ശബരിമല വിധിയുടെ മുതലെടുപ്പുകാലം

ശബരിമലയില്‍ പ്രായഭേദ​െമന്യേ സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീംകോടതി വിധി ചിലര്‍ അവകാശപ്പെടുന്നതുപോലെ വിപ്ലവകരമായ ഒന്നല്ല. അവിടെ 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകളുടെ പ്രവേശം പരമ്പരാഗതമായി വിലക്കിയിരുന്നില്ല. ആ വിലക്ക് ഏര്‍പ്പെടുത്തിയത് കേരള ഹൈകോടതിയാണ്. അതും 27 കൊല്ലം മുമ്പ് മാത്രം. അതിനു മുമ്പ് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. മല കയറുന്ന പുരുഷന്‍ അയ്യപ്പനെന്നും സ്ത്രീ മാളികപ്പുറം എന്നും അറിയപ്പെട്ടിരുന്നു. അയ്യപ്പക്ഷേത്രത്തിന് സമീപത്തുള്ള അമ്പലത്തിലെ ദേവിയായ മാളികപ്പുറത്തമ്മയുടെ പേരില്‍നിന്നാണ് ആ വിളിപ്പേര്‍ ഉണ്ടായത്.  

ഹൈകോടതിയുടെ 1991ലെ ഇടപെടലില്‍ ജഡ്ജി കെ.എസ്. പരിപൂർണ​​​െൻറ വ്യക്തിപരമായ താൽപര്യം പ്രകടമാണ്. ഒരാള്‍ അദ്ദേഹത്തിനെഴുതിയ കത്ത് പൊതുതാൽപര്യ ഹരജിയാക്കിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ എതിർകക്ഷിയാക്കിയും അദ്ദേഹവും ജസ്​റ്റിസ്​ കെ. ബാലകൃഷ്ണ മാരാരും കൂടി വാദം കേട്ടശേഷം 10നും 50നും ഇടക്ക്​ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം മൊത്തത്തില്‍ നിരോധിക്കുകയായിരുന്നു.   

അതിനുമുമ്പ് മണ്ഡലം, മകരവിളക്ക്, വിഷു എന്നീ അവസരങ്ങളിലൊഴികെ 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകള്‍ക്കും അവിടെ പോകാമായിരുന്നു. ഇക്കാര്യം ബോര്‍ഡും മുന്‍ ദേവസ്വം കമീഷണര്‍ എസ്. ചന്ദ്രികയും സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ചു. എന്നിട്ടും ജസ്​റ്റിസ്​ പരിപൂർണന്‍ തന്ത്രിയെയും മുന്‍ പന്തളം രാജാവിനെയും അയ്യപ്പ സേവാ സംഘം പ്രതിനിധിയെയും വിളിച്ചുവരുത്തി അനുകൂല മൊഴി നേടിയശേഷം 10-50 പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുകയായിരുന്നു. നായനാര്‍ സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ ഹൈകോടതി വിധിയെ  സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തില്ല.

സുപ്രീംകോടതിയുടെ മുന്നില്‍ ഒരു ഹരജിയിലൂടെ ഈ വിഷയം വന്നത് 2006ലാണ്. എല്‍.ഡി.എഫ് കാലത്ത് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും യു.ഡി.എഫ് കാലത്ത് എതിര്‍ത്തും സര്‍ക്കാര്‍ സത്യവാങ്​മൂലങ്ങള്‍ നല്‍കി. ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ് അധ്യക്ഷന്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചത് അദ്ദേഹം ആരോടൊപ്പമാണ് എന്ന ചോദ്യം ഉയര്‍ത്തുന്നു.

സുപ്രീംകോടതി ഈ വിഷയം പരിശോധിച്ചത് ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തിലാണ്. ആ രീതിയില്‍ കാണാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ബെഞ്ചിലെ വനിത ജഡ്ജിക്ക് വിയോജിപ്പ്‌ രേഖപ്പെടുത്തേണ്ടിവന്നത്. വിശ്വാസത്തേക്കാള്‍ സങ്കുചിതരാഷ്​ട്രീയ താൽപര്യങ്ങളാണ് വിധിയെ എതിര്‍ക്കുന്നവരെ പൊതുവെ നയിക്കുന്നത്. റിവ്യൂ ഹരജി നല്‍കണമെന്ന യു.ഡി.എഫ് നേതാക്കളുടെ ആവശ്യം അത്തരത്തിലുള്ളതാണ്. സ്ത്രീപ്രവേശനത്തോട് എതിര്‍പ്പില്ലെന്ന്‍ ആര്‍.എസ്.എസ് വ്യക്തമാക്കിയിട്ടും അതിനോട്​ ആഭിമുഖ്യം പുലര്‍ത്തുന്ന ചിലര്‍ പ്രക്ഷോഭത്തിനിറങ്ങുന്നതും രാഷ്​ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ്. അവരില്‍ ചിലര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ താൽപര്യങ്ങളുമുണ്ടാകാം. 

ചരിത്രവസ്തുതകള്‍ അറിയാത്ത സ്ത്രീകളെ അണിനിരത്തി ശരണംവിളിയുമായി തുടങ്ങിയ പ്രക്ഷോഭത്തി​​​െൻറ നേതൃനിര കാണുക: നാലു നൂറ്റാണ്ടായി രാജ്യമില്ലാത്ത പന്തളം രാജാവ് രാമവർമ, തന്ത്രികുടുംബാംഗമല്ലെങ്കിലും ആണെന്ന ധാരണ പരത്തുന്ന രാഹുല്‍ ഈശ്വര്‍, അവർണ പൂജാരി യദുവിനെതിരെ കഴിഞ്ഞ കൊല്ലം പ്രക്ഷോഭം സംഘടിപ്പിച്ച യോഗക്ഷേമ സഭ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി (ഇദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തി​​​െൻറ സ്ഥാനാർഥിയുമായിരുന്നു.) ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ ഉത്​കണ്ഠയുള്ള മറ്റൊരാള്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ആണ്. സ്വന്തം അമ്മൂമ്മ മകന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമ വർമയുമൊത്ത് 44ാം വയസ്സില്‍ ശബരിമലയില്‍ പോയ വിവരം അവര്‍ മറക്കുന്നു.  

