കു​ടും​ബ​ഹ​ത്യ​യും മാ​ന​സി​കാ​രോ​ഗ്യ​വും

ഏതാനും നാളുകൾക്കുമുമ്പ് കേരളമുണർന്നത് ഞെട്ടിക്കുന്ന വാർത്തയുമായിട്ടാണ്. ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നു: മുപ്പതു വയസ്സുള്ള മകനാണ് കൊല ചെയ്തത് എന്ന നിഗമനത്തിൽ അന്വേഷണ സംഘം ഇതിനകം എത്തിക്കഴിഞ്ഞു. കഠിനമായ മനോരോഗമാവണം മകനെ കൊലക്കു പ്രേരിപ്പിച്ചത് എന്ന നിഗമനവും ശക്തമാണ്; പോറ്റിവളർത്തിയ അച്ഛനമ്മമാരെ നിർദയം കൊലചെയ്യുന്നത് ഭ്രാന്തല്ലെങ്കിൽ പിന്നെയെന്ത്?

പലപ്പോഴും ചർച്ചചെയ്യപ്പെട്ടത് കൊലപാതകവും ഭ്രാന്തും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും, കുറ്റാരോപിതനായ വ്യക്തിക്ക് ലൂണസി നിയമത്തിെൻറ സൗജന്യം ലഭിക്കുമോ എന്നുമുള്ള കാര്യങ്ങളാണ്. ലൂണസി നിയമം എങ്ങനെയാണുപയോഗിക്കേണ്ടത് എന്നതിൽ കുറെ വ്യക്തത ഇപ്പോൾ തന്നെയുണ്ട്. പോരാതെ മറ്റുരാജ്യങ്ങളിലെ അനുഭവം, വൈദ്യശാസ്ത്രത്തിലെ പുതിയ കാഴ്ചപ്പാടുകൾ എന്നിവ സഹായകരമാവുകയും ചെയ്യും. സഗൗരവം പഠിക്കേണ്ട മറ്റൊന്നുണ്ട്, ഇതിൽ. മാതൃപിതൃ ഹത്യയുടെ ആരോഗ്യശാസ്ത്രം പഠിച്ചാൽ ഒരുപക്ഷേ കുറച്ചുപേരെ ഹീനമായ ഈ പ്രവൃത്തിയിൽനിന്നും മാറ്റാനായേക്കും. അല്ലെങ്കിൽ അച്ഛനമ്മമാർക്ക് സ്വയരക്ഷക്കുവേണ്ട നടപടികളെടുക്കാനെങ്കിലും സാധ്യമായേക്കും. നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം പുതിയ മാനസികാരോഗ്യചിന്തകൾക്ക് തുടക്കം കുറിച്ചാൽ അതു സ്വാഗതാർഹമാണ്.

അച്ഛനമ്മമാരെ വധിക്കുന്നത് ഏറ്റവും ഹീനമായ കൊലപാതകമായി ലോകമെമ്പാടും കരുതുന്നു. വൈകാരികമായ കാരണങ്ങൾക്കപ്പുറം, കുടുംബത്തെ ഇല്ലാതാക്കുന്നത് സമൂഹത്തെയും രാജ്യത്തെയും ശിഥിലമാക്കും എന്നതാണുകാരണം. ഇന്ത്യയിൽ മാതൃപിതൃ ഹത്യ, കുടുംബഹത്യ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങൾ പരിമിതമാണ്. അതിനാൽ കുടുംബഹത്യയുടെ വിവിധവശങ്ങൾ മനസ്സിലാക്കാൻ വിദേശ പഠനങ്ങൾ ആശ്രയിക്കേണ്ടിയിരിക്കുന്നു.

