ട്രംപിന്റെ മഹത്തായ മൃഗശാല
text_fieldsക്യൂബൻ മഹാകവി നിക്കോളാസ് ഗിയെൻ ‘മഹത്തായ മൃഗശാല’ എന്നപേരിൽ ഒരു ദീർഘ കവിത എഴുതിയിട്ടുണ്ട്.
അറിയിപ്പ്
നഗരസഭയുടെ തീരുമാനപ്രകാരം
നാട്ടുകാർക്കും വിദേശികൾക്കും
രാജ്യത്തിന്റെ അഭിമാനത്തിനും
വേണ്ടി നിർമിച്ചതാണ്
മഹത്തായ ഈ മൃഗശാല.
ഉത്തമ മാതൃകകളുടെ കൂട്ടത്തിൽ
വായുവിലെയും വെള്ളത്തിലെയും ജന്തുക്കളും
(ഉദാഹരണത്തിന് ചക്രവാതം)
ഒരു സാക്ഷാൽ അകെൻകാഹ്വയും
പ്രായപൂർത്തിയാകാത്ത
ഒരു ഗിതാറും
ജീവനുള്ള മേഘങ്ങളും
ഒരു പണ്ഡിതവാനരനും
ഒരു ഒറ്റപരിപ്പ് മരവും
ഇവിടെയുണ്ട്.
മാതൃഭൂമി അല്ലെങ്കിൽ മരണം.
-ഡയറക്ടർ
സാമ്രാജ്യത്വ വാഴ്ചയുടെയും വംശീയതയുടെയും കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ ഭാഷയിൽ പ്രതിപാദിക്കുന്നതിനൊപ്പം അവക്ക് പിന്നിലെ രക്തമയമായ മനുഷ്യാനുഭവങ്ങളെ ഓർമപ്പെടുത്തുന്നതുമായ വിവിധ ഖണ്ഡങ്ങളായിട്ടാണ് ഗിയെന്റെ കവിത എഴുതപ്പെട്ടിട്ടുള്ളത്.
2009 മുതൽ 2017 വരെയുള്ള കാലയളവിൽ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി കറുത്തനിറമുള്ള, മുസ്ലിം പേരുള്ള ബറാക് ഒബാമ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കപ്പെടുകയുണ്ടായി. അമേരിക്കയുടേത് പോലുള്ള ഒരു സാമ്രാജ്യത്വ-വംശീയ-പുരുഷാധിപത്യ വ്യവസ്ഥയിൽ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിമൂലം എന്തെങ്കിലും മാറ്റംവരുത്തുകയെന്നത് അസാധ്യമാണ്. ഒബാമയുടെ ഭരണകാലത്തും ആ രാജ്യത്തിന്റെ വിദേശ നയവും ആഭ്യന്തര സുരക്ഷാ നടപടികളും പൊലീസ് സംവിധാനവും ആക്രമണപരമായി തന്നെയാണ് തുടർന്നുപോന്നത്. എങ്കിലും രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തിയ നാണയപ്പെരുപ്പം കുറക്കാനും ഇൻഷുറൻസ് മേഖലയിലും ആരോഗ്യരംഗത്തും നിലനിന്നിരുന്ന കോർപറേറ്റ് മേധാവിത്വത്തിന് തടയിടാനും കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നുണ്ട്.
വലിയൊരു വായനക്കാരനും പ്രഭാഷകനുമായിരുന്ന ഒബാമക്ക് നല്ലനിലയിലുള്ള ആദരവാണ് സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളിൽനിന്ന് കിട്ടിയിരുന്നത്. തന്റെ പ്രസംഗങ്ങളിലൂടെ എല്ലായ്പോഴും അദ്ദേഹം മൾട്ടി കൾച്ചറലിസത്തിനും വൈവിധ്യങ്ങൾക്കും വേണ്ടി വാദിച്ചിരുന്നു. ഇപ്രകാരത്തിൽ യാഥാസ്ഥിതിക വിഭാഗങ്ങൾക്ക് അന്യമായ വിധത്തിൽ ബഹുജന സ്വാധീനമുറപ്പിച്ചിരുന്ന ഒബാമക്കെതിരെ അതിതീവ്ര വലതുപക്ഷത്തുനിന്നും അതിതീവ്ര ഇടതുപക്ഷത്തുനിന്നും കടുത്ത എതിർപ്പുകൾക്കൊപ്പം വലിയ തോതിലുള്ള വംശീയ അധിക്ഷേപങ്ങളും രൂപപ്പെട്ടു. റിപ്പബ്ലിക്കൻ കക്ഷിയുടെ പ്രമുഖ നേതാക്കൾ വരെ ഒബാമയുടെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെയും കറുത്ത നിറത്തെ അവമതിച്ചുകൊണ്ടിരുന്നു. ഒപ്പം, അദ്ദേഹം ക്യൂർ പുരുഷനാണെന്നും മിഷേൽ ഒബാമ പുരുഷനാണെന്നും വരെ പ്രചാരണമുണ്ടായി.
