വൈത്തിരി: സര്‍ക്കാര്‍ മറയ്ക്കുന്നതെന്ത്?

Antony-and-Varghees
എ.കെ. ആൻറണി, എ. വര്‍ഗീസ്

ഭരിക്കുന്നത് ബി.ജെ.പി ആയാലും ​കോൺഗ്രസ് ആയാലും സി.പി.എം ആയാലും അതിക്രമം കാട്ടുന്ന പൊലീസിന്​ സംരക്ഷണം പ്രതീക്ഷിക്കാം -അതിക്രമം കാട്ടിയത് ഭരണകക്ഷിയിൽപെട്ടവര്‍ക്ക് നേരെയല്ലെങ്കിൽ‍. കുറ്റവാളികള്‍ക്കെതിരെ നടപടി എടുത്താൽ‍ സേനയുടെ മനോവീര്യം തകരുമെന്നതാണ് അവര്‍ നൽ‍കുന്ന ന്യായീകരണം. എന്നാൽ‍, അതിക്രമം നടത്തിയത്‌ സ്വന്തം പാർട്ടിക്കാര്‍ക്കെതിരെ ആണെങ്കിൽ‍ അതിന് നേതൃത്വം നൽ‍കിയ ഉദ്യോഗസ്ഥന് 24 മണിക്കൂറിൽ സസ്പെൻഷനോ സ്ഥലംമാറ്റമോ ഉറപ്പാണ്.

സായുധസേനയുടെ മനോവീര്യം കാത്തു സൂക്ഷിക്കേണ്ടതുതന്നെയാണ്. എന്നാൽ‍, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളെ പിടികൂടി നിയമത്തിനു മുന്നിൽ‍ എത്തിക്കുന്നതിന് പകരം വെടിവെച്ചു കൊല്ലുന്നതുപോലെയുള്ള അതിഹീനമായ കൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നത് സേനക്കും സമൂഹത്തിനും നൽ‍കുന്നത് നല്ല സന്ദേശമല്ല. ഇത് ഭരണകര്‍ത്താക്കള്‍ക്ക് അറിയാത്തതല്ല. പൊലീസിനെ സ്വന്തം രാഷ്​ട്രീയ താൽപര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതുകൊണ്ട് അതിഹീനകൃത്യങ്ങള്‍ക്കു നേരെയും കണ്ണടക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. രാഷ്​ട്രീയ മേലാളന്മാരുടെ താൽപര്യങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്ക്‌ എന്ത് സംഭവിക്കുമെന്ന് രണ്ട് ഡി.ജി.പിതല ഉദ്യോഗസ്ഥന്മാരുടെ അനുഭവത്തിൽ‍നിന്ന് മനസ്സിലാക്കാം. ഒരാള്‍ വിരമിക്കുന്നതിനു മുമ്പുള്ള ഒരു കൊല്ലം പല തവണ കോടതിയെ സമീപിച്ചാണ് സ്ഥാനം നിലനിര്‍ത്തിയത്. മറ്റെയാള്‍ ഒരു കൊല്ലത്തിലധികമായി സസ്പെന്‍ഷനിലാണ്.   

ഇടതു മുന്നണി സര്‍ക്കാര്‍ വയനാട്ടിലെ വൈത്തിരിയിൽ‍ നടന്ന സംശയാസ്പദമായ ഏറ്റുമുട്ടൽ‍ സംഭവത്തിൽ‍ സ്വീകരിച്ചിട്ടുള്ള സമീപനത്തിൽ‍ വസ്തുതകള്‍ മറച്ചുവെക്കാനുള്ള വ്യഗ്രത കാണാം. ഇരുട്ട് വീണ സമയത്ത് ഒരു റിസോര്‍ട്ടിലെത്തി പണവും ഭക്ഷണവും ആവശ്യപ്പെട്ട സംഘവുമായുള്ള ഏറ്റുമുട്ടലിൽ‍ സി.പി. ജലീൽ‍ എന്ന മാവോവാദി നേതാവ് കൊല്ലപ്പെട്ടു എന്നാണ് പൊലീസ് ഭാഷ്യം. സംഘത്തിൽ‍ നാലുപേരുണ്ടായിരുന്നെന്നും മറ്റു മൂന്നുപേരും കാട്ടിലേക്ക് രക്ഷപ്പെട്ടെന്നുമാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. പിന്നീട് സംഘാംഗങ്ങളുടെ എണ്ണം “ഏകദേശം പത്ത്” ആയി ഉയരുകയും ഏറ്റുമുട്ടൽ‍ അർധരാത്രി വരെ നീണ്ട ഘോര സംഘട്ടനമായി വളരുകയും ചെയ്തു.

