Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഉത്തരാഖണ്ഡിലെ...

ഉത്തരാഖണ്ഡിലെ ബി.ജെ.പി-കോൺഗ്രസ്​ പോരിൽ അന്നം മുടക്കാൻ ആം ആദ്​മി

text_fields
bookmark_border
uttarakhand election
cancel
camera_alt

പുഷ്കർ സിങ്​ ധാമി, ഹരീഷ്​ റാവത്


2017ൽ പൂജ്യത്തോടടുത്ത്​ വോട്ടുശതമാനവും ആരോരുമറിയാ​ത്ത സാന്നിധ്യവുമായിരുന്ന എ.എ.പി ഇത്തവണ 13 ശതമാനം വോട്ടു നേടുമെന്നും സീറ്റുകൾ മൂന്നുവരെയാകാമെന്നുമാണ്​ എക്സിറ്റ്​ പോൾ കണക്കുകൾ. 13 ശതമാനം വോട്ട്​ അത്ര പ്രാധാന്യമുള്ളതല്ലെന്നും 15 ശതമാനത്തിൽ കുറവെങ്കിൽ സീറ്റ്​ ലഭിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാണെങ്കിലും അവർ പിടിക്കുക ബി.ജെ.പി വിരുദ്ധ വോട്ടുകളാണ്​. അത്​ കോൺഗ്രസിന്​ തലവേദനയാകും...

ഉത്തരാഖണ്ഡി​ലെ 70 മണ്ഡലങ്ങളിൽ ഫെബ്രുവരി 14നാണ്​​ ​വോ​ട്ടെടുപ്പ്​. ഫലം മാർച്ച്​ 10നും.ഓരോ അഞ്ചു വർഷത്തിലും ഭരണകൂടം മാറുന്ന സംസ്ഥാനത്ത്​ തെരഞ്ഞെടുപ്പിന്​ ഒരു മാസം ബാക്കിനിൽക്കെ അധികാരം പിടിക്കാൻ രാഷ്ട്രീയ കക്ഷികൾ തിരക്കിട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പുഷ്കർ സിങ്​ ധാമിക്കു കീഴിൽ ഭരണം നിലനിർത്താൻ ബി.ജെ.​പി കൊണ്ടുപിടിച്ച നീക്കം നടത്തുമ്പോൾ മുൻമുഖ്യമന്ത്രി ഹരീഷ്​ റാവത്തിനെ മുന്നിൽനിർത്തിയാണ്​ കോൺഗ്രസ്​ അങ്കപ്പുറപ്പാട്​.

അതിനിടെ, ബി.ജെ.പി വിരുദ്ധ വോട്ടുകളിലേറെയും വീഴാനിടയുള്ള ആം ആദ്​മി പാർട്ടിയും ​തൃണമൂൽ കോൺഗ്രസും രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പ്​ ചതുഷ്​കോണമായി മാറിക്കഴിഞ്ഞു. എക്സിറ്റ്​ പോളുകളിലേറെയും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം പ്രവചിക്കുമ്പോൾ ചിലത്​ ബി.ജെ.പിക്ക്​ മേൽക്കൈ പറയുന്നു​. സി വോട്ടറുമായി ചേർന്ന്​ എ.ബി.പി നടത്തിയ എക്സിറ്റ്​ പോളിൽ ഭരണകക്ഷിയായ ബി.ജെ.പി 31-37ഉം കോൺഗ്രസ്​ 31-36 ഉം സീറ്റുമായി ഇഞ്ചോടിഞ്ച്​ പോരാട്ടം​ പ്രവചിക്കുന്നു.

