ഉമ്മന്‍ ചാണ്ടിയുടെ ഊച്ചിക്കെറു

തലക്കെട്ടിലെ ‘ഊച്ചിക്കെറു’ എന്ന പദം കണ്ട ആരും തെറ്റിദ്ധരിക്കാതിരിക്കാന്‍ അപേക്ഷ. മലയാളിയുടെ ദൈനംദിന ഭാഷാപ്രയോഗത്തില്‍നിന്ന് ക്രമേണ അപ്രത്യക്ഷമാകുന്ന ഒട്ടേറെ ഗ്രാമവഴക്കങ്ങളില്‍ ഒന്നുമാത്രമാണത്.  ന്യായീകരിക്കാനാവാത്ത പരിഭവപ്രകടനമെന്നേ ഈ മധ്യതിരുവിതാംകൂര്‍ പ്രയോഗത്തിന് അര്‍ഥമുള്ളൂ. കുറച്ചുനാളായി മുന്‍ മുഖ്യമന്ത്രി കളിപ്പാട്ടത്തിനു വാശിപിടിച്ച് വഴക്കുകൂടുന്ന  കൊച്ചുകുട്ടിയെപ്പോലെ, സ്വന്തം നേതൃത്വത്തോട് ആവര്‍ത്തിച്ച് നടത്തുന്ന പരിഭവപ്രകടനം കണ്ടപ്പോള്‍ തോന്നിയതാണത്. ഏറെ കാലത്തിനുശേഷം ഹൈകമാന്‍ഡ് നേരിട്ട് ഇക്കുറി ഡി.സി.സി അധ്യക്ഷരെ തീരുമാനിച്ചതുമുതലാണ് ചാണ്ടി കലാപമാരംഭിച്ചത്. 

തന്‍െറ ഗ്രൂപ്പിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ളെന്നതാണ് ചാണ്ടിയുടെ പ്രതിഷേധത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍, അതൊന്നുമല്ളെന്നും ഉടന്‍ സംഘടന   തെരഞ്ഞെടുപ്പ് എന്ന,  രാഹുല്‍ ഗാന്ധി അദ്ദേഹത്തിനു നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതിലുള്ള പ്രതിഷേധമാണെന്നും അടുത്തുള്ളവര്‍.  വാസ്തവത്തില്‍ തന്നെ അവഗണിക്കുന്ന കേന്ദ്ര നേതൃത്വത്തോടും എതിരാളി നയിക്കുന്ന സംസ്ഥാന നേതൃത്വത്തോടുമുള്ള (സുധീരനെന്ന് വായിക്കുക) കടുത്ത പ്രതിഷേധമാണ് ചാണ്ടി പ്രകടിപ്പിക്കുന്നത്.  എന്തായാലും കേരള രാഷ്ട്രീയത്തില്‍ പ്രായവും പക്വതയും തമ്മിലുള്ള ബന്ധം പരസ്പരവിരുദ്ധമാണോ എന്ന് സംശയിക്കാന്‍ വഴിവെക്കുന്നതാണ് കെ. കരുണാകരന്‍െറയും വി.എസ്. അച്യുതാനന്ദന്‍െറയും എഴുപതുകളുടെ മധ്യത്തിലേക്ക് പ്രവേശിക്കുന്ന ചാണ്ടിയുടെയും രീതികള്‍.  

