മു​കു​ൾ റോ​യി​യെ എ​ന്തി​ന്​ പേ​ടി​ക്ക​ണം? 

mamatha-roy-ghosh

ഏ​റക്കുറെ ഭദ്രമാണ് തൃണമൂൽ കോൺഗ്രസി​​െൻറ കോട്ടകൾ​. പാർട്ടി ഇപ്പോൾ വലിയ ഭീഷണികൾ അഭിമുഖീകരിക്കുന്നില്ല. എന്നാൽ, രണ്ടാഴ്​ച മുമ്പ്​ പാർട്ടിയിലെ ഒരു പ്രമുഖനേതാവ്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയത്​ രാഷ്​ട്രീയകേന്ദ്രങ്ങളിൽ ആകാംക്ഷ ഉണർത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലംകൈ എന്ന്​ ഒരു കാലത്ത്​ വിശേഷിപ്പിക്കപ്പെട്ട വിശ്വസ്​തനേതാവും രാജ്യസഭാംഗവുമായ മുകുൾ റോയ്​ ആണ്​ മറുകണ്ടം ചാടിയത്​. പക്ഷേ, കൂറുമാറ്റം മമതയെയോ ഇതരനേതാക്കളെയോ അണികളെയോ കാര്യമായി അസ്വസ്​ഥരാക്കുന്നില്ല. മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരുകാലത്ത്​ മുകുൾ റോയ്​. തൃണമൂലി​​െൻറ തെരഞ്ഞെടുപ്പ്​തന്ത്രങ്ങൾ ആ ചാണക്യധിഷണയിലായിരുന്നു രൂപം കൊണ്ടത്​. മമത തൃണമൂലി​​െൻറ ഹൃദയമാണെങ്കിൽ മുകുൾ പാർട്ടിയുടെ മസ്​തിഷ്​കമാണെന്ന്​ നിരീക്ഷകർ വിലയിരുത്തി. പക്ഷേ, കാലവും കഥയും മാറിയിരിക്കുന്നു. സംവത്സരങ്ങളായി നടത്തിവരുന്ന രാഷ്​ട്രീയപോരാട്ടങ്ങളിലൂടെ അസാമാന്യമായ വ്യക്തിപ്രഭാവം സ്വന്തമാക്കിയ മമത ബാനർജിയുടെ പ്രഭക്ക്​ ഇത്തരം ചെറുദീപങ്ങളുടെ അഭാവം വഴി മങ്ങലേൽക്കുന്ന പ്രശ്​നമില്ലെന്നാണ്​ തൃണമൂൽവൃത്തങ്ങളുടെ വിലയിരുത്തൽ. ബിദ്ദനഗർ മേയർ ദേബശിഷ്​ ജനയുടെ നിരീക്ഷണം നോക്കുക. ‘‘മുകുൾ റോയിയുടെ പാർട്ടി മാറ്റം വോട്ടുബാങ്കിൽ വലിയ ചലനമൊന്നും സൃഷ്​ടിക്കാൻ പോകുന്നില്ല. കാരണം സംസ്​ഥാനത്തുടനീളം വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​. വികസനമാണിപ്പോൾ നിർണായകവിഷയം’’.

