നിപ പനി 2.0: അൽപം ആസൂത്രണവും

08:03 AM
11/06/2019
വീണ്ടും നിപ വൈറസ് ബാധ കേരളത്തിൽ കണ്ടെത്തിയിരിക്കുന്നു. മുൻ വർഷത്തെപ്പോലെയല്ല. ഇത്തവണ ആദ്യരോഗിയിൽ തന്നെ രോഗം കണ്ടെത്താനായി. വ്യാപകമായ തിരച്ചിലിലൂടെ രോഗിയുമായി സമ്പർക്കമുണ്ടായ മുന്നൂറിലധികം പേരെ നിരീക്ഷണത്തിൽ കൊണ്ടുവരുകയും കുറെപ്പേരെ ഐസലേഷൻ പരിരക്ഷയിലാക്കുകയും ചെയ്​തു. യുദ്ധകാലാടിസ്ഥാനത്തിലെ പ്രവർത്തനമെന്ന നിലയിൽ പൊതുജനാരോഗ്യ രംഗത്തെ മികച്ചനേട്ടമായി ഇതിനെ കാണണം. മികച്ച ചികിത്സപ്രാവീണ്യം തർക്കമില്ലാത്ത സാന്നിധ്യമാണ്. ഒരു പൊതുമേഖല മെഡിക്കൽ കോളജിൽ ചുരുങ്ങിയ സമയം കൊണ്ട് സംഘടിതപ്രവർത്തനത്തിലൂടെ മികവുറ്റ ചികിത്സാപദ്ധതി സാധ്യമാക്കാനായന്നതും നിസ്സാരകാര്യമല്ല. അവിടത്തെ പ്രിൻസിപ്പലി​​​െൻറ നേതൃത്വവും മറ്റു പ്രഫഷനൽ ഇടപെടലുകളും ആരോഗ്യരംഗത്തെ സഫലമായ മാനേജ്മ​​െൻറ് ടെക്‌നിക്കായി മനസ്സിലാക്കണം. 
ഇത്തവണ നിപ പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനായത് നിരവധി അനുകൂലാവസ്ഥക്കു കാരണമാകും. ഇതുമൂലം ഊർജസ്വലമായ പ്രതിരോധപ്രവർത്തനം ക്രോഡീകരിക്കാൻ സാധിക്കുന്നു. വ്യക്തികൾക്കിടയിലെ രോഗവ്യാപനം പരിമിതപ്പെടുത്താനും തന്മൂലം പകർച്ചപ്പനിയുടെ വ്യാപ്‌തിയും കാഠിന്യവും നിയന്ത്രിക്കാനും കാരണമാകും. വൈറസ് വിരുദ്ധ ഔഷധങ്ങൾ ആവശ്യത്തിന് ശേഖരിക്കാനും പനിയും പ്രാരംഭ ലക്ഷണങ്ങളും കാണുന്ന മുറക്ക് ഐസലേഷൻ ഏർപ്പെടുത്താനും അവസരം ഉണ്ടാകും. വ്യക്തികളുടെ ഇടയിൽ ആരോഗ്യത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തി​​​െൻറ പ്രാധാന്യത്തെക്കുറിച്ചും തുടരാലോചനകൾക്ക് സാധ്യതയുണ്ടാകും. അതുവഴി സമൂഹത്തിൽ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താൻ അവസരമുണ്ടാകും. 2019ലെ നിപ അണുബാധ തീർച്ചയായും മുൻവർഷത്തേക്കാൾ ദുർബലവും പരിമിതവുമായിരിക്കും; നമ്മുടെ സമയോചിത ഇടപെടൽ അതി​​​െൻറ കാരണവും.

എങ്കിലും നിപ പനി പുനർഭവിക്കുമ്പോൾ അതിനുള്ള കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്. ഒപ്പം പനി പ്രതിരോധിക്കുന്നതിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും പഠനങ്ങൾക്ക് വിധേയമാകണം. ഇവിടെ ഏതാനും കാര്യങ്ങൾ പ്രസക്തമാണ്.