ഇപ്പോള്‍തന്നെ ചാണ്ടിയുടേത് ഏറക്കുറെ ഒറ്റയാള്‍ പോരാട്ടമാണ്. ഏറ്റവും അടുത്ത ചിലര്‍ മാത്രമേ അദ്ദേഹത്തിനൊപ്പം രഹസ്യമായെങ്കിലമുള്ളൂ.  കേന്ദ്ര നേതൃത്വത്തെ പിണക്കിയുള്ള ഗ്രൂപ് പോരാട്ടത്തിനു ആന്‍റണി പക്ഷത്തുപോലും  പണ്ടെന്ന പോലെ ആളുണ്ടാകണമെന്നില്ല.  പല ആന്‍റണി പക്ഷക്കാരും ചാണ്ടി ഇത്രക്ക് കടുത്ത  നിലപാടിലേക്ക് പോകണോ എന്ന് രഹസ്യമായി ചോദിക്കുന്നു.  ആദ്യമായി പഴയ ആന്‍റണി വിഭാഗം നേതാവ് കൊടിക്കുന്നില്‍ സുരേഷ് ചാണ്ടിക്കെതിരെ പരസ്യമായി വെടിപൊട്ടിക്കുന്നു. ഗ്രൂപ്പുമായി ഇപ്പോള്‍ ബന്ധമില്ളെങ്കിലും ആ പക്ഷത്തിന്‍െറ തലതൊട്ടപ്പനായ എ.കെ. ആന്‍റണിപോലും ഇപ്പോള്‍ എതിര്‍ പക്ഷത്താണെന്നതും  നിസ്സാരമല്ല. അതിന്‍െറ സൂചനതന്നെയായി ഇപ്പോള്‍ ‘ആന്‍റണിയുടെ ശബ്ദ’മായി കരുതപ്പെടുന്ന കൊടിക്കുന്നിലിന്‍െറ നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ കരുണാകരന്‍െറ അവസാനകാലം ഓര്‍ത്തുപോകും. ഏറെക്കാലം അതിശക്തനായി കോണ്‍ഗ്രസ് ഭരിച്ചശേഷം 1995 മുതല്‍ ഒന്നര ദശാബ്ദത്തോളം കേന്ദ്രനേതൃത്വത്തോട് കലഹിച്ച് അവസാനം ആകെ ഒറ്റപ്പെട്ട്  ഒന്നുമല്ലാതെയായിപ്പോയ കെ. കരുണാകരന്‍െറ ദയനീയ ചിത്രം.

 സോണിയക്കും രാഹുലിനും ഉമ്മന്‍ ചാണ്ടിയോട് ഒരിക്കലും വലിയ മതിപ്പൊന്നുമില്ളെന്നത് സത്യം. മറിച്ച്, അങ്ങോട്ടും  അങ്ങനത്തെന്നെ. ഇന്ദിരയുടെ കാലത്തുപോലും  ഹൈകമാന്‍ഡിനെ സേവിക്കാന്‍ മിനക്കെടാത്ത ആളാണ് ചാണ്ടി. കേരളത്തിലെ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നൊക്കെ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് അതാണ്. മുന്‍കാല കോണ്‍ഗ്രസ് നേതാക്കളും  കരുണാകരന്‍, ആന്‍റണി, വയലാര്‍ രവി, പി.സി. ചാക്കോ, പി.ജെ. കുര്യന്‍, കെ.വി. തോമസ്, ചെന്നിത്തല തുടങ്ങിയവരൊക്കെ എന്നും കേന്ദ്രനേതാക്കളുടെ പ്രീതി പിടിച്ചെടുക്കാന്‍ അതി തല്‍പരരായിരുന്നു. വി.എം. സുധീരന്‍ പോലും സോണിയയുടെയും രാജീവിന്‍െറയും വിശ്വസ്തനാണ്.  എന്നാല്‍, ചാണ്ടിക്ക് കേന്ദ്ര നേതൃത്വത്തിലോ ഭരണത്തിലോ  കയറിപ്പറ്റാന്‍ താല്‍പര്യമില്ലാത്തതും കേരളം വിട്ടൊരു രാഷ്ട്രീയ തട്ടകം വേണ്ടാത്തതും  ഇതിനു കാരണമാകാം.

അതൊക്കെകൊണ്ട് ചാണ്ടിക്കോ അദ്ദേഹത്തിന്‍െറ ആഗ്രഹങ്ങള്‍ക്കോ വലിയ വിലയൊന്നും ഹൈകമാന്‍ഡ് നല്‍കാറില്ല. 2014ല്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പരസ്യമായ പ്രതിഷേധത്തെ അവഗണിച്ച്  വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ നിയമിച്ചപ്പോള്‍ ഇത് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നും ചാണ്ടി എതിര്‍ത്തുനിന്നപ്പോള്‍ ലോക്സഭ  തെരഞ്ഞെടുപ്പിനു കേരളത്തിലത്തെിയ സോണിയ  മുഖ്യമന്ത്രി ചാണ്ടിയുടെ മുഖത്ത് നോക്കാന്‍പോലും തയാറായില്ല. സോണിയയെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ പോകാതെ ചാണ്ടിയും അന്ന് തിരിച്ചടിച്ചു.  

