കീഴാള സ്ത്രീകൾ സനാതന ധർമത്തെ മാറ്റുമ്പോൾ
text_fieldsസാവിത്രി ഫൂലെക്കും ഫാത്തിമ ശൈഖിനും ആദരമായി ഗോവണ്ടിയിൽ സ്ഥാപിക്കപ്പെട്ട ചുമർചിത്രം
ഇരുണ്ട നിറമുള്ള, പൊക്കം കുറഞ്ഞ, പതിഞ്ഞ മൂക്കുള്ള, പരുപരുത്ത ചർമവും രോമങ്ങളുമുള്ള ആളുകളായാണ് വേദകാല സാഹിത്യത്തിൽ ദസ്യുക്കളെ അഥവാ തദ്ദേശീയരെ വർണിച്ചിരുന്നത്. ഇപ്പറഞ്ഞ ശാരീരിക സവിശേഷതകൾക്ക് പ്രതീകാത്മകമായ അർഥതലങ്ങളും കൽപിച്ചുനൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, പതിഞ്ഞ മൂക്കുള്ളവർ ശബ്ദിക്കാൻ അല്ലെങ്കിൽ സംസാരിക്കാൻ തടസ്സമുള്ളവരായാണ് ഗണിക്കപ്പെടുന്നത്.
ബ്രാഹ്മണ വിജ്ഞാനപ്രകാരം ശബ്ദത്തിൽനിന്നാണ് പ്രപഞ്ചം ഉണ്ടായിട്ടുള്ളത്. അതിന്റെ സാരാംശമാകട്ടെ വേദങ്ങളിലാണ് ഉള്ളടങ്ങിയിട്ടുള്ളത്. അവ അതി പവിത്രവും നിഗൂഢവുമായതിനാൽ ബ്രാഹ്മണർക്കു മാത്രമേ വേദം ഉച്ചരിക്കാനും വ്യാഖ്യാനിക്കാനും അവകാശമുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദസ്യുക്കളുടെ പതിഞ്ഞ മൂക്ക് അവരുടെ മേലുള്ള ഭാഷണ നിരോധനത്തെ ചരിത്രപരമായി അടയാളപ്പെടുത്തുന്നതാണ്.
ഇപ്രകാരം ഭാഷയിൽനിന്നും ഭാഷണത്തിൽനിന്നും അകറ്റിമാറ്റപ്പെട്ടവരാണ് പിൽക്കാല ഇന്ത്യയിലെ ശൂദ്രർ മുതലുള്ള കീഴാള ജനവിഭാഗങ്ങൾ. ലോകത്തിൽ അടിമത്തം, വർണവിവേചനം, പ്രഭുവാഴ്ച, തൊഴിലാളികൾക്കു മേലുള്ള മുതലാളിത്ത ചൂഷണം തുടങ്ങിയ മർദക വ്യവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഇവകളെയെല്ലാം കവച്ചുവെക്കുന്ന മർദക സ്വഭാവമുള്ളതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ. അത്, കീഴാളർ അറിവ് നേടുന്നതിനും ആയുധം ഉപയോഗിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും, എന്തിനേറെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുമടക്കം വിലക്കേർപ്പെടുത്തി, ആത്മാഭിമാനമുള്ള മനുഷ്യരായി സ്വയം പ്രകാശിപ്പിക്കുന്നത് അസാധ്യമാക്കി.
ഈ മർദക വ്യവസ്ഥയുടെ സംരക്ഷണ കവചമായത് സനാതന ധർമമെന്ന ബ്രാഹ്മണിസ്റ്റ് വംശീയ പ്രത്യയശാസ്ത്രമാണ്. കേവലമായ ആശയസംഹിതയോ സമൂഹത്തിലെ ഉപരിജാതിക്കാർ പിന്തുടർന്നിരുന്ന ചില ആചാരക്രമങ്ങളോ മാത്രമായി സനാതനധർമത്തെ കാണാനാവില്ല. ബ്രാഹ്മണരുടെ പാദസേവ ചെയ്യാത്തവരും വേദങ്ങളുടെ പ്രാമാണികതയെ അംഗീകരിക്കാത്തവരുമായ അബ്രാഹ്മണരായ മഹാ ജ്ഞാനികളെയും മഹാരാജാക്കന്മാരെയും വരെ കൊല്ലാനും വംശങ്ങളെ ഉന്മൂലനം ചെയ്യാനും കാലങ്ങളായി തുടർന്നുവരുന്ന കൊടും ചതികളും വഞ്ചനകളും നിറഞ്ഞ സാമൂഹിക-രാഷ്ട്രീയ പദ്ധതികൂടിയാണിത്.