തെരഞ്ഞെടുപ്പ്​ തന്ത്രങ്ങളുടെ ചാണക്യനായ മുകുളിന്​ പകരം വെക്കാൻ ആരുണ്ട്​ എന്ന ചോദ്യത്തിന്​ ഒഴിച്ചുകൂടാത്തവരായി ഇപ്പോൾ പാർട്ടിയിൽ ഒരാളുമില്ലെന്നാണ്​ ​ദേബശിഷിന്​ നൽകാനുള്ള മറുപടി. വ്യക്തികൾ വരും, പോകും. എന്നാൽ, സംഘടിതശക്തിയുടെ പ്രവർത്തനശേഷിയെ ആധാരമാക്കിയാകും പാർട്ടി മുന്നേറുക. അതിനാൽ മുകുൾ മാത്രമായിരുന്നു പാർട്ടിമസ്​തിഷ്​കം എന്ന വാദത്തെ അതിശയോക്തിപരമായി കാണാനാണ്​ ഇതരനേതാക്കളുടെ ഒൗത്സുക്യം. തൃണമൂൽഭരണകൂടം പ്രഖ്യാപിച്ച വിവിധ വികസനപദ്ധതികൾ ഏറെ മതിപ്പുളവാക്കുന്നു എന്ന യാഥാർഥ്യവും വിസ്​മരിക്കാനാവില്ല. നിർധനരായ പെൺകുട്ടികൾക്ക്​ വിവാഹസഹായം നൽകുന്ന ‘കന്യാശ്രീ’, വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ നൽകുന്ന ‘സാബുജ്​സാഥി’ തുടങ്ങിയ സ്​കീമുകൾ ഇതിനകം ജനങ്ങളെ ഹഠാദാകർഷിച്ച സാഹചര്യത്തിൽ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികളുടെ രാജിപ്രഖ്യാപനങ്ങൾ ജനഹൃദയങ്ങളെ സ്വാധീനിക്കാനിടയില്ലെന്ന്​ പാർട്ടി നേതാക്കൾ കരുതുന്നു. മമതയുടെ വികസനപദ്ധതികൾ ജനങ്ങൾക്കുമുന്നിൽ വിശദീകരിച്ചുപോന്ന മുകുൾ കരണംമറിഞ്ഞ്​ നടത്തുന്ന പുതിയ മമതാവിരുദ്ധ ഭാഷണങ്ങൾ ശ്രവിക്കാൻ ജനങ്ങളെ കിട്ടി​െല്ലന്ന ശുഭാപ്​തിയും നേതാക്കളിൽ പ്രകടമാണ്​. മുകുൾ റോയിക്കെതിരെ മകൻ ശുഭരംഗ്​സുറോയിയെ കളത്തിലിറക്കുകയാണ്​ തൃണമൂൽ നേതാക്കളുടെ അടുത്ത അടവ്​. എം.എൽ.എ കൂടിയായ​ ജൂനിയർ റോയ്​ വിവിധ സ്​ഥലങ്ങളിൽ തൃണമൂൽ സംഘടിപ്പിക്കുന്ന ബി.ജെ.പിവിരുദ്ധ പ്രചാരണയോഗങ്ങളിൽ പ്രധാന ആകർഷണകേന്ദ്രമാകും.

