ആ 30 ലക്ഷം വോട്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ‍  

എഴുപതുകളില്‍ ഇന്ത്യയില്‍ ശക്തമായി വളർന്നുവന്ന ഒരു രാഷ്​ട്രീയ പ്രവണത അഭൂതപൂർവമായ വലതുപക്ഷ ഏകീകരണമാണ്. എഴുപതുകളില്‍ ബാലാ സാഹെബ് ദേവരസ്​ ആർ‍.എസ്.എസി​​​െൻറ പ്രധാന നേതാവായി ഉയർന്നുവന്നതിനുശേഷം അദ്ദേഹം ഇതി​െനാരു പ്രായോഗികമായ അടിത്തറ കൊടുക്കുകയും ആർ‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന് ഇന്ത്യന്‍ ഭരണകൂടം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും അത് ഒരു ‘സാംസ്‌കാരിക പ്രസ്ഥാന’മെന്ന മുഖംമൂടി ധരിച്ചുമാത്രം നിലനിന്നതുകൊണ്ടോ അതല്ലെങ്കില്‍ ഹൈന്ദവ ആചാരബദ്ധമായ സമൂഹത്തെക്കുറിച്ചുള്ള ആലോചനകളില്‍ മാത്രം ഒതുങ്ങിനിന്നതുകൊണ്ടോ സാധിക്കി​െല്ലന്നും മറിച്ച് കൂടുതല്‍ സജീവമായി ജനസംഘംപോലുള്ള പ്രസ്ഥാനങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്​ട്രീയത്തില്‍ ഇടപെടണ​െമന്നും തീരുമാനിച്ചുകൊണ്ടാണ് ദേവരസ്​ പ്രവർത്തിച്ചത്. അതോടെ ആർ‍.എസ്.എസി​​​െൻറ രാഷ്​ട്രീയ സമീപനംതന്നെ മാറുന്നുണ്ട്. 

അതുവരെ ഭരണകൂടവുമായുള്ള ആർ‍.എസ്.എസി​​​െൻറ വൈരുധ്യം ഭരണകൂടവും ഹിന്ദുത്വവും തമ്മിലുള്ള വൈരുധ്യത്തി​​​െൻറ ഒരു പ്രതിഫലനം മാത്രമായിരുന്നു. ഈ ഭരണകൂടവും ഭരണഘടനയും പോരാ, പകരം ഹിന്ദുത്വ ഭരണഘടനയും ഹിന്ദുത്വ ഭരണകൂടവും വേണമെന്ന ലക്ഷ്യത്തിലേക്ക് ആർ‍.എസ്.എസിനെ നയിച്ചത് ബാലാ സാ​െഹബ് ദേവരസാണ്. ദേവരശ് മുൻകൈയെടുത്താണ് ആർ‍.എസ്.എസ് ജയപ്രകാശ് നാരായണി​​​െൻറ പ്രസ്ഥാനം, മൊറാർജി‍യുടെ സംഘടനാ കോൺഗ്രസ്, സ്വതന്ത്ര പാർട്ടി പോലുള്ളവരുമായി ഒരു വലതുപക്ഷ പിന്തിരിപ്പന്‍ രാഷ്​ട്രീയ സഖ്യമുണ്ടാക്കുന്നത്. 

അറുപതുകളില്‍ കോൺഗ്രസിനുണ്ടായ സംഘടനാപരമായ ദൗർബല്യങ്ങളെ മുതലെടുത്ത് ഇന്ത്യന്‍ രാഷ്​ട്രീയത്തിലേക്ക് സജീവമായി കടന്നുവന്ന ഫ്യൂഡല്‍ ശക്തികളെയും സ്വതന്ത്ര പാർട്ടി, ജനസംഘം പോലുള്ള വലതുപക്ഷ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ടുള്ള ഒരു രാഷ്​ട്രീയ പ്രസ്ഥാനത്തിന് കോൺഗ്രസിനെ തോൽപിക്കാന്‍ കഴിയുമെന്നും അങ്ങനെയൊരു സംഭവമുണ്ടായാല്‍ അതില്‍ ജനസംഘത്തിനും ആർ‍.എസ്.എസിനും മേൽക്കൈ  ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും ദേവരസ്​ മനസ്സിലാക്കി. കാരണം ഉത്തരേന്ത്യയിലെങ്ങും അവർക്ക് രാഷ്​ട്രീയമായി വേരുകളുണ്ടായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മൂന്നു മാസം മുമ്പാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനസംഘവും സംഘടനാ കോൺഗ്രസും സോഷ്യലിസ്​റ്റുകളും ചേർന്ന ജനതാ മോർച്ചയാണ് (പിന്നീട്​ ജനതാ പാർട്ടിയാവുന്നത് ഈ സഖ്യമാണ്) അവിടെ ജയിച്ചത്. സഖ്യത്തി​​​െൻറ നേതാവ് ബാബുഭായ് പട്ടേലാണ് അവിടെ അധികാരത്തില്‍ വന്നത്. 

