ഒരു നേതാവും  നിയമത്തിനു മുകളിലല്ല

09:07 AM
30/11/2018
sasi-mukesh
പി.കെ. ശശി, മുകേഷ്​

പീഡനപരാതി അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച സമിതി പി.കെ. ശശി എം.എല്‍.എ  കുറ്റക്കാരനാണെന്നു കണ്ടെത്തിയശേഷം പീഡനം തീവ്രസ്വഭാവമുള്ളതായിരുന്നില്ലെന്നു പറഞ്ഞുകൊണ്ട് കുറഞ്ഞ ശിക്ഷ നല്‍കാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഒരു നല്ല സന്ദേശമല്ല സമൂഹത്തിനു നല്‍കുന്നത്. സ്ത്രീപീഡനം രാഷ്​ട്രീയ ആയുധമായി മറ്റേതു കക്ഷിയേക്കാളും വിജയകരമായി ഉപയോഗിച്ചിട്ടുള്ള സി.പി.എമ്മിന്​ അതി​​െൻറ നേതാക്കള്‍ ആരോപണവിധേയരാകുമ്പോള്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കാനുള്ള കടമയുണ്ട്.

ലൈംഗികാരോപണങ്ങളില്‍ പാര്‍ട്ടി ശക്തമായ  നടപടികളെടുത്ത സന്ദര്‍ഭങ്ങളുണ്ട്. കണ്ണൂര്‍ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരിക്കുമ്പോഴാണ് 2011ൽ പി. ശശിയെ പുറത്താക്കിയത്. കഴിഞ്ഞ കൊല്ലം ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ്​ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി. അതേത്തുടര്‍ന്ന്​ ഏതാനും മാസം മുമ്പ് അദ്ദേഹത്തെ തിരി​െച്ചടുത്ത് ഒരു ബ്രാഞ്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഒരു ഡി.വൈ.എഫ്.ഐ അംഗമായിരുന്നു ശശിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, കോടതിയെ സമീപിച്ചത് അവരല്ല, പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ടി.പി. നന്ദകുമാര്‍ ആണ്. ആ നിലക്ക്​ കേസി​​െൻറ നടത്തിപ്പ് സംബന്ധിച്ച് സംശയങ്ങള്‍ക്ക് ഇടമുണ്ട്.

എറണാകുളം ജില്ല കമ്മിറ്റി മുന്‍ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ 2012ൽ പാര്‍ട്ടി പുറത്താക്കിയതും ലൈംഗികാരോപണത്തെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിനെതിരെ ഒരു സ്ത്രീയും പരാതി നല്‍കിയിരുന്നില്ല. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ചിലര്‍ ഒളികാമറയില്‍ പകര്‍ത്തി പ്രശ്നമാക്കുകയായിരുന്നു. ആ പരിപാടിയില്‍ ഭാഗഭാക്കുകളായ നാലു ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തു. ഒരാളെ ആറു മാസത്തേക്ക് സസ്പെൻഡ്​ ചെയ്തു, മറ്റൊരാളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി, രണ്ടുപേരെ ശാസിച്ചു. 

ഉഭയസമ്മതപ്രകാരമുള്ള ബന്ധം കുറ്റകൃത്യമല്ല. എന്നിട്ടും നടപടി ഉണ്ടായത് അതിനെ ധാർമികപ്രശ്നമായി കണ്ടതുകൊണ്ടാണ്. കോട്ടമുറിക്കലിനെയും പാര്‍ട്ടി ഇക്കൊല്ലം തിരി​െച്ചടുത്തു.ജില്ല സെക്രട്ടറിമാരായിരുന്നവരെ ആറുകൊല്ലം മഴയത്ത് നിര്‍ത്തിയ പാര്‍ട്ടി  ഇപ്പോള്‍ എം.എല്‍.എമാരുടെ കാര്യത്തില്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ നിർമാണത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച സ്ത്രീ ‘മീ ടൂ’ കാമ്പയി​​െൻറ ഭാഗമായി എം. മുകേഷ് എം.എല്‍.എക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. പരാതിക്കാരിയെ അറിയില്ലെന്നും മുകേഷ് എന്ന പേരില്‍ അവരോട് ഫോണില്‍ സംസാരിച്ചത് മറ്റാരെങ്കിലുമാകും എന്നുമായിരുന്നു മുകേഷി​​െൻറ പ്രതികരണം. പാര്‍ട്ടിക്കാകട്ടെ, ആരോപണം കേട്ട ഭാവംപോലുമില്ലായിരുന്നു.   

