പരദേശത്തെ പരേത ജന്മങ്ങള്‍ക്ക് ഒരു സങ്കടഹരജി

17:08 PM
05/03/2017

അജ്മാനില്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയുടെ ഫ്ളാറ്റില്‍ ഇരിക്കെ, അലമാരയില്‍ അട്ടിവെച്ച കടലാസ് ഫോറത്തില്‍ കണ്ണുടക്കി. പരേതരുടെ ചിത്രം പതിച്ച കടലാസ് കൂനകള്‍. അവയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. അവിടേക്ക് ചൂണ്ടി അഷ്റഫ് പറഞ്ഞു, ‘‘ഇതൊക്കെ കഴിഞ്ഞ വര്‍ഷത്തേതാ. ഈ വര്‍ഷത്തേത് ഇതാ ഇപ്പുറം.’’ ഷെല്‍ഫിന്‍െറ മറ്റൊരു ഭാഗത്തെ ഫയലിലും പരേതരുടെ നല്ല തിരക്കുതന്നെ. അജ്ഞാതരായ പരേതരെ നാട്ടിലേക്ക് യാത്രയാക്കിയതിന്‍െറ രേഖകള്‍. ഷെല്‍ഫില്‍ അവയുടെ അവസാനിക്കാത്ത നിര. അതിനുമുന്നില്‍ ഞങ്ങള്‍ ഇരുവരും നിസ്സംഗതയോടെ ഇരുന്നു. ഒടുവില്‍ അഷ്റഫ് വാചാലനായി.

‘‘ഈ വര്‍ഷവും കുറവൊന്നുമില്ല. എല്ലാം അത്രയൊന്നും പ്രായമില്ലാത്ത മനുഷ്യര്‍...’’ എന്തിനാണ് ഇവര്‍ ഇത്ര തിരക്ക് കൂട്ടുന്നത്? ആ ചോദ്യം ഉള്ളില്‍തന്നെ കുരുങ്ങിനിന്നു. ഗള്‍ഫിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കുറയുമ്പോള്‍ ഇതാ, മരിച്ചു മടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഉള്ളില്‍ ചിരിയാണോ, കരച്ചിലാണോ അപ്പോള്‍ വന്നത്. എനിക്കുതന്നെ നിശ്ചയമില്ല. പോയവര്‍ഷം ദുബൈ-ഷാര്‍ജ റൂട്ടിലൂടെ മാത്രം നാട്ടിലേക്ക് പോയ മൃതദേഹങ്ങളുടെ എണ്ണം 524. മറ്റ് എമിറേറ്റുകളുടെ എണ്ണം കൂടെ ചേര്‍ത്താല്‍ നാം നടുങ്ങും. കൂടുതല്‍ പേരുടെയും ജീവനെടുത്തത് ഹൃദയാഘാതം. ആത്മാഹുതിയിലൂടെ ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണവും കുറയുന്നില്ല. മിക്ക വര്‍ഷങ്ങളിലും മൂന്നും നാലും ഡസന്‍ എന്ന കണക്കിലാണ് ആ പട്ടിക. എങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നുണ്ട്. അതുകൊണ്ടാവാം, ആത്മഹത്യപ്രവണതയില്‍ മാറ്റമുണ്ട്. അത്രയെങ്കിലും ആശ്വാസം.

മെച്ചപ്പെട്ട ലോകം തേടി വരുകയും പലതും നേടാതെ മടങ്ങുകയും ചെയ്ത പരദേശങ്ങളിലെ എണ്ണമറ്റ പരേതര്‍ അവരിലും മലയാളികള്‍തന്നെ മുന്നില്‍. പരേതരുടെ ഈ അകാല യാത്രാപരമ്പര യു.എ.ഇയുടെ മാത്രം സ്വന്തമല്ല. സൗദി ഉള്‍പ്പെടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇടറി വീഴുന്ന ഇന്ത്യക്കാരുടെ എണ്ണം അപകടകരമാംവിധം ഉയരുന്നു. ഹൃദയാഘാതം മൂലം എന്ന ഒറ്റവാക്കില്‍ ചരമകോളങ്ങള്‍ പൂര്‍ണമാകുന്നു; വാര്‍ത്തയും.