എങ്ങനെയാണ് ഗുജറാത്തിലന്ന് ജനതാ മോർച്ച ജയിച്ചത്? ആർ‍.എസ്.എസി​​​െൻറ നേതൃത്വത്തില്‍ ഗുജറാത്തിലെങ്ങും കലാപങ്ങൾ‍ അഴിച്ചുവിട്ടു. അഴിമതിവിരുദ്ധ സമരങ്ങളെന്ന പേരില്‍ ഇന്ത്യയില്‍ പലയിടത്തും നടന്ന കലാപങ്ങളുടെ പിന്നില്‍ ആർ‍.എസ്.എസായിരുന്നു. ഇന്ത്യയില്‍ അന്ന് ജനതാ പാർട്ടി ജയിച്ച പ്രധാന സ്ഥലങ്ങളെല്ലാം ആർ‍.എസ്.എസി​​​െൻറ ശക്തികേന്ദ്രങ്ങളായിരുന്നു. അടിയന്തരാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും അവിടെയെല്ലാം ജനതാ പാർട്ടി  ജയിക്കുമായിരുന്നു. അത്രക്ക് വിപുലമായ കോൺഗ്രസ് വിരുദ്ധത അവിടങ്ങളില്‍ അവർ‍ സൃഷ്​ടിച്ചിരുന്നു. ആർ‍.എസ്.എസിന് ശക്തി ഇല്ലാതിരുന്ന കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്, കർണാടക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ‍ എന്നിവിടങ്ങളില്‍ അന്ന് ജനതാ പാർട്ടിക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജയപ്രകാശ് നാരായണ​ി​​െൻറ അഴിമതിവിരുദ്ധ പ്രസ്ഥാനവും ആർ‍.എസ്.എസി​​െൻറ സ്വാധീനവും ജനതാ പാർട്ടിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇക്കണോമിക് ആൻഡ്​ പൊളിറ്റിക്കല്‍ വീക്കിലിയിലും മറ്റും അക്കാലത്തു വന്നിരുന്ന ലേഖനങ്ങളില്‍ ആർ‍.എസ്.എസ് മേൽക്കൈയില്‍ നടത്തിയ ഗുജറാത്ത് സമരത്തെക്കുറിച്ച് വളരെ കൃത്യമായി പറയുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധ പ്രക്ഷോഭമായിരുന്നു എന്ന് ഗവേഷകർ‍ പലരും സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയെയോ ഇന്ദിര ഗാന്ധിയുടെ ഫാഷിസ്​റ്റ്​ പ്രവണതകളെയോ വിസ്മരിക്കാന്‍ കഴിയില്ല. പക്ഷേ, അളയില്‍ ഉണ്ടായിരുന്നത് അതിലും കൊടിയ ദുഷ്​ടശക്തിയായിരുന്നു എന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട്. 

