Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightസിവിൽസമൂഹത്തെ...

സിവിൽസമൂഹത്തെ ശക്തിപ്പെടുത്തുക

text_fields
bookmark_border
സിവിൽസമൂഹത്തെ ശക്തിപ്പെടുത്തുക
cancel

കേരളത്തിലെ പ്രളയകാല സംവിധാനങ്ങളെക്കുറിച്ച് പ്രശംസിച്ച്​ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി എഴുതിയ ട്വിറ്റര്‍ സന്ദേശത്തില്‍ സാധാരണ സി.പി.എം വിനിമയങ്ങൾക്ക്​ ‌ പൊതുവില്‍ അപരിചിതമായ ഒരു കാര്യം സൂചിപ്പിച്ചിരുന്നു- സംസ്ഥാന സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ദുരിതബാധിതരെ സഹായിക്കാന്‍ പരമാവധി ശ്രമിക്കുന്നുവെന്നു പറഞ്ഞശേഷം അദ്ദേഹം കൂട്ടിച്ചേർത്തു: “Total cooperation of the people and work of civil society groups has (sic) been of immense help in facing this crisis. More power to them” എന്നായിരുന്നു അത്. ജനങ്ങളുടെ സമ്പൂർണമായ സഹകരണവും സിവിൽസമൂഹ സംഘങ്ങളുടെ പ്രവർത്തനവും ഈ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിന്​ അപരിമേയമായ സഹായമാവുകയാണ് എന്നുപറയുന്ന യെച്ചൂരി ഒരു കാര്യംകൂടി ഒടുവില്‍ സൂചിപ്പിക്കുന്നു- അവര്‍ കൂടുതല്‍ കരുത്താർജിക്കട്ടെ എന്ന്! അദ്ദേഹത്തി​​​​െൻറ പാർട്ടി കേരളത്തിൽ തങ്ങളുടെ ഭരണപരമായ സൗകര്യങ്ങൾക്കുവേണ്ടി സിവിൽസമൂഹത്തിലെ ചില പ്രസ്ഥാനങ്ങളുടെ സഹായം തേടാറുണ്ടെങ്കിലും പ്രക്ഷോഭോന്മുഖമായ സിവിൽസമൂഹ രാഷ്​ട്രീയത്തി​​​​െൻറ ഭരണകൂടവിരുദ്ധ നൈതികതയെ ഭയക്കുകയും അവമതിക്കുകയും തങ്ങൾക്ക്​ അലോസരമായിക്കാണുകയും ചെയ്യുന്ന സമീപനമാണ് കൂടുതലും എടുത്തിട്ടുള്ളത്. എൺപതുകളുടെ തുടക്കം മുതല്‍ ഈ പ്രവണത കൂടുതല്‍ ദൃഢീകരിക്കപ്പെട്ടിട്ടുമുണ്ട്. കേരളത്തി​​​​െൻറ‍ പൊതുമണ്ഡലത്തില്‍ ചുരുക്കം ചില പോക്കറ്റുകള്‍ മാറ്റിനിർത്തിയാല്‍ ഏറ്റവും വലിയ രാഷ്​ട്രീയ സ്വാധീനം സി.പി.എമ്മിനാണെന്നും അത്തരത്തിലുള്ള ഒരു സ്ഥിരഭൂരിപക്ഷമായാണ് സി.പി.എം വളരെക്കാലങ്ങളായി കേരളത്തില്‍ നിലകൊള്ളുന്നത് എന്നുമുള്ള വസ്തുതകൾകൂടി പരിശോധിക്കുമ്പോള്‍ ഈ സിവിൽസമൂഹ ഭീതി അനാവശ്യവും ന്യൂനപക്ഷ വിമർശനങ്ങളോടുള്ള ജനാധിപത്യരഹിതമായ അസഹിഷ്ണുതയുമാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