ആധുനിക ഇന്ത്യയിൽ ഹൈന്ദവ നവോത്ഥാനത്തിന് തുടക്കംകുറിച്ച ഉന്നതകുലജാതരിൽ മിക്കവരും ബ്രാഹ്മണരുടെ വംശീയ ശ്രേഷ്ഠതയിലും സനാതന ധർമത്തിന്റെ സാർവലൗകികതയിലും വിശ്വസിച്ചവരാണ്. ചാതുർവർണ്യത്തെയും ജാതിവ്യവസ്ഥയെയും അവർ ഈശ്വര കൽപനയായിത്തന്നെ സ്വീകരിച്ചു. ഇത്തരത്തിൽ മഹത്ത്വപൂർണമെന്ന് അവർ കരുതിയ സാമൂഹിക വ്യവസ്ഥക്ക് അകത്തുനിന്നും പുറത്തുനിന്നും വിള്ളലേൽക്കുന്നു എന്ന നിലയിലാണ് അവർ കൊളോണിയൽ ഘട്ടത്തിലെ സാമൂഹിക ചലനങ്ങളെ കണ്ടത്. തദ്ഫലമായി തങ്ങളുടെ സുവർണഭൂതകാലത്തിന്റെ പുനർനിർമിതി ഉദ്ദേശിച്ചാണ് അവരിൽ പലരും മതപരിവർത്തനത്തിന് മുൻകൈയെടുത്തതും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായതും.
ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്ന് കൊളോണിയൽ വാഴ്ച ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൈകളിലേക്കെത്തിച്ചേർന്നതിലൂടെ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലും നാട്ടുരാജ്യങ്ങളിലും പുതിയതരം സാമ്പത്തിക സാമൂഹിക മാറ്റങ്ങൾക്കും വിദ്യാഭ്യാസ പദ്ധതികൾക്കും തുടക്കംകുറിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടത്തിന് സേവനം ചെയ്യാൻ തദ്ദേശീയരിൽനിന്നുതന്നെ ആൾക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനും കൊളോണിയലിസ്റ്റുകൾ തയാറായത്. തുടക്കക്കാലത്ത് സവർണ വിഭാഗങ്ങളായിരുന്നു മേൽപറഞ്ഞ വിദ്യാഭ്യാസപദ്ധതിയുടെ ഗുണഭോക്താക്കൾ. എന്നാൽ, ജാതിബന്ധങ്ങൾക്ക് ഉപരിയായി ശൂദ്രരെയും ആദിശൂദ്രരെയും സ്ത്രീകളെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള നിലപാടുകൾ കൊളോണിയൽ മേലധികാരികൾ പുലർത്തിയിരുന്നു.
കൊളോണിയൽ ഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങളുടെ ദിശാസൂചികകളിൽ മാറ്റം സംഭവിച്ച ഈ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം നേടുകയും ഇംഗ്ലീഷ് പരിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ കീഴാള ജനസാമാന്യത്തിൽ ഉയർന്നുവന്ന അതുല്യനായ സാമൂഹിക വിപ്ലവകാരിയും ചിന്തകനുമായിരുന്നു ജോതിബ ഗോവിന്ദ ഫൂലെ (1828 -1890). മാലി എന്നറിയപ്പെടുന്ന ഉദ്യാനപാലകരുടെ കീഴാള സമൂഹത്തിലായിരുന്നു ജനനം. പൂണെ സ്കോട്ടിഷ് മിഷൻ സ്കൂളിൽനിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം അയിത്തക്കാരുടെയും കീഴ്ജാതിക്കാരുടെയും വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിക്കൊണ്ടാണ് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത്.
പൂണെയിൽ പെൺകുട്ടികൾക്കുവേണ്ടിയുള്ള ആദ്യ സ്കൂളും അസ്പൃശ്യർക്കും മുസ്ലിംകൾക്കും വേണ്ടിയുള്ള സ്കൂളും (1848) അദ്ദേഹം സ്ഥാപിച്ചു. ശിശുഹത്യ തടയുക എന്ന ലക്ഷ്യത്തോടെ ആദ്യമായി ഒരനാഥാലയം സ്ഥാപിച്ച (1863) ഇന്ത്യക്കാരനും അദ്ദേഹംതന്നെ. ബ്രാഹ്മണ ചൂഷണത്തിൽനിന്ന് അസ്പൃശ്യരെ വിമോചിപ്പിക്കാനായി 1873ൽ ഫൂലേ സത്യശോധക് സമാജം (സത്യാന്വേഷണ സമൂഹം) രൂപവത്കരിച്ചു.
