Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightബി.ജെ.പിയിലെ...

ബി.ജെ.പിയിലെ പൊല്ലാപ്പൊഴിയുന്നില്ല; അഗാഡി പൊളിയുന്നുമില്ല

text_fields
bookmark_border
ബി.ജെ.പിയിലെ പൊല്ലാപ്പൊഴിയുന്നില്ല;   അഗാഡി പൊളിയുന്നുമില്ല
cancel

മഹാരാഷ്​ട്രയില്‍ ശിവസേന, എന്‍.സി.പി, കോൺ​ഗ്രസ് പാർട്ടികളുടെ അസാധാരണ കൂട്ടുകെട്ടില്‍ പിറന്ന മഹാ വികാസ് അഗാഡി സർക്കാര്‍ നീണാള്‍ വാഴില്ലെന്നും ഏതു നിമിഷവും തകർന്നുവീഴുമെന്നുമുള്ള തോന്നല്‍ ജനങ്ങളിലുണ്ട്. കിട്ടുന്ന അവസരങ്ങളിലെല്ലാം ബി.ജെ.പി ആ തോന്നല്‍ ഉറപ്പിക്കാന്‍ ആവതു ശ്രമിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഡൽഹിയില്‍ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും മുഖ്യമന്ത്രിമാരുടെ യോഗശേഷം ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം വട്ടമേശയില്‍ ഭക്ഷണം കഴിച്ചപ്പോഴും മഹാ വികാസ് അഗാഡിക്ക് ഇനി അധികം ആയുസ്സില്ലെന്ന് പലരും ശങ്കിച്ചു. ഒൗറംഗാബാദിലെ പൊതുവേദിയില്‍ തന്നോടൊപ്പമുള്ള കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹെബ് ദാൻവയെ ത​െൻറ മുന്‍ സഹപ്രവർത്തകനെന്നും ഇനിയും (ബി.ജെ.പിയുമായി) ഞങ്ങളൊന്നിച്ചാല്‍ ഭാവി സഹപ്രവർത്ത കനാകുമെന്നും ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചതോടെ പലരും പലതും കണക്കുകൂട്ടി. എന്നാല്‍, ഉദ്ധവ് ത​െൻറ പ്രവൃത്തികളിലൂടെ നേരെ തിരിച്ചുള്ള സൂചനകളാണ് നൽകുന്നത്. ബി.ജെ.പിയോടുള്ള അകലം കൂടുന്നു, കോൺഗ്രസ്, എന്‍.സി.പി പാർട്ടികളുമായി കൂടുതല്‍ അടുക്കുകയും ചെയ്യുന്നുവെന്നാണ്​ അദ്ദേഹത്തി​െൻറ രാഷ്​ട്രീയ നിലപാടുകളിൽനിന്ന്​ വ്യക്​തമാവുന്നത്​.

മഹാ വികാസ് അഗാഡി കൂട്ടുകെട്ട് പൊളിക്കാതെ, ആരെയെങ്കിലുമൊക്കെ സഖ്യത്തില്‍നിന്ന് അടർത്തിയെടുക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിലാണ് ബി.ജെ.പി. പല കേസുകളുടെ മറവില്‍ സി.ബി.ഐ, എന്‍.ഐ.എ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ്, നാർകോട്ടിക് കൺട്രോള്‍ ബ്യൂറോ തുടങ്ങിയ കേന്ദ്ര ഏജൻസികള്‍ മുന്നണി നേതാക്കളുടെ ഉറക്കംകെടുത്തുകയാണ്. എന്‍.സി.പി നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാര്‍, മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, ശിവസേന നേതാക്കളായ ഗതാഗത മന്ത്രി അനില്‍ പരബ്, എം.എല്‍.എ പ്രതാപ് സർനായിക്, മുന്‍ എം.പി ആനന്ദ് റാവു അഡ്സുല്‍, എം.പി ഭാവന ഗാവ്ലി തുടങ്ങിയവര്‍ ഏജൻസികളുടെ വലയിലാണ്. മഹാ വികാസ് അഗാഡിയെ തകർക്കാൻ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന് ശിവസേന വക്താവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്ത് ആരോപിക്കുന്നു. ഇടക്ക് നരേന്ദ്ര മോദിയെ വാഴ്ത്തുമെങ്കിലും ബി.ജെ.പിക്കും കേന്ദ്രത്തിനും നേരെ രൂക്ഷ വിമർശനങ്ങളാണ് ശിവസേന മുഖപത്രമായ 'സാമ്ന' തൊടുത്തുവിടുന്നത്. ഇന്ത്യയുടെ ഭാവി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയില്‍ കാണുകയും ചെയ്യുന്നു.

