Begin typing your search above and press return to search.
exit_to_app
exit_to_app
പടരുന്ന അക്രമരാഷ്​ട്രീയം
cancel

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ തിരുവോണ കാലത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തെ അക്രമരാഷ്​ട്രീയം കേരളത്തിൽ പടരുകയാണെന്നതി​െൻറ സൂചനയായി കാണേണ്ടതുണ്ട്.

കൊലപാതക രാഷ്​ട്രീയത്തി​െൻറ ഒരു നീണ്ട ചരിത്രം കേരളത്തിനുണ്ട്. ധാരാളം കൊലപാതകകഥകൾ കേട്ട് വളർന്നതുകൊണ്ട് അത്തരം സംഭവങ്ങൾ സാധാരണഗതിയിൽ മനുഷ്യരിൽ ഉണ്ടാക്കുന്ന അറപ്പും വെറുപ്പും ഇപ്പോൾ പ്രകടമാകാറില്ല.

ഏതെങ്കിലും ഒരു രാഷ്​ട്രീയചേരിയുടെ ഭാഗമായി നിൽക്കുന്ന വലിയ വിഭാഗങ്ങൾ ഇവിടെയുണ്ട്. അവരുടെ പ്രതികരണം ഏറക്കുറെ കൊന്നതാര്, കൊല്ലപ്പെട്ടതാര് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ ചിലത് ചീത്ത കൊലപാതകങ്ങളും അതിനാൽ എതിർക്കപ്പെടേണ്ടവയും മറ്റ് ചിലത് നല്ല കൊലപാതകങ്ങളും അതിനാൽ സൗകര്യപൂർവം മൗനം പാലിക്കാവുന്നവയോ അംഗീകരിക്കാവുന്നവയോ ആവുകയും ചെയ്യുന്നു.

രാഷ്​ട്രീയ കൊലപാതകത്തി​െൻറ ചരിത്രത്തിൽ മുന്നിട്ടുനിൽക്കുന്ന പാർട്ടികൾ ബി.ജെ.പി, സി.പി.എം, കോൺഗ്രസ് എന്നിവയാണ് (പാർട്ടികളുടെ പേരുകൾ എഴുതിയിട്ടുള്ളത് കൊലപാതകികളുടെയോ ഇരകളുടെയോ എണ്ണത്തി​െൻറ അടിസ്ഥാനത്തിലല്ല, ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിലാണ്). ഈ പാർട്ടികളുടെ ഏതെങ്കിലും ഉന്നതനേതാവ് ഏതെങ്കിലും കൊലപാതകത്തെ അപലപിച്ചിട്ടുണ്ടെങ്കിൽ അത് മറ്റേതോ പാർട്ടി ചെയ്തതാകണം. ഏതെങ്കിലും പാർട്ടിയോ നേതാവോ സ്വന്തം പാർട്ടിയിൽപെട്ടവർ നടത്തിയ കൊലപാതകത്തെ തള്ളിപ്പറഞ്ഞതായി എനിക്കറിവില്ല. നേരെമറിച്ച് ''ഞങ്ങൾ അക്രമരാഹിത്യത്തിൽ വിശ്വസിക്കുന്നവരല്ല'' എന്നു പറഞ്ഞു ഇ.എം.എസ്‌ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള നേതാക്കൾ അക്രമത്തിനു ഭംഗ്യന്തരേണ ന്യായീകരണം നൽകിയ അവസരങ്ങൾ ഓർമയിലുണ്ട്. പാർട്ടികൾ അക്രമികൾക്കെതിരെ നടപടി എടുക്കാറില്ലെന്നു തന്നെയല്ല, അവരെ സംരക്ഷിക്കുകയാണ് പതിവ്. പാർട്ടിനേതൃത്വങ്ങളുടെ ഇത്തരത്തിലുള്ള സമീപനമാണ് അക്രമരാഷ്​ട്രീയത്തെ നിലനിർത്തുന്ന ഒരു ഘടകം.

രണ്ട് രാഷ്​ട്രീയ കൊലപാതകങ്ങൾ അവ നടന്ന സാഹചര്യങ്ങളും അവയിൽ പ്രകടമായ ക്രൂരതയും മൂലം വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ആർ.എസ്.എസുകാരനായ ഒരധ്യാപകനെ ക്ലാസ്മുറിയിൽ കയറി കൊച്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവമാണ്​ ഒന്ന്. സ്വന്തം പാർട്ടിയുണ്ടാക്കി മാതൃപാർട്ടിയെ വെല്ലുവിളിച്ച ടി.പി. ചന്ദ്രശേഖരനെ രാത്രിയിൽ തടഞ്ഞു നിർത്തി 51 വെട്ടു വെട്ടിക്കൊന്നതാണ്‌ മറ്റേത്. അന്ന് പ്രകടമായ ജനവികാരം ഒരു പാർട്ടിയെയും പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചില്ല. പാർട്ടിതാൽപര്യമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനാകാത്തവർക്ക് എന്ത് മനഃസാക്ഷി, എന്ത് മാനവികത?

