പൗരത്വ പരീക്ഷണത്തി​െൻറ നൈതിക നിരാസങ്ങള്‍ 

08:27 AM
10/09/2019
Assam-jail
ദൊ​മി​നി​യി​ലൊ​രു​ക്കു​ന്ന കൂ​റ്റ​ന്‍ ത​ട​വ​റ​കളിലൊന്ന്​
കശ്മീര്‍ പ്രശ്നം കലുഷിതമാക്കി അതി​​െൻറ മുറിവ് ഉണങ്ങുംമുന്പ് അസം പ്രശ്നം തൊടുത്തുവിട്ട് ഭരണകൂടം അതി​​െൻറ ഹിംസാത്മകശക്തിയില്‍ ആനന്ദിക്കുകയാണ്. രണ്ടു പ്രശ്നങ്ങളിലും രാഷ്​ട്രം എന്ന സങ്കൽപത്തി​​െൻറ അടിസ്ഥാനശിലകള്‍ ഇളക്കിമാറ്റാനുള്ള പരിശ്രമങ്ങളാണ് നമുക്ക് കാണാന്‍ കഴിയുക. പൗരത്വം എന്ന സങ്കൽപനത്തെ അടിമുടി മാറ്റിമറിച്ച്​ പൗരത്വമില്ലായ്മ എപ്പോഴും ആര്‍ക്കും ലഭിക്കാവുന്ന ഒരു ഭരണകൂടമുദ്രയാക്കി മാറ്റുന്നു എന്നതാണ് ഈ ഇടപെടലുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നത്. മാത്രമല്ല, അത്തരം പൗരത്വരഹിതര്‍ക്ക് വേണ്ടി നാടെമ്പാടും തടങ്കല്‍പാളയങ്ങളും ഉയരാന്‍ പോകുന്നു. ഞാന്‍ ഈ വരികള്‍ എഴുതുന്ന സമയത്ത് മും​െബെയില്‍ അത്തരം ഒരു തടങ്കല്‍പാളയം പണിയാന്‍ ആവശ്യപ്പെട്ട് മഹാരാഷ്​ട്രയിലെ ആഭ്യന്തരവകുപ്പ് നവി മുംബൈ ആസൂത്രണ അതോറിറ്റിക്ക്​ കത്തെഴുതിയതായി റിപ്പോർട്ട് വന്നിരിക്കുന്നു. എല്ലാ പ്രധാന കുടിയേറ്റ മേഖലകളിലും ഇത്തരം തടങ്കൽകേന്ദ്രങ്ങൾ നിർമിക്കണമെന്ന് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക്​ നിർദേശം നൽകിയിരുന്നു എന്നാണ്​ ചില വാര്‍ത്തകളില്‍ കാണുന്നത്. അതായത്​, പൗരത്വരാഹിത്യത്തി​​െൻറ അജണ്ട എന്നത് വളരെ ആസൂത്രിതമായി ഇന്ത്യയിലുടനീളം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നാണ്. 

പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പ്രസ്താവനകളും ഇടപെടലുകളും കൂട്ടിവായിച്ചാല്‍ കിട്ടുന്നത് നടുക്കുന്ന ഒരു വസ്തുതയാണ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങിയ മതവിഭാഗങ്ങളില്‍പെട്ട കുടിയേറ്റക്കാരായി സംശയിക്കപ്പെടുന്നവര്‍ ഭയക്കേണ്ടതില്ല. അവര്‍ സംരക്ഷിക്കപ്പെടും. ഇതിനായി 1955ലെ പൗരത്വനിയമം ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നു. പക്ഷേ, മുസ്​ലിംകള്‍ക്ക് ഇത്തരം പരിഗണനകള്‍ നല്‍കാന്‍ സാധ്യമല്ല. ഇതെങ്ങനെ ഭരണഘടന വിരുദ്ധമാകുന്നുവെന്ന്  വളരെ ശക്തമായി കരണ്‍ ഥാപറിനു നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൈദരാബാദിലെ നൽസര്‍ ലോ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്തഫ വിശദീകരിക്കുന്നുണ്ട്. ഭരണഘടന എന്നത് മാനിക്കപ്പെടുന്ന ഒരു രേഖയാകുന്നത്​ ജുഡീഷ്യറിയും ലെജിസ്ലേച്ചര്‍ സംവിധാനങ്ങളും അതിനു പ്രാധാന്യം നല്‍കുമ്പോഴാണ്.
amith-sha-Mod

