കേരളത്തിലെ പ്രളയവും  കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും  

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ എല്ലാക്കാലത്തും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നൊരു സൂത്രവാക്യം തന്നെ പ്രചാരത്തിലുണ്ട്. ഇന്ത്യൻ യൂനിയൻ എന്നത് വിവിധ സ്​റ്റേറ്റുകള്‍ കൂടിച്ചേര്‍ന്നതാണ്. അവയെ നമ്മൾ സംസ്ഥാനങ്ങൾ എന്ന് വിവര്‍ത്തനം ചെയ്യുന്നുവെങ്കിലും ഇംഗ്ലീഷിൽ ആ വാക്കിനുള്ള ‘ഭരണകൂടം’ എന്ന അർഥത്തിലാണ് രാഷ്​ട്രശിൽപികളും ഭരണഘടനശിൽപികളും അതിനെ നിര്‍വചിച്ചിട്ടുള്ളത്. ഇന്ത്യ ഒരു ഫെഡറൽ സംവിധാനമാണ് എന്ന് പറയാനുള്ള കാരണം തന്നെ ഈ വിവിധ പ്രവിശ്യ ഭരണകൂടങ്ങള്‍ക്കുള്ള സവിശേഷമായ സ്വാതന്ത്ര്യങ്ങളാണ്. പരമാധികാര രാഷ്​ട്രങ്ങൾ എന്ന് ഇവയെ പറയാൻ കഴിയില്ലെങ്കിലും സ്വന്തമായ നിയമനിർമാണസഭയും ഇന്ത്യൻ ഭരണഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്വയംഭരണവുമുള്ള  രാഷ്​ട്രീയാധികാര രൂപങ്ങളാണ് സംസ്ഥാനങ്ങള്‍. ഇത്തരത്തിൽ സംസ്ഥാനങ്ങള്‍ക്ക് ഭരണപരമായ സ്വയം പര്യാപ്തതയുള്ള, ഒരേസമയം അയഞ്ഞതും എന്നാൽ, കേന്ദ്രഭരണകൂടത്തിനു സൈനിക-വിദേശബന്ധ-വിദേശവ്യാപാര-ഉഭയസംസ്ഥാന ബന്ധങ്ങളുടെ കാര്യങ്ങളിലും മറ്റുചില മേഖലകളിലും വിപുലമായ കൈകാര്യകര്‍തൃത്വം വിഭാവനം ചെയ്തുകൊണ്ട്, സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഭരണഘടനപരമായ പരമാധികാരം ഉറപ്പുവരുത്തുന്ന  ഭരണഘടനയാണ് നിലവിലുള്ളത്. 

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു ശേഷം അവിടുത്തെ 13 കോളനികള്‍ 13 ഭരണകൂടങ്ങളായി മാറുകയായിരുന്നു. ഈ പുതിയ ഭരണകൂടങ്ങൾ പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കാൻ തീരുമാനിച്ചുകൊണ്ട് താരതമ്യേന ദുർബലമായ ഒരു കേന്ദ്രവും പരമാധികാരമുള്ള പ്രവിശ്യകളും എന്ന രീതിയിലുള്ള ഒരു ആര്‍ട്ടിക്കിൾ ഒാഫ് കോണ്‍ഫെഡറേഷൻ ആണ് ആദ്യം ഉണ്ടായിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി കേന്ദ്രത്തിന്​ കുറേക്കൂടി അധികാരങ്ങൾ നല്‍കുന്ന ഭരണഘടന സൃഷ്​ടിക്കുകയും ഇതിലൂടെ കേന്ദ്രത്തിനും സ്​റ്റേറ്റുകള്‍ക്കും വ്യത്യസ്തമായ ചുമതലകളും അതുമായി ബന്ധപ്പെട്ട വ്യത്യസ്തമായ അധികാരങ്ങളും നിർദേശിക്കുന്ന ഒരു ഫെഡറൽ സംവിധാനത്തിന് രൂപം നല്‍കുകയും ചെയ്തു. ഏതാണ്ട് അതി​​​​െൻറ മാതൃകയാണ് ഇന്ത്യയിൽ സ്വീകരിച്ചതെന്ന് പറയാം. ഇതിനു രൂപംകൊടുക്കുമ്പോൾ സംസ്ഥാനങ്ങള്‍ക്ക് ക്രമേണ അധികാരങ്ങൾ കുറയണമെന്നല്ല, മറിച്ച്, അധികാര വികേന്ദ്രീകരണത്തി​​​​െൻറ തത്ത്വങ്ങള്‍ക്ക് അനുസൃതമായി കൂടുതൽ അധികാരങ്ങൾ വിട്ടുനല്‍കണമെന്ന സങ്കൽപമാണ് ഉണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം നാം കാണുന്നത് ഈ അധികാര വികേന്ദ്രീകരണസങ്കൽപം ഏതാണ്ട് പൂർണമായും കൈയൊഴിയുന്നതാണ്. 