റിപ്പബ്ലിക്കൻ കക്ഷിയുടെ നേതാക്കളിൽ ബുദ്ധിസ്ഥിരതയില്ലാത്ത വ്യക്തിയാണെന്നുവരെ കരുതപ്പെട്ടിരുന്ന ഡോണൾഡ് ട്രംപിന് അമേരിക്കയുടെ 45ാം പ്രസിഡന്റായി ഉയർന്നുവരാൻ സഹായകമായത് മേൽപറഞ്ഞ തരത്തിലുള്ള വംശീയ ശക്തികളുടെയും സങ്കുചിത ദേശീയ വാദികളുടെയും ഏകീകരണ ഫലമായിട്ടാണെന്നാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്’ പോലുള്ള പ്രസ്ഥാനങ്ങളുടെ വിലയിരുത്തൽ.
ഏകാധിപത്യ പ്രവണതകളുടെയും തുറന്ന വലതുപക്ഷ ആശയങ്ങളുടെയും കോർപറേറ്റ്വത്കരണത്തിന്റെയും പേരിൽ കടുത്ത എതിർപ്പാണ് ട്രംപിന്റെ ഒന്നാം പ്രസിഡന്റ് പദവി കാലത്ത് അമേരിക്കയിലുയർന്നുവന്നത്. ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ട്രംപ് തോൽവിയടഞ്ഞെങ്കിലും തൽസ്ഥാനത്ത് വന്ന ജോ ബൈഡന്റെ പ്രതിച്ഛായ നഷ്ടമായതും ലിബറൽ കക്ഷിയുടെ സ്ഥാനാർഥിയായ കമല ഹാരിസിന് വിജയിക്കാൻ കഴിയാത്തതും ട്രംപിന്റെ തന്നെ രണ്ടാംവട്ട പ്രസിഡന്റ് പദവി ഉറപ്പാക്കി.
ജീവിതത്തിൽ ഇതേവരെ പുകവലിക്കാത്ത, മദ്യപിച്ചിട്ടില്ലാത്ത, അമേരിക്കയുടെ പദവി താഴ്ന്നുപോയതിൽ ഖേദിക്കുന്ന പ്രസിഡന്റായി വലതുപക്ഷ മാധ്യമങ്ങൾ കൊണ്ടാടുന്ന ട്രംപ് നിരവധി അഴിമതിക്കേസുകളിൽ പ്രതിയാണെന്നും അദ്ദേഹത്തിന് എതിരായുള്ള ലൈംഗികാരോപണങ്ങൾ തെളിയിക്കപ്പെട്ടതാണെന്നും ഇതേ മാധ്യമങ്ങൾ സൗകര്യപൂർവം മറന്നുകളയുന്നു.
ട്രംപിനെ ഒരു ഫാഷിസ്റ്റായി വിലയിരുത്താൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ പ്രതിവാദങ്ങൾ ഇപ്പോൾ അമേരിക്കയിലെ മാധ്യമ- അക്കാദമിക രംഗത്ത് നടക്കുന്നുണ്ട്. പല പ്രമുഖരും ട്രംപിൽ ഏകാധിപത്യ പ്രവണതയില്ലെന്നും വാണിജ്യ മൂലധനത്തിന്റെ അപ്രമാദിത്യമുറപ്പിക്കാനായി നടത്തുന്ന കേവല പ്രചാരണമായി ട്രംപിന്റെ നടപടികളെ കണ്ടാൽ മതിയെന്നുമാണ് വിലയിരുത്തുന്നത്. എന്നാൽ, ഫാഷിസത്തിന്റെ അടിസ്ഥാന ഘടകമായ സങ്കുചിത ദേശീയവാദവും വെളുത്ത വംശീയ മേന്മാവാദവും കുടിയേറ്റ ജനതയോടുള്ള ശത്രുതയും അപര സംസ്കാരത്തോടും മറ്റു രാഷ്ട്രങ്ങളോടുമുള്ള ബഹുമാനമില്ലായ്മയുമാണ് ട്രംപ് ഉൾക്കൊള്ളുന്നതെന്ന് ഇക്കൂട്ടർ വിസ്മരിക്കുന്നു. അമേരിക്കൻ ജനജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായ ബഹുത്വത്തെ ദേശീയമായ അധഃപതനത്തിന്റെ സൂചകമായാണ് ട്രംപ് കാണുന്നത്. വിവിധ വിഭാഗം ജനങ്ങളിൽനിന്ന് ഉയർന്നുവരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെയും വിമർശന ചിന്തകളെയും ‘ഭ്രാന്ത്’ ആയിട്ടാണ് വിലയിരുത്തുന്നത്.
ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ദേശീയ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ എന്ന പേരിൽ വൻകിട കോർപറേറ്റ് ശക്തികൾക്ക് സർവവാതിലുകളും തുറന്നുകൊടുത്തതിന് സമാനമായ സാമ്പത്തിക നടപടികൾ തന്നെയാണ് ട്രംപും ചെയ്യുന്നത്. ഫാഷിസത്തിന്റെ മറ്റൊരു ഘടകമായ വ്യക്തിപൂജ ട്രംപിന്റെ കാര്യത്തിൽ ഇല്ലെന്നതാണ് മറ്റൊരു വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ തോറ്റുപോയിട്ടും പരാജയം സമ്മതിക്കാതെ തന്റെ ആക്രമണകാരികളായ അനുയായികളെ അണിനിരത്തി പദവി നിലനിർത്താൻ ശ്രമിച്ച ട്രംപ്, ഹിറ്റ്ലറെ തന്നെയാണ് അനുസ്മരിപ്പിക്കുന്നത്. ഇതേ അക്രമി സംഘത്തിനും തന്റെ രണ്ടാംഘട്ട പ്രസിഡന്റ് പദവി ഉപയോഗിച്ച് പൊതുമാപ്പ് നൽകുകയാണുണ്ടായത്. മാത്രമല്ല, തന്റെ സാമ്പത്തിക തട്ടിപ്പ് കേസുകളെയും ലൈംഗിക അതിക്രമങ്ങളെയും പദവി ഉപയോഗിച്ചുതന്നെ തേയ്ച്ചുമാച്ചുകളയുകയും ചെയ്തു. വ്യക്തിയെ സ്റ്റേറ്റിനു മേൽ സ്ഥാപിക്കുന്ന ഏകാധിപത്യ പ്രവണതയല്ലാതെ മറ്റെന്താണ് ഇവയൊക്കെ? ഇതേ നിലയിൽ തന്റെ ക്രൈസ്തവ മതവിശ്വാസത്തെയും ട്രംപ് ദുർവിനിയോഗം ചെയ്യുന്നുണ്ട്.
1990കളിൽ ആഗോളവത്കരണം മൂലം ദേശരാഷ്ട്രങ്ങളുടെ അതിർത്തികൾ ചോദ്യം ചെയ്യപ്പെട്ടപ്പോൾ സാർവദേശീയ മൂലധനപ്രവാഹം അമേരിക്കൻ സർവാധിപത്യ വ്യാപനത്തെ ത്വരിതഗതിയിലാക്കി. ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീയവകാശങ്ങൾ തുടങ്ങിയ അവകാശ പ്രമേയങ്ങളെ ആയുധമാക്കി സോവിയറ്റ് റഷ്യക്കെതിരെ ‘ഒരുലോക ബദൽ’ പ്രതീതി സൃഷ്ടിക്കാൻ അമേരിക്കക്ക് കഴിഞ്ഞു. ഇതിനൊടൊപ്പം തുറന്ന വിപണി ഉറപ്പായപ്പോൾ ദേശീയ പരമാധികാരം ഭീഷണി നേരിട്ടു. അഭയാർഥികളും കുടിയേറ്റക്കാരുമായ ജനങ്ങളുടെ ഒഴുക്ക് അതിന്റെ പാർശ്വഫലമായിരുന്നു. ഇത് പരമ്പരാഗതമായ യൂറോ-അമേരിക്കൻ ദേശീയതയുടെ പ്രതീക്ഷകൾ തെറ്റിച്ചു. നവനാസിസമടക്കമുള്ള പ്രതിലോമ ശക്തികൾ ഇതോടെ അമേരിക്കയിലും യൂറോപ്പിലും ശക്തിപ്പെട്ടു.
