Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഒടുവിൽ കോടതി...

ഒടുവിൽ കോടതി മാറിച്ചിന്തിക്കുന്നു

text_fields
bookmark_border
ഒടുവിൽ കോടതി മാറിച്ചിന്തിക്കുന്നു
cancel

പരമോന്നത കോടതിയുടെ അടുത്ത കാലത്തെ പല ഉത്തരവുകളും മുൻകാലങ്ങളിലെ ധീരവും നീതിപൂർവകവുമായ നിലപാടുകളിലൂടെ അത് നേടിയ വിശ്വാസ്യതക്ക്​ ഇടിവ് തട്ടിക്കുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനായി പാർലമ​െൻറ്​ പാസാക്കിയ നിയമത്തിൽ ഒരു ബെഞ്ച് കഴിഞ്ഞ കൊല്ലം നടത്തിയ അന്യായമായ ഇടപെടൽ തെറ്റായിരുന്നെന്ന് അംഗീകരിച്ച്​ മറ്റൊരു ബെഞ്ച് കഴിഞ്ഞയാഴ്ച അത് തിരുത്തിയത്​ മാതൃകാപരമായ നടപടിയായി കാണണം. സമൂഹത്തി​​െൻറ കീഴ്ത്തട്ടിലുള്ളവർക്കെതിരായ ജാതീയമായ വിവേചനത്തിന്​ ഒരു നീണ്ട ചരിത്രമുണ്ട്.

ബൗദ്ധസ്വാധീനത്തിൽ തുല്യത നിലനിർത്തിയിരുന്ന ഭാരതീയസമൂഹത്തിൽ, പൊതുവർഷത്തിനു രണ്ടു നൂറ്റാണ്ടുമുമ്പാണ് മൗര്യചക്രവർത്തിയെ കൊന്ന്‌ അധികാരം പിടിച്ച പുഷ്യമിത്ര സുംഗൻ എന്ന സൈന്യാധിപൻ ബലപ്രയോഗത്തിലൂടെ ബ്രാഹ്​മണാധിപത്യം സ്ഥാപിച്ചത്. ആ പദ്ധതിക്ക് മത-നിയമപ്രാബല്യം നൽകാൻ രചിക്കപ്പെട്ട മനുസ്മൃതി ഇന്നും ജാതിമേധാവിത്വത്തി​​െൻറ ഇഷ്​ടപ്രമാണമാണ്. ആ കാലത്ത് വിവിധ ജനവിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന ഇടപെടലുകൾ അവസാനിച്ചതായി സമീപകാല ജനിതകപഠനങ്ങൾ വെളിപ്പെടുത്തുന്നു. വടക്ക് 22 നൂറ്റാണ്ടുമുമ്പ് ആരംഭിച്ച ദൃഢീകൃത, ശ്രേണീബദ്ധ ജാതിവ്യവസ്ഥ കേരളത്തിലെത്താൻ പത്തുപന്ത്രണ്ട് നൂറ്റാണ്ടെടുത്തതായി ചരിത്രരേഖകളിൽനിന്ന് മനസ്സിലാക്കാം.