കോവിഡ് നടപടികള്‍, ലഖിംപുര്‍ ഖേരി കർഷക കൂട്ടക്കൊല തുടങ്ങിയ സംഭവങ്ങളില്‍ കോൺഗ്രസിനേക്കാള്‍ ശക്തമായാണ് ശിവസേന കേന്ദ്രത്തെയും ബി.ജെ.പിയേയും വിമർശിക്കുന്നത്. ഇത് ബി.ജെ.പിയെ വല്ലാതെ അലട്ടുന്നു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിച്ച് ഉദ്ധവ് സർക്കാർ പ്രമേയം പാസാക്കിയതും ഭരണകക്ഷികളായ ശിവസേനയും എന്‍.സി.പിയും കോൺഗ്രസും ബന്ദ്​ പ്രഖ്യാപിച്ച് നിരത്തിലിറങ്ങിയതും ബി.ജെ.പിക്കു നേരെയുള്ള വെല്ലുവിളികളാണ്. കേന്ദ്ര ഏജൻസികളുടെ ശല്യം സഹിക്കവയ്യാതെ ഇനി നമുക്ക് ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകാമെന്ന് പ്രതാപ് സർനായിക് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തെഴുതിയെങ്കിലും ശിവസേന ഈ നിമിഷം വരെ മനസ്സുമാറ്റിയിട്ടില്ല.

മറാത്ത, ഒ.ബി.സി സംവരണങ്ങള്‍ റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി മഹാവികാസ് അഗാഡി സർക്കാറിന് വെല്ലുവിളി തീർക്കുന്നുണ്ടെങ്കിലും കേന്ദ്രം വിചാരിക്കാതെ ഒന്നും നടക്കില്ലെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ ഉദ്ധവ് താക്കറെക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം കഴിഞ്ഞ ജില്ല പരിഷത്ത്​, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ 27 ശതമാനം ഒ.ബി.സി സംവരണം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

85 ജില്ല പരിഷത്ത്​ സീറ്റുകളില്‍ 46ഉം മഹാ വികാസ് അഗാഡി നേടി. 22 സീറ്റുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. ബി.ജെ.പി നേരത്തേ നേടിയ 10 സീറ്റുകള്‍ അഗാഡി പിടിച്ചെടുത്തു. പ്രകാശ് അംബേദ്കറുടെ ബഹുജന്‍ വഞ്ചിത് അഗാഡി എട്ടു സീറ്റുകള്‍ നേടിയിട്ടുണ്ട്. 144 ല്‍ 77 പഞ്ചായത്തു സീറ്റുകള്‍ മഹാ വികാസ് അഗാഡി പിടിച്ചു. 33 സീറ്റേ ബി.ജെ.പിക്ക് കിട്ടിയുള്ളൂ. കോൺഗ്രസ് ഉറക്കംവിട്ടുണരുന്ന സൂചനകളാണ് ഇതില്‍ പ്രകടമാകുന്നത്. പ്രത്യേകിച്ച് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ താരവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ തട്ടകമായ നാഗ്പുര്‍ ഉൾപ്പെട്ട വിദർഭയില്‍.

വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിലടക്കം മുംബൈ, താണെ, കൊങ്കണ്‍ മേഖലകളില്‍ ശിവസേനയെ, പ്രത്യേകിച്ച് ഉദ്ധവ് താക്കറെയെ പ്രഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി നാരായണ്‍ റാണെയെ കേന്ദ്ര മന്ത്രിയാക്കിയത്. എന്നാല്‍, കൊങ്കണില്‍ ബി.ജെ.പിയുടെ ജന ആശിർവാദ് റാലിക്കിടെ റാണെയെ അറസ്​റ്റ്​ ചെയ്ത് ശിവസേന കളിവേണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്. സ്വാതന്ത്ര്യദിന ചടങ്ങിനിടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമെന്ന് അടുത്തുനിന്ന ആളോട് ചോദിച്ചറിഞ്ഞ ഉദ്ധവിനെ താനവിടെ ഉണ്ടായിരുന്നെങ്കില്‍ കരണത്തടിച്ചേനെ എന്ന റാണെയുടെ പ്രസ്താവനയാണ് അറസ്​റ്റിന് കാരണമായത്. അറസ്​റ്റിലായ റാണെയുടെ ജാമ്യം കോടതിയില്‍ തടയാതെ, ആരും നിയമത്തിന് മുകളിലല്ലെന്ന് ബോധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന നിലപാടാണ് സർക്കാറെടുത്തത്.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ മുംബൈ നഗരസഭ ശിവസേനയില്‍ നിന്ന് പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍, എന്‍.സി.പിയുമായി ചേർന്ന് അധികാരം തുടരുകയെന്ന നീക്കത്തിലാണ് ശിവസേന. പുണെ നഗരസഭയില്‍ ശിവസേന എന്‍.സി.പിയെയും പിന്തുണക്കും. നഗരസഭ തെരഞ്ഞെടുപ്പില്‍ സഖ്യം സംബന്ധിച്ച് കോൺഗ്രസ് തീരുമാനത്തിലെത്തിയിട്ടില്ല. കോൺഗ്രസിനെകൂടി ഉൾപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് ശിവസേന. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ യാഥാർഥ്യമാക്കണമെന്ന് ശിവസേന ആവർത്തിക്കുന്നു; അതിന് കോൺഗ്രസ് മുൻകൈയെടുക്കണമെന്നും. സോണിയ വിളിച്ച വിഡിയോ കോൺഫറൻസ് യോഗത്തില്‍ കൂട്ടായ്മയുടെ ആവശ്യത്തെ കുറിച്ചാണ് ഉദ്ധവ് സംസാരിച്ചത്.