ഉദ്ദേശം 2ശതമാനം കൊലപാതകങ്ങളിൽ മാതാപിതാക്കൾ ഇരകളാകുന്നു. സ്കിസോഫ്രേനിയ എന്ന മനോരോഗമാണ് ഇതിനുകാരണം എന്നൊരുകാലത്ത് ശക്തമായി വിശ്വസിച്ചിരുന്നു. എപ്പോഴുമിങ്ങനെയായിക്കൊള്ളണമെന്നില്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്. മറ്റു മേനാരോഗങ്ങളോ വ്യക്തിത്വവൈകല്യങ്ങളോ ഇതിനു പശ്ചാത്തലമൊരുക്കാം. സെർജി ജർഗിൻ (2013) പറയുന്നത് കുടുംബഹത്യ ചെയ്യുന്നയാൾക്ക് വേറിട്ട ഇമേജ് ഉണ്ടാകും എന്നാണ്. അയാൾ  അവിവാഹിതനും, തൊഴിൽരഹിതനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നവനുമാകും. മുപ്പത്തിനടുത്ത പ്രായവും, സ്കിസോഫ്രേനിയ മുതലായ രോഗങ്ങളും മദ്യം, മയക്കുമരുന്നുകൾ എന്നിവയോടുള്ള ആസക്‌തിയും, ചേരുമ്പോൾ കൊലപാതക സാധ്യതയേറും. പലപ്പോഴും കുറ്റവാസനയുള്ളയാളും മാതാപിതാക്കളും തമ്മിൽ സംഘർഷത്തോടെയാവും ജീവിക്കുക. ജർഗിൻ പറയുന്നത് മാതാപിതാക്കളെ പീഡിപ്പിക്കുന്നതും കൊലചെയ്യുന്നതും രോഗാതുരതയുടെ വ്യത്യസ്ത ഭാവങ്ങളാണെന്നാണ്. വൃദ്ധരായ മാതാപിതാക്കളോട് വർധിച്ചുവരുന്ന ക്രൂരത ജർഗിെൻറ പഠനത്തിെൻറ വെളിച്ചത്തിൽ പരിഗണനയർഹിക്കുന്നു.

സാറ വെസ്റ്റ്, മെൻഡൽ ഫെൽഡ്‌ഷേർ എന്നീ ഗവേഷകർ കറൻറ് സൈക്യാട്രി എന്ന പ്രസിദ്ധീകരണത്തിൽ (2010) എഴുതിയ പ്രൗഢമായ പഠനം നമ്മുടെ ശ്രദ്ധയർഹിക്കുന്നു. മാതാപിതാക്കളെ വധിക്കുന്നവരെ മുൻ‌കൂർ കണ്ടെത്തുന്നതിൽ പരിമിതികൾ ഉള്ളതിനാൽ പഠനങ്ങൾ നടത്തിയിട്ടുള്ളത് കൊലക്കുശേഷമാണ്; അതിനാൽ കൊലനടക്കുമ്പോൾ അവരുടെ മാനസികാവസ്ഥ കൃത്യമായി പറയാനാവില്ല. പലപ്പോഴും മാതൃഹത്യയിൽ അമിതമായ ബലപ്രയോഗവും ക്രൂരതയും കാണും; നിസ്സാരമായ കാരണങ്ങളാവും കൊലക്ക് ഹേതു. മകനാൽ വധിക്കപ്പെട്ട ഒരു സ്ത്രീയുടെ ശരീരത്തിൽ 177 മുറിവുകൾ ഉണ്ടായിരുന്നു. കൊലപ്പെടുത്തുന്ന പുത്രൻ ഉൾവലിഞ്ഞയാളും, മാതാവിനോടൊത്തു ആശ്രിതനായി ജീവിക്കയും അപക്വമായ ലൈംഗികസ്വത്വമുള്ളവനുമാകാൻ സാധ്യതയേറും.

പിതൃഹത്യയിലും ചില വേറിട്ട മനോവൈകല്യങ്ങൾ കാണാം. പിതാവ് അധീശാധികാരത്തോടെ അനുശാസനം നടത്തിയിരുന്ന ആളാവാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ വളർന്ന പുത്രന്മാരിൽ ചിലരാണ് പിതൃഹത്യക്കു മുതിരുന്നത്. എന്നാലവരിൽ പകുതിയിലധികം പേർക്കും സ്കിസോഫ്രേനിയയും പല മനോവിഭ്രാന്തികളും കാണാം. അവിവാഹിതരോ ബന്ധം വേർപെട്ടവരോ ആയ പുത്രന്മാരാണ് കൊലചെയ്യുന്നവരിൽ അധികവും. ഒരു വാക്കേറ്റമാവാം കൊലയിലെത്തിക്കുന്നത്. കൊലക്കുശേഷം ദുഃഖമല്ല, ഒരുതരം ആശ്വാസമാണ് അവർ പ്രകടിപ്പിക്കുക.

5400 ലധികം മാതൃപിതൃ ഹത്യകൾ പഠനവിധേയമാക്കിയപ്പോൾ കണ്ടത് 86 ശതമാനം കൊലപാതകങ്ങളും പുത്രന്മാരാണ് ചെയ്തത് എന്നാണ്. പെൺമക്കൾ അപൂർവമായി മാതാവിനെ വധിക്കാറുണ്ട്; പിതാവിനെ വധിക്കുന്നത് അത്യപൂർവസംഭവമാണ്. ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങൾ പിതൃഹത്യക്കു പിന്നിലുണ്ടാകാൻ സാധ്യതയേറെയാണ്.

ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത് മാനസിക വൈകല്യങ്ങൾ കുട്ടികളുടെ വളർച്ചക്കാലത്തു കാണപ്പെടുകയാണെങ്കിൽ മറ്റു ശാരീരികവൈകല്യങ്ങൾ പോലെതന്നെ രോഗനിർണയത്തിനും ചികിത്സക്കും  ശ്രദ്ധനൽകേണ്ടതാണ് എന്നുതന്നെ. പലപ്പോഴും ഇതിനു തടസ്സം നിൽക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകളാണ്. ഇത് പലരീതിയിൽ കാണപ്പെടാം. ജർഗിെൻറ  അഭിപ്രായത്തിൽ അനേകം പെരുമാറ്റരീതികൾ കണ്ടെത്താനാകും. വയോധികരായ മാതാപിതാക്കളോടുള്ള ക്രൂരത ഡോക്ടർമാർ പലപ്പോഴും അപ്രധാനമായി കാണുന്നു.

മുതിർന്ന കുട്ടികളിലെ സ്വഭാവ വ്യതിയാനം തങ്ങളുടെ തെറ്റുകണ്ട് ആവാമെന്ന ധാരണയിൽ കുറ്റബോധത്തോടെ പ്രതികരിക്കുന്നു. കുടുംബത്തിെൻറ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ മറ്റുള്ളവരിൽനിന്ന് പ്രശ്നങ്ങൾ മറച്ചുവെക്കുകയും ഗുണകരമായ ഇടപെടൽ സാധ്യമല്ലാതാക്കുകയും ചെയ്യും. മിലോ (2015) യുടെ പഠനത്തിൽ മറ്റു ചില ഘടകങ്ങൾകൂടി സൂചിപ്പിക്കുന്നുണ്ട്. കുടുംബത്തിലെ മാനസികാനോരോഗ്യം, സംഘർഷങ്ങൾ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വിദ്യാഭ്യാസത്തിൽനിന്നു പിന്തള്ളപ്പെടൽ, രോഗം ചികിത്സിക്കാതിരിക്കൽ, രോഗസാന്നിധ്യം അമ്പേ നിഷേധിക്കൽ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് അവ.  വ്യക്തമായ തെളിവുകൾ ഉള്ളപ്പോൾപോലും, തങ്ങളുടെ മകന് മാനസികാരോഗ്യ പ്രശ്നമുണ്ടെന്നു സമ്മതിക്കുന്നത് 50 ശതമാനം മാതാപിതാക്കൾ മാത്രം.

പൊതുവെ പറഞ്ഞാൽ ഗൗരവമായ മേനാരോഗത്തിെൻറ പശ്ചാത്തലത്തിലാണ് പല കുടുംബഹത്യകളുടെയും തിരക്കഥ  രചിക്കപ്പെടുന്നത്. എന്നാൽ, ഇതെപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. റോബർട്ട് ഹയർ (1991), മെലോയ് (2000) തുടങ്ങി പല നിരീക്ഷകരും വ്യക്തിത്വം, സ്വത്വം എന്നീ മേഖലകളിലെ സങ്കീർണതകൾ കൊലപാതക സാഹചര്യത്തിലേക്ക് നയിക്കാമെന്നു കരുതുന്നു. അവർ മുന്നോട്ടു വെക്കുന്ന ആശയമാണ് ‘സൈകോപതി’. സൈകോപാത് വ്യക്തികൾ മറ്റു മേനാരോഗികളെപ്പോലെ അയഥാർഥ ലോകത്തിൽ ജീവിക്കുന്നവരല്ല. ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാനും, അവയുമായി പൊരുത്തപ്പെട്ടു ജീവിക്കാനും സാധിക്കും. എന്നാൽ, ഭാവിയെയും ഭൂതത്തെയും സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ പല വൈകല്യങ്ങളും പ്രകടമാകും. മെലോയ് പറയുന്നത്, അവർ വർത്തമാനകാലത്തിൽ ബന്ധനസ്ഥരാണ് എന്നാണ്. അതിനാൽ തെൻറ പ്രവൃത്തികളുടെ ഭവിഷ്യത്തുകളെക്കുറിച്ചു വിചിന്തനം ചെയ്യാനും, പഴയകാര്യങ്ങളെക്കുറിച്ചു പുനരാലോചിക്കാനും സാധിക്കാറില്ല. തെൻറ ആവശ്യങ്ങൾക്കനുസരിച്ചു യാഥാർഥ്യങ്ങളെ സൃഷ്ടിക്കാനുള്ള മികവ് അയാൾക്കുണ്ട്.