ജാതിവ്യവസ്ഥക്കെതിരെ പല പ്രസ്ഥാനങ്ങളും ഉയർന്നുവരുകയും ചിലതൊക്കെ പ്രാദേശികതലത്തിൽ പരിമിതമായി വിജയിക്കുകയും ചെയ്‌തു. എന്നാൽ, രാജ്യം സ്വാതന്ത്ര്യം നേടുകയും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഭരണഘടന നിലവിൽവരുകയും ചെയ്തശേഷമാണ് ഭരണകൂടം തുല്യതയും തുല്യാവസരങ്ങളും പാലിക്കാൻ ബാധ്യസ്ഥമായത്. ഭരണഘടന നിലവിൽവന്ന്​ അഞ്ചു കൊല്ലത്തിനുള്ളിൽ ദലിതർക്കെതിരായ അതിക്രമങ്ങൾക്ക് തടയിടാൻ കേന്ദ്രം ആദ്യമായി ഒരു നിയമം കൊണ്ടുവന്നു. പക്ഷേ, അതിക്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. ആ സാഹചര്യത്തിലാണ് പാർലമ​െൻറ്​ 1989ൽ പട്ടികജാതി-പട്ടികവർഗ (അതിക്രമം തടയൽ) നിയമം പാസാക്കിയത്. മുൻ മേധാവിത്വജാതികളിൽപെട്ടവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് പലപ്പോഴും മടിക്കുന്നതു കണക്കിലെടുത്തതുകൊണ്ട് സർക്കാർ അതിൽ രണ്ട് സുപ്രധാന വ്യവസ്ഥകൾ ഉൾപ്പെടുത്തി. ഒന്ന്, പരാതി കിട്ടിയാലുടൻ പൊലീസ് കേസ് രജിസ്​റ്റർ ചെയ്ത്, ആരോപണവിധേയനെ അറസ്​റ്റുചെയ്ത് അന്വേഷണം നടത്തണം. രണ്ട്, കോടതി ആരോപണവിധേയന് മുൻ‌കൂർ ജാമ്യം അനുവദിക്കാൻ പാടില്ല. ഈ രണ്ട്‌ വ്യവസ്ഥകളുമാണ് അവധാനപൂർവമായ പരിഗണന കൂടാതെ ജസ്​റ്റിസ്​ എ.കെ. ഗോയൽ, ജസ്​റ്റിസ്​ യു.യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ​െബഞ്ച് കഴിഞ്ഞ കൊല്ലം മാർച്ച്‌ 20നു നൽകിയ വിധിയിൽ എടുത്തുകളഞ്ഞത്.

ജസ്​റ്റിസ്​ ഗോയൽ എഴുതിയ വിധിന്യായം വായിക്കുമ്പോൾ ​െബഞ്ചിനെ സ്വാധീനിച്ചത് അമിക്കസ് ക്യൂറി (കോടതിയുടെ സുഹൃത്ത്) എന്ന നിലയിൽ നടപടികളിൽ പങ്കെടുത്ത അമരേന്ദ്ര ശരൺ എന്ന മുതിർന്ന അഭിഭാഷക​​െൻറ വാദമാണെന്നു കാണാം. നിയമത്തിലെ വ്യവസ്ഥകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് അദ്ദേഹം വാദിച്ചു. അതിനു തെളിവായി അദ്ദേഹം കേന്ദ്ര സർക്കാറി​​െൻറ കുറ്റവും ശിക്ഷയും സംബന്ധിച്ച വാർഷിക റിപ്പോർട്ടിലെ കണക്കുകൾ ചൂണ്ടിക്കാട്ടി. ദലിത്‌ ആദിവാസി അതിക്രമം തടയൽ നിയമപ്രകാരം എടുത്ത കേസുകളിൽ 75 ശതമാനത്തിലും പ്രതികളെ വെറുതെ വിടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. ആ കണക്കിൽനിന്ന് വ്യാപകമായ ദുരുപയോഗം നടക്കുന്നെന്ന നിഗമനത്തിലെത്തിയിടത്താണ് ജഡ്ജിമാർക്ക് പിഴവുപറ്റിയത്. രാഷ്​ട്രീയ നേതാക്കന്മാർക്കെതിരായ കേസുകളിൽ കേവലം ആറു ശതമാനത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. ഇതി​​െൻറ അർഥം 94 ശതമാനവും കള്ളക്കേസുകളാണെന്നാണോ? പല ദലിത് ആദിവാസി പീഡനക്കേസുകളിലും പരാതി പിന്നീട് പിൻവലിക്കപ്പെടുന്നതായും സർക്കാർ റിപ്പോർട്ടിലുണ്ട്. ദുർബലരായ പരാതിക്കാരുടെ മേൽ ആരോപണവിധേയരും ഒരുപക്ഷേ, പൊലീസും കടുത്ത സമ്മർദം ചെലുത്തുന്നെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്.

