വടയമ്പാടി സമരവും കേരള ചരിത്രവും 

ഞാൻ ഈ കഴിഞ്ഞ ദിവസം വടയമ്പാടിയിലെ ദലിത് സമരഭൂമിയിൽ പോയിരുന്നു. കാരണം വടയമ്പാടിയിലെ ദലിത് ഭൂസമരം ഒട്ടനവധി മാനങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. കേരളത്തി​​​െൻറ രാഷ്​ട്രീയ^സാമൂഹിക^സാമ്പത്തിക ചരിത്രത്തിൽ ശക്തമായി അടയാളപ്പെടുത്തേണ്ട സാന്നിധ്യമാണ് ആ സമരത്തി​​േൻറത്. ഭൂപരിഷ്കരണം മുതൽ ദലിത് പീഡനങ്ങൾക്കെതിരെയുള്ള നിയമനിർമാണങ്ങൾ വരെയുള്ള നമ്മുടെ സാമൂഹിക ചരിത്രത്തി​​​െൻറ വിവിധങ്ങളായ മുഹൂർത്തങ്ങളെ ആ സമരം ഓർമയിലേക്ക് കൊണ്ടുവരുന്നു. തങ്ങൾക്ക്​ പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമായി ഉണ്ടായിരുന്ന വഴിപാട് കഴിക്കൽ ഉൾപ്പെടെയുള്ള അനുഷ്​ഠാന ബന്ധങ്ങൾ ഉപേക്ഷിച്ചു കേരളത്തിലെ ഈഴവരും ദലിതരും നടത്തിയ ക്ഷേത്രത്യാഗസമരം മുതൽക്കുള്ള സങ്കീർണമായ ചരിത്രത്തെ അത് നമ്മുടെ മുന്നിലേക്ക്​ കുടഞ്ഞെറിയുന്നു. ഇരുപതാം നൂറ്റാണ്ടി​​​െൻറ രണ്ടാം ദശാബ്​ദത്തിൽ നടന്ന ഈ ധീരസമരത്തിനും ശേഷമാണ് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കെ. കേളപ്പൻ, പി.  കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയ ശൂദ്രവിമതരുടെ ഹിന്ദു പരിഷ്കരണ സമരങ്ങൾ ഉണ്ടാവുന്നത്. പ്രധാനമായും ബ്രാഹ്മണ്യത്തിനെതിരെയുള്ള ശൂദ്രാഭിമാന സമരത്തി​​​െൻറ ഭാഗമായിരുന്നു അമ്പലത്തിലെ മണിയടിയും മറ്റു സമരങ്ങളും. 

ദലിതരെ സംബന്ധിച്ചിടത്തോളം ക്ഷേത്രം ഒരു സാമ്പത്തിക സ്​ഥാപനമായിരുന്നു. ആ അർഥത്തിലേ അതുമായുള്ള ബന്ധത്തെ അവർ കണ്ടിരുന്നുള്ളൂ. ശൂദ്രവിമതരുടെ അജണ്ട അവരുടെ സ്വന്തം അജണ്ടയായിരുന്നു ഒരു വലിയ പരിധിവരെ. എന്നാൽ, ഈ സാമ്പത്തിക സ്​ഥാപനം തങ്ങളുടെ അൽപ വിഭവങ്ങൾപോലും പിടിച്ചുവാങ്ങുകയും ക്ഷേത്രത്തിനടുത്തുകൂടി വഴിനടക്കാൻപോലും സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന സാമാന്യനീതിയുടെ നിഷേധമായിരുന്നു ദലിത്​ സമരങ്ങളുടെ അടിസ്​ഥാനം. ഇക്കാര്യത്തിൽ ശൂദ്രവിമതരുമായുണ്ടായ ഐക്യം യഥാർഥത്തിൽ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നതുപോലെ ഒരു ഹിന്ദുനവോത്ഥാന ഐക്യമായിരുന്നു എന്നു കരുതുന്നത് ശരിയാവണമെന്നില്ല. മാത്രമല്ല, ശൂദ്രവിമതരെ സംബന്ധിച്ചിടത്തോളം മരുമക്കത്തായ സമ്പ്രദായത്തോടുള്ള രാഷ്​ട്രീയമായ കലഹവും ഈ ഐക്യം വളർത്തിയെടുക്കുന്നതിനു േപ്രരക ഘടകമായിരുന്നു. അല്ലെങ്കിൽ അവർ അന്ന് ഒറ്റപ്പെട്ടുപോവുമായിരുന്നു എന്നതാണ് പരമാർഥം.

