാസത്തിലും വണ്ണിയർ സമുദായത്തിന്​ 10.5 ശതമാനം സംവരണമേർപ്പെടുത്തുന്ന നിയമം പാസാക്കി. ഇത്​ പാട്ടാളി മക്കൾ കക്ഷിക്ക്​ അൽപം ഗുണംചെയ്യുമെങ്കിലും അണ്ണാ ഡി.എം.കെക്ക്​ പരോക്ഷമായി ദോഷഫലമാണ്​ ഉണ്ടാക്കുക. വണ്ണിയർക്ക്​ മാത്രം സംവരണം നൽകിയത്​ ഇതര സമുദായങ്ങളിൽ കടുത്ത അതൃപ്​തി പടർത്തിയതായാണ്​ റിപ്പോർട്ട്​. ബി.ജെ.പി കൂട്ടുകെട്ട്​ ന്യൂനപക്ഷവോട്ടുകളുടെ ചോർച്ചക്ക്​ കാരണമാവുമെന്ന്​ അണ്ണാ ഡി.എം.കെക്ക്​ ആശങ്കയുണ്ട്​.

അണ്ണാ ഡി.എം.കെ-എ.എം.എം.കെ കക്ഷികൾ ​െഎക്യത്തോടെ പ്രവർത്തിച്ച്​ മുഖ്യശത്രുവായ ഡി.എം.കെയെ പരാജയപ്പെടുത്തുകയെന്ന ശശികലയുടെ ആഹ്വാനം എടപ്പാടി പളനിസാമിയുടെ പിടിവാശിമൂലമാണ്​ നടക്കാതെ പോയതെന്നും അണ്ണാ ഡി.എം.കെ അണികളിൽ അഭിപ്രായമുണ്ട്​. അണ്ണാ ഡി.എം.കെ സഖ്യത്തിൽനിന്ന്​ പുറത്തുപോയ വിജയ്​കാന്തി​െൻറ ഡി.എം.ഡി.കെ ഇത്തവണ തനിച്ചാണ്​ മത്സരിക്കുന്നത്​. ഇവർ നേടുന്ന ഒാരോ വോട്ടും അണ്ണാ ഡി.എം.കെ സഖ്യത്തെ ബാധിക്കും. അണ്ണാ ഡി.എം.കെയെ പരാജയപ്പെടുത്തുകയാണ്​ ലക്ഷ്യമെന്ന്​ വിജയ്​കാന്ത്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ദേശീയ ജനാധിപത്യസഖ്യത്തിൽ ഏറക്കാലം ഘടകകക്ഷിയായിരുന്നു ഡി.എം.ഡി.കെ. ജയിൽമോചിതയായ വി.കെ. ശശികലയെ വിജയ്​കാന്തി​െൻറ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത സന്ദർശിച്ചിരുന്നു. ഇത്​ അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ പടിപടിയായി വോട്ടിങ്​ ശതമാനം കുറഞ്ഞുവരുന്നതും അനാരോഗ്യംമൂലം വിജയ്​കാന്തിന്​ പ്രചാരണരംഗത്തിറങ്ങാൻ കഴിയാത്തതുമാണ്​ ഡി.എം.ഡി.കെയുടെ ബലഹീനതയായി നിരീക്ഷകർ കരുതുന്നത്​.

യുവജനങ്ങൾക്കും നിഷ്​പക്ഷ വോട്ടർമാർക്കും​ പുറ​മെ മാറ്റം ആഗ്രഹിക്കുന്നവരുടെയും വോട്ടുകൾ കമൽഹാസന്​ അനുകൂലമായേക്കും. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതരമുന്നണിക്ക്​ ലഭ്യമാവേണ്ട വോട്ടുകളും കമൽഹാസൻ കവർന്നെടുത്തേക്കുമെന്ന്​ വിലയിരുത്തലുണ്ട്​. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വോട്ടുകൾ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ്​ ഡി.എം.കെ സഖ്യം.