ഡോണൾഡ് ട്രംപ് മറുവശത്ത് കോർപറേറ്റുകൾക്ക് രാഷ്ട്രീയ നിയന്ത്രണങ്ങൾ കുറഞ്ഞ സ്വാതന്ത്ര്യം നൽകുന്ന നിയോ ലിബറൽ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഭരണം ഒഴിച്ചുമാറി കോർപറേറ്റുകൾക്ക് രാഷ്ട്രീയ നിർവഹണശേഷി ഏൽപിച്ചുകൊടുക്കുന്ന ഈ നയം ലിബറൽ തീവ്രവാദത്തിന്റേതാണ്. ട്രംപിന്റെ ഭരണത്തിൽ ജോർജ് ബെയോസ്, ഇലോൺ മസ്ക് തുടങ്ങിയ ‘ടെക്നോ-സാമാന്താധികാരികൾ പരമാധികാരികളായി തന്നെയാണ് മാറുന്നത്. ഇലോൺ മസ്കിന്റെ കീഴിലുള്ള ‘കാര്യക്ഷമത വകുപ്പ്’ പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ഒറ്റയടിക്ക് പുറന്തള്ളിയിട്ടുള്ളത്. കാര്യക്ഷമത കുറഞ്ഞവർ അധികപ്പറ്റുകളാണത്രേ.
അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലടക്കുമെന്ന ഭീഷണി, ജോർജ് ബുഷിന്റെ കാലത്തെ ഭീകരതാവിരുദ്ധ യുദ്ധത്തെയും നാസി തടങ്കൽപ്പാളയങ്ങളെയുമാണ് ഓർമിപ്പിക്കുന്നത്.
ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം സ്വാഭാവികമായി അന്താരാഷ്ട്ര ധാരണകളെ കാറ്റിൽ പറത്തിക്കൊണ്ട് ചൈനയോടുള്ള വ്യാപാരയുദ്ധം, ഇറാൻ ആണവ കരാറിന്റെ ഉപേക്ഷിക്കൽ, പശ്ചിമേഷ്യയിൽ ഇസ്രായേലിനെ അക്രമാസക്തമായി പിന്തുണക്കൽ മുതലായവയിലേക്ക് വഴിതെളിച്ചു. ഗസ്സയെ ഒരു റിയൽ എസ്റ്റേറ്റാക്കി മാറ്റുമെന്ന പ്രഖ്യാപനം, കാനഡയെ അമ്പത്തിയൊന്നാം രാഷ്ട്രമാക്കുമെന്ന പ്രമേയം, യൂറോപ്യൻ യൂനിയനോടുള്ള വൈരുധ്യം എന്നിവയെല്ലാം ‘അമേരിക്ക ഫസ്റ്റ്’ എന്ന നയ പരിപാടിയുടെ പ്രായോഗിക രൂപങ്ങളാണ്.
അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രമേയുള്ളൂ എന്ന് അധികാരമേറ്റ വേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള എക്സിക്യൂട്ടിവ് ഉത്തരവും പുറത്തിറക്കി. അമേരിക്കൻ സൈന്യത്തിൽനിന്ന് ട്രാൻസ് വ്യക്തികളെ പുറത്താക്കാനുള്ള ഉത്തരവിലും ഒപ്പുവെച്ചിട്ടുണ്ട്. ട്രാൻസ് ഫോബിയയുടെ തലത്തിലാണ് ട്രംപിന്റെ ഈ നീക്കങ്ങൾ. ഇതാകട്ടെ വംശീയ ന്യൂനപക്ഷങ്ങൾക്ക് കൂടെ ബാധകമാകുന്ന രീതിയിലാണ് വികസിക്കാൻ പോകുന്നത്.
ട്രംപിന്റെ തീരുമാനങ്ങൾ അമേരിക്കൻ ഭരണവർഗം പരമ്പരാഗതമായി പുലർത്തുന്ന ‘ഷോക്ക് ഡോക്ട്രീൻ’ രൂപമാതൃകയിൽ തന്നെയുള്ളതാണ്. ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾ ഉപയോഗിച്ച് (ഷോക്കുകൾ) അവരുടെ പ്രതിരോധശേഷി കുറക്കുകയും സ്വകാര്യവത്കരണം, വംശീയവാദം, സാമ്രാജ്യത്വ വികസനം, നിയോ ലിബറൽ നയങ്ങൾ തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സാമൂഹിക അസമത്വം വർധിപ്പിക്കുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയുംചെയ്യുന്ന ഈ രാഷ്ട്രീയ തന്ത്രത്തിന്റെ ഉപജ്ഞാതാവായ നവോമി ക്ലൈൻ പറയുന്നതുപ്രകാരം ‘ഷോക് ഡോക്ട്രീൻ’ ഒരു സ്ഥിരമാതൃകയായി ട്രംപ് മാറ്റിയിരിക്കുന്നുവെന്നാണ്. ഇതിന്റെയെല്ലാം ഫലം, നിക്കോളാസ് ഗിയെന്റെ കവിത പ്രതിപാദിക്കുന്നതുപോലെ അമേരിക്കയെ ഒരു മഹത്തായ മൃഗശാലയാക്കി മാറ്റുക എന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.