വളരെ കാലമായി ചില കാമ്പസുകൾ അക്രമരാഷ്​ട്രീയത്തി​െൻറ കളരികൂടിയാണ്. ഇപ്പോൾ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ സമീപകാലത്ത് മാത്രം രൂപംകൊണ്ട വിദ്യാർഥിസംഘടനകളുമുണ്ട്. അക്രമങ്ങളിലൂടെ വളരാൻ കഴിയുമെന്ന ചിന്തയാണ് അവരെ നയിക്കുന്നതെന്നു തോന്നുന്നു. അങ്ങനെ അവർ ചിന്തിക്കുന്നെങ്കിൽ അതി​െൻറ ഉത്തരവാദിത്തത്തിൽ അവരുടെ മുൻഗാമികൾക്ക് പങ്കുണ്ട്.

വെഞ്ഞാറമൂട് കൊലപാതകങ്ങളെ സംബന്ധിച്ച ആദ്യവാർത്തകൾതന്നെ കൊല്ലപ്പെട്ടവർ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതികൾ കോൺഗ്രസുകാരുമാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, കൊലപാതകങ്ങൾ രാഷ്​ട്രീയപ്രേരിതമല്ലെന്നും രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കാരണമെന്നും പൊലീസ് പറഞ്ഞതായും അവയിലുണ്ടായിരുന്നു. പ്രഥമ വിവര റിപ്പോർട്ടിൽ പ്രതികളുടെ രാഷ്​ട്രീയ ബന്ധം പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇപ്പോൾ പൊലീസ് ഇവയെ രാഷ്​ട്രീയ കൊലപാതകങ്ങളായിത്തന്നെയാണ് കാണുന്നതെന്ന് കരുതാം.

ഒരു കൊലപാതകത്തെ രാഷ്​ട്രീയത്തി​െൻറ കണക്കിൽപെടുത്തണോ ഗുണ്ടസംഘങ്ങളുടെ പോരി​െൻറ കണക്കിൽ പെടുത്തണോ എന്ന് തീരുമാനിക്കാൻ എളുപ്പമല്ലാത്ത സാഹചര്യങ്ങളുണ്ടെന്നത് ഇവിടെ ശ്രദ്ധയർഹിക്കുന്നു. പാർട്ടികൾക്കുവേണ്ടി തല്ലാനിറങ്ങിയവർ കാലക്രമത്തിൽ കൂലിത്തല്ലുകാരും പ്രാദേശിക ഗുണ്ടസംഘങ്ങളും ആയിമാറിയ അവസരങ്ങളുണ്ട്. അങ്ങനെ സംഭവിക്കുമ്പോഴെങ്കിലും അവരെ തള്ളിപ്പറയാൻ ബന്ധപ്പെട്ട പാർട്ടികൾക്ക് കഴിയേണ്ടതാണ്. പക്ഷേ, അവർക്ക് അതിനു കഴിയാറില്ല.

അക്രമസംഭവങ്ങൾ നടക്കുമ്പോൾ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാക്കാനായി അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ പ്രതിനിധികളെയോ സർവകക്ഷി സമ്മേളനമോ വിളിച്ചു കൂട്ടുന്ന രീതി പണ്ടുണ്ടായിരുന്നു. തൽക്കാലം സ്ഥിതി നിയന്ത്രണവിധേയമാക്കുക എന്ന പരിമിതമായ ലക്ഷ്യമേ ആ പരിപാടികൾക്ക് പിന്നിലുണ്ടായിരുന്നുള്ളൂ.

രാഷ്​ട്രീയപ്രേരിതമായ അക്രമങ്ങൾ പെരുകുകയും പുതിയ ഇടങ്ങളിലേക്ക് പടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അക്രമരാഷ്​ട്രീയം നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഒരു സർവകക്ഷി യോഗം വിളിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണം. അക്രമസംഭവങ്ങളിൽ പേരുകൾ ഉയർന്നുവരുന്ന മൂന്നു കക്ഷികൾമാത്രം പങ്കെടുക്കുന്ന യോഗമായാലും മതി. ഈ മൂന്നു കക്ഷികൾ മനസ്സുവെച്ചാൽ തീരാവുന്ന പ്രശ്നമാണിത്. ഇത്തരത്തിലുള്ള അക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല എന്ന തിരിച്ചറിവ് അവരെ നേർവഴിക്ക് നയിക്കട്ടെ.

Show Full Article
TAGS:venjaramoodu murder political violence 
Next Story