ചുരുക്കത്തിൽ, ഒരു സൈകോപാത് തെൻറ സ്വഭാവത്തിൽ ചില അടയാളങ്ങൾ കാട്ടിക്കൊണ്ടിരിക്കും. മാതാപിതാക്കളെയോ  അഥവാ മറ്റാരെയോ ആശ്രയിച്ചു ജീവിക്കുക, സ്വാർഥത, സ്വന്തം കാര്യങ്ങളിൽ കാട്ടുന്ന അമിതാവേശം, അമിതമായ അഹംബോധം, മറ്റുള്ളവരുടെ താൽപര്യങ്ങളോടും അവകാശങ്ങളോടും കാട്ടുന്ന അവജ്ഞ എന്നിവ പ്രധാനമാണ്. തെറ്റു ചെയ്താൽ ദുഃഖമോ പശ്ചാത്താപമോ ഇല്ലാത്തതും സൈകോപാതുകളുടെ മുഖമുദ്രയാണ്. തെൻറ പ്രവൃത്തി മറ്റൊരാളെ എങ്ങനെ ബാധിച്ചുവെന്ന് മനസ്സിലാക്കാനോ അവരുടെ പ്രയാസം സ്വയം ഉൾക്കൊള്ളാനോ അവർക്ക് സാധിക്കാറില്ല. മനഃസാക്ഷിയില്ലാത്ത പെരുമാറ്റം എന്ന് പൊതു വർത്തമാനം ഇക്കൂട്ടർക്ക് നന്നായി ചേരും.

മാതാപിതാക്കളെ ആക്രമിക്കുന്ന കുട്ടികളെ സംബന്ധിച്ച്, തങ്ങൾ പെട്ടുപോയ കഠിനമായ ജീവിതസാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ലാതെ വരുമ്പോൾ കൊലപാതകം തുടർ ജീവിതത്തിനു സാധ്യത തരുന്നതായി അവർക്ക് തോന്നാം. കുട്ടികൾ കുറ്റവാളികളാകുമ്പോൾ പീഡനത്തിെൻറ കഥ മാറ്റിവെക്കാനാകാത്ത സാന്നിധ്യമാകുന്നതിങ്ങനെയാണ്. മാതാപിതാക്കളെ വധിക്കുന്ന കുട്ടികൾ എന്തായാലും വിരളമാണ്. ചുരുക്കത്തിൽ, മാതാപിതാക്കളെ വധിക്കുന്ന മക്കൾ തിക്തമായ ജീവിതസാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്നു. അവർ കൊലനടത്തുന്നതിനു വളരെമുമ്പു തന്നെ പലതരം മാനസിക പ്രശ്നങ്ങളും രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാറും ഉണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികിത്സക്ക് വിധേയമാക്കുകയും ചെയ്താൽ നേട്ടമുണ്ടാകാം.

ഈ പശ്ചാത്തലത്തിലാണ് കുടുംബഹത്യ പോലുള്ള അതിഗൗരവമായ കുറ്റകൃത്യങ്ങളിൽ ഗവേഷണവും പഠനവും നാം പ്രതീക്ഷിക്കുന്നത്. മൊത്തത്തിൽ നരഹത്യയിൽ രണ്ടുശതമാനമെങ്കിലും മാതൃപിതൃ ഹത്യയാണ്. അപ്പോൾ ഇന്ത്യയാകെ പരിഗണിച്ചാൽ അത്ര വിരളവുമല്ല. കുടുംബങ്ങൾ ചെറുതാകുകയും, കോളനികളും  ഫ്ലാറ്റുകളും സർവസാധാരണമാകുകയും ചെയ്യുമ്പോൾ കുടുംബങ്ങൾ ഉൾവലിഞ്ഞുപോകാനിടയുണ്ട്. ചെറുപ്പക്കാരിൽ സാമൂഹിക ഇടപെടലുകൾക്ക് വേണ്ട നൈപുണ്യം നഷ്ടപ്പെട്ടാൽ കണ്ടെത്താനും പ്രതിരോധിക്കാനും പുതിയ ചട്ടക്കൂടുകൾ ഉണ്ടായല്ലേപറ്റൂ. ഡോ. നമ്പി ശിപാർശ ചെയ്യുന്നത് നാലു കാര്യങ്ങളാണ്. സൈക്യാട്രി ഉന്നതവിദ്യാഭ്യാസത്തിൽ ഫോറൻസിക് പരിശീലനം ഉറപ്പുവരുത്തുക, മാനസികാരോഗ്യ നിയമങ്ങളിൽ ഡോക്ടർമാർക്ക് പ്രാവീണ്യം ഉണ്ടാക്കുക, ജയിലുകളിലെ മാനസികാരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്തുക, ധാരാളമായി ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അവ.

COMMENTS