കമ്യൂണിസ്​റ്റ്​​​ പാർട്ടികളെ പലപ്പോഴും സോഷ്യൽ ഫാഷിസത്തിലേക്ക് നയിക്കുന്നത് ഈ മനോഭാവം തടയുന്നതിന്​ ആന്തരികമായ സംവിധാനങ്ങളില്ല എന്നതാണ്. ആശയപരമായി മാത്രമല്ലാതെ കായികമായും അധിക്ഷേപപരമായും എതിരാളികളെ നേരിടാന്‍ പാർട്ടി അണികളെയും അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവരോടൊപ്പം ഭരണകൂടത്തെയും ഉപയോഗിക്കുന്ന സമീപനം രാഷ്​ട്രീയമായി സജീവമായവരുടെ ഇടയിലുള്ള ഈ ഭൂരിപക്ഷസ്വാധീനം ദുരുപയോഗം ചെയ്യുന്നതി​​​​െൻറ ഉദാഹരണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള ഒരു ഭൂരിപക്ഷമായി മാറിയ ബി.ജെ.പി ഈ രണ്ടു സംവിധാനങ്ങളും തങ്ങൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളില്‍ എതിരാളികളെ നിശ്ശബ്‌ദരാക്കുന്നതിനും ശാരീരികമായിത്തന്നെ ഇല്ലായ്മ ചെയ്യുന്നതിനും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. സീതാറാം യെച്ചൂരി ഡൽഹിയിലാണ് പ്രവർത്തിക്കുന്നത്. അവിടെ സി.പി.എം ഒരു ദയനീയ ന്യൂനപക്ഷമാണ്. മറ്റു കമ്യൂണിസ്​റ്റ്​ സംഘടനകളുമായി ചേർന്നുനിന്നാല്‍പോലും ഒരു അസംബ്ലി നിയോജക മണ്ഡലത്തില്‍ 1000 വോട്ടു കടക്കാന്‍ കിതക്കുന്ന സ്വാധീനമേ അവിടെയുള്ളൂ. ഇവിടെ ചെറുവിമർശനം ഉയർത്തുന്നവർക്കുനേരെ പോലും ആക്രോശിച്ചടുക്കുന്ന, കായികമായി ആക്രമിക്കുന്ന, അടിച്ചാല്‍ തിരിച്ചടിക്കുന്ന ഹിംസാത്മക ശക്തിയാണെങ്കില്‍ അവിടെ അഖിലേന്ത്യ സെക്രട്ടറി പാർട്ടി ഒാഫിസില്‍ ആക്രമിക്കപ്പെടുമ്പോൾപോലും അനങ്ങാന്‍ കഴിയാത്ത വട്ടപ്പൂജ്യമാണ്. ഇതായിരിക്കാം ഒരുപക്ഷേ സീതാറാം യെച്ചൂരിയെ ഇത്തരത്തില്‍ സിവിൽസമൂഹ രാഷ്​ട്രീയത്തോട് സഹിഷ്ണുവാകാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം. അതി​​​​െൻറ കാരണം എന്തായാലും ‘പൊതുസമൂഹത്തിന്​ കൂടുതൽ അധികാരം’ എന്നത് പരക്കെ ജനാധിപത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട മുദ്രാവാക്യമാണെന്ന് കൂടുതല്‍ ആഴത്തില്‍ നാം തിരിച്ചറിയേണ്ടതുണ്ട്.

ഈ അടുത്തകാലത്ത്‌ ഏറ്റവും കൂടുതല്‍ സിവിൽസമൂഹ- ജനകീയ സമരങ്ങള്‍ നടന്നിട്ടുള്ളത് കോർപറേറ്റ്-ഭരണകൂട ഗൂഢാലോചനകൾക്കും പൊലീസ് സംവിധാനത്തി​​​​െൻറ പരക്കെയുള്ള മനുഷ്യാവകാശവിരുദ്ധ സമീപനത്തിനും എതിരെയാണ്. മാവോവാദികളുമായുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാവട്ടെ, ദലിത്‌ പീഡനങ്ങളാവട്ടെ, പൊലീസ് ഭീകരതയാവട്ടെ, ന്യൂനപക്ഷവേട്ടയാവട്ടെ, പരിസ്ഥിതി പ്രക്ഷോഭങ്ങളാവട്ടെ, സ്ത്രീഹിംസയാവട്ടെ, ഭരണകൂടത്തി​​​​െൻറ കോർപറേറ്റ് പ്രീണനമാവട്ടെ, മനുഷ്യാവകാശ ലംഘനങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കും ഭരണകൂടത്തി​​​​െൻറ വരേണ്യാനുകൂലിയായ അനാസ്ഥകൾക്കുമൊക്കെ എതിരെ മുന്‍കാലങ്ങളിലെന്നപോലെ നിർഭയമായി സിവിൽസമൂഹം ശബ്​ദമുയർത്തിയിരുന്നു. പൊലീസ് മർദനങ്ങളുടെ പരമ്പരതന്നെ അഴിച്ചുവിട്ടിട്ടും കോർപറേറ്റ് വിരുദ്ധ പരിസ്ഥിതി പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുക തന്നെയാണ്. ദലിത്‌ പീഡനങ്ങള്‍, അത് ലോക്കപ്പിലായാലും ഭൂസമരത്തിലായാലും വടയമ്പാടിയില്‍ ആയാലും സവർണ-ഭരണകൂട ഒത്തുതീർപ്പുകളെ വെല്ലുവിളിച്ചുകൊണ്ട് ശക്തിപ്പെടുക തന്നെയാണ് ചെയ്തിട്ടുള്ളത്.

