സി​റി​യ​യി​ലെ യു.​എ​സ്​ ആ​ക്ര​മ​ണ​ത്തി​െൻറ പൊരുൾ

സിറിയയിൽ പുതിയ യുദ്ധമുഖം തുറക്കാനാേണാ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പുറപ്പാട്? സിറിയൻ പ്രശ്നത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി കൊമ്പുകോർക്കാൻ തന്നെയാണോ അദ്ദേഹത്തിെൻറ ഭാവം? െഎ.എസിനെ നിലംപരിശാക്കുമെന്ന വാഗ്ദാനം വിസ്മൃതിയിലേക്ക് തള്ളി സിറിയയിലെ ഭരണമാറ്റം എന്ന പഴയ അജണ്ടക്ക് ഉൗന്നൽ നൽകാൻ യു.എസ് പ്രസിഡൻറ് തയാറെടുക്കുകയാണോ? ട്രംപിെൻറ രണോത്സുകത ഒരു മൂന്നാം ലോകയുദ്ധത്തിന് വഴിവെക്കുമോ?

ട്രംപിെൻറ ഉത്തരവ് പ്രകാരം ഏപ്രിൽ ആറിന് സിറിയയിൽ നടന്ന യു.എസ് മിസൈൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് അസ്വസ്ഥജനകമായ ഇത്തരം ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയത്. െഎക്യരാഷ്ട്രസഭയുടെ അനുമതിയില്ലാതെ ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന് നേർക്ക് മിസൈലുകൾ തൊടുക്കുന്നത് നഗ്നമായ കടന്നാക്രമണം തന്നെ. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ അക്കാര്യം ചൂണ്ടിക്കാണിക്കുകയുമുണ്ടായി.

സാർവദേശീയ രാഷ്ട്രീയത്തിൽ പ്രത്യക്ഷത്തിൽ കാണുന്ന യാഥാർഥ്യങ്ങൾ പലപ്പോഴും നമ്മെ വഞ്ചിക്കാനിടയുണ്ട്. സംഭവഗതികളുടെ പൊരുൾ വാസ്തവത്തിൽ മറ്റൊന്നായിരിക്കും. ഇതിെൻറ ഉത്തമദൃഷ്ടാന്തമാണ് 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി. ക്യൂബൻ സഖ്യരാജ്യമായ സോവിയറ്റ് യൂനിയെൻറ നേതാവ് നികിത ക്രൂഷ്ചേവ്, ‘കണ്ണിന് പകരം കണ്ണ്’ എന്ന പ്രതികാര നിർവഹണരീതി ഉപേക്ഷിച്ചു എന്ന പ്രതീതി ആണ് അക്കാലത്ത് ലോകരാഷ്ട്രങ്ങളിൽ പടർന്നത്. എന്നാൽ യു.എസ് പ്രസിഡൻറ് ജോൺ കെന്നഡിയുമായി സോവിയറ്റ് അധികൃതർ എത്തിച്ചേർന്ന ധാരണയുടെ വിശദരൂപം പിന്നീടാണ് ലോകജനതക്ക് മുമ്പിൽ വെളിപ്പെട്ടത്. സോവിയറ്റ് അതിർത്തിക്ക് സമീപം തുർക്കിയിൽ വിന്യസിക്കപ്പെട്ട യു.എസ് മിസൈലുകൾ പിൻവലിക്കാമെന്ന ഉറപ്പ് കെന്നഡിയിൽനിന്ന് നേടിയശേഷം മാത്രമായിരുന്നു ക്യൂബക്ക് സമീപം ആണവ മിസൈലുകൾ വിക്ഷേപണസജ്ജമാക്കി നിർത്താനുള്ള പദ്ധതിയിൽനിന്ന് സോവിയറ്റ് യൂനിയൻ പിന്മാറിയത്.

മറ്റൊരു ഉദാഹരണം കൂടി വിശദീകരിക്കാം. ശീത സമരയുഗം അവസാനിച്ചത് അമേരിക്കയുടെ വിജയവും സോവിയറ്റ് യൂനിയെൻറ പരാജയവുമാണെന്ന മിഥ്യയാണ് 1990കളിൽ പ്രചാരം നേടിയത്. മിഖായേൽ ഗോർബച്ചേവുമായുള്ള ശത്രുതയിൽ േപ്രരിതനായി ബോറിസ് യെൽറ്റ്സിൻ സോവിയറ്റ് യൂനിയൻ പിരിച്ചുവിട്ടതായിരുന്നു ശീതയുദ്ധത്തിെൻറ യഥാർഥ അന്തകനെന്ന് പിന്നീട് പുറത്തുവന്ന നിരവധി രേഖകൾ സ്ഥിരീകരിക്കുകയുണ്ടായി. വാഴ്സോ ഉടമ്പടി റദ്ദാക്കുന്നതിൽ സാവകാശം ഉണ്ടാകണമെന്നും ജർമൻ ഏകീകരണത്തിന് പിന്തുണ നൽകുന്നത് നീട്ടിവെക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വാ മിത്തറാങ്ങും ഗോർബച്ചേവിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ചരിത്രയാഥാർഥ്യമാണ്. രണ്ട് ലോകയുദ്ധങ്ങളിലെ നിർണായക പങ്കാളിയായ ജർമനി വീണ്ടും കരുത്താർജിക്കുന്നത് പുതിയ ഭീഷണികൾ ഉയർത്തുമെന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ ആശങ്കയാണ് താച്ചർ-മിത്തറാങ് സമ്മർദങ്ങളുടെ അടിത്തറ.

