മരട്: വഞ്ചകരെ വെറുതെ വിടരുത് 

  • വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കളെ സഹായിക്കാനുള്ള ഏതു നീക്കവും സ്വാഗതംചെയ്യപ്പെടണം. അതേസമയം, അവരെ വഞ്ചിച്ചവരെയും അതിന്​ ഒത്താശ ചെയ്തവരെയും വെറുതെവിട്ടുകൊണ്ടുള്ള ഒരു നടപടിയും സ്വീകാര്യമല്ല. അത് വഞ്ചിക്കപ്പെട്ടവരുടെ പുനരധിവാസം സർക്കാറി​െൻറ -അതായത് നികുതിദായക​െൻറ- ബാധ്യതയാക്കി മാറ്റും. ചെലവ് ഖജനാവ് വഹിക്കുന്ന അവസ്ഥ ഉണ്ടായാൽ നിർമാതാക്കൾ‍ക്കും രാഷ്​ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒത്തുകളി നിരന്തരം നിർബാധം തുടരാനാകും

08:19 AM
20/09/2019
തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച്​ കൊച്ചിയിലെ മരടില്‍ നിർമിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നാനൂറോളം കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കോടതി നിലപാട് മാറ്റുമെന്ന പ്രതീക്ഷ ഇനിയും വെച്ചുപുലർത്തിയിട്ടു കാര്യമില്ല. പക്ഷേ, അവരുടെ അവസ്ഥ മനസ്സിലാക്കി ഭരണപരവും ആവശ്യമെങ്കില്‍ നിയമപരവുമായ നടപടികളിലൂടെ സഹായിക്കാനുള്ള ചുമതല സര്‍ക്കാറിനുണ്ട്. പ്രത്യേകിച്ചും അവരുടെ ദുരന്തത്തിന്​ അതും കാരണമായിട്ടുള്ള സാഹചര്യത്തില്‍.

കൊച്ചിയില്‍ ഡി.എല്‍.എഫ്‌ നിർമിച്ച ബഹുനില  കെട്ടിട​െത്ത സംബന്ധിച്ചും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. ആ കേസ് തീര്‍പ്പാക്കുമ്പോള്‍  കെട്ടിടം നിയമവിരുദ്ധമാണെങ്കിലും അത് നിലനിർത്തുന്നതിനേക്കാള്‍ അപകടകരമാവും അത് പൊളിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് കേരള ഹൈകോടതി അപ്പീല്‍ തള്ളി. കഴിഞ്ഞ കൊല്ലം സുപ്രീംകോടതി ആ വിധി ശരിവെച്ചു.
മരടിലെ അഞ്ചു കെട്ടിടങ്ങളുടെ കാര്യത്തിലും ഹൈകോടതി നിലപാട് പൊളിക്കേണ്ട എന്നുതന്നെയായിരുന്നു. എന്നാല്‍, സുപ്രീംകോടതിയുടെ തീരുമാനം മറിച്ചായി. ജഡ്ജിമാര്‍ മാറുമ്പോള്‍ കോടതിയുടെ നിലപാട് മാറുന്നത് അപൂര്‍വമല്ല. ആ പ്രവണത വർധിക്കുകയാണെന്ന് തോന്നുന്നു.

