Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightആവർത്തന കൊലപാതകവും...

ആവർത്തന കൊലപാതകവും വൈദ്യശാസ്ത്രവും

text_fields
bookmark_border
face
cancel

വൈദ്യശാസ്ത്രവും കുറ്റാന്വേഷണവും സന്ധിക്കുന്ന സന്ദർഭങ്ങളിലൊന്നാണ് ആവർത്തനക്കൊലപാതകം. വ്യത്യസ്ത കാലങ്ങളിൽ പ്രത്യക്ഷമായി ബന്ധമില്ലാതെ നടക്കുന്ന മരണങ്ങൾ നരഹത്യയായി കണ്ടെത്തുന്നതുതന്നെ ശ്രമകരമാണ്. എല്ലാ സമൂഹങ്ങളിലും എല്ലാ കാലങ്ങളിലും ആവർത്തന കൊലപാതകങ്ങൾ സംഭവിക്കുന്നുണ്ട്. കേരളത്തിലെ കൂടത്തായി സംഭവം അത്തരത്തിൽ ഉള്ളതാണെന്ന സൂചന ശക്തമാണ്. ആവർത്തനക്കൊല ചെയ്യുന്നവരുടെ മാനസിക വ്യതിയാനങ്ങളും കുറ്റവാസനകളും ഇതിനകം സാമൂഹികശ്രദ്ധ നേടിക ്കഴിഞ്ഞു. ക്രമമില്ലാത്ത ഇടവേളകളിൽ രണ്ടിൽ കൂടുതൽ നരഹത്യ സംഭവിക്കു​േമ്പാഴാണ് ആവർത്തന കൊലപാതകം എന്നു പറയുന്നത്. മൂന്നു മരണങ്ങൾ നടക്കുമ്പോൾതന്നെ കണ്ടെത്തുന്നത് ഫലത്തിൽ മറ്റു ചിലരുടെ ജീവൻ രക്ഷിക്കുന്നതിനു തുല്യമാണ്.

16 ാം നൂറ്റാണ്ടിനു മുമ്പ് നൂറോ അതിലധികമോ കൊലപാതകങ്ങൾ നടത്തിയ പലരുടെയും കഥ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പത്ര മാധ്യമങ്ങൾ ഉണ്ടാകുകയും ആശയവിനിമയം അതിവേഗം നടക്കുകയും ചെയ്യുന്ന ഇക്കാലത്തു കൊലപാതകത്തി​​​െൻറ ആവർത്തനങ്ങളും ചുരുങ്ങിവരുന്നുണ്ടെന്നു കാണാം. ആവർത്തന കൊലകൾ കാലതാമസമില്ലാതെ കണ്ടെത്തുന്നതും തുടർകൊലപാതകങ്ങൾ തടയുന്നതും പൗ രരുടെ അവകാശങ്ങളോടും സമൂഹത്തി​​​െൻറ ജനാധിപത്യ മൂല്യങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. പൊതുവെ പറഞ്ഞാൽ അഞ്ചിൽ ഒരു കൊലപാതകി മാത്രമാണ് ആവർത്തന കൊലകൾ ചെയ്യുന്ന സ്ത്രീ. മറ്റൊരു രീതിയിലും ഇതുകാണാം. നരഹത്യകൾ ആവർത്തിക്കുന്നതിൽ ഒരു സ്ത്രീയാണ് കാരണമെങ്കിൽ എവിടെയൊക്കെയോ നാലു പുരുഷന്മാർ കൊലനടത്തുന്നുണ്ട് എന്നും അർഥമാക്കാം. അവർ ഇപ്പോഴും അദൃശ്യരാണെന്നു മാത്രം. കുറ്റമറ്റ കൊലപാതകം നമുക്കിനിയും കണ്ടെത്താനാവാത്തതാണല്ലോ.