വടയമ്പാടിയിലെ സമരം ഈ ചരിത്രസന്ദർഭങ്ങളെയെല്ലാം കേരളീയ സമൂഹത്തി​​​െൻറ മുന്നിലേക്ക് കൊണ്ടുവരുന്നു. ദലിത് കൈവശാവകാശത്തിൽ വർഷങ്ങളായി ഇരുന്ന പുറ​േമ്പാക്കുഭൂമി എൻ.എസ്​.എസ്​ കരയോഗം അനധികൃതമായി സ്വന്തമാക്കിയതിനെതിരെ ഒരു വർഷമായി നടന്നുവരുന്നതാണ് വടയമ്പാടി ഭൂസമരം. അതിപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുറമ്പോക്കുഭൂമി ഇത്തരത്തിൽ എൻ.എസ്​.എസിന്​ പതിച്ചുനൽകിയിട്ടുണ്ടെന്നും എന്നാൽ, അതുസംബന്ധിച്ച് ഒരു രേഖയും വില്ലേജ് ഒാഫിസിൽ ലഭ്യമല്ലെന്നും ബേസിക് ടാക്സ്​ രജിസ്​റ്റർ  പ്രകാരം ആ ഭൂമി സർക്കാർ പുറമ്പോക്ക് എന്നുതന്നെയാണ് ഇപ്പോഴും കാണുന്നതെന്നും വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ വില്ലേജ് ഒാഫിസർ സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ ദലിത് വിഭാഗങ്ങൾക്ക്​ കൃഷിഭൂമി നൽകി​ല്ല എന്ന സവർണ^കമ്യൂണിസ്​റ്റ്​ പിടിവാശിയുടെ ഇരകളായി കോളനികളിലേക്ക് പുറന്തള്ളപ്പെട്ട ദലിത് കർഷകത്തൊഴിലാളി വിഭാഗങ്ങൾ അത്തരം കോളനികളോടു ചേർന്ന പുറമ്പോക്കുഭൂമികളാണ് തങ്ങളുടെ സാംസ്​കാരികവും വിനോദപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഭജനമഠം എന്നറിയപ്പെടുന്ന ഈ സ്​ഥലവും അത്തരത്തിൽ വർഷങ്ങളായി ദലിത്​സമൂഹം ഉപയോഗിച്ചിരുന്നതാണ്. എൻ.എസ്​.എസ്​ ഈ ഭൂമി അതിരഹസ്യമായി കൈവശപ്പെടുത്തുകയും ആ വിവരം വർഷങ്ങളോളം ഗൂഢമാക്കി വെക്കുകയും ചെയ്തിരുന്നു. ഈ അടുത്തകാലത്ത് ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു തർക്കമുണ്ടാവുകയും എൻ.എസ്​.എസ്​  കരയോഗം ദലിതരെ അവിടെ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തപ്പോഴാണ് ഈ ഭൂമി എൻ.എസ്​.എസ്​ കരയോഗം 1981ൽ, 14 വർഷങ്ങൾക്കുശേഷം ആദ്യമായുണ്ടായ നായനാരുടെ സി.പി.എം മന്ത്രിസഭയുടെ കാലത്ത്, തങ്ങളുടെ പേർക്ക്​ സർക്കാറിൽനിന്ന്​ രഹസ്യമായി എഴുതിവാങ്ങിയിരുന്നു എന്ന അവകാശവാദം ഉന്നയിക്കുന്നത്.

