ആത്മഹത്യക്കു വഴങ്ങേണ്ടവരാണോ യുവാക്കൾ? 

ചില വാർത്തകൾ നമ്മെ ഒന്ന്​ അലോസരപ്പെടുത്തി കടന്നുപോകും; വാർത്ത മെല്ലെ വിസ്മൃതിയിലുമാകും. അത്തരത്തിലൊന്നാണ് ചെറുപ്പക്കാർ ആത്മഹത്യ ചെയ്യുന്ന വാർത്ത. അനേകകാരണങ്ങളുണ്ട് ഇതിന്. ആത്മഹത്യയെ സമൂഹം അനുതാപപൂർവം കാണുന്നില്ല എന്നതിനാൽ കൂടുതൽ ചർച്ചക്കൊന്നും സമൂഹം ഇടം നൽകുന്നുമില്ല. അടുത്ത ബന്ധുക്കൾക്കും ഇതേ നിലപാടിനോടാണ് ആഭിമുഖ്യം. കുറ്റബോധവും അപമാനഭാരവും ബന്ധുക്കളെ നിരാശപ്പെടുത്തുന്നു. ആത്മഹത്യയെ അവർ സ്വാഭാവികമരണമായി കാണാനാണ് താൽപര്യപ്പെടുന്നത്. ഇതു മൂലം യുവജനങ്ങളുടെ ആത്മഹത്യപ്രവണത പഠിക്കാനും വേണ്ട കരുതലെടുക്കാനും സാധിക്കാതെ പോകുന്നു.

മരിക്കുന്നവരുടെ നാലിരട്ടിയെങ്കിലും പേർ ആത്മഹത്യക്കു ശ്രമിച്ചവരായിരിക്കും. ഇവർ പലവിധ സാമൂഹിക സമ്മർദങ്ങൾക്കും വിധേയരാകുന്നു. പൊതുവെ ആത്മഹത്യവാസന ഒളിഞ്ഞിരിക്കുന്നതിനാൽ സംഘർഷപൂർണമായ ജീവിതം നയിക്കേണ്ടി വരും അവർക്ക്. മരിക്കാനുള്ള ആശയം മനസ്സിലിട്ടു നടക്കുന്നവർക്ക് ജീവിതത്തിൽ ആദ്യാവസാനം ശ്രദ്ധ ആവശ്യമായിവരും. വിദഗ്​ധരെന്ന് കരുതുന്ന പലരും യുവാക്കളുടെ ആത്മഹത്യയെക്കുറിച്ചു വളരെ ലളിതമായ വിശദീകരണങ്ങൾ നൽകാൻ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് ഇൻറർനെറ്റ്, വാട്​സ്​ആപ്, ഫേസ്ബുക്ക്​ എന്നിവയുടെ അമിതോപയോഗം ആത്മഹത്യയിൽ കലാശിക്കും എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കാലികമായ തോന്നലുകൾ അടിസ്ഥാനപ്പെടുത്തി മാത്രമാണ്. നവ സാ​േങ്കതികവിദ്യ ആസക്തിയുളവാക്കുന്നു എന്നത് നേരുതന്നെ. എന്നാൽ, പഠനങ്ങൾ സൂചിപ്പിക്കുന്നത് ടെക്നോ-ആസക്തി 0.7 ശതമാനത്തിലും താഴെ മാത്രമാണെന്നും അതുപോലും ചില മാനസികപ്രശ്നങ്ങളുടെ പരിണത ഫലമാണെന്നുമാണ്.  

കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറഞ്ഞുവരുന്നു എങ്കിലും, കണക്കുകളനുസരിച്ചു കേരളത്തിലെ ആത്മഹത്യനിരക്ക് ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതൽ തന്നെയാണ്. യുവാക്കളുടെ ആത്മഹത്യ കൂടിത്തന്നെ തുടരുന്നു. ശാരീരികവും മാനസികവുമായ നിരവധി കഴിവുകളുള്ള ഊർജസ്വലമായ കാലഘട്ടമാണ് യുവത്വം. ഏറ്റവും മെച്ചപ്പെട്ട ആരോഗ്യനിലയുള്ള പ്രായത്തിൽ ജീവിതംതന്നെ അവസാനിപ്പിക്കാൻ  തീരുമാനിക്കുന്നത് നിസ്സാരമല്ല. ലഭ്യമായ കണക്കുകൾ യഥാർഥ എണ്ണത്തെക്കാൾ കുറവാകാൻ സാധ്യതയുണ്ട്. സി.ആർ. സോമൻ (2009) നടത്തിയ പഠനത്തിൽ ഇത്​ വ്യക്തമാക്കുന്നുണ്ട്. 