നിയമ തടസ്സം നീങ്ങിയതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടും എന്ന പ്രതീക്ഷയില്‍ അവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ കോടതി വിധിയിലൂടെ കിട്ടിയ അവകാശം ഉപയോഗിക്കാന്‍ താൽപര്യപ്പെടുന്നവര്‍ ഉണ്ടാകും. അതേസമയം, സ്ത്രീവിലക്ക് പരമ്പരാഗതമായുള്ളതാണെന്ന അന്ധവിശ്വാസം മൂലം പോകേണ്ടെന്ന് തീരുമാനിക്കുന്നവരുമുണ്ടാകും. കുറെ കൊല്ലങ്ങളായി ശബരിമലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന്‍ ധാരാളം പേർ എത്തുന്നുണ്ട്. ഒരുപക്ഷേ, ആദ്യഘട്ടത്തില്‍ പുറത്തുനിന്നാവും കൂടുതല്‍ സ്ത്രീകളും വരുക.

തീർഥാടകരുടെ എണ്ണത്തില്‍ എത്രമാത്രം വർധനവുണ്ടാകുമെന്നു കണക്കാക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ ചിലര്‍  കൂടുതല്‍ വനം വെട്ടിത്തെളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് പ്രളയത്തില്‍നിന്ന് അവര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു. തീർഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനുള്ള ചുമതല സര്‍ക്കാറിനുണ്ട്. അവശേഷിക്കുന്ന വനം സംരക്ഷിക്കാനുള്ള ചുമതലയും അതിനുണ്ട്. വനം നശിപ്പിക്കാതെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകുന്നില്ലെങ്കില്‍ നിലക്കല്‍ താവളത്തില്‍നിന്ന്‍ മുകളിലേക്ക് കയറുന്നവരുടെ എണ്ണം ക്ലിപ്തപ്പെടുത്തി തിരക്ക് നിയന്ത്രിക്കണം. ഈ പശ്ചാത്തലത്തില്‍ ഒരു ദിവസം മല കയറുന്നവരുടെ എണ്ണം ഒരു ലക്ഷമായി ക്രമീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലും ജമ്മു -കശ്മീരിലെ അമര്‍നാഥ് ഗുഹ, വൈഷ്ണോദേവി എന്നിവിടങ്ങളിലും ക്ഷേത്ര ഭരണാധികാരികള്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെത്തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്ദര്‍ശനകാലം നീട്ടി കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കുന്ന കാര്യവും ആലോചിക്കാം. അയ്യപ്പസന്നിധിയിലെത്താന്‍ വന്യമൃഗങ്ങളുള്ള കാടുകളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന കാലത്ത്  മണ്ഡലം, മകരവിളക്ക് എന്നീ അവസരങ്ങളില്‍ മാത്രമാണ് തീർഥാടകര്‍ എത്തിയിരുന്നത്. പിന്നീട് വിഷുവിനും ഭക്തര്‍ക്ക് പോകാന്‍ അനുവാദം നല്‍കി. അതിനുശേഷം എല്ലാ മലയാള മാസത്തിലും ആദ്യ ദിവസങ്ങളിലെ പൂജകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. യാത്ര കൂടുതല്‍ സുഗമമായ സാഹചര്യത്തില്‍ കൊല്ലം മുഴുവനും സന്ദര്‍ശനം അനുവദിക്കുന്നതും ആലോചിക്കാവുന്നതാണ്.

പാരമ്പര്യത്തി​​​െൻറ കാത്തുസൂക്ഷിപ്പുകാരായി അഭിനയിക്കുന്ന ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍ 1947ല്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചപ്പോള്‍ മഹാരാജാവി​​​െൻറ നിയന്ത്രണത്തിലായിരുന്ന അമ്പലങ്ങളുടെ ഭരണം സംബന്ധിച്ചുണ്ടാക്കിയ കരാര്‍ പ്രകാരം നിലവിൽ വന്നതാണ്. ഇതിനകം പാരമ്പര്യങ്ങളില്‍ പല മാറ്റങ്ങളും അത് വരുത്തിയിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചിരുന്ന മലയരയന്മാരെ പുറത്താക്കി. ആ പണി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. സുശീല ഗോപാല​​​െൻറ ചേര്‍ത്തലയിലെ ചീരപ്പന്‍ചിറ കുടുംബത്തിനു പരമ്പരാഗതമായി ലഭിച്ച വെടിവഴിപാട് അവകാശം അത് ലേലം ചെയ്​തു. ആ നടപടികള്‍ വൈദിക ബ്രാഹ്മണരുടെ വരവിനു മുമ്പ് ശബരിമലക്ക്​ അവർണ ജനതയുമായുണ്ടായിരുന്ന ബന്ധം മുറിച്ചു. ശരണം വിളിച്ചു പ്രക്ഷോഭം നടത്തുന്ന കപട പാരമ്പര്യവാദികള്‍ ശരണംവിളി ശബരിമലയുടെ ബുദ്ധപാരമ്പര്യത്തി​​​െൻറ ശേഷിപ്പ് ആണെന്ന് അറിഞ്ഞുകൂടാത്തവരാകണം. 
 

Loading...
COMMENTS