Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഅഴിമതി എന്ന മഹാമാരി

അഴിമതി എന്ന മഹാമാരി

text_fields
bookmark_border
അഴിമതി എന്ന മഹാമാരി
cancel

കോവിഡിനും നിപക്കും ഏറെ മുമ്പേ കേരളത്തിൽ പടർന്ന മഹാമാരിയാണ് അഴിമതി. കോവിഡ് പോയിക്കഴിഞ്ഞും അത് തുടരും. എന്തെന്നാൽ അതിനെതിരെ ആരും പ്രതിരോധനടപടി എടുക്കുന്നില്ല.

ട്രാൻസ്പരൻസി ഇൻറർനാഷനലി​െൻറ കേരളഘടകവുമായി ബന്ധപ്പെട്ട്​ ഞാൻ പ്രവർത്തിച്ചിരുന്ന കാലത്ത് സംസ്ഥാന ഭരണകൂടത്തിലെ അഴിമതി നിലവാരത്തെക്കുറിച്ചുള്ള തിരുവനന്തപുരം നഗരവാസികളുടെ അഭിപ്രായം അറിയാൻ ആ സംഘടന ഒരു സർവേ നടത്തി. സർവേയിൽ പങ്കെടുത്തവരോട് 25 വകുപ്പുകളെ അവരുടെ അനുഭവത്തി​െൻറയും അറിവി​െൻറയും അടിസ്ഥാനത്തിൽ വിലയിരുത്താനാണ് ആവശ്യപ്പെട്ടത്. അഴിമതിമുക്തമെങ്കിൽ പൂജ്യം, അഴിമതിയിൽ മുങ്ങിനിൽക്കുന്നതെങ്കിൽ പത്ത് എന്നിങ്ങനെ ഓരോ വകുപ്പിനും പൂജ്യം മുതൽ 10 വരെ മാർക്കുകൾ അവർ കൊടുത്തു. മൂന്നു വകുപ്പുകൾക്ക് ധാരാളം പേർ പരമാവധി മാർക്ക് നൽകി. ശരാശരി കണക്കാക്കിയപ്പോൾ അവ എട്ടു മാർക്കോടെ പട്ടികയുടെ മുകളിൽ സ്ഥലംപിടിച്ചു.

റിപ്പോർട്ട് മുൻ ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമീഷൻ മുൻ അംഗവുമായ ഗവർണർ എസ്.എസ്‌. കാങ് പ്രകാശനം ചെയ്തു. എ.കെ. ആൻറണിയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിനും മറ്റു കക്ഷിനേതാക്കൾക്കും നിയമസഭാംഗങ്ങൾക്കും റിപ്പോർട്ടി​െൻറ കോപ്പികൾ നൽകി. ആൻറണി കൂടുതൽ കോപ്പികൾ ആവശ്യപ്പെട്ടു. അത് കൊടുത്തു. പക്ഷേ, അഴിമതി തടയാനോ കുറക്കാനോ സർക്കാർ ഒരു നടപടിയും എടുത്തില്ല.

അഴിമതി ഒരു മനുഷ്യാവകാശപ്രശ്നംകൂടിയാണ്. കൈക്കൂലി വാങ്ങുന്നയാൾ സർക്കാർ സേവനം ലഭിക്കാനുള്ള പൗര​െൻറ അവകാശത്തെ ഹനിക്കുകയാണ്. കൈക്കൂലി കൊടുത്ത് അനർഹമായത് നേടുന്നയാൾ അർഹതപ്പെട്ട ഒരാളുടെ അവകാശം കവർന്നെടുക്കുകയാണ്.

വിജിൽ ഇന്ത്യ മൂവ്മെൻറ്​ എന്ന മനുഷ്യാവകാശ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാലത്ത് അഴിമതിയെ മനുഷ്യാവകാശ വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ ഞാൻ ഒരു ശ്രമം നടത്തി. അതിനായി സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എമ്മി​െൻറയും കോൺഗ്രസി​െൻറയും സർവിസ് സംഘടനകളുടെ സമുന്നതനേതാക്കൾ പങ്കെടുത്ത് അഴിമതിക്കെതിരെ സംസാരിച്ചു. അതിനപ്പുറം ഒന്നും സംഭവിച്ചില്ല.