ആവർത്തനകൊലപാതകങ്ങൾ നേരത്തേ കണ്ടെത്തേണ്ടത് അത്യാവശ്യമാകുന്നത് എന്തുകൊണ്ടാണ്​? ഇന്ത്യയിൽ ഏതാണ്ട് 75 ശതമാനം മൃതശരീരങ്ങൾ ദഹിപ്പിക്കുകയാണ്. മരണശേഷം 24 മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ അഗ്​നിയിലാകും. അതോടെ മരണവുമായി എന്തെങ്കിലും ക്രൈം നടന്നിരുന്നുവെങ്കിൽ അവയും അപ്രത്യക്ഷമാകും. അന്വേഷണങ്ങൾ മരണത്തിനുശേഷം മാത്രം നടക്കുന്നതാകയാൽ മൃതദേഹം നിലവിലുള്ള കാലം മാത്രമേ തെളിവുകൾ ശേഖരിക്കാനാകൂ. അതിനാൽ, വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ നാട്ടിൽ തദ്ദേശീയമായ മാനദണ്ഡങ്ങൾ കണ്ടെത്തണം. മരണം ഉറപ്പാക്കുന്നതു മുതൽ മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള സമയം എന്തെല്ലാം നടപടിയാണ് വേണ്ടതെന്ന് പ്രോട്ടോകോൾ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ സമയമായി എന്നു തോന്നുന്നു. ഇക്കാര്യത്തിൽ പാശ്ചാത്യ മാതൃകകൾ നമുക്കിണങ്ങുകയില്ല. അതിനായി ചർച്ചകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇതിനകം തന്നെ പല വിദഗ്​ധരും ആശുപത്രികളിൽ എത്തുമ്പോൾ മരണപ്പെട്ടവരെയെല്ലാം അസ്വാഭാവികമരണം സംഭവിച്ചതായി കണ്ടു പോസ്​റ്റ്​​േമാർട്ടം പരിശോധനക്ക് വിധേയമാക്കണം എന്ന നിലപാടിലേക്ക് വരുന്നതായി കാണുന്നു. ഇതു സാർവത്രികമായി എതിർക്കപ്പെടാൻ സാധ്യതയുണ്ട്. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യുന്നത് ദുഃഖകരമായും തെറ്റായ ഇടപെടലായും ധരിക്കാൻ സാധ്യതയുണ്ട്. ബന്ധുവി​​​െൻറ മരണസമയത്ത് കുടുംബത്തിലുള്ളവർ സംശയത്തി​​​െൻറ നിഴലിൽ നിൽക്കുന്നത് ആശങ്കയുളവാക്കും. മരണവുമായി ബന്ധപ്പെട്ട നമ്മുടെ സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ കൂടി ഇൗ ആവശ്യത്തോടൊപ്പം പരിഗണിക്കേണ്ടതാണ്.
പോസ്​റ്റ്​മോർട്ടം ആവശ്യപ്പെടുന്നവർ ഇന്നത്തെ അടിസ്ഥാനസൗകര്യങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്.

സർക്കാർമേഖലയിലുള്ള മെഡിക്കൽകോളജുകളിലും സർക്കാർ ആശുപത്രികളിലും മാത്രമേ ഇപ്പോൾ ഇൗ സൗകര്യങ്ങൾ നിലവിലുള്ളൂ. സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഇപ്പോൾ സൗകര്യങ്ങളില്ല. അവിടെ പഠിക്കുന്ന വിദ്യാർഥികൾ സർക്കാർജോലിയിൽ പ്രവേശിക്കുമ്പോൾ പോസ്​റ്റ്​മോർട്ടം പരിശീലനം, തെളിവ് ശേഖരിക്കൽ, കോടതി നടപടിക്രമങ്ങൾ എന്നിവയിൽ ഫലപ്രദമായി ഇടപെടാനാകുമോ എന്നത് സംശയം തന്നെ. ഇപ്പോൾ പോസ്​റ്റ്​മോർട്ടം പകൽവെളിച്ചത്തിൽ മാത്രമേ ചെയ്യുകയുള്ളൂവെന്ന ശാഠ്യം ബന്ധപ്പെട്ടവർ വെച്ചുപുലർത്തുന്നു. കൂടുതൽ മൃതശരീരം പരിശോധിക്കേണ്ടിവരുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ സമാന്തരമായി വർധിച്ചില്ലെങ്കിൽ ഇൗ പരിശോധന ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുമോ എന്ന സംശയം ബാക്കിയാകും. അതിനാൽ, സാമൂഹിക സൗഹൃദ മാതൃക എന്തെങ്കിലും കണ്ടെത്തേണ്ടത് ആവശ്യമായി വരുന്നു.