എല്ലാ സിവിൽസമൂഹ സമരങ്ങളും വിജയിക്കുന്നില്ല. വിശേഷിച്ച്​ കോർപറേറ്റ് വിരുദ്ധസമരങ്ങള്‍ പലതും ലക്ഷ്യംകാണുന്നില്ല. കാരണം, പലപ്പോഴും കേന്ദ്ര-കേരള സർക്കാറുകളുടെ ഇക്കാര്യത്തിലുള്ള നിയോലിബറല്‍ സമീപനങ്ങളിലെ നയപരമായ ഐക്യപ്പെടല്‍ കോർപറേറ്റ് ഭീകരതക്ക്​ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്​ടിക്കുന്നു. എങ്കിലും, പൊലീസ് മർദനങ്ങളെയും കള്ളക്കേസുകളെയും അന്യായ തടങ്കലുകളെയും നുണപ്രചാരണങ്ങളെയും നേരിട്ടുകൊണ്ട് കേരളത്തിലെ മനുഷ്യാവകാശ-ആദിവാസി-ദലിത്‌- പരിസ്ഥിതി പ്രക്ഷോഭകര്‍ സ്വന്തം ബോധ്യങ്ങളുടെയും പ്രതിബദ്ധതകളുടെയും അടിസ്ഥാനത്തില്‍ സമരരംഗത്ത്‌ ഉറച്ചുനിൽക്കുന്നു. ഈ സമരോർജവും പ്രളയകാല ഐക്യദാർഢ്യങ്ങളുടെ പിന്നിലെ ഒരു വലിയ കരുത്തായിരുന്നു.

അനുദിനം ശക്തിയാർജിക്കുന്ന ഈ സിവിൽസമൂഹ രാഷ്​ട്രീയത്തി​​​​െൻറ തുടർച്ച കൂടിയായാണ്‌ ലൈംഗികാതിക്രമ കേസിൽ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ ജോയൻറ്​ ക്രിസ്ത്യന്‍ കൗൺസില്‍ നടത്തിയ സഹനസമരം. സമരത്തിനനുകൂലമായി നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടുള്ള അഞ്ചു കന്യാസ്ത്രീകളുടെയും തുടർന്ന്​ അഭൂതപൂർവമായ രീതിയിലുള്ള പൊതുസമൂഹ ഇടപെടലി​​​​െൻറയും രാഷ്​ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവന്നത് ജനാധിപത്യ-മനുഷ്യാവകാശ സമരങ്ങളുടെ നൈരന്തര്യമാണ് കാട്ടിത്തരുന്നത്. പ്രധാന കക്ഷിരാഷ്​ട്രീയ സംഘടനകള്‍ പിന്തുണയുമായി രംഗത്തുവരാതിരുന്നിട്ടും പല സംഘടനകളും പരസ്യമായി തള്ളിപ്പറഞ്ഞിട്ടും സമരത്തിന്‌ ജനപിന്തുണ വർധിക്കുകയായിരുന്നു. കേരളത്തില്‍ ഇതിനുമുന്പ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്ന യന്ത്രവത്​കൃത ബോട്ടുകളുടെ വർഷകാല മത്സ്യബന്ധനം നിരോധിക്കണം എന്നാവശ്യപ്പെട്ടു നടന്ന സമരപരമ്പരയില്‍ കണ്ണിചേർന്നുകൊണ്ട് എൺപതുകളില്‍ സിസ്​റ്റര്‍ ആലീസ് ലൂക്കോസ്, സിസ്​റ്റര്‍ ഫിലോമിന്‍ മേരി ത്രേയമ്മ പ്രൈക്കളം, പട്രീഷ്യ കുറിവിനാംകുന്നേല്‍, റെജീന നേരിയാമ്പറമ്പില്‍ തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ നിരാഹാര സമരം നടത്തിയിരുന്നു. ഒട്ടനവധി പുരോഹിതന്മാരും വിമോചന ദൈവശാസ്ത്രത്തി​​​​െൻറകൂടി നിലപാടുകള്‍ കൈക്കൊണ്ട്​ അന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്നിരുന്നു.