ഗൗരവമുള്ള മറ്റൊരു പഠനം 2014ലെ ​േകംബ്രിജ്​ യൂനിവേഴ്സിറ്റിയുടേതാണ്. അവരുടെ അഭിപ്രായത്തിൽ കേരളം ഒരു പ്രത്യേക രാജ്യമായിരുന്നെങ്കിൽ ലോകത്തേറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന ഇടങ്ങളിൽ ഒന്നാവുമായിരുന്നു എന്നാണ്. പണവും സ്വാധീനവുമുള്ള നഗരവാസികളുടെ പരിസരത്തിൽ ഗ്രാമീണ സാമ്പത്തിക രീതികളുമായി ജീവിച്ചു പരാജയപ്പെട്ട ജനങ്ങളിൽനിന്നാണ് വലിയതോതിൽ യുവാക്കളുടെ ആത്മഹത്യകൾ ഉണ്ടാകുന്നത്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു മരിക്കുന്ന സംഭവങ്ങൾ കേരളത്തിൽ അപൂർവമല്ല. പ്രവീൺലാൽ (2018) പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതി​​​െൻറ ഗൗരവം വിശദീകരിക്കുന്നു. ഇത്തരം മരണങ്ങളിലും 19 വയസ്സിൽ താഴെയുള്ള കുട്ടികളാണ് പ്രധാന ഇരകൾ. കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയിലുണ്ടായ അസന്തുലിതാവസ്ഥ ഒരു കാരണമായി ശ്രദ്ധിക്കപ്പെടുന്നു. പ്രതിവർഷം 25 കുടുംബങ്ങൾ ആത്മഹത്യ തെരഞ്ഞെടുക്കുന്നതായി പ്രവീൺലാൽ കണ്ടെത്തി. രണ്ടാഴ്ച കൂടു​േമ്പാൾ ഒരു കുടുംബം ജീവനൊടുക്കുന്നു എന്നത് നിസ്സാര കാര്യമല്ല. നാമത് പൊതുജനാരോഗ്യ പ്രശ്നമായി കാണുന്നില്ലെന്നത്​ ഗൗരവമുള്ള കാര്യമാണ്.