കോടതി ഒരാളെ വെറുതെ വിട്ടാൽ അതി​​െൻറ അർഥം അയാൾ കുറ്റം ചെയ്തില്ലെന്നല്ല, കുറ്റം ചെയ്തെന്നു തെളിവുകൾ നിരത്തി സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ്. ഇന്ത്യൻ പീനൽകോഡ് പ്രകാരം എടുക്കുന്ന കേസുകളിൽ 46 ശതമാനത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. ഇതിൽനിന്ന് രാജ്യത്തെ കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന ഐ.പി.സി കേസുകളിൽ പകുതിയിലധികവും കള്ളക്കേസുകളാണെന്ന നിഗമനത്തിലെത്തുന്നതുപോലെയുള്ള അസംബന്ധമാണ് അമിക്കസ് ക്യൂറി അവതരിപ്പിച്ചതും ബഹുമാനപ്പെട്ട ജഡ്ജിമാർ അംഗീകരിച്ചതും.

ഐ.പി.സി കേസുകളേക്കാൾ ഉദാസീനതയോടെയാണ് അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂഷനും ദലിത്‌ ആദിവാസി അതിക്രമക്കേസുകൾ കൈകാര്യം ചെയ്യുന്നത് എന്നാണ്‌ കുറ്റവും ശിക്ഷയും സംബന്ധിച്ച സർക്കാർ കണക്കുകളിൽനിന്ന്‌ ന്യായമായും അനുമാനിക്കാനാകുന്നത്. അന്വേഷണവും പ്രോസിക്യൂഷനും മെച്ചപ്പെടുത്തുന്നതിന് നടപടികൾ നിർദേശിക്കുന്നതിനു പകരം തെറ്റായ നിഗമനത്തി​​െൻറ അടിസ്ഥാനത്തിൽ കോടതി നിയമത്തെ ദുർബലപ്പെടുത്തിയത് ജനരോഷത്തിനിടയാക്കി. രാജ്യത്തി​​െൻറ പല ഭാഗങ്ങളിലും ആ വിധിക്കെതിരെ പ്രതിഷേധപ്രകടനങ്ങളുണ്ടായി. അവ ഒമ്പതു പേരുടെ മരണത്തിനു കാരണമായി. ജനവികാരം മനസ്സിലാക്കി കേന്ദ്ര സർക്കാർ വിധി പുനഃപരിശോധിക്കാൻ അപേക്ഷ നൽകി. ജസ്​റ്റിസ്​ ഗോയലും ജസ്​റ്റിസ്​ ലളിതും തെറ്റ് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. നിരപരാധികൾ അറസ്​റ്റ്​ ചെയ്യപ്പെടുന്നതു തടയാനാണ് പ്രാരംഭ അന്വേഷണം നടത്തിയശേഷമേ കേസ് രജിസ്​റ്റർ ചെയ്യലും അറസ്​റ്റും നടത്താവൂ എന്ന്‌ നിർദേശിച്ചതെന്ന്‌ ഗോയൽ പറഞ്ഞു.