‘‘ശ്രീബുദ്ധൻ, കബീർ, മഹാത്മാ ഫൂലെ എന്നീ മൂന്നു ഗുരുക്കന്മാരാണ് എനിക്കുള്ളത്. നാമെല്ലാം മനുഷ്യത്വത്തിന്റെ പാഠം പഠിച്ചത് ഫൂലെയിൽനിന്നാണ്. അദ്ദേഹം തുറന്നുതന്ന പാതയിലൂടെയാണ് നാം ഓരോ കാലടിയും മുന്നോട്ടുവെക്കുന്നത്’’ എന്നാണ് ബാബാ സാഹെബ് അംബേദ്കർ പറഞ്ഞിട്ടുള്ളത്.
മഹാത്മാ ഫൂലെയുടെ ജീവിത പങ്കാളിയായിരുന്നു സാവിത്രി ബായ്. 1831ൽ പൂണെയിലെ നൈഗോർ എന്ന സ്ഥലത്താണ് അവർ ജനിച്ചത്. 1840ൽ ഒമ്പതാമത്തെ വയസ്സിൽ വിവാഹം നടന്നു. അന്നദ്ദേഹത്തിന് 13 വയസ്സായിരുന്നു.
നിരക്ഷരയായ സാവിത്രി ബായ്ക്ക് ഫൂലെ വീട്ടിലിരുത്തി അക്ഷരാഭ്യാസം നൽകി. പിന്നീട് സഹോദരങ്ങളും സുഹൃത്തുക്കളും ചേർന്ന് ഉയർന്ന നിലയിലുള്ള വിദ്യാഭ്യാസ പരിശീലനം നൽകി. ശേഷം ഫൂലെ സ്ഥാപിച്ച സ്കൂളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും നിയമിക്കപ്പെട്ടു. ഇന്ത്യയിലെ പ്രഥമ വനിത അധ്യാപിക എന്ന നിലയിൽ ഇന്നു രാഷ്ട്രം സാവിത്രി ബായിയെ ആദരിക്കുകയും അവരുടെ ജന്മദിനമായ ജനുവരി മൂന്ന് വനിത അധ്യാപിക ദിനമായി ആചരിക്കുകയും ചെയ്യുന്നു.
സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ സാവിത്രി ബായ്ക്കും ഫൂലേക്കും എതിരെയുള്ള യാഥാസ്ഥിതിക കടന്നാക്രമണം ശക്തമായി. സ്കൂളിലേക്ക് പോകുന്ന അവർക്കു നേരെ സവർണ ഗുണ്ടകൾ കല്ലും ചാണകവും എറിയുന്നത് പതിവായി. എതിർപ്പ് രൂക്ഷമായതോടെ ഫൂലെയുടെ പിതാവുതന്നെ ഇരുവരെയും വീട്ടിൽനിന്ന് പുറത്താക്കുകപോലുമുണ്ടായി.
ഈ ഘട്ടത്തിൽ മറ്റൊരു അതുല്യ വ്യക്തിത്വമായിരുന്ന ഫാത്തിമ ശൈഖ് എന്ന മുസ്ലിം സ്ത്രീയുടെ വീട്ടിലാണ് ദമ്പതിമാർ താമസിച്ചത്. ഉർദു ഭാഷയിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന, കവയിത്രികൂടിയായിരുന്ന ഫാത്തിമ സാവിത്രി ബായ്ക്കൊപ്പം സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയും സമൂഹിക പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി അവർക്കും പലവിധത്തിലുള്ള കടന്നാക്രമണങ്ങളും നേരിടേണ്ടിവന്നു.
എതിർപ്പുകൾ വകവെക്കാതെ പ്രവർത്തിച്ച ഫൂലെ ദമ്പതികൾ സത്താറയിൽ മൂന്നാമതൊരു സ്കൂൾ തുടങ്ങി. അക്കാലത്തെ രേഖകൾ സൂചിപ്പിക്കുന്നത് സർക്കാർ നടത്തുന്ന പൊതു പാഠശാലയിലേതിനേക്കാൾ പത്തിരട്ടി കുട്ടികൾ സാവിത്രി ബായിയുടെ സ്കൂളിൽ പഠിച്ചിരുന്നുവെന്നാണ്. അവരുടെ ആകർഷകമായ പെരുമാറ്റവും കുട്ടികളോടുള്ള സ്നേഹവുമായിരുന്നു അതിന് പ്രധാനകാരണം. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ദലിതരായ മാതാപിതാക്കളുടെ ഇടയിൽ ബോധവത്കരണം നടത്തുകയും പഠനത്തിനൊപ്പം ചെറിയ തുക സ്റ്റൈപെൻഡ് നൽകുകയും ചെയ്തിരുന്ന ഈ സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ഊന്നൽ കൊടുത്തിരുന്നു.