ഒരു ഡി.വൈ.എഫ്.ഐ നേതാവാണ് പി.കെ. ശശിക്കെതിരെ പരാതിപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം  വൃന്ദ കാരാട്ടിനും നല്‍കിയ പരാതിയിന്മേല്‍ നടപടി ഉണ്ടാകാഞ്ഞതുകൊണ്ട് അവര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്​ എഴുതി. അദ്ദേഹം സംസ്ഥാനഘടകത്തോട് നടപടിയെടുക്കാന്‍ നിർദേശിച്ചതായി വാര്‍ത്ത വന്നപ്പോള്‍ വിഷയം സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. തുടര്‍ന്നാണ്‌ സംസ്ഥാന കമ്മിറ്റി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന അന്വേഷണസമിതി രൂപവത്​കരിച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ശശിയുടെ നേതൃത്വത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിച്ചത് നടപടിയൊന്നും ഉണ്ടാകില്ലെന്ന ധാരണ പരത്തിയിരുന്നെങ്കിലും പാര്‍ട്ടി നടപടിയെടുത്തു.

നിലവിലുള്ള നിയമസംവിധാന പ്രകാരം തൊഴിലിടങ്ങളില്‍ സ്ത്രീപീഡന പരാതികള്‍ അന്വേഷിക്കാന്‍ സ്ത്രീപ്രാതിനിധ്യമുള്ള സമിതികളുണ്ടാകണം. രാഷ്​ട്രീയകക്ഷികളുടെ ഒാഫിസുകള്‍ അതി​​െൻറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം തൊഴിലിടങ്ങളുടെ നിര്‍വചനത്തില്‍ വരുമെന്നു തോന്നുന്നില്ല. പി.കെ. ശശിക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ വനിത കമീഷന്‍ അധ്യക്ഷയായ സി.പി.എം നേതാവ്​ എം.സി. ജോസഫൈന്‍ തെറ്റ് മനുഷ്യസഹജമാണെന്നു പറഞ്ഞ്​ സംഭവത്തെ നിസ്സാരവത്കരിക്കുകയാണുണ്ടായത്. ഇത് പാർട്ടികള്‍ക്കുള്ളിലെ ആണാധിപത്യം നീണ്ട പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു വനിത നേതാവിനെപ്പോലും അലോസരപ്പെടുത്തുന്നില്ലെന്നു വെളിവാക്കുന്നു. അങ്ങനെയുള്ളപ്പോള്‍ നീതിപൂര്‍വകമായ ആന്തരിക സംവിധാനം പ്രതീക്ഷിക്കാനാവില്ല.   

എം.എല്‍.എക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്ന ആക്ഷേപം പാര്‍ട്ടിക്ക് പുറത്തുനിന്ന് ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. ജില്ല സെക്രട്ടറിമാരായിരുന്നവര്‍ക്ക് നല്‍കിയ ശിക്ഷയുമായി തുലനം ചെയ്യുമ്പോള്‍ ആക്ഷേപം ശരിയാണു താനും. എന്നാല്‍, പരാതിക്കാരി നടപടിയില്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നാമനിർദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ സ്ഥാനാർഥികള്‍ നല്‍കിയ സത്യവാങ്​മൂലങ്ങള്‍ അപഗ്രഥിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് നിയമനടപടി നേരിടുന്ന സാമാജികരുടെ പട്ടികയില്‍ ബി.ജെ.പിയാണ് ഒന്നാം സ്ഥാനത്തെന്നു കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ സി.പി.എമ്മി​​െൻറ പേരുണ്ടായിരുന്നില്ല. ഇത് പരാതികള്‍ പൊലീസിലോ കോടതിയിലോ എത്താതെ നോക്കുന്നതുകൊണ്ടാകാം. ബി.ജെ.പി കോടതികളുടെ മുന്നിലുള്ള പരാതികള്‍ പിന്‍വലിപ്പിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തി എം.പിമാരെയും എം.എല്‍.എമാരെയും ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ സി.പി.എമ്മിന് അത് സ്വീകാര്യമാകുമോ?

കടുത്ത അച്ചടക്ക സംവിധാനമുള്ള ഒരു പാര്‍ട്ടിക്ക് അംഗങ്ങള്‍ നേതാക്കള്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിക്കില്ലെന്ന്‍ ഉറപ്പാക്കാനാകും. എന്നാല്‍, ‘ഭരണഘടനക്കൊപ്പം’ എന്ന് ആണയിടുന്ന ഒരു പാര്‍ട്ടി നമ്മുടെ വ്യവസ്ഥയില്‍ ഒരു നേതാവും നിയമത്തിനു മുകളിലല്ലെന്നു തിരിച്ചറിയണം. സ്ത്രീപീഡനം കടുത്ത ധാർമിക അപരാധമായി പരിഗണിക്കപ്പെടേണ്ട ഒരു കുറ്റമാണ്. അത് പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ചചെയ്ത്​ ഒതുക്കേണ്ട വിഷയമല്ല. അതിനെ പാർട്ടിവിഷയമായി ചുരുക്കുമ്പോള്‍ കക്ഷിനേതാക്കള്‍ പ്രത്യേക വ്യക്തിനിയമമുള്ള വിഭാഗമായി മാറും. അത് ആശാസ്യമല്ല.

Loading...
COMMENTS