എന്നാല്‍, നരേന്ദ്ര മോദി പ്രതിഭാസം ഭീമാകാരംപൂണ്ട ആ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ദേശീയതലത്തില്‍തന്നെ തരിപ്പണമായി. അന്നുമുതല്‍ ഓരോ സംസ്ഥാന തെരഞ്ഞെടുപ്പിലും ഇത് അവര്‍ത്തിക്കപ്പെട്ടു. അവസാനം തെക്കേ ഇന്ത്യയില്‍ അവശേഷിച്ച ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി. അപ്പോഴാണ് ഗതികേടുകൊണ്ട് മാത്രം  സോണിയയും രാഹുലും ചാണ്ടിയോട് ഭേദപ്പെട്ട ബന്ധം നിലനിര്‍ത്തിയത്.  സരിത, ബാര്‍ തുടങ്ങിയ അഴിമതികളിലൂടെ ചാണ്ടിയുടെയും സര്‍ക്കാറിന്‍െറയും മുഖം ദിനംതോറുമെന്നോണം വഷളായി  വന്നപ്പോള്‍ ഹൈകമാന്‍ഡിന് നിസ്സഹായരായി നില്‍ക്കേണ്ടിവന്നു.  യു.പി.എ  ഭരണകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ കുംഭകോണത്തില്‍ മുങ്ങി രണ്ട്  കാലിലും മന്തുള്ള  കോണ്‍ഗ്രസിന് കേരളത്തിലെ ഒറ്റക്കാലില്‍ മന്തുള്ള പാര്‍ട്ടിയോട് ശബ്ദിക്കാന്‍ എന്ത് അവകാശം? മുമ്പൊക്കെ കോണ്‍ഗ്രസില്‍ ഗ്രൂപ് സമവാക്യം ഏറക്കുറെ സന്തുലിതമായിരുന്ന കാലത്ത് സര്‍ക്കാറിന്‍െറയോ മുഖ്യമന്ത്രിയുടെയോ പ്രതിച്ഛായ  മോശമാകുമ്പോള്‍ നേതൃമാറ്റം തുടങ്ങി പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലുമുള്ള സമ്മര്‍ദങ്ങള്‍  ഉയര്‍ന്നിരുന്നു. ഹൈകമാന്‍ഡ് ഇടപെട്ട് അന്നൊക്കെ തിരുത്തല്‍ നടപടികളും  നടന്നിരുന്നു.

എന്നാല്‍, 2011-16 കാലത്ത് ചാണ്ടി കോണ്‍ഗ്രസിലും യു.ഡി.എഫിലും ഏതാണ്ട്  പൂര്‍ണ മേധാവിത്വം സ്ഥാപിച്ചതോടെ തിരുത്തല്‍കാലം അവസാനിച്ചു.   എന്തെങ്കിലും നടപടി നിര്‍ദേശിക്കാനുള്ള രാഷ്ട്രീയ, ധാര്‍മികശേഷി ഹൈകമാന്‍ഡിനും നഷ്ടമായിരുന്നു. പഴയ തീവ്ര ആദര്‍ശവാദിയായ സുധീരന്‍ ഒട്ടേറെ അനുരഞ്ജനങ്ങള്‍ക്ക് തയാറായെങ്കിലും മദ്യനയം,  ഭൂവിവാദങ്ങള്‍ തുടങ്ങിയ ചുരുക്കം കാര്യങ്ങളില്‍  വാശിപിടിച്ചുനിന്നത് മാത്രമായിരുന്നു ചാണ്ടിയും സംഘവും നേരിട്ട ഏക തടസ്സം.