ഇക്കഴിഞ്ഞ ആഗസ്​റ്റ്​ വരെയും ബി.ജെ.പിക്കെതിരെ നിശിത വിമർശനങ്ങളുന്നയിച്ച ഒരാൾക്ക്​ അതേ ശ്വാസത്തിൽ അതേ പാർട്ടിയെ വാഴ്​ത്തിപ്പാടാൻ സാധിക്കുമോ എന്ന ചോദ്യത്തോടെയാണ്​ തൃണമൂൽ നേതാക്കൾ മുകുളി​​െൻറ ആക്രമണശരങ്ങളുടെ മുനയൊടിക്കുന്നത്​. അതേസമയം, തൃണമൂലി​​െൻറ നഷ്​ടത്തിൽനിന്ന്​ ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ ബി.ജെ.പി ഉൗർജിതപ്പെടുത്താതിരിക്കില്ല. ഇപ്പോൾ പാർട്ടിയിൽ വേണ്ടത്ര ഇലക്​ഷൻ സ്​ട്രാറ്റജിസ്​റ്റുകൾ ഇല്ല. റോയിയുടെ സാന്നിധ്യം ആ അപര്യാപ്​തതക്ക്​ പരിഹാരമാകും. രബീന്ദ്ര ഭാരതി സർവകലാശാലയിലെ രാഷ്​ട്രതന്ത്ര പ്രഫസർ ബിശ്വനാഥ്​ ചക്രബർത്തിയുടേതാണ്​ ഇൗ നിരീക്ഷണം. അതിനാൽ അദ്ദേഹം ഒരുപരിധിവരെ ഒരു മുതൽക്കൂട്ടായി ബി.ജെ.പി നേതൃനിരയിൽ അംഗീകാരം നേടിയേക്കും. പുതിയ പാർട്ടിയിലെ ആദ്യദിനങ്ങൾ അദ്ദേഹത്തിന്​ നിർണായകമാകും. പാർട്ടിനിലപാടുകൾ സ്വാംശീകരിക്കുന്നതിലുള്ള പാടവം, ഇതരനേതാക്കളിൽനിന്ന്​ ആർജിച്ചെടുക്കേണ്ട സ്വീകാര്യത തുടങ്ങിയവയാകും അദ്ദേഹത്തി​​െൻറ പ്രസക്​തി നിശ്ചയിക്കുന്ന ഘടകങ്ങൾ. ‘ഇത്തരം ഡസൻകണക്കിന്​ മുകുൾ റോയിമാരെ കൈപിടിച്ചുയർത്താൻ മമതക്ക്​ അനായാസം സാധിക്കും. എന്നാൽ റോയ്​ എത്രതന്നെ പണിപ്പെട്ടാലും ഒരു മമത ബാനർജിയെ സൃഷ്​ടിക്കാൻ പറ്റില്ല.’ രാഷ്​ട്രീയവിശകലന വിദഗ്​ധനായ ബിജൻ സർക്കാറി​േൻറതാണ്​ ഇൗ നിരീക്ഷണം. രാഷ്​ട്രീയമാറ്റങ്ങൾക്ക്​ പിന്നിലെ യഥാർഥ ചാലകശക്​തി വോട്ടർമാരായതിനാൽ ഒറ്റപ്പെട്ട വ്യക്​തികളുടെ പാർട്ടിമാറ്റം വഴി വംഗദേശത്ത്​ വിശേഷിച്ച്​ സംഭവവികാസമൊന്നും അരങ്ങേറാൻ പോകുന്നില്ലെന്ന നിഗമനമാണ്​ ബിജൻ സർക്കാർ പങ്കുവെച്ചത്​.

പാർട്ടിമാറ്റംവഴി പ്രതീക്ഷിക്കുന്ന കൊച്ചുനേട്ടങ്ങളെ നിഷ്​പ്രഭമാക്കുന്ന ഗ്രൂപ്പുവഴക്കും അന്തശ്​ഛിദ്രവും ഹിന്ദുത്വപാർട്ടിയിൽ അവിരാമം തുടരുന്ന അലോസരങ്ങൾ തന്നെ. രാഹുൽ സിൻഹ ഗ്രൂപ്​, ദിലീപ്​ സർക്കാർ ഗ്രൂപ് തുടങ്ങിയ പാർട്ടിയിലെ അസംതൃപ്​തവിഭാഗങ്ങൾക്കുമുന്നിൽ കവാടങ്ങൾ തുറന്ന്​ കാത്തിരിക്കുകയാണ്​ ഭരണകക്ഷി.‘ചട്​ണി’ എന്നായിരുന്നു ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷ്​ കഴിഞ്ഞദിവസം മുകുൾറോയിക്ക്​ നൽകിയ വിശേഷണം. പാർട്ടി അയാൾക്ക്​ വലിയ സ്​ഥാനം നൽകില്ലെന്നാണ്​ ഇത്​ നൽകുന്ന സൂചനയെന്നായിരുന്നു വിമതനേതാക്കളിലൊരാളായ സർക്കാറി​​െൻറ പരിഹാസം. മുഖ്യാഹാരത്തി​​െൻറ പരിഗണന അർഹിക്കാത്ത ചെറുവിഭവമായി മുകുൾ ഒടുങ്ങുമെന്നാണ്​ പ്രതിയോഗികൾ നൽകുന്ന സൂചനകളും.

Loading...
COMMENTS