ഇത് തികച്ചും നിരുത്തരവാദപരമായ ഒരു തീരുമാനമായിരുന്നു. എൻ.എസ്​.എസ്​  കരയോഗത്തിന് പൊതു ഉടമസ്​ഥതയിലുള്ള ഭൂമി പതിച്ചുനൽകുന്നത്​ എന്തടിസ്​ഥാനത്തിലായിരുന്നു എന്ന ചോദ്യം ഇപ്പോൾ ശക്തമായി ഉയരുകയാണ്. അന്താരാഷ്​ട്രതലത്തിൽത്തന്നെ പൊതു ഉടമസ്​ഥതയിലുള്ള, വിശേഷിച്ചും പാർശ്വവത്​കൃത സമൂഹങ്ങൾ ചരിത്രപരമായി ഉപയോഗിച്ചുവരുന്ന ഭൂമിക്കുമേൽ അവർക്കുള്ള പരമ്പരാഗതമായ അവകാശങ്ങൾ ചോദ്യംചെയ്യുന്നതിനെ അംഗീകരിക്കുന്ന സമീപനമല്ല സിവിൽ സമൂഹത്തിനുള്ളത്. മറിച്ച്, ആ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന തീർപ്പാണ്​ അവർക്ക്​ സ്വീകാര്യം. ഇത്തരം ഭൂമിയിൽ സ്വകാര്യ സ്വത്തവകാശമുറപ്പിക്കണം എന്നാവശ്യപ്പെടുന്ന അധീശബൂർഷ്വ ധനശാസ്​ത്രത്തി​​​െൻറ (ഗീത ഗോപിനാഥി​​െൻറയും മറ്റും) സമീപനത്തെ ചെറുക്കുകയാണ് പാർശ്വവത്​കൃത സമൂഹങ്ങൾ ചെയ്യുന്നത്. നവ സിവിൽ സമൂഹരാഷ്​ട്രീയവും നവ ഇടതുപക്ഷവും അവരോടൊപ്പമാണ്, അല്ലാതെ ബൂർഷ്വ ധനശാസ്​ത്രത്തി​​​െൻറ ഒപ്പമല്ല ലോകത്തെവിടെയും നിലകൊ
ള്ളുന്നത്. അത്തരത്തിൽ സ്വകാര്യവത്​കരിച്ചില്ലെങ്കിൽ പൊതുഭൂമി അമിതോപയോഗത്തിലൂടെ വളരെവേഗം നശിച്ചുപോകുമെന്ന, ഹാർദിൻസ് ​​ട്രാജഡി എന്നറിയപ്പെടുന്ന സിദ്ധാന്തത്തെ അവരാരും ഗൗരവമായി കാണാറില്ല. സാമൂഹിക പരിപാലനമാണ് തണ്ണീർത്തടങ്ങളും വനങ്ങളും അടക്കമുള്ള പൊതുവിഭവങ്ങൾക്ക്​ നല്ലത് എന്ന നിഗമനത്തിനാണ് ഇക്കാര്യത്തിൽ മുൻതൂക്കം. മുതലാളിത്ത സർക്കാറുകൾ ഇത് വകവെക്കാറില്ലെങ്കിൽപോലും. 

ശൂദ്രവിഭാഗങ്ങളും അവരോടൊപ്പം കണക്കാക്കപ്പെടുന്ന മധ്യവർഗ മുസ്​ലിം^ക്രിസ്​ത്യൻ കർഷകരും കുറെയൊക്കെ ഈഴവവിഭാഗങ്ങളും ഭൂപരിഷ്കരണത്തി​​​െൻറ ചട്ടക്കൂടിൽ ഭൂമി പങ്കിട്ടെടുത്തപ്പോൾ കൃഷിഭൂമി നിഷേധിക്കപ്പെട്ട കർഷകത്തൊഴിലാളികളായ ദലിത്​ വിഭാഗങ്ങളെ കോളനിവത്​കരിക്കാനും അങ്ങനെ ഈ സമൂഹത്തി​​​െൻറ എക്കാലത്തെയും അപരരാക്കാനുമുള്ള കമ്യൂണിസ്​റ്റ്​ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. ഒരുവശത്ത് ഭൂമിവിപണി ഉൗഹക്കച്ചവട മേഖലയായി വികസിക്കുകയും പൊതു ഭൂമികൾക്കുമേൽ അവകാശവാദങ്ങളുമായി മാഫിയ രംഗത്തുവരുകയും ചെയ്തപ്പോൾ അത്തരം ഭൂമികൾ മാത്രം തങ്ങളുടെ പൊതു ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാനുണ്ടായിരുന്ന ദലിത് കോളനിവാസികൾക്ക്​ കൂടുതൽ കൂടുതൽ അരികുവത്​കരണത്തെയാണ്​ നേരിടേണ്ടിവന്നത്. ഈ ചരിത്രത്തി​​​െൻറ തുടർച്ചകൂടിയാണ്​ വടയമ്പാടിയിലെ ഭൂസമരം. 