കേരളത്തിലുണ്ടായ കടുത്ത പ്രളയവും അതുണ്ടാക്കിയ നാശനഷ്​ടങ്ങളും അതിനോട് കേന്ദ്രസര്‍ക്കാർ സ്വീകരിച്ച സഹായനടപടികളിലെ അപര്യാപ്തതകളെക്കുറിച്ചുള്ള ചര്‍ച്ചകളും ഒരിക്കല്‍കൂടി ഈ പ്രശ്നത്തെ നമ്മുടെ മുന്നിലേക്ക്‌ കൊണ്ടുവരികയാണ്. ക്രമാനുഗതമായി സംസ്ഥാനങ്ങളുടെ വിഭവസമാഹരണ സ്രോതസ്സുകൾ കേന്ദ്രം പിടിച്ചെടുത്തിട്ടുള്ള  രാഷ്​ട്രീയ സാഹചര്യത്തിലാണ് ഇത്തരത്തിൽ അടിയന്തരഘട്ടങ്ങളിൽ കേന്ദ്രസഹായം അനിവാര്യമായിത്തീരുന്നത്. അതുകൊണ്ടുതന്നെ ഇത് സംസ്ഥാനങ്ങളുടെ ധനപരമായ അവകാശങ്ങളുടെ പ്രശ്നമാണ്. ധനകാര്യ കമീഷൻ പോലുള്ള ഒരു ഭരണഘടന സ്ഥാപനം തന്നെ ഇത്തരം പോരായ്മകൾ കൂടി മുന്നിൽകണ്ട്​ രൂപവത്​കൃതമായതാണ്. കേരളം പോലെ വിദേശ ധനപ്രേഷണത്തിലൂടെയും അന്താരാഷ്​ട്ര വ്യാപാരത്തിലൂടെയും സാമ്പത്തികമായി കേന്ദ്രഖജനാവിനും രൂപയുടെ മൂല്യത്തിനും മുതൽക്കൂട്ടാവുന്ന ഒരു സംസ്ഥാനം വെള്ളപ്പൊക്കം പോലുള്ള അടിയന്തരഘട്ടത്തിൽ കേന്ദ്രസഹായത്തിന്​ കൈനീട്ടി നില്‍ക്കേണ്ടിവരുന്നത്​ ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഉയര്‍ന്ന കേരളവിരുദ്ധമായ ചില വാദങ്ങൾ തന്നെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകൾ എത്രമാത്രം രൂഢമൂലമായിരിക്കുന്നു എന്നതി​​​​െൻറ ഉദാഹരണമാണ്. ഇക്കാര്യത്തിൽ കേരളത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ വ്യാപകമായി ഉണ്ടായി. 