ഇന്ത്യാചരിത്രത്തില്‍ ഈ പ്രസ്ഥാനങ്ങൾ‍ എങ്ങനെ വളർന്നു, ഏതൊക്കെ അവസരങ്ങൾ‍ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്തി എന്നെല്ലാം ഇന്നത്തെ കാലത്ത് മനസ്സിലാക്കേണ്ട ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട് സൂചിപ്പിക്കുന്നതാണിത്. ഈയൊരു പശ്ചാത്തലത്തിലാണ് ആർ‍.എസ്.എസിന് വളരെ ശക്തമായി അവരുടെ പ്രത്യയശാസ്ത്രം മതവിരുദ്ധതയുടെ ധാരകളെ മതാഭിമുഖ്യമുള്ള ധാരകളാക്കി മാറ്റിക്കൊണ്ട് അവരുടെ രാഷ്​ട്രീയത്തിലേക്ക് അലിയിച്ചുചേർക്കാനും ആ രാഷ്​ട്രീയം ഉപയോഗിച്ച് കൂടുതല്‍ ശക്തമായ രാഷ്​ട്രീയ മുദ്രാവാക്യങ്ങൾ‍ മുഴക്കാനും കഴിഞ്ഞത് എന്ന് നാം ഓർക്കേണ്ടതുണ്ട്. ആ ചരിത്രത്തെയും കാലഘട്ടത്തെയും നമുക്ക് വിസ്മരിക്കാനാവില്ല. അതിനുശേഷം 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ബി.ജെ.പി പരാജയപ്പെട്ടു. വാജ്​പേയി അടക്കമുള്ള നേതാക്കൾ‍പോലും പരാജയപ്പെട്ടു.

അന്ന് ഒ.വി. വിജയന്‍ എഴുതിയ ഒരു കുറിപ്പുണ്ട്. മാതൃഭൂമി ആഴ്​ചപ്പതിപ്പില്‍ വന്ന ആ കുറിപ്പ് വളരെ ശ്രദ്ധേയമാണ്. അതില്‍ അദ്ദേഹം പറയുന്നു. ബി.ജെ.പിയുടെ മഹാരഥന്മാർ‍ എന്നുപറയുന്ന സ്ഥാനാർഥികളടക്കം തോറ്റുപോകുന്നു. ഞാന്‍ ടെലിവിഷനില്‍ ആ വാർത്ത  കാണുകയാണ്. എന്നോടൊപ്പം ഇരുന്ന്​ വാർത്ത കാണുന്നത് ഒ. രാജഗോപാലാണ്. ഞാൻ അദ്ദേഹത്തി​​​െൻറ മുഖത്തേക്കു നോക്കി. അദ്ദേഹത്തി​​​െൻറ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. അദ്ദേഹം നിസ്സംഗനായിരിക്കുന്നത് കണ്ട് ഞാനദ്ദേഹത്തോട് ചോദിച്ചു: താങ്കളുടെ പാർട്ടി  പരാജയപ്പെട്ടിട്ട് നിങ്ങൾക്ക് ഒരു വ്യസനവുമില്ലേ? അദ്ദേഹം പറഞ്ഞു: ഈ പരാജയം ഞങ്ങളുടെ പരാജയമല്ല. മാത്രവുമല്ല, ഈ ‘സൈന്ധവ തീരത്ത്’ ഹിന്ദു സംഘടനയല്ലാതെ മറ്റൊരു സംഘടനക്കും ഇവിടെ ആത്യന്തികമായി അധികാരത്തിലെത്താന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഈ പരാജയത്തെ ഒരു പരാജയമായിപോലും ഞങ്ങൾക്ക് കാണേണ്ടതില്ല. ഈ ‘സൈന്ധവ പ്രദേശത്ത്’ അവരുടെ ഭരണകൂടം മാത്രമേ ആത്യന്തികമായി ഉണ്ടാവുകയുള്ളൂ എന്ന ആത്മവിശ്വാസത്തില്‍നിന്നാണ് അവരുടെ രാഷ്​ട്രീയം രൂപംകൊള്ളുന്നത്. ആ ആത്മവിശ്വാസത്തെയാണ് ജനാധിപത്യവിശ്വാസികൾ‍ വെല്ലുവിളിക്കേണ്ടിയിരിക്കുന്നത്. അതിന് ചരിത്രപരമായ മുന്നൊരുക്കം നടത്തേണ്ടതുണ്ട്.