ഇപ്പോൾ ഈ സമരം ആളിക്കത്താനുള്ള കാരണം പിണറായി വിജയ​​​െൻറ പൊലീസ്​ സ്വീകരിച്ച അത്യന്തം ദലിത്​ വിരുദ്ധമായ നിലപാടുകളാണ്. കോടതിയിൽ നടക്കുന്ന ഈ സിവിൽ വ്യവഹാരത്തി​​​െൻറ കാര്യത്തിൽ, ബാബരി മസ്​ജിദ് പ്രശ്നത്തിലെ മൃദു ഹിന്ദുത്വ നിലപാടുപോലെ ദലിതർക്ക്​ പാരമ്പര്യാവകാശമുള്ള ഈ പൊതുഭൂമി തർക്കഭൂമിയായി കാണാനാണ് പൊലീസ്​ തയാറായത്. മാത്രമല്ല, അതി​​​െൻറ അടിസ്​ഥാനത്തിൽ ആരോടൊപ്പം നിൽക്കണമെന്നതിലും വിജയൻ ​​െപാലീസിന്​ സംശയമുണ്ടായിരുന്നില്ല. തങ്ങളുടെ ഭൂമി, ഒരു വ്യാജരേഖയെന്ന് സംശയിക്കാവുന്നതും നീതിരഹിതമായി പതിച്ചുനൽകപ്പെട്ടത് എന്ന് നിസ്സംശയം പറയാവുന്നതുമായ ഒരു പട്ടയത്തി​​​െൻറ അടിസ്​ഥാനത്തിൽ ജാതിമതിൽ കെട്ടി തിരിക്കാനും അതിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കാനും ശ്രമിച്ച ക്ഷേത്രത്തി​​​െൻറ സമീപനത്തിനെതിരെ സമരംചെയ്ത ദലിത്പ്രവർത്തകരെ ആക്രമിക്കുന്ന സമീപനമാണ് പൊലീസി​​േൻറത്. സമരപ്പന്തൽ പൊളിച്ചുമാറ്റുകയും അന്യായമായി ആ സ്​ഥലത്ത് കവാടംകെട്ടുന്നതിനു ക്ഷേത്രത്തെ അനുവദിക്കുകയും ചെയ്തു പൊലീസ്​. അവിടെ സമരം റിപ്പോർട്ട്​ ചെയ്യാനെത്തിയ യുവ പത്രപ്രവർത്തകരായ അനന്തുവിനെയും അഭിലാഷിനെയും മാവോവാദി ബന്ധം ആരോപിച്ച്​ അറസ്​റ്റ്​ചെയ്തു.

സമരത്തിനു നേതൃത്വം നൽകുന്ന ജോയിയെ കള്ളപ്പരാതിയുടെ പേരിൽ ഇപ്പോൾ ജയിലിലടച്ചിരിക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ എച്ചിൽ കൈയോടെ വാനിലേക്ക്​ വലിച്ചിഴച്ച്​ എറിയുകയായിരുന്നുവ​േത്ര. ഞാൻ അവിടെ കണ്ടത് കടുത്ത പൊലീസ്​ ഭീകരതയായിരുന്നു. നാലഞ്ചു വാഹനങ്ങൾ നിറയെ പൊലീസുകാർ, സ്​പെഷൽ ബ്രാഞ്ച് ഉദ്യോഗസ്​ഥരടക്കം നിരവധി ഉയർന്ന പൊലീസ്​ ഒാഫിസർമാർ തുടങ്ങിയവർ ചേർന്ന്​ അവിടെ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചിരിക്കുന്നു. അതിലെല്ലാമുപരി പിണറായി വിജയൻ, പൊലീസുകാർ സഭ്യമായി സംസാരിക്കണം എന്നു പറഞ്ഞതിന് അദ്ദേഹത്തെ രാജൻ സേവ്യർ എന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ കണക്കിന് ഇവിടെ പരിഹസിക്കുകയുമുണ്ടായി എന്നാണു സമരസമിതിയുടെ പരാതിയിൽനിന്ന് മനസ്സിലാവുന്നത്. പിണറായി വിജയൻ പൊലീസി​​​െൻറ മനോവീര്യം കെടുത്തുന്ന​തൊന്നും ചെയ്യില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുള്ളതുകൊണ്ടാവാം പിണറായിയുടെ പൊലീസുകാരോടുള്ള ഈ അഭ്യർഥനയുണ്ടായ സമയത്ത് ഈ ഉദ്യോഗസ്​ഥൻ ഒരു മണിക്കൂറോളം അമ്മമാരും കുഞ്ഞുങ്ങളും യുവതികളും വയോധികരുമടങ്ങുന്ന ദലിത് സമരപ്രവർത്തകരെ കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഈ സമരം ദേശീയശ്രദ്ധ ആകർഷിക്കാൻ തുടങ്ങുന്നുവെന്ന് മനസ്സിലായപ്പോൾ ഇതുവരെ അനങ്ങാതിരുന്ന സി.പി.എം സ്വന്തംനിലയിൽ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ, ഈ സർക്കാറിനും പാർട്ടിക്കും എന്തെങ്കിലും ആത്​മാർഥത ഈ പ്രശ്നത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ആദ്യം ചെയ്യേണ്ടത് ആ പട്ടയം റദ്ദാക്കുകയും ഇതുമായി ബന്ധപ്പെട്ട്​ പൊലീസ്​ എടുത്ത എല്ലാ കേസുകളും ഉടനടി പിൻവലിക്കുകയും അക്രമം കാട്ടിയ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെയും ജാതിമതിൽ കെട്ടാൻ ഇപ്പോൾ അനുമതി കൊടുത്തവർക്കെതിരെയും നടപടി സ്വീകരിക്കുകയുമാണ്.
 

Loading...
COMMENTS