40 കൊല്ലമായി മാറി മാറി ഭരിക്കുന്ന മുന്നണികൾ അഴിമതിക്കെതിരെ പ്രഖ്യാപനങ്ങൾ നടത്തിയതല്ലാതെ നടപടിയെടുത്തതായി അറിവില്ല. അഴിമതി പരാതികൾ അന്വേഷിക്കാൻ അവർ ചില സംവിധാനങ്ങളുണ്ടാക്കി. ഒന്നും ഫലംകണ്ടില്ല. പിന്നീട് ലോകായുക്ത വന്നു. അതി​െൻറ വെബ്‌സൈറ്റിൽ ചില മൊത്തക്കണക്കുകളല്ലാതെ ഓരോ കൊല്ലവും എത്ര പരാതികൾ ലഭിക്കുന്നു, എത്രയെണ്ണത്തിൽ തീർപ്പാകുന്നു തുടങ്ങിയ വിവരങ്ങൾ കാണാനില്ല. പരിഹാരം കാണാൻ ആശ്രയിക്കാവുന്ന ഒന്നായി ജനങ്ങൾ കാണാത്തതുകൊണ്ട് പരാതിയുള്ളവർ അതിനെ സമീപിക്കാൻ മടിക്കുന്നുണ്ടെന്നു തോന്നുന്നു.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ജീവനക്കാരുടെ സംഘടനയുടെ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് അഴിമതിയെക്കുറിച്ച് ഒരു പരാമർശം നടത്തി. മുകളിലുള്ളവർ അഴിമതി നടത്തുമ്പോൾ താഴെയുള്ളവരും അഴിമതി നടത്തുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. ആത്മാർഥതയും സത്യസന്ധതയുമില്ലാത്ത ഒരു പരാമർശമായാണ് ഞാൻ അതിനെ കണ്ടത്. കാരണം, യു.ഡി.എഫ്​ ഭരിക്കുമ്പോൾ അഴിമതി നടക്കുന്നെന്നും എൽ.ഡി.എഫ് ഭരിക്കുമ്പോൾ അത് പൊടുന്നനെ ഇല്ലാതാകുന്നെന്നും വിശ്വസിച്ചിരുന്ന ശുദ്ധാത്മാവായിരുന്നു അദ്ദേഹമെന്ന് ഞാൻ കരുതുന്നില്ല.

നമ്പൂതിരിപ്പാട് മുതൽ ഇങ്ങോട്ട് വ്യക്തിപരമായി അഴിമതി ആരോപണം നേരിട്ടിട്ടില്ലാത്ത മുഖ്യമന്ത്രിമാരെ രണ്ടു മുന്നണികളും സംഭാവന ചെയ്തു. പക്ഷേ, അവർ അഴിമതിക്കെതിരെ നടപടിയെടുത്തില്ല. സർക്കാർ ജീവനക്കാർക്കിടയിലും അഴിമതിക്കാരല്ലാത്തവർ എപ്പോഴും ഉണ്ടായിരുന്നു. സ്വന്തം ദേഹത്ത് ചളി പുരളാതെ അവർ നോക്കി. തങ്ങളുടെ വകുപ്പിലെയും ഒാഫിസിലെയും അഴിമതിക്കാരെ അവർ തുറന്നുകാട്ടിയില്ല.