ഇന്നത്തെപ്പോലെ ഭരണപക്ഷവും പ്രതിപക്ഷവും തിരുസഭയും ഒരുപോലെ ആ സമരത്തോട് മുഖംതിരിച്ചിരുന്നു. അന്ന് ‘തീരശബ്​ദം’ എന്ന മത്സ്യത്തൊഴിലാളി പ്രസിദ്ധീകരണത്തിൽ വന്ന ഒരു കാർട്ടൂണ്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍, സഭയുടെ പ്രതീകമായി ഒരു കർദിനാള്‍ എന്നിവരെ യഥാക്രമം ചെവിയും കണ്ണും വായും പൂട്ടിയിരിക്കുന്ന ജാപ്പനീസ് കുരങ്ങന്മാരായി ചിത്രീകരിക്കുന്നതായിരുന്നു. ഏതാണ്ട് അതിനു സമാനമായ സ്ഥിതിയാണ് സിസ്​റ്റര്‍ അനുപമ, സിസ്​റ്റര്‍ ജോസഫിന്‍, സിസ്​റ്റര്‍ ആൻസിറ്റ, സിസ്​റ്റര്‍ ആൽഫി, സിസ്​റ്റര്‍ നീന റോസ് എന്നിവര്‍ നടത്തിയ ഈ സമരത്തിലും ഉണ്ടായിരുന്നത്. പി. ഗീതയടക്കം നിരവധി ഫെമിനിസ്​റ്റ്​ പ്രവർത്തകരും സമരത്തില്‍ പങ്കെടുത്തു. ഇടതു വനിത നേതാക്കൾക്ക്​് പങ്കെടുക്കാന്‍ പറ്റിയില്ല എന്നാണു മനസ്സിലാവുന്നത്. സഭയിലെ കന്യാസ്ത്രീകളുടെയത്രയും സ്വാതന്ത്ര്യബോധത്തിലേക്ക്‌ പാർട്ടിക്കുള്ളില്‍ അവരെത്താന്‍ ഇനിയും സമയമെടുക്കും.

ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവന വസ്തുതാപരമായിരുന്നു. ഭരണകൂടവക്താവായ അദ്ദേഹം ഈ സമരത്തെ സമരകോലാഹലം എന്ന് വിശേഷിപ്പിക്കുകയും അത് സർക്കാറിനെതിരാണെന്ന് പറയുകയും ചെയ്തു. തീർച്ചയായും സർക്കാറിനെതിരായിരുന്നു സമരം. ഒരു എതിർപ്പും നേരിടാതെ ഭരിക്കാന്‍ കഴിയുന്ന സാഹചര്യം തൽക്കാലം ഇന്ത്യയില്‍ ആർക്കുമുണ്ടെന്നു തോന്നുന്നില്ല- അത്തരം വ്യാമോഹങ്ങള്‍ ​െവച്ചുപുലർത്താന്‍ എല്ലാവർക്കും അവകാശമുണ്ടെങ്കിലും. അതുകൊണ്ട് അദ്ദേഹത്തി​​​​െൻറ നിരാശക്ക്​ മറുപടി ആവശ്യമില്ല. ഈ സമരത്തെ പലരും സഭക്കുള്ളില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളുടെ മുന്നോടിയായി കാണുന്നുണ്ട്. അതും യഥാർഥത്തില്‍ ഒരു വ്യാമോഹം തന്നെയാണ്. സഭയുടെ ഘടനകളില്‍ സമൂലമായ മാറ്റമുണ്ടാക്കാ​ൻപോന്ന ശക്തി ഈ സമരത്തിനുണ്ടായിരുന്നില്ല. അത് ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ ഒരു പീനൽ നിയമം പാലിക്കപ്പെടണമെന്ന ഭരണഘടനാപരമായ ആവശ്യംമാത്രം ഉന്നയിച്ച സമരമായിരുന്നു. ആഗോളതലത്തില്‍ സഭയുടെ ഘടനകളില്‍ ഇടപെടുക എന്നത് അതി​​​​െൻറ അജണ്ടയായിരുന്നില്ല. എന്നാല്‍, അത്തരം വിപുലമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കന്യാസ്ത്രീകളെയും മതവിശ്വാസികളെയും പ്രേരിപ്പിക്കുന്ന, പൊതുസമൂഹത്തെ ആ ആവശ്യത്തോട് പ്രതികരിക്കാന്‍ നിർബന്ധിതരാക്കുന്ന അന്തർപ്രവാഹങ്ങള്‍ തീർച്ചയായും ഈ സമരം സൃഷ്​ടിച്ചിട്ടുണ്ട്. സഭയുടെ അങ്കലാപ്പ് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സമരത്തില്‍ പങ്കെടുത്തവർക്കും അനുഭാവികൾക്കുംനേരെ എടുത്തുകൊണ്ടിരിക്കുന്ന ശിക്ഷണനടപടികള്‍. യെച്ചൂരിക്കു പറയേണ്ടിവന്നതുപോലെ, ‘സിവിൽസമൂഹത്തിനു കൂടുതല്‍ കരുത്തുപകരുക’ എന്നത് ഇതിനെ ചെറുക്കുന്നതി​​​​െൻറയും ഒരു മുന്നുപാധിയാണ് എന്നത് നാം വിസ്മരിക്കാന്‍ പാടില്ലാത്ത വസ്തുതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssitharam yechurimalayalam newsK.Karunakaran
News Summary - Strengthen civil society-Opnion
Next Story