മതനിരപേക്ഷതയുടെ കേരളീയ പരിസരത്തിലെ സംവാദങ്ങളും സംഘർഷങ്ങളും ഏറ്റവും കൂടുതല്‍ മാറ്റമുണ്ടാക്കുന്നത് ചരിത്രത്തിനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് സംഭവിക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നാം തിരിഞ്ഞ് ഭൂതകാലത്തിലേക്ക് നോക്കുമ്പോൾ‍ അതുവരെയുള്ള വ്യക്തികളും സംഘടനകളും ചരിത്രകാരന്മാരും കണ്ടതുപോലെയായിരിക്കില്ല നാം ചരിത്രത്തെ കാണുക. ഇത്തരത്തില്‍ ഓരോ സന്ദർഭത്തിലും ചരിത്രം മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ചലനാത്മകമായിട്ടുള്ള ഒന്നാണ് ചരിത്രം. നാം പാഠപുസ്തകത്തില്‍ പഠിച്ചതായ ഒരു ചരിത്രമുണ്ടാകാം, പൊതുബോധത്തി​േൻറതായ ചരിത്രമുണ്ടാകാം, ആ ചരിത്രത്തെ നിഷേധിക്കുന്ന ഒരു ചരിത്രം മുന്നോട്ടുവെച്ചുകൊണ്ടാണ് ഓരോ സംഘടനയും ഓരോ സമൂഹവും മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെയാണ് ഈ സന്ദർഭത്തില്‍ നമ്മൾ‍ എങ്ങനെ എത്തിച്ചേർന്നു  എന്നതി​​​െൻറ ഭൂതകാലത്തെ സംബന്ധിച്ച ഒരു പരിശോധന അങ്ങേയറ്റം ആവശ്യമായിവരുന്നത്.

കേരളത്തെ വളരെ വേഗം ഒരു കലാപഭൂമിയാക്കാന്‍ ശബരിമല പ്രശ്നത്തെ മുന്‍നിർത്തി  ആർ‍.എസ്.എസിന് കഴിഞ്ഞു എന്നത് നിസ്സാരമായ കാര്യമല്ല. അതിനു തിരിച്ചടികൾ‍ ഉണ്ടായി എന്നത് യാഥാർഥ്യമാണ്. പ​േക്ഷ, നിലക്കല്‍ പ്രശ്നത്തി​​​െൻറ കാലത്തേക്കാൾ‍ വലിയ സംഘർഷം‍ ഉണ്ടാക്കാന്‍ കെൽപുള്ള പ്രസ്ഥാനമായി തങ്ങൾ‍ ഇവിടെ വളർന്നു  എന്ന് അവർക്ക്  അവരെതന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഹിംസാത്മക സമരങ്ങൾ‍ നിസ്സാരമായി ആഹ്വാനംചെയ്യാന്‍ അവർക്ക്  കേരളത്തില്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനുശേഷം ഫലങ്ങൾ‍ വിലയിരുത്തിക്കൊണ്ട് മൂന്നു കൊല്ലം മുമ്പ്​, ഈ പംക്തിയില്‍ ഞാന്‍ എഴുതിയ ‘ഒരു എം.എല്‍.എയും 30 ലക്ഷം വോട്ടുകളും’ എന്ന ലേഖനത്തില്‍, ബി.ജെ.പിക്ക് ലഭിച്ച വോട്ടുകൾ‍ എങ്ങ​െനയാണ്‌ കേരള രാഷ്​ട്രീയത്തില്‍ പ്രവർത്തിക്കുക എന്നതിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു: “ഈ 30 ലക്ഷം വോട്ടുകൾ‍ രാഷ്​ട്രീയമായി അക്രമഹർത്താ ലുകളും തെരുവുകളിലെ അഴിഞ്ഞാട്ടങ്ങളും പൊതുമുതല്‍ നശീകരണവും പൊലീസുമായുള്ള ഏറ്റുമുട്ടലുകളുമൊക്കെയായി കേരളത്തെ കലാപഭൂമിയാക്കാന്‍ ഒരുങ്ങുകയാണ് എന്ന് തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ ബോധ്യമായിരിക്കുകയാണ്. സി.പി.എം കഴിഞ്ഞ സർക്കാറി​​​െൻറ കാലത്തും അതിനുമുമ്പും നടത്തിയിട്ടുള്ള ഇത്തരം അക്രമസമരങ്ങളെ വെറും കുട്ടിക്കളിയാക്കുന്ന ചോരക്കളിക്കാണോ  കേരളം സാക്ഷിയാകാന്‍ പോകുന്ന​െതന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  സിവിൽ സമൂഹവും ന്യൂനപക്ഷവും കരുതിയിരിക്കുക എന്നു മാത്രമേ ഈ അവസരത്തില്‍ പറയാന്‍ കഴിയൂ.’’ ഇതിപ്പോൾ‍ അക്ഷരാർഥത്തില്‍ ശരിയായിരിക്കുകയാണ്‌.

Loading...
COMMENTS