അത്യാഹിത വിഭാഗത്തിലെത്തുന്ന മരണാസന്നരായ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് സർവപ്രധാനം. അതിനുശേഷം മരണകാരണത്തെക്കുറിച്ചുള്ള വിശദമായ മെഡിക്കൽ അന്വേഷണം നടത്തണം. മൃതശരീരത്തി​​​െൻറ പരിശോധന, സ്രവം, രക്തം, വസ്ത്രങ്ങളിൽ ഒട്ടിപ്പിടിച്ച കറകളുടെ സാംപിൾ എന്നിവ ഫോറൻസിക് പരിശോധനക്കായി മാറ്റിവെക്കണം. ഇതിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കിൽ പോസ്​റ്റ്​ മോർട്ടം ആവശ്യമാണെന്ന് കരുതാം. മൃതദേഹം ആശുപത്രിയിലെത്തിച്ച എല്ലാവരുമായി മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി ചോദിച്ചറിയേണ്ടതും ആവശ്യം തന്നെ. ശരീര പരിശോധനയും ഇൻറർവ്യൂകളും വിഡിയോ റെക്കോഡിങ് നടത്തേണ്ടതാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിന് ഇതെല്ലാം ആവശ്യമാക്കിയിട്ടുള്ളതിനാൽ ഇതേക്കുറിച്ചുള്ള പരിജ്ഞാനം അത്യാഹിതവിഭാഗത്തിലെ ഡോക്ടർമാർക്ക് ഉള്ളതായി കരുതാം.

ഇല്ലെങ്കിൽ തന്നെ അത്യാഹിതവിഭാഗത്തിൽ പരിശീലനം ഏർപ്പെടുത്തുക വഴി ഇതും നടപ്പാക്കാം. മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഇപ്പോൾ എത്തിക്‌സ് കമ്മിറ്റികൾ നിലവിലുണ്ട്. അവരുടെ ഇടപെടൽ കൂടി ഇതിലുണ്ടെങ്കിൽ അത്യാഹിതവിഭാഗത്തിലെ മാനേജ്‌​െമൻറ്​ കൂടുതൽ സുതാര്യമാകുകയും ജനങ്ങളുടെ അംഗീകാരം നേടുകയും ചെയ്യും. അതിൽ സംശയമില്ല.അത്യാഹിതവിഭാഗത്തിലെത്തുന്ന മരണങ്ങളിൽ നരഹത്യ എത്രയെന്ന് കണ്ടെത്തുന്ന പഠനങ്ങൾ കേരളത്തിൽ കുറവാണെന്നു കരുതണം. വളരെ അപൂർവമായി മാത്രമേ നരഹത്യ അത്യാഹിത വിഭാഗത്തിലെ പരിശോധനയിൽ കണ്ടെത്താതെ പോകാറുള്ളൂ. മറ്റു മരണകാരണങ്ങളിൽ ഒളിച്ചു​വെക്കപ്പെട്ട ക്രൈം ഇല്ലെന്നു കരുതാം. ഇവയിൽപോലും വിശദമായ ശരീര പരിശോധനയും ബന്ധുക്കളിൽനിന്നുള്ള വിവരശേഖരണവും കൂടി ഉൾപ്പെടുത്തിയാൽ നരഹത്യ കൈവിട്ടുപോകാനുള്ള സാധ്യത നിയന്ത്രണവിധേയമാകും.