ഒന്ന്, നിപ വൈറസി​​​െൻറ പ്രകൃതിദത്ത സംഭരണിയായി കണ്ടെത്തിയിരിക്കുന്നത് പഴംതീനി വവ്വാലുകളാണ്. അനേകം ഉപവിഭാഗങ്ങളുള്ള വലിയ വർഗമാണിത്. അതി​​​െൻറ ജീവിതരീതിയും വൈറസ് പ്രസരണരീതിയും നമ്മുടെ പശ്ചാത്തലത്തിൽ പഠനവിധേയമാക്കണം. വിജയ് ചാട്ടു, രാമൻ കുമാർ (2018) മുതൽ പേർ നടത്തിയ പഠനത്തിൽ പറയുന്നത്, വവ്വാലുകൾ പടർത്തുന്ന  വൈറസ് മനുഷ്യരിൽ ശക്തമായ അണുബാധയുണ്ടാക്കും എന്നാണ്. ഒന്നാലോചിച്ചാൽ ഈ നിഗമനത്തിന് അടിത്തറയുണ്ട്. മലേഷ്യയിലെ ആദ്യ പകർച്ചവ്യാധിയിൽ വവ്വാലുകളിൽനിന്ന് പന്നിയിലേക്കും പന്നിയിൽ നിന്ന് മനുഷ്യരിലേക്കുമാണ് പ്രസരണം നടന്നത്. മരണനിരക്ക് കുറഞ്ഞ അണുബാധയാണ് അവിടെയുണ്ടായത്. പിന്നീട് ബംഗ്ലാദേശിൽ കണ്ട വൈറസ് ജനിതകമായി മലേഷ്യൻ വൈറസിൽനിന്ന് വിഭിന്നമായിരുന്നു. കോഴിക്കോട് കണ്ടെത്തിയ വൈറസ് ബംഗാൾ വൈറസിന് സമാനമായിരുന്നു. അവിടെയെല്ലാം വവ്വാലിൽനിന്ന് മനുഷ്യരിലേക്ക് വ്യാപനം നടന്നുവെന്ന് കണക്കാക്കപ്പെടുന്നു.

രണ്ട്, വവ്വാലുകൾ നിപ വൈറസ് സംഭരണിയായി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ വവ്വാലുകളുടെ ശരീരത്തിൽ എക്കാലവും വൈറസ് സാന്നിധ്യമുണ്ടാകും. അങ്ങനെയെങ്കിൽ നിപ അണുബാധ ഇടക്കിടെ, കാലികമായി ഉണ്ടായാൽ മതിയോ? ഏറിയും കുറഞ്ഞും ഇപ്പോഴും കാണേണ്ടതല്ലേ? ചാട്ടു, കുമാർ എന്നിവരുടെ പ്രബന്ധം ഇതിലേക്കും വെളിച്ചം വീശുന്നുണ്ട്. ഇവരുടെ അഭിപ്രായത്തിൽ പഴം തീനി വവ്വാലുകളുടെ വാസസ്ഥലം മനുഷ്യർ കൈയേറുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. അവർക്ക് പാർക്കാനുള്ള വനം, വൻവൃക്ഷങ്ങൾ എന്നിവ നഷ്​ടപ്പെട്ടുകഴിഞ്ഞാൽ അവർ കൂട്ടത്തോടെ മനുഷ്യരുടെ വാസസ്ഥലം കൈയേറുകയായി. ശാരീരികവും വൈകാരികവുമായ സ്ട്രെസ്, വിശപ്പ്, ചേക്കേറാനുള്ള ഇടം തേടൽ ഇതെല്ലാം അവയുടെ വിശപ്പ് വർധിപ്പിക്കുകയും, പ്രതിരോധ ശക്തി ദുർബലമാക്കുകയും ചെയ്യും. ഇത് ശരീരത്തിലെ വൈറസ് സാന്ദ്രത ക്രമാതീതമായി വർധിപ്പിക്കും. അതിനാൽ വവ്വാലിൽനിന്നും മനുഷ്യരിലേക്കുള്ള സ്പിൽ ഓവർ സുഗമമാകുന്നു. വവ്വാൽ പ്രജനനം മാത്രം ഒരു കരണമാകാനിടയില്ല; എന്തെന്നാൽ പ്രജനന കാലം നവംബർ മുതൽ മേയ് വരെയാണ്. കേരളത്തിലെ 2018ലെയും 2019ലേയും നിപ ബാധ മേയ് അവസാനം മുതലാണ് നടന്നത്. ഇൻകുബേഷൻ സമയം കൂടി പരിഗണിച്ചാലും മേയ് രണ്ടാം വാരമാകുമ്പോൾ പ്രജനന കാലം കഴിയും പോലെയാകുന്നു.