Arnab-and-Sreeram
അർണബ് ഗോസ്വാമി, ശ്രീറാം രാമകൃഷ്​ണൻ
 

റിപ്പബ്ലിക്​ ടി.വിയില്‍ അർണബ് ഗോസ്വാമി യു.​എ.​ഇ സഹായം 700 കോടി രൂപയാണ് എന്ന് ട്വീറ്റ് ചെയ്ത ചില ഉത്തരേന്ത്യൻ പ്രാദേശിക കോൺഗ്രസ്​ നേതാക്കളെ പേരെടുത്തു പറഞ്ഞുകൊണ്ട് ഈ സംഖ്യ അവര്‍ക്ക് എവിടെനിന്ന് കിട്ടി, അതി​​​​െൻറ ആധികാരികത എന്താണ് എന്ന് ചോദിച്ചു, അവരെ നാണംകെട്ടവർ എന്നുപറഞ്ഞതാണ് കേരളത്തിൽ വലിയ വിവാദമായത് എങ്കിലും അത് യഥാർഥത്തിൽ മഞ്ഞുമലയുടെ ഒരു തുമ്പ്​ മാത്രമായിരുന്നു. കേന്ദ്രം നല്‍കാമെന്നു പറഞ്ഞ 600 കോടിയില്‍നിന്ന് 100 കോടി കൂട്ടിപ്പറഞ്ഞു കേന്ദ്രത്തെ അവമതിപ്പെടുത്താനുള്ള നാണംകെട്ട ശ്രമമായിരുന്നു അതെന്നായിരുന്നു ഗോസ്വാമിയുടെ വാദം. പ്രളയത്തിൽ എല്ലാം തകര്‍ന്ന ഒരു സംസ്ഥാനം അതി​​​​െൻറ പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവസമാഹരണം നടത്തുമ്പോൾ ഇൗ വിഷയം അന്തിച്ചർച്ചയാക്കുന്നതി​േനക്കാൾ വലിയ നാണക്കേട്‌ എന്താണുള്ളത്? ഗോസ്വാമിയില്‍നിന്ന് നാം അത് പക്ഷേ, പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പിയുടെ ഏറ്റവും വായാടിയായ ജിഹ്വ എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യം ആ വ്യക്തിക്ക് മാധ്യമ ലോകത്തില്ല. എന്നാൽ, പ്രളയമുണ്ടാവുകയും അത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നാശനഷ്​ടങ്ങൾ വരുത്തുകയും ചെയ്തപ്പോൾ അനിതരസാധാരണമായ വേഗത്തിൽ ജനങ്ങൾ സ്വയം സംഘടിക്കുകയും പരസ്പരസഹകരണത്തി​​​​െൻറ ഒരു ലോകമാതൃക തന്നെ സൃഷ്​ടിക്കുകയും ചെയ്ത ആദ്യനാളുകള്‍മുതൽ തന്നെ രാജീവ് മല്‍ഹോത്രയെ പോലുള്ള ഹിന്ദുത്വവാദികൾ കേരളവിരുദ്ധ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ അഴിച്ചുവിട്ടുകഴിഞ്ഞിരുന്നു. അത് പിന്നെ കടുത്ത വംശീയവെറിയുടെ തുറന്ന പ്രകടനം തന്നെയായി മാറി. 

അതി​​​​െൻറ ഏറ്റവും നല്ല ഉദാഹരണമായിരുന്നു കേരളത്തിൽ ഒട്ടുംതന്നെ ചര്‍ച്ചചെയ്യപ്പെടാതെപോയ ‘ഇക്കണോമിക്സ് ടൈംസ്’ പത്രത്തി​​​​െൻറ മും​ൈബയിലെ റെസിഡൻറ്​ എഡിറ്റർ ശ്രീറാം രാമകൃഷ്ണൻ എഴുതിയ, കടുത്ത വംശീയവെറി ആളിക്കത്തുന്ന, ഒരു കേരളവിരുദ്ധ ലേഖനം. ശ്രീറാം പറയുന്നത് പ്രളയത്തി​​​​െൻറ തീക്ഷ്ണതക്കും ജനങ്ങളുടെ ചെറുത്തുനിൽപി​​​​െൻറ കഥകൾക്കുമിടയിൽ ‘കേരളത്തിലെ സർക്കാറി​​​െൻറയും ഒരുകൂട്ടം രാഷ്​ട്രീയമായി സജീവമായ പൗരന്മാരുടെയും നിലപാട് കല്ലുകടിയായി’ എന്നാണ്. ഇതിനെ അൽപത്തരമെന്നും നിന്ദ്യമെന്നും നാണംകെട്ട പ്രാദേശികവാദമെന്നുമൊക്കെയാണ് ഉത്തരവാദപ്പെട്ട ഒരു പത്രത്തി​​​​െൻറ പത്രാധിപരായ ആ മാന്യവ്യക്തി വിശേഷിപ്പിക്കുന്നത്‌. തങ്ങളുടെ അയോഗ്യതക്കും കഴിവുകേടിനും മറയായി കേരള സർക്കാർ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്നുവത്രേ. ഇക്കാര്യത്തിൽ കാര്യമായ ഒരു എതിര്‍വായും പറയാതെ സഹനത്തി​​​​െൻറയും മാന്യതയുടെയും ആള്‍രൂപം പൂണ്ടിരുന്ന മുഖ്യമന്ത്രിയും ഈ വിമര്‍ശനത്തിനു ശരവ്യനാകുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം കേരളത്തിലെ രാഷ്​ട്രീയപ്രവര്‍ത്തകര്‍, സിവിൽസമൂഹ പ്രവര്‍ത്തകർ, ​കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാർ, മാധ്യമപ്രവർത്തകർ, ചരിത്രകാരന്മാർ തുടങ്ങിയവരെല്ലാമാണ്​ ശ്രീറാമി​​​​െൻറ കണക്കിൽ നാണംകെട്ട പ്രാദേശികവാദികള്‍. 