ഉവൈസി തമിഴ്​നാട്ടിലും

ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ ശക്തമായ മതേതര പുരോഗമന മുന്നണി രംഗത്തിറങ്ങിയിരിക്കെ എസ്​.ഡി.പി.​െഎ-അസദുദ്ദീ​ൻ ഉവൈസിയുടെ എ.​െഎ.എം.​െഎ.എം കക്ഷികൾ ടി.ടി.വി. ദിനകര​െൻറ പാർട്ടിയോടൊപ്പം ചേർന്ന്​ മത്സരിക്കുന്നത്​ ​മുസ്​ലിം വോട്ടുകൾ ഭിന്നിക്കുന്നതിന്​ കാരണമാകുമെന്ന്​ അഭിപ്രായമുയർന്നിട്ടുണ്ട്​. അതേസമയം, അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്ന തമീമുൻ അൻസാരി നയിക്കുന്ന മനിതനേയ ജനനായക കക്ഷി ഡി.എം.കെ മുന്നണിക്ക്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

നാലു വർഷമായി ഇടതുകക്ഷികൾ ഡി.എം.കെ ക്യാമ്പിലാണ്​. സി.പി.​െഎക്കും സി.പി.എമ്മിനും നിലവിൽ നിയമസഭയിൽ പ്രാതിനിധ്യമില്ല. ഇത്തവണ ആറു​ സീറ്റ്​ വീതമാണ്​ ലഭിച്ചത്​. ഡി.എം.കെയുടെ പിന്തുണയോടെ തിരിച്ചുവരവ്​ നടത്താനാകുമെന്നാണ്​ ഇവരുടെ പ്രതീക്ഷ. കോൺഗ്രസും മുസ്​ലിം ലീഗും മുന്നണിയിലുണ്ടെന്നത്​ ഇവർ കാര്യമാക്കുന്നില്ല. അതത്​ സംസ്ഥാനങ്ങളിലെ രാഷ്​ട്രീയസാഹചര്യങ്ങൾക്ക്​ അനുസൃതമായി നിലപാട്​ സ്വീകരിക്കാൻ നേതൃത്വം അനുമതി നൽകിയിട്ടുണ്ട്​. അതിനാൽ തമിഴ്​നാട്ടിൽ കോൺഗ്രസും മുസ്​ലിം ലീഗും ഇടതുകക്ഷികളും പരസ്​പരം സഹകരിച്ചാണ് ​പ്രവർത്തിക്കുന്നത്​.

ജാതി മായുന്നില്ല, മറക്കുന്നില്ല

അരനൂറ്റാണ്ടുകാലം ദ്രാവിഡകക്ഷികൾ ഭരിക്കുന്ന തമിഴകത്തിലെ തെരഞ്ഞെടുപ്പുകൾ ഇന്നും ജാതിമുക്തമല്ല. നാടാർ, വണ്ണിയർ, തേവർ, ഗൗണ്ടർ തുടങ്ങിയ സമുദായങ്ങളാണ്​ പ്രബലം. തെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുള്ള തേവർ സമുദായം അണ്ണാ ഡി.എം.കെയുടെ വോട്ടുബാങ്കായാണ്​ സങ്കൽപിക്കപ്പെടുന്നത്​. ടി.ടി.വി. ദിനകരനും ശശികലയും ഇത്​ ചോർത്തുമോ​െയന്നാണ്​ ആശങ്ക. കൊങ്കുമേഖലയിലെ 'കൗണ്ടർ' സമുദായത്തി​െൻറ പിന്തുണ തങ്ങൾക്കുതന്നെയാവുമെന്ന വിശ്വാസമാണ്​ അണ്ണാ ഡി.എം.കെക്ക്. മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ആദ്യ കൗണ്ടർ സമുദായംഗമാണ്​ എടപ്പാടി പളനിസാമിയെന്നതാണ്​ ഇതിന്​ കാരണം.

വോട്ടർമാരിൽ ശക്തമായി നിലനിൽക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരത്തെ പണംവാരി വിതറി മറികടക്കാനാണ്​ അണ്ണാ ഡി.എം.കെ നീക്കം. പണം നൽകി വോട്ടർമാരെ വിലക്കെടുക്കുന്നതിൽ അണ്ണാ ഡി.എം.കെ പ്രത്യേക മെയ്​വഴക്കം കാണിക്കാറുണ്ട്​. ഇങ്ങനെയൊക്കെയാണെങ്കിലും കലങ്ങിമറിഞ്ഞ്​ ഒടുവിൽ ഉദയസൂര്യൻതന്നെ ചക്രവാളത്തിൽ തെളിഞ്ഞുവരുമെന്നാണ്​ സൂചനകൾ​.


Show Full Article
TAGS:Tamil Nadu dmk aiadmk dmddk 
News Summary - Tamil Nadu waiting for the rising sun
Next Story