എന്നാല്‍, അത്ര ലളിതമായി വായിച്ചു തള്ളേണ്ട ഒന്നാണോ ഈ ഹൃദയാഘാത പരമ്പരകള്‍? കടുത്ത മാനസിക സമ്മര്‍ദത്തിന്‍െറ ഇരകളാണ് പരേതരില്‍ പലരും. വ്യായാമമില്ലായ്മ, ജീവിതശൈലീ രോഗങ്ങള്‍ എന്നൊക്കെയുള്ള ഗള്‍ഫ് ഡോക്ടര്‍മാരുടെ സ്ഥിരം നിരീക്ഷണ മണ്ഡലത്തിനും അപ്പുറത്താണ് കാര്യങ്ങള്‍. ശരിക്കും മാനസിക പിരിമുറുക്കത്തിന്‍െറ പരദേശി ബലിയാടുകള്‍. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ പിരിമുറുക്കത്തിന്‍െറ കാരണക്കാരന്‍ സാമ്പത്തിക ഘടകം തന്നെ. 2015ല്‍മാത്രം 400 ഓളം പ്രവാസികള്‍ കുവൈത്തില്‍ മരിച്ചുവെന്നാണ് കണക്ക്. പ്രവാസത്തിന്‍െറ സമ്മര്‍ദവും മാനസിക വിഷമങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണ് പലരെയും ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് മലയാളി സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.

2003ല്‍ ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ, രാജ്യത്ത് ആത്മഹത്യ റിപ്പോര്‍ട്ടുകള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. അവരില്‍ ഭൂരിഭാഗവും മലയാളികള്‍. പറയുമ്പോള്‍ ബഹ്റൈന്‍ ചെറിയ രാജ്യം. സാമൂഹിക സമ്പര്‍ക്കം കൂടുതല്‍ ശക്തമായ പ്രദേശം. എന്നിട്ടും എന്തുകൊണ്ടിതെന്ന ചോദ്യമായിരുന്നു അന്നൊക്കെ ഉള്ളില്‍. പിന്നീട് പക്ഷേ, അവിടെയും എണ്ണത്തില്‍ കുറവുണ്ടായി. മാസം തോറും യു.എ.ഇയില്‍നിന്നുമാത്രം നാല്‍പതും അമ്പതും മൃതദേഹങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് പോകുമ്പോള്‍ അതിനു പിറകിലെ സാമ്പത്തിക, മാനസിക ഘടകങ്ങള്‍ ശരിയാംവിധം അപഗ്രഥിക്കപ്പെടണം. എന്നാല്‍, ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളും പ്രവാസി കൂട്ടായ്മകളും അതൊന്നും അത്ര ഗൗരവത്തില്‍ കണ്ടിട്ടില്ല ഇനിയും. എംബസി ഉദ്യോഗസ്ഥന്‍െറ പ്രതികരണം പരേതരുടെ അതേ നിര്‍വികാരഭാവം ഏറ്റെടുത്ത മട്ടില്‍.

‘‘ഇന്ത്യ വലിയ രാജ്യമല്ളേ? ഗള്‍ഫില്‍ ഇന്ത്യക്കാരല്ളേ കൂടുതല്‍? അപ്പോള്‍ ഇന്ത്യന്‍ മരണസംഖ്യ കൂടുന്നതും സ്വാഭാവികമല്ളേ?’’. കേട്ടുനിന്നതല്ലാതെ ഒന്നും മറുത്തു പറയാന്‍ തോന്നിയില്ല. മരിച്ചവരില്‍ ചിലരുടെയെങ്കിലും ജീവിതത്തിലൂടെ യാത്രപോകണം. അപ്പോള്‍ എളുപ്പം പിടികിട്ടുന്ന ചില കാര്യങ്ങളുണ്ട്. ഉള്ളതുകൊണ്ട് ഒപ്പിച്ചു പോകാന്‍ പറ്റിയിരുന്നെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞേനെ പലര്‍ക്കും. ആവശ്യങ്ങളുടെ പ്രളയത്തിനിടയില്‍ വരുമാനം നോക്കാതെയുള്ള ചെലവായിരുന്നു. അവര്‍ക്കു വേണ്ടിയായിരുന്നില്ല. മറ്റു പലര്‍ക്കും. പക്ഷേ, ജീവിതം തന്നെ പിടിവിട്ടു പോയി.