ജുഡീഷ്യറി പൗരത്വപ്രശ്നത്തി​​െൻറ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത് എന്ന് ഫൈസാന്‍ മുസ്തഫ പറയുന്നുണ്ട്. അസമിലെ മുസ്​ലിം സമുദായത്തെ അനധികൃത കുടിയേറ്റത്തി​​െൻറ പേരുപറഞ്ഞ്​ അനാവശ്യമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് തടയാനായി ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 1983ല്‍ പ്രത്യേകമായി കൊണ്ടുവന്ന നിയമമായിരുന്നു അനധികൃത കുടിയേറ്റ നിർണയ നിയമം (The Illegal Migrants [Determination by Tribunal]  Act). 2005ല്‍ സുപ്രീംകോടതിതന്നെയാണ് ഈ നിയമം റദ്ദാക്കിയത്. ഒരുവശത്ത് സംരക്ഷണകവചങ്ങള്‍ പൊളിച്ചുമാറ്റുക, മറുവശത്ത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്ന്​ ന്യൂനപക്ഷ ജീവിതം ദുസ്സഹമാക്കുക എന്നൊരു സമീപനം ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും എക്സിക്യൂട്ടിവി​​െൻറ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഭരണഘടനവിദഗ്ധന്‍ കൂടിയായ ഫൈസാന്‍ മുസ്തഫ ചൂണ്ടിക്കാണിക്കുന്നത്. ചില ഉപരിചിന്തകളിലേക്ക് നമ്മെ നയിക്കുന്ന നിരീക്ഷണങ്ങളാണിവ. 

ഒരു രാഷ്​ട്രം നിലകൊള്ളുന്ന ചില അടിസ്ഥാന നൈതികബോധ്യങ്ങളുണ്ട്. അവ രൂപംകൊള്ളുന്നത് ചരിത്രപരമായാണ്. നിരന്തര സംവാദങ്ങളിലൂടെ ഉരുവാകുന്ന സമവായങ്ങളുടെയും സമ്മതികളുടെയും രാഷ്​ട്രീയമാണ് ആ നൈതികബോധ്യങ്ങളെ സൃഷ്​ടിക്കുന്നതും നിലനിര്‍ത്തുന്നതും. അതാണ്‌ രാഷ്​ട്രത്തി​​െൻറ നിയമസംഹിതകളിലും ഭരണഘടനയിലും മറ്റു ഭരണസമീപനങ്ങളിലും പ്രതിഫലിക്കുന്നത്. ഇതി​​െൻറ ധാർമികതകള്‍, ശക്തികള്‍, പരിമിതികള്‍, അനുഷ്​ഠാനപരതകള്‍, അസംബന്ധങ്ങള്‍ എല്ലാംതന്നെ ഒരു സവിശേഷ പരിപ്രേക്ഷ്യത്തിലെ പരസ്പരബന്ധിതമായ നിലപാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പുറമെനിന്ന് കാണുന്ന പല വൈരുധ്യങ്ങളും അതിനുള്ളില്‍ ജൈവപരമായി പൊരുത്തപ്പെട്ടു പോകുന്നവയായിരിക്കും. അവയിലെ വൈജാത്യങ്ങള്‍ ആ പരിപ്രേക്ഷ്യത്തി​​െൻറ ഘടനക്കുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരിക്കും. ജമ്മു-കശ്മീരും അസമും നാഗാലാ‌‍ന്‍ഡുമെല്ലാം ഇങ്ങനെ ഒരു പഴയ പരിപ്രേക്ഷ്യത്തില്‍ വൈരുധ്യാത്മകമായി ഇന്ത്യ എന്ന സമവായത്തില്‍ നിലകൊള്ളുന്ന സജീവമായ വെല്ലുവിളികളായിരുന്നു. രാഷ്​ട്രത്തെക്കുറിച്ചുള്ള ഒരു പൊതുസമ്മതിയില്‍, നൈതികബോധ്യത്തില്‍, സംഘർഷാത്മകവും എന്നാല്‍ അതേസമയം സമന്വയോന്മുഖവുമായ, ഒരേസമയം അനുസരിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമായ രാഷ്​ട്രീയ നിലപാടുകളായി മനസ്സിലാക്കപ്പെട്ടവയായിരുന്നു. 