ചാണ്ടി സര്‍ക്കാറിന്‍െറ പ്രതിച്ഛായ ഏറ്റവും മോശമായ ഘട്ടത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കുമ്പോള്‍ വീണ്ടും ചാണ്ടി വാശിപിടിച്ചു. കളങ്കിതരായ തന്‍െറ സുഹൃത്തുക്കളെ ഒഴിവാക്കാനുള്ള സുധീരന്‍െറ നീക്കത്തിനെതിരായായിരുന്നു ഇത്. എന്നാല്‍,  സാമാന്യബുദ്ധിക്കുപോലും ഇത് എതിരായതിനാല്‍ ചാണ്ടിക്ക് പൂര്‍ണമായും വഴങ്ങില്ളെന്ന് ഹൈകമാന്‍ഡ് സൂചന നല്‍കി. അപ്പോഴാകട്ടെ, എന്നാല്‍ താനും മത്സരിക്കാനില്ളെന്ന് പറഞ്ഞ് ദുര്‍വാശിക്കാരനായ ഒരു കുട്ടിയെപ്പോലെ ഡല്‍ഹിയില്‍ രാഹുലുമായുള്ള ചര്‍ച്ച മതിയാക്കി ചാണ്ടി കേരളത്തിലേക്ക് മടങ്ങി. ഇത് കുറച്ചൊന്നുമല്ല സോണിയയെ രോഷാകുലയാക്കിയത്. മകള്‍ക്കും  മറ്റും ടിക്കറ്റ് കിട്ടാന്‍ ഇതേ കുതന്ത്രം പയറ്റിയ കരുണാകരനെ സോണിയ അന്ന് മൂലക്കിരുത്തിയതോര്‍ക്കാം.  പക്ഷേ, ഇന്ന് അന്നത്തെ ശക്തിയുടെ അംശംപോലുമില്ലാതിരുന്നതിനാല്‍ സോണിയക്ക് ചാണ്ടിയെ പൂര്‍ണമായും തള്ളാനായില്ല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാകട്ടെ ചാണ്ടിയുടെ എല്ലാ വാദങ്ങളും തരിപ്പണം.  

ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇന്നത്തെ വാശിക്ക് ഫലമുണ്ടാകുമോ എന്ന്  സംശയം. അഞ്ചുവര്‍ഷം കൊണ്ട് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഈ അവസ്ഥയിലാക്കിയതില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള ആളുടെ വാദങ്ങള്‍ക്കും  രോഷത്തിനും എന്ത് ന്യായീകരണമാണുള്ളത്? ഇതിനൊക്കെ പുറമേയാണ് ചാണ്ടി എതിര്‍ക്കുന്ന ഇപ്പോഴത്തെ ഡി.സി.സി പുന$സംഘടനയുടെ മുഖ്യശില്‍പി  ആന്‍റണി ആണെന്നത്. കേരളക്കാര്യങ്ങളില്‍ സോണിയക്ക് അവസാന വാക്കായ ആന്‍റണിയുടെ അഭിപ്രായങ്ങള്‍ക്കാകും ഏറ്റവും വില എന്നാകുന്നതും ചാണ്ടിക്ക് നല്ലതാകണമെന്നില്ല. ആന്‍റണിക്ക് ഇപ്പോള്‍ ചാണ്ടി കാണിക്കുന്ന പിണക്കത്തോട് കടുത്ത എതിര്‍പ്പുണ്ട്. സുധീരനും ചെന്നിത്തലയുമൊക്കെ വാപൊത്തി നില്‍ക്കുമ്പോള്‍ ആന്‍റണിയുടെ വിശ്വസ്തനായ കൊടിക്കുന്നില്‍ സുരേഷ്   ചാണ്ടിയുടെ നേരെ നിറയൊഴിച്ചത് ശ്രദ്ധിക്കാം.          

ആന്‍റണി ഏറെക്കാലമായി തന്‍െറ പേരിലുള്ള ഗ്രൂപ്പിനൊപ്പമില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ മുഖം ഓരോ വിവാദവും വികൃതമാക്കുമ്പോള്‍  ആന്‍റണി പലതവണ പരോക്ഷമായ അപായസൂചനകള്‍ നല്‍കിയിരുന്നതാണ്. പക്ഷേ, അന്ന് എല്ലാ വിലക്കും അവഗണിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഒന്നും ചെവിക്കൊണ്ടില്ല. വാസ്തവത്തില്‍ 2001-06 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ആന്‍റണിയോട് പല കാര്യങ്ങളിലും ചാണ്ടി വിയോജിച്ചിരുന്നു. അവസാനം 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിന്‍െറ  ഉത്തരവാദിത്തമേറ്റെടുത്ത് ആന്‍റണി രാജിവെച്ചു. പകരം ആ കസേരയില്‍ കയറിയത്  അന്ന് വരെ ആന്‍റണിയുടെ പിന്നിലെ രണ്ടാമനെന്ന സ്ഥാനത്തുനിന്ന് ആദ്യമായി മുന്നോട്ടുവന്ന ചാണ്ടിയാണ്.  അതോടെ, ആന്‍റണിക്ക് ഡല്‍ഹിയിലേക്ക് തട്ടകം മാറേണ്ടിവന്നു. ഇരുവരും തമ്മിലുള്ള ആജന്മസൗഹൃദത്തിനു അന്നുമുതലാണ് ഉലച്ചിലുണ്ടായത്.    
 