ആദ്യം ഇടപെട്ടത് വൈത്തിരി പൊലീസ് ആണ്. പിന്നീട്  തീവ്രവാദികളെ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള തണ്ടർബോള്‍ട്ട്​ സംഘമെത്തി. കുറ്റവാളിയെ കീഴ്പ്പെടുത്തി  അറസ്​റ്റ്​ ചെയ്യുന്ന പൊലീസ് രീതിയിൽ‍നിന്ന് വ്യത്യസ്തമായി  “തീവ്രവാദി നിങ്ങളെ കൊല്ലുംമുമ്പ് നിങ്ങള്‍ അയാളെ കൊല്ലണം” എന്ന അടിസ്ഥാനത്തിലാണ് ഇത്തരം പരിശീലനം നേടിയവര്‍ പ്രവര്‍ത്തിക്കുക. മുംബൈ ആക്രമണത്തിൽ‍ പങ്കെടുത്ത കസബിനെ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത് അയാള്‍ കമാന്‍ഡോയുടെ മുന്നിൽ‍ പെടാതെ ഒരു സാധാരണ പൊലീസുകാര​​െൻറ മുന്നിൽ‍ ചെന്നു പെട്ടതുകൊണ്ടാണ്.    

ചില റിസോര്‍ട്ട് ജീവനക്കാരും സമീപവാസികളും നൽ‍കിയ വിവരത്തി​​െൻറ അടിസ്ഥാനത്തിൽ‍ കൊല്ലപ്പെട്ട ജലീലി​​െൻറ സഹോദരന്‍ സി.പി. റഷീദ് പൊലീസ് ഭാഷ്യം ചോദ്യം ചെയ്തിട്ടുണ്ട്. ജലീലിന് പിന്നിൽ‍നിന്ന്  തലയിൽ‍ വെടി ഏറ്റത് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാലാണെന്ന അവകാശവാദത്തെക്കുറിച്ച് ബലമായ സംശയം ഉണർത്തുന്നു. സംസ്ഥാന മനുഷ്യാവകാശ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ഗ്രോ വാസുവും അഭിഭാഷകരായ പി.എ. പൗരനും തുഷാര്‍ നിർമലും ഉള്‍പ്പെടുന്ന ഒരു വസ്തുതാന്വേഷണ സംഘത്തെ  സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. സംഘത്തെ തടഞ്ഞത് പൊലീസല്ല,  “നാട്ടുകാര്‍” ആണെന്ന വാദം ബാലിശമാണ്. ഒന്നും മറയ്ക്കാനില്ലെങ്കിൽ‍ ആ നാട്ടുകാരെ പിടിച്ചുമാറ്റിയിട്ട് മനുഷ്യാവകാശ പ്രവർത്തകരെ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയായിരുന്നില്ലേ പൊലീസ് ചെയ്യേണ്ടത്?
ഏറ്റുമുട്ടലിൽ‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ നിയമപ്രകാരം മജിസ്ട്രേറ്റി​െൻറ അന്വേഷണം ആവശ്യമാണ്‌. ആ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ട സുപ്രീംകോടതി, പീപ്​ള്‍സ് യൂനിയന്‍ ഫോര്‍ സിവിൽ‍ ലിബര്‍ട്ടീസ് എന്ന സംഘടന നൽ‍കിയ ഒരു ഹരജി തീര്‍പ്പാക്കുമ്പോള്‍ നീതിപൂര്‍വകമായ അന്വേഷണം ഉറപ്പാക്കാനായി 16 നിർദേശങ്ങള്‍ നൽ‍കുകയുണ്ടായി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അവ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്.  

ഏറ്റുമുട്ടൽ‍ ഉണ്ടാവുകയും  പൊലീസ് തോക്ക്‌ ഉപയോഗിക്കുകയും അതി​​െൻറ ഫലമായി മരണം സംഭവിക്കുകയും ചെയ്യുന്നെങ്കിൽ‍ അത് കാണിച്ച് എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്യുകയും ബന്ധപ്പെട്ട കോടതിക്ക് അയച്ചുകൊടുക്കുകയും ചെയ്യണമെന്നാണ് സുപ്രീംകോടതി നിർദേശം. അന്വേഷണം സ്വതന്ത്രമാണെന്ന് ഉറപ്പുവരുത്താന്‍ ആ ചുമതല മറ്റൊരു പൊലീസ് സ്​റ്റേഷനിലെ സി.ഐ.ഡിയെയോ പൊലീസ് സംഘത്തെയോ ഏൽ‍പിക്കണമെന്നും ഏറ്റുമുട്ടലിൽ‍ ഉള്‍പ്പെട്ട സംഘത്തെ നയിച്ചയാളെക്കാള്‍ ഒരു പടിയെങ്കിലും മുകളിലുള്ള ഉദ്യോഗസ്ഥന്‍ മേൽ‍നോട്ടം വഹിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി അനുവദിച്ചിട്ടുള്ളത് ഒരാഴ്ചയാണ്.        