ഇത് രൂപംകൊണ്ടത് കോളനിവിരുദ്ധ സമരത്തി​​െൻറ കാലത്ത്, അതി​​െൻറ പ്രത്യയശാസ്ത്രമൂശയിലാണ്. എത്രയൊക്കെ നിഷേധിച്ചാലും ജിന്നയിലും ഗാന്ധിയിലും നെഹ്​റുവിലും പട്ടേലിലും അംബേദ്‌കറിലുമെല്ലാം ഈ പ്രശ്നങ്ങളെക്കുറിച്ചൊക്കെ, അവര്‍ക്കിടയില്‍ നിലനിന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും, ചില അടിസ്ഥാന യോജിപ്പുകള്‍ ഉണ്ടായിരുന്നു. അവ മനസ്സിലാക്കപ്പെട്ട പരിപ്രേക്ഷ്യം അവര്‍ക്ക് അപരിചിതമായിരുന്നില്ല. അവര്‍കൂടി ഇടപെടുന്ന ഒരു വ്യവഹാരമണ്ഡലത്തി​​െൻറ സജീവമായ സംവാദതലത്തിലാണ് ആ ബോധ്യങ്ങള്‍ പങ്കുവെക്കപ്പെട്ടിരുന്നത്. വ്യത്യസ്ത നിലപാടുകള്‍ തുലനംചെയ്യാനുള്ള നൈതികമാനകങ്ങള്‍ അവര്‍ക്ക് കോളനിവിരുദ്ധസമരത്തി​​െൻറ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും നല്‍കിയ ധാരണകളും പ്രത്യയശാസ്ത്ര സങ്കൽപങ്ങളുമായിരുന്നു. 1980നു ശേഷം ഈ പരിപ്രേക്ഷ്യത്തിനു മേല്‍ വലിയ വിള്ളലുകള്‍ ഉണ്ടായി. അതിനുള്ള പ്രധാന കാരണം ഈ സമരപാരമ്പര്യവുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദുത്വ രാഷ്​ട്രീയം ഭരണത്തിലേക്ക് കടന്നുവരാനുള്ള ചുവടുകള്‍ ഉറപ്പിക്കാന്‍ തുടങ്ങി എന്നതായിരുന്നു. 

അന്നുവരെ ഉണ്ടാകാത്ത രീതിയില്‍, ഇന്ത്യന്‍ ഭരണകൂടത്തി​​െൻറ, ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ, ഇന്ത്യന്‍ മധ്യവർഗത്തി​​െൻറ രാഷ്​ട്രീയബോധ്യങ്ങളെ അത് കടന്നാക്രമിച്ചു. ഇന്ത്യയിലെ തൊഴിലാളിവർഗവും ദലിത്‌ ദേശീയത രാഷ്​ട്രീയവും ന്യൂനപക്ഷങ്ങളും എന്താണോ ഭയന്നിരുന്നത്, അതേ ഭൂരിപക്ഷ മതരാഷ്​ട്രീയം സ്വന്തം വേദിയില്‍ ചുവടുറപ്പിച്ചാണ് ഈ പുതിയ വെല്ലുവിളികള്‍ ഉയർത്തിത്തുടങ്ങിയത്. ഇന്ത്യന്‍ രാഷ്​ട്രീയം മുമ്പില്ലാത്ത രീതിയില്‍ കലുഷമാവാന്‍ തുടങ്ങി. ഇതേ ശക്തികള്‍ ഇതിനുമുമ്പ്​ ഈ നിലപാടുകള്‍ ഉയര്‍ത്തിയിരുന്നില്ല എന്നല്ല. പക്ഷേ, മുഖ്യധാരയില്‍ അവര്‍ക്ക് അത് എത്തിക്കാന്‍ കഴിയാത്തത്ര ശക്തമായിരുന്നു ഇന്ത്യന്‍ ഭരണകൂടത്തി​​െൻറ ഇക്കാര്യങ്ങളില്‍ ഉള്ള പൊതുസമീപനത്തി​​െൻറ വ്യാപ്തിയും ശക്തിയും. 60കളിലും 70കളിലും അവര്‍ അത് ഉയർത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, 80കളില്‍ ഈ ഭരണകൂടം പിടിച്ചെടുത്തല്ലാതെ പഴയ പരിപ്രേക്ഷ്യത്തെ തച്ചുടക്കാനാവില്ലെന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളിലേക്ക് അവര്‍ വളരെ വേഗം നീങ്ങുകയായിരുന്നു. 
assam-nrc

