Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightരാജ്ഭവൻ സ്വതന്ത്ര...

രാജ്ഭവൻ സ്വതന്ത്ര അധികാര കേന്ദ്രമല്ല

text_fields
bookmark_border
രാജ്ഭവൻ സ്വതന്ത്ര അധികാര കേന്ദ്രമല്ല
cancel

കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്​ട്രീയത്തിൽ ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ചൗധരി ചരൺസിങ്ങി​​െൻറ ഭാരതീയ ക്രാന്തിദളിൽ തുടങ്ങി, കോൺഗ്രസ്, ബഹുജൻ സമാജ്​ പാർട്ടി, ജനതാദൾ എന്നിവയിലൂടെ കടന്നുപോയശേഷമാണ് അദ്ദേഹം ഭാരതീയ ജനത ാ പാർട്ടിയിലെത്തിയത്. ഒരു ഘട്ടത്തിൽ തനിക്കുവേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവവുമായി ബി.ജെ.പി വിട്ടെങ്കിലു ം തിരിച്ചുചെന്നു.
ഖാ​​െൻറ ചാഞ്ചാട്ടങ്ങളെല്ലാം അധികാരത്തിനുവേണ്ടിയായിരുന്നു എന്നു പറയാനാവില്ല. ഷാബാനു കേസ ിലെ കോടതിവിധി മറികടക്കാൻ രാജീവ്ഗാന്ധി നിയമമുണ്ടാക്കിയപ്പോൾ അതിൽ പ്രതിഷേധിച്ച് മന്ത്രിസഭ വിട്ടയാളാണ്​ അദ്ദേ ഹം. മുസ്​ലിംസമുദായത്തിലെ പരമ്പരാഗത രീതികളിൽ നരേന്ദ്രമോദി സർക്കാർ വരുത്തിയ മാറ്റങ്ങൾക്കൊപ്പം നിന്നയാളുമാണ്. പക്ഷേ, രാജ്​ഭവനിലിരുന്ന് പൗരത്വ നിയമവിഷയത്തിൽ നടത്തുന്ന ഇടപെടലുകൾ അദ്ദേഹത്തിൽ ഇനിയും ശമിച്ചിട്ടില്ലാത്ത അധ ികാരമോഹം അവശേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

ആരിഫ് മുഹമ്മദ് ഖാൻ നിയമം പഠിക്കുകയും എം.എൽ.എയായും എം.പിയാ യും മന്ത്രിയായും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്. അതുകൊണ്ട്​ ഭരണഘടനയിലെ വകുപ്പുകളുടെ വാച്യാർഥവും രാഷ്​ട്രീയപരവും നിയമപരവുമായ അർഥവും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് അറിയാത്തതല്ല. ഇന്ത്യൻ യൂനിയ​​െൻറ എക്സിക്യൂട്ടിവ് അധികാരം പ്രസിഡൻറിൽ നിക്ഷിപ്തമായിരിക്കുന്നെന്നും അത് അദ്ദേഹത്തിന് നേരിട്ടോ കീഴുദ്യോഗസ്ഥന്മാർ മുഖേനയോ വിനിയോഗിക്കാമെന്നും ഭരണഘടന പറയുന്നു. അതുപോലെതന്നെ, ഒരു സംസ്ഥാനത്തെ എക്സിക്യൂട്ടിവ് അധികാരം ഗവർണറിൽ നിക്ഷിപ്തമായിരിക്കുന്നെന്നും അത് അദ്ദേഹത്തിന് നേരിട്ടോ കീഴുദ്യോഗസ്ഥന്മാർ മുഖേനയോ വിനിയോഗിക്കാമെന്നും. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള മന്ത്രിസഭകളുടെ ജോലി പ്രസിഡൻറിനെയും ഗവർണറെയും അവരുടെ ചുമതലകൾ നിർവഹിക്കാൻ സഹായിക്കുകയും ഉപദേശിക്കുകയുമാണ്. ഇതിനെ അക്ഷരാർഥത്തിൽ എടുക്കാൻ ശ്രമിക്കുന്ന ആദ്യ എക്സിക്യൂട്ടിവ് തലവനല്ല ആരിഫ് മുഹമ്മദ് ഖാൻ.