ഹൃദയാഘാതം എന്നത് ക്ഷണിച്ചുവരുത്തിയ സംഭവങ്ങളാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. കടക്കെണിതന്നെ പ്രധാനം. ബാധ്യത പെരുകുമ്പോള്‍ സ്വാഭാവികമായും സമ്മര്‍ദത്തിന് അടിപ്പെടും. തൊഴിലിടങ്ങളിലെ പിരിമുറുക്കം കൂടിയാകുമ്പോള്‍ പിന്നെ രക്ഷയില്ല. അവബോധം രൂപപ്പെടുത്താന്‍ പ്രവാസലോകത്ത് സംഘടിത നീക്കങ്ങള്‍ പലതും നടന്നു. എന്നിട്ടും തലവെച്ചു കൊടുക്കുകയാണ് പലരും. ക്രെഡിറ്റ് കാര്‍ഡുകളുടെ ദുരുപയോഗമാണ് പലരെയും വെട്ടിലാക്കിയത്. പരേതര്‍ മാത്രമല്ല ജീവിച്ചിരിക്കുന്ന എത്രയോ പേരുണ്ട് ഇരകളായി ഗള്‍ഫ് ജയിലുകളില്‍. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മാപ്പുസാക്ഷികള്‍. തുക മുഴുവന്‍ അടച്ചു തീര്‍ക്കാതെ മോചനം എളുപ്പമല്ല.

നാട്ടില്‍നിന്നുള്ള സമ്മര്‍ദം അതാണ് പലര്‍ക്കും വിനയായതെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ കെ.വി. ശംസുദ്ദീന്‍െറ പക്ഷം. ഏറ്റവും അടുത്തവരെപ്പോലും യഥാര്‍ഥ വസ്തുത ബോധ്യപ്പെടുത്താന്‍ കഴിയാത്ത പരദേശികളുടെ ദുരഭിമാനവും ഹൃദയാഘാത പരമ്പരക്ക് ആക്കം കൂട്ടുന്നു. പഴിച്ചതുകൊണ്ടായില്ല. ഗുണകാംക്ഷയോടെയുള്ള തിരുത്തല്‍ പ്രക്രിയ തുടരണം. മാധ്യമങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും തന്നെ ഇവിടെ പ്രധാന റോള്‍. ഗള്‍ഫ് പഴയ ഗള്‍ഫല്ളെന്ന തിരിച്ചറിവില്‍ വേണം ബജറ്റ് ക്രമീകരിക്കാന്‍. ചെലവുകള്‍ വല്ലാതെ അധികമാവുന്ന സാഹചര്യം. ഇന്നലെവരെ സൗജന്യമായി ലഭിച്ച പലതും ഇന്ന് കൂടുതല്‍ വിലകൊടുത്തു വാങ്ങേണ്ട ഗതികേട്. ബദല്‍ വരുമാന മാര്‍ഗം കണ്ടത്തൊനുള്ള തിടുക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ബാധ്യതകള്‍ പതിച്ചു നല്‍കിയേക്കാം. കൃത്യമായ പ്ളാനിങ്ങും സ്വമേധയാ ഉള്ള നിയന്ത്രണങ്ങളും അതേ ഉള്ളൂ ഇനി പ്രതിവിധി. അതു മാത്രമേയുള്ളു പരിഹാരം.

COMMENTS