മേയ് എട്ടിനാണ്‌ അഞ്ചു കെട്ടിടങ്ങളും പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഒരു മാസത്തെ സമയം മാത്രമാണ് കോടതി അതിന്​ അനുവദിച്ചത്. ഒരു കെട്ടിടം പൊളിക്കുന്നതിനുമുമ്പ് താമസക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഒരു കുടുംബത്തിനു പുതിയ സ്ഥലം കണ്ടെത്താന്‍ ഒരു മാസമെങ്കിലും വേണം. ആളെല്ലാം ഇറങ്ങിയാലുടന്‍ ബഹുനില കെട്ടിടം തട്ടി താഴെ ഇടാനൊക്കില്ല. അത് പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, സമയമെടുത്ത് മാത്രമേ ചെയ്യാനാകൂ. ഇതെല്ലാം കണക്കിലെടുക്കാതെയാണ് വിജ്ഞാനികളായ  ജഡ്ജിമാര്‍ പൊളിക്കലിനു കാലപരിധി നിർണയിച്ചത്. ഫ്ലാറ്റുടമകള്‍ ഇത് ബോധ്യപ്പെടുത്തി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, കോടതി ആ തെറ്റ് തിരുത്തിയേനെ. അതിനുപകരം നിയമവിരുദ്ധമായി ഉയര്‍ത്തിയ കെട്ടിടം നിലനിര്‍ത്തണമെന്നാണ് അവര്‍ നിരന്തരം  ആവശ്യപ്പെട്ടത്.

തങ്ങള്‍ നിരപരാധികളാണെന്ന ഫ്ലാറ്റുടമകളുടെ വാദം മുഖവിലക്കെടുക്കാനാവില്ല. മരട് ഫ്ലാറ്റുകള്‍ സംബന്ധിച്ച കേസ്‌ ഹൈകോടതിയില്‍ ആദ്യം എത്തിയത് 2006ലാണ്. അതിനുശേഷം അവര്‍ ചെയ്‌തതെല്ലാം ഒരർഥത്തിൽ അവരെ കെട്ടിടനിർമാതാക്കളുടെ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി മാറ്റി. മുൻ കേസുകളിലെന്നപോലെ ഈ കേസുകളിലും ഒടുവിൽ നിയമവിരുദ്ധമായ കെട്ടിടങ്ങൾ നിലനിർത്താൻ കോടതി നിർബന്ധിതമാകുമെന്ന്​ അവർ കരുതി. അതുണ്ടായില്ല.

വഞ്ചിക്കപ്പെടുന്ന  ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മാനുഷികപരിഗണനയുടെ ബലത്തിൽ നിയമം ലംഘിച്ച നിർമാതാക്കൾക്കും അവർക്ക് കൂട്ടുനിന്ന രാഷ്​ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും പൊടി  തട്ടി പോകാനാകുമെങ്കിൽ  അവരെന്തിനു നിയമം പാലിക്കണം?  അങ്ങനെ രക്ഷപ്പെടാനാകില്ലെന്ന്​ അവരെ ബോധ്യപ്പെടുത്താൻ  നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കാനാവശ്യമായ നടപടിയെടുക്കുമെന്ന സന്ദേശം നൽകിയേ മതിയാകൂ. അതിനുള്ള ശ്രമത്തിനിടയിലാണ് മരടിലെ ഫ്ലാറ്റുടമകൾ കുരുക്കില്‍പെട്ടത്. അവരെ വഞ്ചിച്ചവർ അവരെ കവചങ്ങളാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

മരട്  വിഷയത്തിൽ ആരെയും നിഷ്കളങ്കരായി കാണാനാവില്ല. തീരദേശ പരിപാലന നിയമം ലംഘിച്ചാണ്  കെട്ടിടംപണി നടക്കുന്നതെന്ന് കാണിച്ച് കേരള സംസ്ഥാന തീരദേശ മേഖല മാനേജ്‌മ​െൻറ്​ അതോറിറ്റി നോട്ടീസ് നൽകിയതിനെ തുടർന്നാണ്‌ വിഷയം ഹൈകോടതിയുടെ മുന്നിലെത്തിയത്. കോടതിയോ കക്ഷികളായ അതോറിറ്റിയോ നഗരസഭയോ കേസിൽ തീർപ്പാകുന്നതുവരെ പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടില്ല. സ്​റ്റോപ്​ മെമ്മോ കൊടുക്കാതിരുന്നതുകൊണ്ട് കെട്ടിടനിർമാതാക്കൾക്ക് പണി തുടരാനും കോടതി നടപടികൾ നീണ്ടുപോകുന്നതിനിടയിൽ അത്‌ പൂർത്തിയാക്കാനും കഴിഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നില്ലേ?