നിലവിലെ സഭയിൽ ഒമ്പത്​ അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ്​​ വലിയ മുന്നേറ്റം നടത്തുമെന്ന്​​ സർവേ സൂചിപ്പിക്കുമ്പോൾ 53 അംഗങ്ങളുള്ള ബി.ജെ.പിക്ക്​ ഇത്​ കനത്ത തിരിച്ചടിയുമാകും. ബി.ജെ.പിക്ക്​ വോട്ടുവിഹിതം 2017 ​തെര​ഞ്ഞെടുപ്പിൽ ​46.5 ശതമാനമായിരുന്നത്​ കുറഞ്ഞ്​ 38.6 ശതമാനത്തിലെത്തുമെങ്കിൽ കോൺഗ്രസിന്​ 37.2 ശതമാനമാകും. മുഖ്യമന്ത്രി സ്ഥാനത്ത്​ വോട്ടർമാർക്ക്​ ഹരീഷ്​ സിങ്​ റാവത്തിനോടാണ്​ ഇത്തിരി ഇഷ്ടം കൂടുതൽ-37 ശതമാനം പേർക്ക്​. മുഖ്യമന്ത്രി പുഷ്കർ സിങ്​ ധാമിക്ക്​ 29 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്​.

ഉത്തരാഖണ്ഡിൽ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ബി.ജെ.പിക്ക്​ എന്നും കനത്ത വെല്ലുവിളിയാണ്​. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നു തവണയാണ്​ മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നത്​. 2017 മുതൽ 2021 വരെ ത്രിവേന്ദ്ര സിങ്​ റാവത്തായിരുന്നുവെങ്കിൽ പിൻഗാമിയായി തിറത്ത്​ സിങ്​ റാവത്തും അഞ്ചു മാസത്തിനിടെ 2021ൽതന്നെ പുഷ്കർ സിങ്​ ധാമിയും എത്തി.

ഇത്​ മുന്നിൽനിർത്തി 'തീൻ തിഗാഡ, കാം ബിഗാഡ' എന്ന പേരിൽ ഒരു പ്രമേയ ഗാനം തന്നെയൊരുക്കിയാണ്​ കോൺഗ്രസ്​ ആക്രമണം കനപ്പിക്കുന്നത്​. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും അത്​ അവർ തുറന്നുപറയുന്നുവെന്നുമാണ്​ പാട്ട്​ പറയുന്നത്. എന്നാൽ, കോൺഗ്രസിനെയും കലുഷമാക്കി ആഭ്യന്തര കലഹം വേട്ടയാടുന്നുണ്ട്​. ബി.ജെ.പി മുന്നിൽ നിർത്തുന്ന കടുത്ത വെല്ലുവിളി പരിഗണിച്ച്​ ഇതിന്​ തടയിടാൻ ​പാർട്ടി നേതൃത്വം കഠിനശ്രമമാണ്​ നടത്തിവരുന്നത്​.

ദിവസങ്ങൾക്കു​ മുമ്പാണ്​​, പാർട്ടിയിലെ ചിലരോട്​ അസംതൃപ്തിയുള്ള ഹരീഷ്​ റാവത്​ സംസ്ഥാന​ കോ​ൺഗ്രസ്​ പ്രവർത്തന രീതിയിൽ ആധി പങ്കു​വെച്ച്​ ട്വിറ്ററിലെത്തിയത്​. ''ഞാൻ ആരുടെ ഉത്തരവുകൾ പ്രകാര​മാണോ നീന്തിക്കയറേണ്ടത്​ അവരുടെ ആൾക്കാർ എന്‍റെ കൈയും കാലും കെട്ടിയിടുകയാണ്​'' -എന്നായിരുന്നു ട്വീറ്റ്​. എ.ഐ.സി.സിയിൽ ഉത്തരാഖണ്ഡ്​ ചുമതലയുള്ള ദേവേന്ദ്ര യാദവ്​ സംസ്ഥാന വിഷയങ്ങളിൽ ഇടപെടുന്ന രീതിയിലെ അനിഷ്ടമാണ്​ അടിസ്ഥാനപരമായി ഇവിടെ പങ്കുവെച്ചത്​. ഹരീഷ്​ റാവത്തും ദേവേന്ദ്ര യാദവും തമ്മിലെ അധികാര വടംവലിയാണ്​ വിഷയം​. കൈകൾ കെട്ടിയിട്ട നിലയിലാണെന്ന്​ റാവത്​പരാതിപ്പെടുമ്പോൾ തന്‍റെ ശത്രുപക്ഷത്തുള്ള നേതാക്കളെ പ്രീണിപ്പിക്കുകയാണ്​ റാവത്തെന്ന്​ ദേവേന്ദ്ര യാദവും പറയുന്നു.

വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കേന്ദ്ര നേതൃത്വം റാവത്തിനെ തെരഞ്ഞെടുപ്പ്​ പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. അതുവഴി എല്ലാ സന്ദേഹങ്ങ​ളും ദൂരെ നിർത്താമെന്ന്​ നേതൃത്വം കണക്കുകൂട്ടുന്നു. സംസ്ഥാന​ത്ത്​ കോൺഗ്രസിന്‍റെ പ്രധാന മുഖമായി റാവത്​ തന്നെ ഇനിയും തുടരും.

എല്ലാ സർവേകളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം പ്രകടമാണെങ്കിലും എ.എ.പി വോട്ടുവിഹിതം ഗണ്യമായി വർധിച്ചുവരുന്നത്​ ഇതിനിടയിൽ കാണാതെ പോകരുത്​. സർക്കാറുണ്ടാക്കാമെന്ന കോൺഗ്രസ്​ കണക്കുകൂട്ടലുകളെയാണ്​ അത്​ അരികിൽ നിർത്തുക. 2017ൽ പൂജ്യത്തോടടുത്ത്​ വോട്ടുശതമാനവും ആരോരുമറിയാ​ത്ത സാന്നിധ്യവുമായിരുന്ന എ.എ.പി ഇത്തവണ 13 ശതമാനം വോട്ടു നേടുമെന്നും സീറ്റുകൾ മൂന്നുവരെയാകാമെന്നുമാണ്​ എക്സിറ്റ്​ പോൾ കണക്കുകൾ.

13 ശതമാനം വോട്ട്​ അത്ര പ്രാധാന്യമുള്ളതല്ലെന്നും 15 ശതമാനത്തിൽ കുറവെങ്കിൽ സീറ്റ്​ ലഭിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാണെങ്കിലും അവർ പിടിക്കുക ബി.ജെ.പി വിരുദ്ധ വോട്ടുകളാണ്​. അത്​ കോൺഗ്രസിന്​ തലവേദനയാകും. അതായത്​, എ.എ.പി സാന്നിധ്യമില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന്​ കാര്യങ്ങൾ എളുപ്പമായേനെ.

ദിവസങ്ങൾക്ക്​ മുമ്പ് പാർട്ടി പരിപാടിയായ 'നവപരിവർത്തൻ ഡയലോഗ്​' ഉദ്​ഘാടനത്തിന്​​ ഉത്തരാഖണ്ഡ്​ സന്ദർശിച്ച ഡൽഹി ഉപമു​ഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ്​ സിസോദിയ ആവശ്യപ്പെട്ടത്​ ''വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ' എന്നിവക്ക്​ വോട്ടുനൽകണ​മെന്നാണ്​. ''കഴിഞ്ഞ 21 വർഷത്തിനിടെ ഉത്തരാഖണ്ഡിന്‍റെ യഥാർഥ ശേഷി തിരിച്ചറിഞ്ഞുള്ള വികസനം കൊണ്ടുവരുന്നതിൽ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ പരാജയമാണ്. അതിനാൽ, പ്രകടനമികവ്​ മുദ്രയാക്കിയ എ.എ.പിക്ക്​ വോട്ടർമാർ അവസരം നൽകണം''- അദ്ദേഹം പറയുന്നു.

റിട്ട. കേണൽ അജയ്​ കോത്യാലിനെയാണ്​ എ.എ.പി മുഖ്യമ​ന്ത്രി സ്ഥാനാർഥിയായി മുന്നോട്ടുവെക്കുന്നത്​. 70 സീറ്റുകളിലും പാർട്ടി മത്സരരംഗത്തുണ്ട്​. എന്നാൽ, പറയത്തക്ക നേട്ടം പാർട്ടിയെ തുണക്കുമോ എന്നറിയാൻ മാർച്ച്​ 10ന്​ ഫലപ്രഖ്യാപനം വരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

ഉത്തരഖണ്ഡിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനും കോളമിസ്റ്റുമാണ്​ ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022
News Summary - Aam Aadmi Party to end BJP-Congress war in Uttarakhand
Next Story