മൂന്ന്, നിപ പനി പുതിയ ഇനം പനിയാണെന്നും വർധിച്ച മരണനിരക്ക് ആശങ്കയുളവാക്കുന്നുവെന്നും അതിനാൽ ശാസ്ത്രീയമായ ചികിത്സയും പ്രതിരോധവും ഉറപ്പാക്കണമെന്നും സമൂഹം ഇതിനകം മനസ്സിലാക്കിയിരിക്കുന്നു. സമൂഹം സർക്കാറിനൊപ്പം എന്ന വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. ഈ ശാസ്ത്രാവബോധം മുന്നോട്ടു കൊണ്ടുപോകാൻ സമൂഹത്തിനും സർക്കാറിനും വ്യക്തികൾക്കും ബാധ്യതയുണ്ട്. അവിടെയാണ് ശാസ്ത്രീയ നിലപാടുമായി മുന്നോട്ടുപോകുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രചാരണവുമായി വരുന്നവരെ തടയേണ്ടതെങ്ങനെ എന്ന ചർച്ച അനിവാര്യമായി വരുന്നത്. പൊതുജനാരോഗ്യത്തിൽ മുന്നേറ്റമുണ്ടാക്കാൻ പങ്കാളികളാകേണ്ടവർ തന്നെ അതിനെതിരായി നിലകൊണ്ടാൽ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? കേരളം മുഴുവൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ മുഴുകിയപ്പോൾ വാക്സിൻ തട്ടിപ്പാണെന്നും അമേരിക്കൻ ചാരപ്പണി അതിലുണ്ടെന്നും പറഞ്ഞു ചിലർ മുന്നോട്ടുവന്നത് മറക്കാറായിട്ടില്ല. നിപ എന്നൊരു പനിയില്ലെന്നും പനി ചികിത്സിക്കാൻ വെള്ളവും എനിമയും മതിയെന്നും പനി ആഘോഷമാക്കണമെന്നും പറയുന്നവർ പൊതുജനാരോഗ്യശാസ്ത്രത്തി​​​െൻറ ദൃഷ്​ടിയിൽ അനാരോഗ്യ മൗലികവാദികൾ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽനിന്ന് അവരെ നിഷ്കാസനം ചെയ്യുക എന്നതും നിപ പനി പ്രതിരോധത്തിൽ ഒഴിച്ചുകൂടാനാവാത്ത കാര്യം തന്നെ.