നോക്കിനിൽക്കാനല്ലാതെ അഴിമതിക്കാർക്കെതിരെ നീങ്ങാൻ സഹപ്രവർത്തകർക്കും ഭരണാധികാരികൾക്കും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു എന്നതാണ്‌ വാസ്തവം. അതിനു ശ്രമിച്ചാൽ അവരെ പുകച്ച് പുറത്തുചാടിക്കാൻ ശേഷിയുള്ളവർ സർക്കാറിലും പാർട്ടിയിലുമുണ്ടെന്ന് അവർക്കറിയാം.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു പ്രഖ്യാപനം നടത്തി. അദ്ദേഹമുൾപ്പെടെ എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം സർക്കാർ വെബ്‌സൈറ്റിൽ നൽകും. മുതിർന്ന ഉദ്യോഗസ്ഥരും വിവരം നൽകും. മുഖ്യമന്ത്രിയുടെ ഒാഫിസിലും 14 കലക്​ടർമാരുടെയും ഒാഫിസുകളിലും 24 മണിക്കൂറും പരാതികൾ സ്വീകരിക്കാനുള്ള സംവിധാനമുണ്ടാകും. അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും.

അതിൻപ്രകാരം മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥന്മാരും സ്വത്തുവിവരം വെബ്‌സൈറ്റിലിട്ടുവോ? അവ കാലാകാലം പുതുക്കിയോ? ഇട്ടവ പരിശോധിച്ച് സത്യസന്ധമാണോ എന്ന് ജനങ്ങൾ പരിശോധിച്ചോ? അഴിമതി സംബന്ധിച്ച വിവരം നൽകിയതിന് ആർക്കെങ്കിലും പാരിതോഷികം ലഭിച്ചോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പൊതുമണ്ഡലത്തിൽ കാണാനില്ല.

ദോഷൈ‌കദൃക്കുകളായ ജനങ്ങൾ സർക്കാറിെൻറ അഴിമതിവിരുദ്ധ നീക്കങ്ങളെ ഗൗരവപൂർവമായ നടപടിയായി കാണുന്നില്ലെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ജന്മവൈകൃതംകൊണ്ടല്ല, അവർ ദോഷൈകദൃക്കുകളായത്. ചുറ്റുപാടും നടക്കുന്നതെല്ലാം കണ്ടതി​െൻറ ഫലമായാണ് അവർ അങ്ങനെയായത്.

ഉമ്മൻ ചാണ്ടിയുടെ സർക്കാർ സോളാർ കേസുയർത്തിയ പൊടിപടലത്തിൽ വിടവാങ്ങി. തുടർന്നുവന്ന പിണറായി വിജയ​െൻറ സർക്കാർ സമാനസാഹചര്യങ്ങളിൽ പടിയിറങ്ങാൻ പോവുകയാണ്. അഴിമതി സമ്പർക്കംകൊണ്ട് പടരുന്ന മഹാമാരിയാണ്. അതിങ്ങനെ പടർന്നതി​െൻറ ഉത്തരവാദിത്തം രാഷ്​​ട്രീയകക്ഷികൾക്കും നേതാക്കൾക്കും മാത്രമല്ല. തങ്ങൾക്ക് ജോലി തരപ്പെടുത്താനും തങ്ങൾ തെറ്റ് ചെയ്‌താൽ സംരക്ഷിക്കാനുമുള്ള ചുമതല തങ്ങളുടെ പാർട്ടിക്കുണ്ടെന്നു വിശ്വസിക്കുന്ന അണികളും ആ വിശ്വാസം നിലനിർത്താൻ ബാധ്യസ്ഥരാണെന്ന് വിശ്വസിക്കുന്ന നേതൃത്വങ്ങളും ഇന്നത്തെ അവസ്ഥക്ക്​ ഒരുപോലെ ഉത്തരവാദികളാണ്.

തങ്ങളുടെ പാർട്ടി നല്ല പാർട്ടിയാകണമെന്ന നിർബന്ധം അണികൾക്കില്ലാത്തിടത്തോളം ഒരു പാർട്ടിയുടെയും എത്ര സംശുദ്ധനായ നേതാവിനും അഴിമതിക്കെതിരെ ശബ്​ദിക്കാനല്ലാതെ നടപടിയെടുക്കാനാവില്ല.?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emsA.K AntonyK.Karunakaran
News Summary - Bribe in politics
Next Story