15-24 വയസ്സിനിടയിൽ മരിക്കുന്നതേറെയും പെൺകുട്ടികളാണ്​. മരിക്കുന്നതി​​​െൻറ പലമടങ്ങു യുവതികൾ ആത്മഹത്യക്ക് ശ്രമിച്ചവരാണെന്നും അതിലുമധികം പേർ മരണം എന്ന ആശയം മനസ്സിലിട്ടു കഴിയുന്നവരാണെന്നും മനസ്സിലാക്കണം. മരണത്തി​​​െൻറ ചുറ്റിലും ജീവിക്കുന്ന ഇവരെക്കൂടി പരിഗണിച്ചാൽ മാത്രമേ വിവിധ പ്രായങ്ങളിൽ മരണം തെരഞ്ഞെടുക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താനാകൂ. 29 വയസ്സുവരെ ആത്മഹത്യനിരക്ക്  സ്ത്രീകളിൽ വളരെ കൂടുതലാണ്. ആത്മഹത്യക്കു ശ്രമിച്ചവരെക്കുറിച്ചോ മരണം ഒരാശയമായി മനസ്സിൽ സൂക്ഷിക്കുന്നവരെ കുറിച്ചോ ആഴത്തിലുള്ള പഠനങ്ങൾ ലഭ്യമല്ല. ഇന്ത്യയിലെ പൊതുസൂചനകൾ കേരളത്തി​​​െൻറ പ്രവണതകളെ പ്രതിഫലിപ്പിക്കുമെന്നും പറയാനാവില്ല. കേരളവും ഇതര സംസ്ഥാനങ്ങളുമായി സമാനതകളെക്കാൾ വ്യത്യസ്തതയാണേറെയും എന്നതിനാൽ മാനസികാരോഗ്യ കാര്യങ്ങളിൽ പ്ര​േത്യക പഠനങ്ങൾ വേണ്ടിവരും.
ആത്മഹത്യശ്രമവും മരണസാധ്യതയും പഠനവിധേയമാക്കിയ ഗവേഷണം പരിമിതമെങ്കിലും രണ്ടെണ്ണം ശ്രദ്ധയർഹിക്കുന്നു.  സുരേഷ്‌കുമാർ (2004) നടത്തിയ പഠനമാണ് ആദ്യത്തേത്. ഇതിൽ ആത്​മഹത്യ നടത്തിയവരും ശ്രമിച്ചവരും ഉൾപ്പെടും. ആത്മഹത്യ ചെയ്​തവരിൽ സ്ത്രീകളെക്കാൾ പുരുഷന്മാരായിരുന്നു അധികം. എന്നാൽ, സ്ത്രീകളുടെ ശരാശരി പ്രായം ഗണ്യമായി കുറവായിരുന്നു. ശ്രമിച്ചവരിൽ കൂടുതലും യുവതികൾ. ഏറെയും ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്നവരും പത്താംതരം വരെ മാത്രം വിദ്യാഭ്യാസം സിദ്ധിച്ചവരും. സാവഗത് (2009) നടത്തിയ പഠനത്തിൽ 1,32,000 പേരുടെ ജീവിതരീതി നിരീക്ഷണവിധേയമാക്കി. ഇവരിൽ 385 പേർ ആത്മഹത്യ ചെയ്തവരാണ്​. അധികവും പുരുഷന്മാരായിരുന്നു. ശരാശരി പഠനനിലവാരം ഏഴാംതരം വരെ മാത്രം. പലരും മദ്യപാനികളാണ്​. ഗ്രാമീണ സാഹചര്യവും വിദ്യാഭ്യാസത്തിലെ പിന്നാക്കാവസ്ഥയും ചേർന്ന അവസ്ഥ മാനസികാരോഗ്യത്തെ ബാധിക്കും എന്ന സൂചന തള്ളിക്കളയാവുന്നതല്ല. നമ്മുടെ ആരോഗ്യകേന്ദ്രങ്ങളിലെയും സ്‌കൂളുകളിലെയും പ്രവർത്തകർക്ക് ആത്മഹത്യസൂചനകൾ മനസ്സിലാക്കാനുള്ള നൈപുണ്യം ആവശ്യമെന്നു തോന്നുന്നു.

രാജീവ് രാധാകൃഷ്ണൻ (2012) ത​​​െൻറ പ്രബന്ധത്തിൽ 10-19 പ്രായത്തിലാണ് ഏറ്റവുമധികം യുവാക്കൾ മരണം വരിക്കുന്നതെന്ന് കണ്ടെത്തി. പെൺകുട്ടികൾ ഏറ്റവും കൂടുതൽ മരിക്കുന്നത് ഈ കാലഘട്ടത്തിലാണ്. പല ഘടകങ്ങൾ ആത്മഹത്യക്കുള്ള സാഹചര്യമൊരുക്കുന്നു. വിദ്യാഭ്യാസ സാധ്യത പരിമിതമാകുന്നത് ഒരു കാരണമായിരിക്കണം. ആത്മഹത്യ ചെയ്തതിൽ പലരും തത്സമയത്ത് സ്‌കൂളിലോ കോളജിലോ പോകുന്നവരായിരുന്നില്ല. ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങൾ അനുഭവിച്ചവരായിരുന്നു മരിച്ചവരിലേറെയും. കുറെ പേരെങ്കിലും വിവാഹപൂർവ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരാണ്. വിദ്യാഭ്യാസ സാഹചര്യത്തിൽനിന്ന് മുക്തരായി ജീവിക്കുന്ന യുവതികൾ ഇമ്മാതിരി സാഹചര്യങ്ങളിൽ പെട്ടുപോകാനുള്ള സാധ്യത വലുതാണ്. അധികമായി സമയവും സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ സ്വന്തമായ തീരുമാനങ്ങൾ എടുക്കേണ്ട ഘട്ടങ്ങൾ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്നു. ഇതിനുള്ള പരിചയവും മനഃസ്ഥൈര്യവും ഇല്ലാതെവരുമ്പോൾ ചില യുവതികളെങ്കിലും അഭികാമ്യമല്ലാത്ത ബന്ധങ്ങളിൽ പെട്ടുപോകുന്നു എന്നുവേണം കരുതാൻ. 
ഒപ്പം കാണേണ്ടതാണ് മാനസിക വൈകല്യങ്ങൾ. പല മനോരോഗങ്ങളും ആരംഭിക്കുന്നത് ഈ പ്രായത്തിൽ തന്നെ. വിഷാദരോഗവും പല സൈക്കോട്ടിക് അവസ്ഥകളും കരുതുന്നതിലും കൂടുതലായി കാണപ്പെടുന്നു. സമൂഹത്തി​​​െൻറ നിഷേധാത്മക നിലപാടുകളാൽ ഇവ കണ്ടെത്താനോ ചികിത്സിച്ചു ഭേദമാക്കാനോ അവസരമില്ലാതെ പോകുന്നു. ഗ്രാമങ്ങളിൽ ഇന്നും ലഘുവായ മനോരോഗങ്ങൾ പോലും കപടവൈദ്യം, മന്ത്രവാദം തുടങ്ങിയ രീതികളിലൂടെ ചികിത്സിക്കുന്നത് അസാധാരണ സംഭവമല്ല. ബീന രാജൻ, കോഴിക്കോട് നടത്തിയ ഒരു പഠനത്തിൽ മ​േനാരോഗം മാറിക്കിട്ടാൻ 60 ശതമാനത്തിലധികം പേരും ഇപ്രകാരം അന്ധവിശ്വാസ ചികിത്സ ഉപയോഗപ്പെടുത്തുന്നു. ഇത് ഫലപ്രദമായ രോഗനിയന്ത്രണത്തിനു തടസ്സമാണെന്നു പറയേണ്ടതില്ലല്ലോ.  