നാല്, നമ്മുടെ ആരോഗ്യം ഏതെങ്കിലും ചട്ടക്കൂടുകളിൽ ഒതുങ്ങിനിൽക്കുന്ന കാലം അസ്തമിച്ചുകഴിഞ്ഞു. വീട്, ആശുപത്രി, സമൂഹം, വാസസ്ഥലം, പ്രകൃതി എന്നിവയുടെ അവിച്ഛിന്ന പ്രദേശമായി നാം ആരോഗ്യത്തെ സങ്കൽപിക്കേണ്ടിയിരിക്കുന്നു. വവ്വാലിൽന ിന്നു വീട്ടുമൃഗങ്ങളിലേക്കും അവയിൽ നിന്നുനമുക്കും സ്പിൽ ഓവർ വരുന്നുവെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സസ്തനികളായ മൃഗങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നടപ്പാക്കണം. റോബെർട്സ്, കാറ്ററൽ  (2012) ആസ്‌ട്രേലിയയിൽ നടത്തിയ പഠനം ശ്രദ്ധയർഹിക്കുന്നു. നിപ പനിക്ക് സമാനമായ അണുബാധ അവിടെയും കണ്ടിട്ടുണ്ട് എന്നതിനാൽ ഇവരുടെ നിഗമനങ്ങൾ നമുക്കും സഹായകമാവും. പഴംതീനി വവ്വാലുകളിൽ ഒരു വർഗത്തെയാണ് പഠനവിഷയമാക്കിയത്. പല വവ്വാലുകളും ചേക്കേറാനായി വളരെ ദൂരം യാത്രചെയ്യാറുണ്ട്. ആയിരം കിലോമീറ്റർ യാത്രപോലും അസ്വാഭാവികമല്ല. അതിനർഥം വൈറസ് ഏതാനും ദിവസങ്ങൾ കൊണ്ട് ആയിരം കിലോമീറ്റർ താണ്ടി ദൂരസ്ഥലങ്ങളിൽ എത്തുന്നതിൽ അത്ഭുതമില്ല. നമ്മുടെ നാട്ടിലെ വവ്വാലുകളുടെ യാത്രാരീതി കണ്ടെത്തേണ്ടത് വൈറസ് ഭൂമിക അടയാളപ്പെടുത്താൻ ആവശ്യമാണ്. വവ്വാലുകളെ കൊന്നുതീർക്കണം എന്ന ആവശ്യം ശാസ്ത്രീയമല്ലെന്നും അവയുടെ യാത്രാരീതി പഠിക്കുന്നവർ പറയുന്നു.
അഞ്ച്, നിപ പനി മാത്രമല്ല, കേരളത്തിൽ അങ്ങിങ്ങായി പല വിധത്തിലുള്ള വൈറൽ പനികൾ അടിക്കടി പൊങ്ങിവരുന്നു. ലോകാരോഗ്യ സംഘടന രോഗം X എന്ന പേരിൽ ഇനി വരാവുന്ന നവീന പകർച്ചവ്യാധി ഇപ്പോഴും പരിഗണിക്കുന്നു. 1997വരെ നിപാ പനി രോഗം X ആയിരുന്നു എന്നർഥം. ഇതെല്ലാം പ്രതിരോധിക്കാൻ യൂനിവേഴ്സൽ പ്രിക്കോഷൻ (സാർവത്രിക പ്രതിരോധോപായങ്ങൾ) എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും നടപ്പാക്കാൻ സമയബന്ധിതമായി പദ്ധതിയുണ്ടാകണം. ആവർത്തിച്ചുള്ള പനി മരണങ്ങളെ കുറിച്ചുള്ള ആശങ്കകൾ മാറ്റാനും കൃത്യമായ പ്രതിരോധം ഉറപ്പിക്കാനും കാരണമാകും. ആശുപത്രികളുടെ ഗുണമേന്മ വർധിക്കും എന്നതിനാൽ ആരംഭത്തിലെ പണ​െച്ചലവ് നഷ്​ടമായി കരുതാനാവില്ല.

ഇപ്പോഴത്തെ നിപ പനി പുതിയൊരു ആരോഗ്യസംസ്കാരം സൃഷ്​ടിക്കാനും ശാസ്ത്രബോധത്തോടെ നടപ്പാക്കേണ്ട ആരോഗ്യ പദ്ധതികൾ നിർവിഘ്‌നം നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കാനും നമ്മെ ​പ്രേരിപ്പിക്കണം. അതിന് ഊർജംപകരുന്ന സാമൂഹിക മുന്നേറ്റങ്ങൾ വൈകിക്കൂടാ.
 
Loading...
COMMENTS