ഇതി​​െൻറ പശ്ചാത്തലത്തിലാണ് നവഹിന്ദുത്വ രാഷ്​ട്രീയത്തി​​െൻറ സമീപനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. അന്നത്തെ സര്‍ക്കാറുകള്‍ക്ക് പലപ്പോഴും അവരുടെ സമ്മർദങ്ങള്‍ക്ക്‌ വഴങ്ങേണ്ടിവരുകയും അതിലൂടെ അവര്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു. 90കള്‍ ആയതോടെ അവര്‍ ഇന്ത്യന്‍ രാഷ്​ട്രീയത്തില്‍ ഭരണകൂടം പിടിച്ചെടുക്കാന്‍ മാത്രം സ്വാധീനമുള്ള രാഷ്​ട്രീയശക്തിയായി വളര്‍ന്നുകഴിഞ്ഞിരുന്നു. ഇപ്പോഴാവട്ടെ, ഏതാണ്ട് പൂർണമായുംതന്നെ രാഷ്​ട്രവും ഭരണകൂടസംവിധാനങ്ങളും ഹിന്ദുത്വശക്തികളുടെ പിടിയിലാണ്. ഈ ചരിത്രപ്രക്രിയയുടെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും അവയുടെ ഭീകരതയും മനസ്സിലാക്കപ്പെടേണ്ടത്. സവര്‍ക്കറുടെ ദ്വിരാഷ്​ട്ര സിദ്ധാന്തത്തി​​െൻറ അടിസ്ഥാനം രാഷ്​ട്രത്തെ വിഭജിക്കാതെ ‘ഹിന്ദുദേശീയതയും’ ‘മുസ്​ലിം ദേശീയതയും’ രാഷ്​ട്രത്തിനുള്ളില്‍ വ്യത്യസ്തമായി നിലനില്‍ക്കുകയും ന്യൂനപക്ഷങ്ങള്‍ പ്രത്യേക അവകാശങ്ങള്‍ ഒന്നുമില്ലാത്ത കേവലാസ്തിത്വങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കഴിയുകയും ചെയ്യുക എന്നതായിരുന്നു. പൗരത്വമുള്ളവരുടെയും അതില്ലാത്തവരുടെയും ദ്വിരാഷ്​ട്രമെന്ന സവർക്കര്‍ ഭാവനയുടെ സാക്ഷാത്കാരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.      

രാഷ്​ട്രം സ്വന്തം മൂല്യങ്ങളെ ഉറപ്പിച്ചുനിര്‍ത്തുന്ന സ്വാതന്ത്ര്യത്തി​​െൻറ എല്ലാ നൈതികബോധ്യങ്ങളെയും അട്ടിമറിച്ച്​  തെല്ലും മറയില്ലാത്തവിധം ന്യൂനപക്ഷവിരുദ്ധമായ ഒരു നിലപാടിന് നൈതികാംഗീകാരം നല്‍കുന്ന, അതിനു നിയമപരിരക്ഷ നല്‍കുന്ന സമീപനത്തിലേക്ക് നിസ്സാരമായി ചുവടുമാറ്റാന്‍ ഹിന്ദുത്വ ഭരണകൂടത്തിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തടങ്കല്‍പാളയങ്ങളുടെയും നിരന്തര വിവേചനത്തി​​െൻറയും നീതിരഹിതമായ പൗരത്വനിരാസത്തി​​െൻറയും അനിശ്ചിതത്വത്തിലേക്ക് കോടിക്കണക്കായ ഇന്ത്യക്കാരെ അവരുടെ മതത്തി​​െൻറ മാത്രം പേരില്‍ തള്ളിയിടാന്‍ ശ്രമിക്കുന്ന ഒരു രാഷ്​ട്രീയത്തോട് പ്രതികരിക്കാന്‍ കഴിയാതെ കരുത്തുറ്റ നിഷേധസ്വരങ്ങള്‍ പോലും നിശ്ശബ്​ദമാവുകയാണ്. ഇന്ത്യന്‍ ജനതയുടെ ജനാധിപത്യബോധത്തി​​െൻറ ആഴവും ചരിത്രപരതയും അതിജീവനത്വവും പരീക്ഷിക്കപ്പെടുന്ന ഈ സമയത്ത് കൂടുതല്‍ വിചിന്തനങ്ങളുടെയും സംവാദങ്ങളുടെയും പ്രതിരോധത്തി​​െൻറയും പ്രതിപക്ഷജനകീയത ഇന്ത്യയിലെ സിവില്‍സമൂഹത്തിനുള്ളില്‍ ശക്തമാവേണ്ടിയിരിക്കുന്നു. 
 
Loading...
COMMENTS