രാധാകൃഷ്ണ​​​െൻറ പഠനത്തിൽ പറയുന്നത്​, മറ്റു രാജ്യങ്ങളിൽ വിവാഹം ബന്ധങ്ങളിൽ ദൃഢതയും ജീവിതത്തിൽ വൈകാരിക സ്ഥിരതയും നൽകുന്നതായി കാണുന്നു എന്നാണ്​. അതിനാൽ വിവാഹം ആത്മഹത്യയെ പ്രതിരോധിക്കുന്ന ഘടകമാണ്​ അവിടെ. എന്നാൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തവരിൽ 70 ശതമാനത്തിലധികം വിവാഹിതരായിരുന്നു. വിവാഹബന്ധം വേർപെടുത്തിയവരിൽ ആത്മഹത്യ 4.3 ശതമാനം മാത്രം. ആത്മഹത്യശ്രമം നടത്തിയവരിൽ കൂടുതലും വിവാഹിതരായ പുരുഷന്മാരും അവിവാഹിതരായ സ്ത്രീകളുമാണ്​. വിവാഹബന്ധങ്ങൾ തന്നെ രോഗഗ്രസ്തമായിരിക്കുന്നു എന്ന സൂചനയാണ് ഇതൊക്കെ തരുന്നത്. വിദ്യാഭ്യാസത്തിനുള്ള അവസരം കുറെയെങ്കിലും വ്യാപകമായി നിലവിലുള്ള സംസ്ഥാനമാണ് കേരളം. അവിടെ വ്യക്തികൾക്ക് സ്വന്തം ജീവിതസാഹചര്യത്തിനുതകും വിധം വിദ്യാഭ്യാസം സമ്പാദിക്കാനാവുന്നില്ലെങ്കിൽ അത് അന്വേഷിക്കേണ്ട കാര്യമാണ്. പൊതുവെ പറഞ്ഞാൽ വിദ്യാഭ്യാസം ആത്മഹത്യ തടയാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസത്തിൽനിന്ന് പുറത്തുപോകുന്നത് പലപ്പോഴും ജീവിതവീക്ഷണം കുറയാനും ഭാവിയെക്കുറിച്ചു തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുകൾ പരിമിതപ്പെടുത്തും. ചുരുക്കത്തിൽ ചെറുപ്പക്കാർ ആത്മഹത്യക്ക് ശ്രമിക്കുന്നത് സമൂലമായി പഠിക്കേണ്ടതുണ്ട്. ആരോഗ്യശാസ്ത്രകാരന്മാർ മാത്രമല്ല മാനവികശാസ്ത്രകാരന്മാർ കൂടി ഈ വിഷയത്തിൽ മുന്നോട്ടുവരാൻ വൈകിക്കൂടാ.

Loading...
COMMENTS