നോട്ടീസ് നൽകിയ അതോറിറ്റിക്കും തങ്ങൾ തീരദേശപരിപാലനം ശുഷ്കാന്തിയോടെ ചെയ്യുന്നെന്ന് അവകാശപ്പെടാനാകില്ല. കെട്ടിടം പണി തുടങ്ങാൻ ആവശ്യമായ അനുമതി അത് നേര​േത്ത നൽകിയിരുന്നു. തെറ്റായി അനുമതി നൽകിയാൽ അത് തിരുത്താൻ നിയമപ്രകാരം അതോറിറ്റിക്ക് അവകാശമുണ്ട്‌. ആദ്യം തെറ്റുപറ്റി എന്ന വാദം സത്യസന്ധമാണെങ്കിൽ തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കണമായിരുന്നു. അവര്‍ക്കെതിരെ എന്തു നടപടി എടുത്തെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.

കേന്ദ്ര സർക്കാർ തീരദേശ പരിപാലന നിയമം കൊണ്ടുവന്നപ്പോൾതന്നെ കേരളത്തിലെ മാധ്യമരംഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നു. അത് തീരദേശവാസികളുടെ, പ്രത്യേകിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ, താൽപര്യത്തിന്​ എതിരാണെന്ന ധാരണ പരത്താൻ പത്രങ്ങൾക്കു കഴിഞ്ഞു. നിയമം അവരുടെ താൽപര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്​ ഉണ്ടാക്കിയതാണെന്ന് തീരദേശവാസികൾ  കാലക്രമത്തിൽ മനസ്സിലാക്കി. 
ഈ വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നതുവരെ സർക്കാറി​​െൻറ ഭാഗത്തുനിന്ന്‍ ഗുണപരമായ ഇടപെടൽ ഉണ്ടായോ എന്ന്​ സംശയമാണ്. ഗുണപരമായ ഇടപെടൽകൊണ്ട് ഉദ്ദേശിക്കുന്നത് നിയമം പാലിക്കപ്പെടുന്നെന്നും ഉപഭോക്താക്കളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നെന്നും ഉറപ്പാക്കാനുള്ള ഇടപെടലാണ്. വിധി വന്ന ശേഷവും പൊളിക്കല്‍ പൂര്‍ത്തിയാക്കാൻ കോടതി നിശ്ചയിച്ച ദിവസം കഴിയുന്നതുവരെ ഒരു നീക്കവുണ്ടായില്ല. അതിനുശേഷം നടന്ന സർവകക്ഷിസമ്മേളന തീരുമാനങ്ങളില്‍  ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പ് കാണാം. അവർ ഫ്ലാറ്റുടമകൾക്കൊപ്പം ഓടുകയും കെട്ടിടനിർമാതാക്കള്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നു.
വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കളെ സഹായിക്കാനുള്ള ഏതു നീക്കവും സ്വാഗതംചെയ്യപ്പെടണം. അതേസമയം, അവരെ വഞ്ചിച്ചവരെയും അതിന്​ ഒത്താശ ചെയ്തവരെയും വെറുതെവിട്ടുകൊണ്ടുള്ള ഒരു നടപടിയും സ്വീകാര്യമല്ല. അത് വഞ്ചിക്കപ്പെട്ടവരുടെ പുനരധിവാസം സർക്കാറി​​െൻറ -അതായത് നികുതിദായക​​െൻറ- ബാധ്യതയാക്കി മാറ്റും. ചെലവ്  ഖജനാവ് വഹിക്കുന്ന അവസ്ഥ ഉണ്ടായാൽ നിർമാതാക്കൾ‍ക്കും രാഷ്​ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒത്തുകളി നിരന്തരം നിർബാധം തുടരാനാകും.
Loading...
COMMENTS