സോവിയറ്റ് ശിഥിലീകരണത്തിൽ വാഷിങ്ടണും ബോറിസ് യെൽറ്റ്സിന് താക്കീതുകൾ നൽകുകയുണ്ടായി. സോവിയറ്റ് യൂനിയൻ പല തുണ്ടുരാഷ്ട്രങ്ങളായി വിഭജിക്കപ്പെടുന്നതോടെ ആണവായുധങ്ങളിേന്മലുള്ള നിയന്ത്രണം മോസ്കോക്ക് നഷ്ടമാകുമെന്ന ആശങ്കയിലായിരുന്നു യു.എസ് അധികൃതർ.
ബഹുവിചിത്ര ലോകമാണ് റഷ്യ-യു.എസ് നയതന്ത്രമേഖല. വിസ്മയങ്ങളുടെ കലവറയാണത്. ഇൗ രണ്ടു രാജ്യങ്ങളും പ്രതിയോഗികൾ ആണെങ്കിലും ശത്രുക്കളല്ല. ചില ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് നിർവഹിക്കേണ്ടവരെങ്കിലും വിഭിന്ന ധ്രുവങ്ങളിൽ നിലയുറപ്പിക്കുന്നവർ. പ്രഖ്യാപിത ആണവരാജ്യങ്ങളാണ് തങ്ങളെന്നും നിമിഷങ്ങൾക്കകം പരസ്പരം സംഹരിക്കാൻ പ്രാപ്തിയുള്ള ആയുധങ്ങളാണ് ഇരുപക്ഷത്തിെൻറയും ശേഖരത്തിൽ ഉള്ളതെന്നുമുള്ള തിരിച്ചറിവാണ് ഇരുരാജ്യങ്ങളെയും പക്വമായ സമീപനങ്ങൾ സ്വീകരിക്കാൻ പ്രേരണ നൽകിക്കൊണ്ടിരിക്കുന്നത്.

നമുക്ക് ട്രംപിലേക്ക് തിരിച്ചെത്താം. സിറിയൻ വ്യോമതാവളത്തിൽ നടത്തിയ മിസൈൽ ആക്രമണത്തെ സംബന്ധിച്ച് വാഷിങ്ടൺ റഷ്യക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നു. ‘ശഇൗറത് എയർബേസ്’ എന്ന ഉന്നമിടുന്ന സേങ്കതത്തിെൻറ പേരുപോലും റഷ്യക്ക് ലഭിച്ചിരുന്നു. റഷ്യ അന്ധാളിച്ചുപോകാതിരിക്കാനും റഷ്യൻസേന ഇടപെട്ടുകൊണ്ട് അവിചാരിത പ്രതിസന്ധികൾ ഉടലെടുക്കാതിരിക്കാൻ വേണ്ടിയുമായിരുന്നു വാഷിങ്ടൺ ആക്രമണപദ്ധതി റഷ്യയെ ധരിപ്പിച്ചത്. മുൻകൂർ ലഭിച്ച ഇൗ വിവരം റഷ്യ സിറിയൻ സർക്കാറുമായി പങ്കുവെക്കുമെന്ന കാര്യം അമേരിക്ക മുൻകൂട്ടി കണ്ടിരുന്നില്ലേ എന്നാകും നിങ്ങൾ ഉന്നയിക്കുന്ന സംശയം. തീർച്ചയായും ആ ബോധ്യം അമേരിക്കക്ക് നേരത്തേ തന്നെ ഉണ്ടായിരുന്നു. എന്നാൽ, അത് യു.എസ് അധികൃതരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. വേണ്ടത്ര മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് ശഇൗറത് വ്യോമസേനാ താവളത്തിന് നോട്ടീസ് നൽകാൻ വരെ റഷ്യൻ സൂചനകൾ സിറിയൻ അധികൃതർക്ക് സഹായകമായി തീർന്നിരിക്കും. 