ഇതെല്ലാം കാണിക്കുന്നത് ശിവസേന പാരമ്പര്യ സഖ്യ കക്ഷിയായിരുന്ന ബി.ജെ.പിയില്‍ നിന്നും വളരെ ദൂരം നടന്നകന്നുവെന്നാണെന്ന്​ രാഷ്​ട്രീയ നിരീക്ഷകര്‍ പറയുന്നു. ബി.ജെ.പിയോടൊപ്പം തുടർന്നാല്‍ തങ്ങളിനി ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് ആശയപരമായി വൈരികളായ കോൺ​ഗ്രസും എന്‍.സി.പിയുമായി ശിവസേന കൈകോർത്തത്. അത് വെറും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കമായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.

അതേസമയം, മഹാരാഷ്​ട്ര ബി.ജെ.പിയില്‍ നിശ്ശബ്​ദ കലഹമുണ്ട്. തലമുതിർന്ന ജനകീയ നേതാക്കളെ പിന്നിലാക്കിയാണ് ജൂനിയറായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ 2014 ല്‍ നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ട് കൊണ്ടുവന്നത്. ഏകനാഥ് ഖഡ്സെ ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ ചേർന്നു. പലരും പുറമെ ശാന്തരാണെങ്കിലും അകമേ ക്ഷുഭിതരാണ്. എന്നാല്‍, ഒ.ബി.സി നേതാവായ പങ്കജ മുണ്ഡെ ഒന്നും മറച്ചുവെക്കുന്നില്ല. ഫഡ്നാവിസും പങ്കജയും തമ്മില്‍ ചേർച്ചയില്ല. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിതൃ സഹോദര പുത്രന്‍ ധനഞ്ജയ് മുണ്ഡെയോട് ബീഡില്‍ തോറ്റതിന്റെ പഴി പങ്കജ ചാർത്തുന്നത് ഫഡ്നാവിസിലാണ്.

നിയമസഭ കൗൺസില്‍ സീറ്റും കൗൺസില്‍ പ്രതിപക്ഷ നേതാവ് പദവിയും പ്രതീക്ഷിച്ച പങ്കജയെ നിരാശയാക്കി ആ പദവി നൽകിയത് എം.എന്‍.എസില്‍ നിന്ന് ബി.ജെ.പിയില്‍ ചേക്കേറിയ പ്രവീണ്‍ ധരേക്കറിനാണ്. അവിടെയും തീർന്നില്ല. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ അനുജത്തി പ്രീതം മുണ്ഡെക്ക് മന്ത്രിപദമെന്ന ആഗ്രഹവും നടന്നില്ല. പകരം നരേന്ദ്ര മോദി തിരഞ്ഞെടുത്തത് മുണ്ഡെയുടെ പഴയ അനുയായി ഭാഗവത് കരാഡിനെയാണ്. ഈ നീക്കം മറാത്ത് വാഡ മേഖലയിലുള്ള തങ്ങളുടെ അപ്രമാദിത്വം തകർക്കാനാണെന്ന് പങ്കജ കരുതുന്നു. പങ്കജയെ ദേശീയ സെക്രട്ടറിയാക്കിയെങ്കിലും തൃപ്തയല്ല. ഗുലാബ് ചുഴലിക്കാറ്റ് പിടിച്ചുലച്ച മറാത്ത് വാഡയിലെ തന്റെ സന്ദർശനത്തില്‍ നിന്ന് ഫഡ്നാവിസ് ബീഡിനെ ഒഴിവാക്കിയതും ഫഡ്നാവിസി​െൻറ സന്ദർശന സമയത്ത് തൊണ്ടയില്‍ അണുബാധയായതിനാല്‍ ആരെയും കാണാനോ പരിപാടികളില്‍ പങ്കെടുക്കാനോ കഴിയില്ലെന്ന പങ്കജയുടെ ട്വീറ്റും കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrauddhav thackerayBJP
News Summary - crisis of maharashtra BJP
Next Story