ആദ്യ പ്രസിഡൻറ്​ രാജേന്ദ്ര പ്രസാദിന് പാർലമ​െൻറ്​ പാസാക്കിയ ഹിന്ദു വ്യക്തി നിയമപരിഷ്കരണങ്ങളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ഭരണഘടനയുടെ നിർമിതിയിൽ പങ്കാളിയായിരുന്ന അദ്ദേഹം നിയമത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു. അദ്ദേഹത്തി​​െൻറ അധികാരത്തി​​െൻറ പരിധി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചൂണ്ടിക്കാണിച്ചശേഷം യാഥാർഥ്യബോധത്തോടെ അതംഗീകരിച്ച്​ അദ്ദേഹം ഒപ്പുവെച്ചു. ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗം ചേർന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് കാത്തുനിൽക്കാതെയാണ് പ്രസിഡൻറ്​ സെയിൽ സിങ് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയത്. അത് കീഴ്വഴക്കങ്ങളുടെ ലംഘനമായിരുന്നെങ്കിലും ലോക്​സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ ഇഛയ്​ക്കനുസൃതമായിരുന്നു. പിന്നീട്‌ രാജീവ്ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ സെയിൽ സിങ് അദ്ദേഹത്തെ പുറത്താക്കി മറ്റൊരാളെ പ്രധാനമന്ത്രിയായി നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ, ആ സാഹസത്തിൽനിന്ന് അദ്ദേഹം പിൻവാങ്ങി.

ലോക്സഭയിലെ ഭൂരിപക്ഷ പിന്തുണയെക്കുറിച്ച് അവ്യക്തത നിലനിൽക്കുമ്പോൾ സർക്കാറുണ്ടാക്കാൻ ആരെ ക്ഷണിക്കണമെന്നു പ്രസിഡൻറിന് സ്വന്തം നിലയിൽ തീരുമാനിക്കേണ്ടിവരും. അത്തരം സന്ദർഭങ്ങളിൽ വലിയ പരാതികൾക്ക്​ ഇടനൽകാതെ തീരുമാനങ്ങളെടുക്കാൻ നമ്മുടെ പ്രസിഡൻറുമാർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന ഗവർണർമാരുടെ റെക്കോഡ് അത്ര ഭംഗിയുള്ളതല്ല. ഡൽഹിയിലെ രാഷ്​ട്രീയ യജമാനന്മാരുടെ താൽപര്യമാണ് അവരെ പലപ്പോഴും നയിക്കുക.

രാജേന്ദ്ര പ്രസാദിന് ഹിന്ദു കോഡി​​െൻറ കാര്യത്തിലെന്നപോലെ ആരിഫ് മുഹമ്മദ് ഖാന് പൗരത്വ ഭേദഗതി നിയമത്തി​​െൻറ കാര്യത്തിൽ സ്വന്തമായ അഭിപ്രായമുണ്ടാകാം. അത് അദ്ദേഹത്തെ ഗവർണറാക്കിയവരുടെ അഭിപ്രായംതന്നെയാകാം. പക്ഷേ, താൻ വഹിക്കുന്ന ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നിടത്ത് അതിനു പ്രസക്തിയില്ലെന്ന് അംഗീകരിക്കാനുള്ള വിവേകം അദ്ദേഹം കാട്ടണം. പൗരത്വവിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഹിസ്​റ്ററി കോൺഗ്രസിൽ നടത്തിയ പ്രസംഗത്തെ വ്യക്തിപരമായ അഭിപ്രായപ്രകടനമായി കണ്ടാൽ മതി. ക്ഷണിതാക്കൾക്ക് പറയാനുള്ളത് കേൾക്കാനുള്ള ബാധ്യത സംഘാടകർക്കുണ്ട്. ശ്രോതാക്കൾ അത്തരം അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കുന്നത് ഒരു അസാധാരണ സംഭവമല്ല. ഈ വിഷയം ശക്തമായ ജനവികാരം ഉയർത്തിയിട്ടുള്ള സാഹചര്യത്തിൽ ചിലർ ശക്തമായി പ്രതികരിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. തന്നെ ആക്രമിക്കാൻ വന്നു, കൊല്ലാൻ വന്നു എന്ന തരത്തിലുള്ള ആരിഫ് മുഹമ്മദ് ഖാ​​െൻറ പ്രതികരണം അക്കാദമിക വേദിയിൽ നടന്ന ആ സംഭവത്തിനു രാഷ്​ട്രീയ തെരുവുയുദ്ധത്തി​​െൻറ രൂപം നൽകാനിടയാക്കി. അതിനുശേഷം അദ്ദേഹം കേന്ദ്രത്തിനുവേണ്ടി കേരളത്തിൽ പൗരത്വയുദ്ധം നയിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തതുപോലെ തോന്നുന്നു.