വ്യക്തിപരമായി കേരളത്തിലെ ഏറ്റവും മാന്യന്മാരായ രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനാണ്  ഉമ്മന്‍ ചാണ്ടി.  ഏത് പാതിരാവിലും ആര്‍ക്കും പ്രാപ്യനായ, എന്ത് തിരക്കിലും ആരോടും മോശമായി പെരുമാറാത്ത, എന്ത് അപകടത്തില്‍പെട്ടാലും ആശ്രയിക്കാന്‍ കഴിയുന്ന, വിമര്‍ശകരോടുപോലും അസഹിഷ്ണുതയില്ലാത്ത, അമിതമായ അധികാര മോഹമോ സ്വാര്‍ഥതയോ  പ്രകടിപ്പിക്കാത്ത ചുരുക്കം  ജനകീയ നേതാക്കളില്‍ ഒരാള്‍. (ഇക്കഴിഞ്ഞ മുഖ്യമന്ത്രികാലമൊഴിച്ചാല്‍)   ആറ് പതിറ്റാണ്ട് നീളുന്ന സ്വന്തം രാഷ്ട്രീയജീവിതത്തില്‍ കാര്യമായ കറയൊന്നും പുരളാത്ത കോണ്‍ഗ്രസിലെ നേതാവ്. പക്ഷേ, ഇവയൊഴിച്ചാല്‍ സമൂഹത്തിനാവശ്യമായ വലിയ ആദര്‍ശങ്ങളോ വികസന ആശയങ്ങളോ പരിപാടികളോ ഒന്നും ചാണ്ടിയുടെ ശക്തികളില്‍  പെടുന്നില്ല. അഴിമതിയുടെ കളങ്കം തന്നിലുണ്ടാകരുതെന്ന അദ്ദേഹത്തിന്‍െറ ദീര്‍ഘകാല നിലപാടും ഇക്കഴിഞ്ഞ മുഖ്യമന്ത്രിക്കാലത്ത് അദ്ദേഹം ഉപേക്ഷിച്ചിരുന്നു.  മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഴിമതിയില്‍ കുടുങ്ങിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതും ചിലരെ രാജിവെപ്പിച്ചതുമൊക്കെ വലിയ തെറ്റായിപ്പോയെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു.   
ഉമ്മന്‍ ചാണ്ടിയുടെ ശക്തിയെന്നപോലെ ഒരേയൊരു ദൗര്‍ബല്യം  സൗഹൃദമാണ്. സുഹൃത്തുക്കളാണെങ്കില്‍ അദ്ദേഹം അവരില്‍ ഒരു തെറ്റും  കാണില്ല. മാത്രമല്ല, തെറ്റുകണ്ടാലും പൊറുക്കും. അവര്‍ പിടിക്കപ്പെട്ടാല്‍ ശരിയും തെറ്റും നോക്കാതെ അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. ചാണ്ടിയുടെ അന്ധമായ ഈ സൗഹൃദത്തിന്‍െറ ഭാഗമാണ് അദ്ദേഹത്തിന്‍െറ ഗ്രൂപ് കൂറും.  പക്ഷേ, ഇന്ന് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത് സ്വന്തം ഗ്രൂപ്പില്‍ മാത്രമല്ല, കോണ്‍ഗ്രസില്‍ തന്നെ അദ്ദേഹത്തിന്‍െറ ദുര്‍ബലഘട്ടത്തിനു വഴിവെക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്‍െറ ആദ്യവെടിയാണ് കൊടിക്കുന്നില്‍ പൊട്ടിച്ചത്.

 

Loading...
COMMENTS