ബഹുഭൂരിപക്ഷം മരണവും സ്വാഭാവികമാണെന്നിരിക്കെ ഒരു ശതമാനത്തിൽ താഴെ മാത്രം സംഭവിക്കാവുന്ന സംശയാസ്‌പദ നരഹത്യ കണ്ടെത്താൻ എല്ലാവരെയും പോസ്​റ്റ്​മോർട്ടം നടത്തണം എന്നത് ഇന്നത്തെ സർക്കാർ സംവിധാനത്തിൽ പ്രായോഗികമല്ല. എന്നാൽ, വിട്ടുപോകുന്ന ക്രൈം കൂടി കണ്ടെത്താനുതകുന്ന ടോക്സിക്കോളജി വിഭാഗവും മികച്ച ഫോറൻസിക് പരിശീലനവും നടപ്പാക്കിയാൽ സമൂഹത്തിന് വളരെയധികം ഉപകാരപ്രദമാകും. മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ കടന്നുപോകുന്ന പ്രയാസങ്ങൾ നിയമം പരിഗണിക്കേണ്ടതാണ്. അതോടൊപ്പം കുറ്റകൃത്യമൊളിപ്പിക്കാൻ ബന്ധുക്കളുടെ ഭാഗത്തുണ്ടാകുന്ന പെരുമാറ്റ വൈചിത്ര്യങ്ങൾ സ്വകാര്യ ഇൻറർവ്യൂ നടത്തുമ്പോൾ സൂക്ഷ്മനിരീക്ഷണങ്ങളിൽ കണ്ടെത്താനാകും.

നരഹത്യ നടത്തുന്ന സ്ത്രീകളെ കുറിച്ച ചില പഠനങ്ങൾ ലഭ്യമാണ്. കൂടുതൽ കൊലകളും വിഷം ഉപയോഗിച്ചാണ് പൂർത്തീകരിക്കുക. അവർക്ക് നേരിട്ട് ബന്ധമുള്ളതും വൈകാരികമായി അടുപ്പമുള്ളതുമായ വ്യക്തികളാണ് ഇരകളാകുന്നത്. പങ്കാളികൾ, പ്രായമുള്ളവർ, കുട്ടികൾ എന്നിവർ പ്ര​േത്യക ടാർഗെറ്റുകളാകും. പലപ്പോഴും മരണങ്ങൾ ഗൃഹാന്തരീക്ഷത്തിലോ ആശുപത്രിയിലോ നടക്കാൻ സാധ്യതയേറും. ഭർത്താക്കന്മാർ അഥവാ ജീവിതപങ്കാളികൾ മരിക്കാറുള്ളതും വളരെപ്പെട്ടെന്ന് പുതിയ പങ്കാളിയെ കണ്ടെത്തുന്നതും ഇവരുടെ രീതിയിൽ പെടും. ആവർത്തന കൊലപാതകത്തി​​​െൻറ ഫോറൻസിക് പെരുമാറ്റശാസ്ത്രം ഗൗരവമായ പഠനങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യരിലെ കുറ്റവാസനയും പെരുമാറ്റ വ്യതിയാനങ്ങളും പഠിക്കാൻ പാശ്ചാത്യ മാതൃകകൾ പൂർണമായി ശരിയായിക്കൊള്ളണമെന്നില്ല. നമ്മുടെ വൈദ്യശാസ്ത്ര രംഗത്ത് നടക്കേണ്ട പരിഷ്കാരങ്ങളിൽ ഇതുകൂടി ആവശ്യമായി വന്നിരിക്കുന്നു.

Show Full Article
TAGS:Murder Cases Medical science Malayalam Article 
News Summary - Murder Cases and Medical Science -Malayalam Article
Next Story