അന്യായമായ അറസ്​റ്റ്​ എന്ന അപകടം ഇന്ത്യൻ ശിക്ഷാനിയമത്തിലുടനീളമുണ്ടെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. മറ്റു ക്രിമിനൽ കേസുകൾക്കൊന്നും ബാധകമാക്കാതെ ദലിതരുടെയും ആദിവാസികളുടെയും പരാതികളിൽ മാത്രം പ്രാരംഭ അന്വേഷണം നിർബന്ധമാക്കുന്നതിലെ അപാകത അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഈ വിധിയിലൂടെ പാർലമ​െൻറി​​െൻറ അധികാരപരിധിയിൽ പെടുന്ന നിയമനിർമാണത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പക്ഷേ, ജസ്​റ്റിസ്​ ഗോയൽ താൻ പിടിച്ച മുയലിനു മൂന്നു കൊമ്പുണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നു. ഗോയൽ വിരമിച്ചശേഷം കേസ്‌ ജസ്​റ്റിസുമാരായ അരുൺ മിശ്രയും ലളിതും അടങ്ങുന്ന ബെഞ്ചി​​െൻറ മുന്നിലെത്തി. അവർ മൂന്നു ജഡ്ജിമാരടങ്ങുന്ന ബെഞ്ചിനു വിട്ടു. അതിനിടെ സർക്കാർ ഒരു നിയമഭേദഗതിയിലൂടെ മുൻ സ്ഥിതി പുനഃസ്ഥാപിച്ചു. മൂന്നംഗ ബെഞ്ച് മേയ് ഒന്നിനു ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങൾ കേട്ടശേഷം കേസ് വിധി പറയാൻ മാറ്റി. ആ സമയത്ത് കോടതി ആശങ്കക്കിടംനൽകുന്ന ഒരു നിരീക്ഷണം നടത്തി. നിയമങ്ങൾ ജാത്യാധിഷ്ഠിതമാകരുതെന്നാണ്‌ കോടതി പറഞ്ഞത്.

ചൊവ്വാഴ്ച നൽകിയ വിധിയിൽ മൂന്നംഗ ബെഞ്ച് പ്രാരംഭ അന്വേഷണം കൂടാതെ ദലിത് ആദിവാസി പീഡനപരാതികളിൽ കേസ് രജിസ്​റ്റർ ചെയ്യരുതെന്നും ആരോപണവിധേയനെ അറസ്​റ്റ്​ ചെയ്യരുതെന്നുമുള്ള നിർദേശങ്ങൾ പിൻവലിച്ചു. സമത്വത്തിനും പൗരാവകാശങ്ങൾക്കുംവേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും പോരാട്ടം അവസാനിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അവർക്കെതിരെ ഇപ്പോഴും വിവേചനമുണ്ട്. തൊട്ടുകൂടായ്മ ഇല്ലാതായിട്ടില്ല. ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആധുനികസൗകര്യങ്ങൾ ഇനിയും നൽകിയിട്ടില്ല. ദലിതരുടെയും ആദിവാസികളുടെയും പരാതികളിൽ മാത്രം പ്രാരംഭ അന്വേഷണം ഏർപ്പെടുത്തുന്നത് ആ വിഭാഗങ്ങളെ മൊത്തത്തിൽ കള്ളന്മാരായി കാണുന്നെന്ന സൂചന നൽകുന്നതായി ബെഞ്ച് വിലയിരുത്തി.

നിയമത്തി​​െൻറ കാര്യത്തിൽ തെറ്റ് തിരുത്താൻ കോടതിക്കായിരിക്കുന്നു. പക്ഷേ, ആദ്യ കോടതിവിധിയെ ഒരു നിഷ്കളങ്കമായ തെറ്റായി എങ്ങനെ കാണും? അതിൽ പ്രതിഫലിച്ചത് ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത ഒരു മാനസികാവസ്ഥയാണ്. അത്തരം മാനസികാവസ്ഥ വെച്ചുപുലർത്തുന്നവർക്ക് പരമോന്നത കോടതിയിലെത്താൻ കഴിയുന്നുവെന്നത് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച സംവിധാനത്തി​​െൻറ ദൗർബല്യത്തിലേക്ക് വിരൽചൂണ്ടുന്നു.
ജഡ്‌ജിനിയമനം സംബന്ധിച്ച് കഴിഞ്ഞ കുറെ കൊല്ലങ്ങളായി രാജ്യത്ത് നടക്കുന്ന വിവാദങ്ങളിലെ വിഷയം നിയമനക്കാര്യത്തിൽ പ്രാഥമിക പരിഗണന ആർക്കാകണം എന്നതാണ്. നിയമിക്കുന്നതാര് എന്നതിനേക്കാൾ പ്രധാനമാണ് എങ്ങനെയുള്ളവരെയാണ് നിയമിക്കുന്നത് എന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SC/ST Actmalayalam articlessupreme court
News Summary - SC/ST Act Supreme Court -Malayalam Articles
Next Story