വിദ്യാഭ്യാസ പ്രവർത്തനത്തിനൊപ്പം കീഴാള സ്ത്രീകളുടെ പുരോഗതിക്കും മുന്നേറ്റത്തിനും വേണ്ടി അവർ അക്ഷീണം നിലകൊണ്ടു. വിധവ വിവാഹത്തിനും മിശ്രവിവാഹത്തിനും വേണ്ടി വാദിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു ബ്രാഹ്മണ സ്ത്രീ പുനർവിവാഹം കഴിക്കുന്നത് സാവിത്രി ബായിയുടെ ശ്രമഫലമായിട്ടാണ്. ആദ്യമായി മിശ്രവിവാഹം കഴിച്ച വ്യക്തി ഫൂലെ -സാവിത്രി ദമ്പതിമാരുടെ ദത്തുപുത്രനായിരുന്നു. പൂജാരികളെ ഒഴിവാക്കിയുള്ള വിവാഹങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതിനും ഭർത്താവ് മരിച്ചാൽ ഹിന്ദു സ്ത്രീകളുടെ മുടി മുറിച്ചുകളയുന്ന ആചാരത്തിനെതിരെയും അവർ മുന്നിട്ടിറങ്ങി.
1890ൽ ഫൂലെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിതക്ക് തീ കൊളുത്തിയത് വിധവയായ സാവിത്രിയാണ്. ഒരു സ്ത്രീ ചിത കൊളുത്തുക എന്നത് ആയിരം വർഷത്തിനുള്ളിൽ നടന്ന ആദ്യ സംഭവമായാണ് ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുള്ളത്.
ഫൂലേയുടെ വിയോഗ ശേഷം സത്യ ശോധക് സമാജ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സാവിത്രി ബായ് 1893ൽ മഹാരാഷ്ട്രയിൽ ഉണ്ടായ വരൾച്ചയിലും ക്ഷാമത്തിലും ബഹുജൻ സ്ത്രീകളെ സംഘടിപ്പിച്ചു ദുരിതാശ്വാസ പ്രവർത്തനം നടത്തി. ശേഷം പൊട്ടിപ്പുറപ്പെട്ട പ്ലേഗ് തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ രോഗം ബാധിച്ച് 1897 മാർച്ച് മാസം 10ന് മരണപ്പെട്ടു.
കവിതകളും ഫൂലേക്ക് എഴുതിയ കത്തുകളുമടക്കം സാവിത്രി ബായിയുടെ അഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവരെപ്പറ്റി നാൽപതോളം പുസ്തകങ്ങൾ വിവിധ ഭാഷകളിലായിറങ്ങി. ഈ മഹാജീവിതത്തെ ആധാരമാക്കി ഇറങ്ങിയ ഒരു കന്നട സിനിമ വളരെയധികം ജനപ്രീതി നേടുകയുണ്ടായി.
കീഴാള ഉയിർപ്പുകൾക്കൊപ്പം ദലിത് ബഹുജൻ ഫെമിനിസവും ശക്തിപ്പെടുന്ന ഇക്കാലത്ത് കേവലം ചില ആചാര ലംഘനങ്ങൾ നടത്തിയ ഒരു കീഴാള സ്ത്രീ എന്ന നിലയിൽ മാത്രമായിട്ടാവില്ല സാവിത്രി ബായ് സ്മരിക്കപ്പെടുക. മറിച്ച്, ഭാഷയും ഭാഷണവും വിലക്കപ്പെട്ട ഒരു ജനതയുടെ സ്വയം പ്രതിനിധാനത്തിന്റെ ചിഹ്നമായിത്തന്നെയാണ് അവരുടെ പ്രസക്തി ഉയരുന്നത്. ഇതാവട്ടെ, സനാതന ധർമത്തെത്തന്നെ മാറ്റുന്ന കീഴാള സ്ത്രീ ഇടപെടലായാണ് ചരിത്രത്തിൽ അടയാളപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.