തീർത്തും കാലിയായ ഒരു വ്യോമതാവളത്തിന് നേർക്കായിരുന്നു യഥാർഥത്തിൽ യു.എസ് മിസൈലുകൾ വർഷിക്കപ്പെട്ടത്. ആർക്കും ആളപായം സംഭവിച്ചില്ല. വിമാനങ്ങളെല്ലാം സിറിയൻ പട്ടാളക്കാർ നേരേത്ത തന്നെ താവളത്തിൽനിന്ന് നീക്കം ചെയ്തിരുന്നു. അതേസമയം, ഒാപറേഷൻ വൻ വിജയമായെന്ന പതിവ് അവകാശവാദം അമേരിക്ക ഉന്നയിക്കുകയും ചെയ്തു. എന്നാൽ, ഒാപറേഷൻ നടന്ന് മണിക്കൂറുകൾക്കകം താവളം സാധാരണപോലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ബോംബുകളുമായി യുദ്ധവിമാനങ്ങൾ താവളത്തിൽനിന്ന് ലക്ഷ്യങ്ങൾക്കുനേരെ കുതിച്ചു. 59 മിസൈലുകളിൽ 23 എണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിൽ പതിച്ചതെന്ന് റഷ്യൻ വൃത്തങ്ങൾ പറയുന്നു. എന്നാൽ, കാര്യമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നതിൽ അവ പരാജയമായിരുന്നു. അമേരിക്കയുടെ 36 ടോമഹോക് മിസൈലുകളെ റഷ്യൻ നിർമിത സുഖോയ്  പ്രതിരോധ മിസൈലുകൾ തകർത്തതായി റഷ്യൻ ദിനപത്രമായ നെസ്വിസ്മയ ഗസറ്റ റിപ്പോർട്ട് ചെയ്തതു ഇതോടു ചേർത്ത് വായിക്കാം. എന്നാൽ, ഇൗ റിപ്പോർട്ടിനെ കാര്യമായി നിഷേധിക്കാൻ അമേരിക്ക ഇതുവരെ രംഗപ്രവേശം ചെയ്തിട്ടുമില്ല.

ചുരുക്കത്തിൽ, കരുതലോടെ രചിച്ച ഒരു തിരനാടകത്തിെൻറ അരങ്ങേറ്റമായിരുന്നു സിറിയയിലെ യു.എസ് മിസൈൽ ആക്രമണം. സിറിയയുടെ സൈനിക ആസ്തികൾ നശിപ്പിക്കാൻ വാഷിങ്ടൺ ആത്മാർഥമായി ആഗ്രഹിക്കുന്നില്ലെന്ന് കരുതാൻ മറ്റു ന്യായങ്ങളും നിരവധി. ഏതാനും ആഴ്ചകൾക്കു മുമ്പ് പാൽമിറ പട്ടണം െഎ.എസിൽനിന്ന് മോചിപ്പിക്കുന്നതിന് ബശ്ശാർ േസന നടത്തിയ ഒാപറേഷനിൽ  വ്യോമ സംരക്ഷണം സാധ്യമാക്കിയത് അമേരിക്കൻ പടയായിരുന്നു. സിറിയയെ സൈനികമായി ദുർബലപ്പെടുത്തുന്നതോടെ സംജാതമാകുന്ന പുതിയ ശാക്തിക സന്തുലനം െഎ.എസിന് അനുകൂലമായി പരിണമിക്കുമെന്ന് അമേരിക്കക്ക് മുൻകൂട്ടി വിലയിരുത്താനാകും.

സിറിയൻ ആക്രമണത്തിലൂടെ ആദ്യന്തം രാഷ്ട്രീയത്തിൽ  നേട്ടമുണ്ടാക്കാനുള്ള കൗശലം വിജയിപ്പിക്കുകയായിരുന്നു ട്രംപ്. തെൻറ റഷ്യബന്ധത്തെ സംബന്ധിച്ച അന്വേഷണങ്ങളിൽനിന്ന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധ സിറിയയിലേക്കു വ്യതിചലിപ്പിക്കുന്നതിൽ ട്രംപ് നിർണായക വിജയം നേടുകയായിരുന്നു. താൻ നിശ്ചയദാർഢ്യമുള്ള പ്രസിഡൻറാണെന്ന പ്രതിച്ഛായ വളർത്താനും ആക്രമണം അദ്ദേഹത്തിന് സഹായകമായി. ട്രംപിെൻറ തന്ത്രങ്ങളുടെ ഫലശ്രുതി ഇപ്പോൾ പ്രവചിക്കുക പ്രയാസം.

അതേസമയം, കടുത്ത ആഭ്യന്തര ഭിന്നതകളിൽ പൊറുതിമുട്ടുന്ന അമേരിക്കയിൽനിന്ന് പരസ്പര പൊരുത്തമില്ലാത്ത തീരുമാനങ്ങൾ ഇനിയും പ്രകടമായെന്നു വരാം. ഏതായിരുന്നാലും നിലവിലെ ശോച്യമായ ആഭ്യന്തര പരിതോവസ്ഥയിൽ ഏതെങ്കിലും രാജ്യവുമായി യുദ്ധം ചെയ്യാനുള്ള  അനുകൂല സാഹചര്യം അമേരിക്കയിൽ ദൃശ്യമല്ല. അതിനാൽ, സമീപ ഭാവിയിലൊന്നും ഒരു യുദ്ധം - സിറിയയിലോ ഉത്തര കൊറിയയിലോ ഒന്നും സംഭവിക്കാനിടയില്ല. കാരണം,  ആഭ്യന്തര കുഴപ്പങ്ങൾ സാമ്രാജ്യത്വത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.

COMMENTS