കേരള സർക്കാർ തന്നോട് ചോദിക്കാതെ കേന്ദ്രനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു എന്ന ഗവർണറുടെ പരാതി ബാലിശമാണ്. അദ്ദേഹത്തോട് ചോദിക്കേണ്ട കാര്യമില്ലെന്ന്‌ മുൻ ഗവർണറും പോരെങ്കിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്​റ്റിസുമായ പി. സദാശിവം പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാറിനു പ്രസിഡൻറിനെയും സംസ്ഥാന സർക്കാറുകൾക്ക് ഗവർണർമാരെയും കാര്യങ്ങൾ ധരിപ്പിക്കാനുള്ള കടമയുണ്ട്. ഈ കടമ നിർവഹിക്കുന്നതിൽ ജവഹർലാൽ നെഹ്‌റു അതീവ ശ്രദ്ധാലുവായിരുന്നു. പ്രധാനപ്പെട്ട വിദേശയാത്രകൾ കഴിഞ്ഞ്​ മടങ്ങിവരുമ്പോൾ അദ്ദേഹം രാഷ്​ട്രപതിഭവനിലെത്തി വിദേശ നേതാക്കളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പ്രസിഡൻറിനെ ധരിപ്പിക്കുമായിരുന്നു. ഏതെങ്കിലും വിഷയത്തിൽ എന്താണ് നടക്കുന്നതെന്നറിയാൻ പ്രസിഡ​േൻറാ ഗവർണറോ ആഗ്രഹിക്കുന്നെങ്കിൽ മുഖ്യമന്ത്രിയോടോ ചീഫ് സെക്രട്ടറിയോടോ അന്വേഷിക്കാവുന്നതാണ്. അവർ ബന്ധപ്പെട്ട മന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ആവശ്യമായ വിവരം നൽകാൻ ചുമതലപ്പെടുത്തും.

കാര്യങ്ങൾ അറിയിക്കാനുള്ള മുഖ്യമന്ത്രിയുടെ കടമയിൽ അനുവാദം വാങ്ങൽ അടങ്ങിയിരിക്കുന്നെന്ന് ഒരു ഗവർണർ കരുതുന്നെങ്കിൽ അതിൽ ശമിച്ചിട്ടില്ലാത്ത അധികാരമോഹമുണ്ടാകും. ഗവർണർ കേന്ദ്ര സർക്കാറി​െൻറ പ്രതിനിധിയാണ്. അദ്ദേഹം സംസ്ഥാന ഗവൺമ​െൻറി​െൻറ തലവനല്ല, സംസ്ഥാനത്തി​​െൻറ തലവനാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ മുഖ്യമന്ത്രി നയിക്കുന്ന ഒരു ഗവൺമ​െൻറ്​ ഉള്ളപ്പോൾ രാജ്ഭവൻ ഒരു അധികാരകേന്ദ്രമാകാൻ ശ്രമിക്കരുത്. അത്തരത്തിലുള്ള ഒരു ഗവൺമ​െൻറ്​ സാധ്യമല്ലാതെ വരുമ്പോൾ ഭരണഘടന ഗവർണർഭരണം വിഭാവനം ചെയ്യുന്നുണ്ട്. അപ്പോഴും രാജ്ഭവൻ ഒരു സ്വതന്ത്ര അധികാരകേന്ദ്രമാകുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഗവൺമ​െൻറി​​െൻറ പ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിക്കേണ്ടത്.

പൗരത്വ നിയമം സംബന്ധിച്ച സംസ്ഥാന സർക്കാറി​െൻറ നിലപാട് നിയമസഭയിൽ വായിക്കേണ്ട ഗവർണറുടെ പ്രസംഗത്തിലുണ്ടാകുമെന്നും അത് ആരിഫ് മുഹമ്മദ് ഖാൻ വായിക്കുമോ എന്നുമുള്ള ഊഹാപോഹങ്ങൾക്ക് വലിയ വിലകൽപിക്കേണ്ടതില്ല. വ്യക്തിപരമായ വിയോജിപ്പ് കാരണം ഗവർണർ പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതിരുന്ന അവസരം ഒരിക്കൽ പശ്ചിമബംഗാളിലുണ്ടായി. ഗവർണർ അത് വായിക്കാതിരുന്നതുകൊണ്ട് അത് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തി​​െൻറ ഭാഗം അല്ലാതാകുന്നില്ല. പ്രസംഗം പൂർണരൂപത്തിൽ സഭാരേഖകളുടെ ഭാഗമാകും. ഗവർണർക്കുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയിൽ സഭാംഗങ്ങൾക്ക് അത് വിഷയമാക്കുകയും ചെയ്യാം.

Show Full Article
TAGS:kerala governor rajendra prasad gyani jail singh arif mohammad khan Malayalam Article 
News Summary - rajendra prasad-gyani jail singh -arif mohammad khan -Malayalam Article
Next Story