തമിഴ്നാട് സ്വദേശികളായ കുപ്പു ദേവരാജ്, അജിത എന്നീ മാവോവാദി നേതാക്കള്‍ പിണറായി സര്‍ക്കാറി​െൻറ ആദ്യ നാളുകളിൽ‍ നിലമ്പൂര്‍ കാടുകളിൽ‍ സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് സര്‍ക്കാര്‍ ഉത്തരവിട്ട മജിസ്​റ്റീരിയൽ‍ അന്വേഷണത്തി​​െൻറ റിപ്പോര്‍ട്ട്‌ പൊതുമണ്ഡലത്തിലില്ല. അതിനാൽ‍,  അത് സുപ്രീംകോടതി നിർദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ളതായിരുന്നോ എന്നും കണ്ടെത്തൽ‍  വിശ്വസനീയമാണോ എന്നും വിലയിരുത്താനാകുന്നില്ല. കേരളത്തിൽ‍ ഡി.ജി.പിയെ കൂടാതെ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ കൂടുതൽ‍ മൂപ്പുള്ള ഒരു മുൻ ​െഎ.പി.എസ് ഉദ്യോഗസ്ഥനുമുണ്ട്. അവരുടെ ശ്രദ്ധ ഈവക കാര്യങ്ങളിൽ‍ എന്തുകൊണ്ട് പതിയുന്നില്ല?

ജലീലി​െൻറ മരണത്തിലും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുതാര്യത ഒരു ശല്യമായി കരുതുന്ന സര്‍ക്കാര്‍ നൽ‍കിയിട്ടുള്ള പരിമിതമായ വിവരത്തിൽ‍നിന്ന്‌  ഈ അന്വേഷണത്തി​​െൻറ സ്വഭാവവും വ്യക്തമല്ല. പൊലീസ് രജിസ്​റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ കോടതി നിർദേശിച്ച പോലെ വെടിവെപ്പിൽ‍ ഒരാള്‍ കൊല്ലപ്പെട്ടത് അന്വേഷിക്കാനുള്ളതല്ല, മാവോവാദി ആക്രമണം അന്വേഷിക്കാനുള്ളതാണെന്നാണ്‌ ഈ ലേഖകൻ മനസ്സിലാക്കുന്നത്. എ.കെ. ആൻറണിയുടെ കാലത്ത് മുത്തങ്ങയിൽ‍ ആദിവാസികള്‍ക്കെതിരെയുണ്ടായ നരനായാട്ട് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സി.ബി.ഐ ചെയ്​തതും ഇതുതന്നെയാണ്. പൊലീസുകാരുടെ വര്‍ഗബോധം പൊതുവിൽ‍ നീതിബോധത്തേക്കാള്‍ ശക്തമാണ്.

സുപ്രീംകോടതിയുടെ നിർദേശങ്ങളുടെ ലംഘനം കോടതിയലക്ഷ്യത്തി​​െൻറ പരിധിയിൽ‍ വരുന്ന കുറ്റകൃത്യമാണ്. ആദ്യം വെടിവെച്ചത് പൊലീസാണോ മാവോവാദികളാണോ എന്നതിന് കോടതി നിർദേശിച്ച അന്വേഷണത്തിൽ‍ വലിയ പ്രസക്തിയില്ല. പൊലീസ് നടപടി നിയമവിധേയവും നീതീകരിക്കാവുന്നതുമാണോ എന്നാണറിയേണ്ടത്. നീതീകരിക്കാനാവാത്ത തോക്ക് പ്രയോഗമാണ് മരണകാരണമെങ്കിൽ‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞ് ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ആദിവാസി മേഖലയിൽ‍ എ. വര്‍ഗീസ് എന്ന നക്സലൈറ്റ് നേതാവ് മരിച്ചത് പൊലീസ് അവകാശപ്പെട്ടതുപോലെ ഏറ്റുമുട്ടലിലല്ലെന്ന വസ്തുത പുറത്തുവന്നത് സാഹചര്യങ്ങളുടെ സമ്മർദത്തിൽ‍ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു പൊലീസുകാര​​െൻറ ഉയര്‍ന്ന നീതിബോധംകൊണ്ടു മാത്രമാണ്. വര്‍ഗീസിനോടെന്നപോലെ ജലീലിനോടും ആദിവാസികള്‍ പ്രകടിപ്പിച്ച സ്നേഹാദരങ്ങളുടെ അര്‍ഥം ഭരണകൂടങ്ങള്‍ മനസ്സിലാക്കണം. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മാവോവാദി പ്രവര്‍ത്തനം തടയാനുള്ള നല്ല മാര്‍ഗം അവരെ സഹായിക്കാനെത്തുന്നവരെ ഒതുക്കുകയല്ല, ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ്.
 

Loading...
COMMENTS