കേന്ദ്രത്തെയും മറ്റു സംസ്ഥാനങ്ങളെയും ദുരിതാശ്വാസത്തിനുവേണ്ടി ‘വേട്ടയാടുകയാ’ണ് കേരളം ചെയ്യുന്നത് എന്നാണ് ആ പത്രാധിപർ എഴുതിപ്പിടിപ്പിച്ചത്‌. ഇത് സഹായം ആവശ്യപ്പെടുന്നതി​​​​െൻറ പ്രശ്നമല്ലത്രെ. മറിച്ച്, സഹായം എങ്ങനെ ആവശ്യപ്പെടുന്നു, ഏതു ഭാവത്തിൽ ആവശ്യപ്പെടുന്നു എന്നുള്ളതാണ് പ്രശ്നം എന്നതാണ് വാദം. കലഹപ്രിയരായ, പിടിവാശിക്കാരായ കുട്ടികള്‍ കാര്യസാധ്യത്തിനുവേണ്ടി മുക്രയിടുന്നതു പോലെയാണ് കേരളം വാശിപിടിക്കുന്നത്. അതേസമയം, രാജ്യം പ്രതികരിച്ചതാകട്ടെ, ആവശ്യത്തിലുമധികം ഔദാര്യവും ദയയും ലാളനയും പ്രകടിപ്പിച്ചുകൊണ്ടാണ്. ഒരേസമയം, സംസ്ഥാനത്തെ അവമതിക്കുകയും കേന്ദ്രത്തെ പുകഴ്ത്തുകയും ചെയ്യുന്ന ഇത്തരം ഗീര്‍വാണങ്ങളാണ് കേന്ദ്ര-സംസ്ഥാനബന്ധങ്ങളിലെ ജനാധിപത്യപരമായ അംശങ്ങളെക്കുറിച്ചുള്ള അവബോധം രാഷ്​ട്രത്തി​​​​െൻറ പൊതുബോധത്തില്‍നിന്ന് പൂർണമായും ചോര്‍ന്നുപോയിരിക്കുന്നു എന്നതി​​​​െൻറ ഏറ്റവും നല്ല ഉദാഹരണം. 

ദുരിതാശ്വാസ തുകയെച്ചൊല്ലിയും മറ്റും ഉണ്ടായിക്കൊണ്ടിരുന്ന വാഗ്വാദങ്ങളെ മുൻനിർത്തി, അവയുടെ ഒരു സംഘ്​പരിവാർ ഭാഷ്യം ചമക്കുകയാണ് ശ്രീറാം അടക്കമുള്ള കേരളവിരുദ്ധർ ചെയ്തത്​. സംസ്ഥാനങ്ങൾക്കു കിട്ടുന്ന ആളോഹരിവിഹിതത്തെ ചൊല്ലിയുള്ള തെറ്റായ കണക്കുകളും സേനയുടെ സഹായം കേന്ദ്രസഹായമല്ലേ തുടങ്ങിയ തൊടുന്യായങ്ങളും നിരത്തി കേരളത്തിൽ ശമ്പളപരിഷ്​കരണം നടപ്പിലാക്കുന്നത് ഒരു വർഷത്തേക്ക് നീട്ടി​െവച്ചാല്‍  യു.എ.ഇയിൽ നിന്നുതന്നെ വാങ്ങിക്കണമെന്ന് കേരളം നിർബന്ധിക്കുന്ന പണം സ്വരൂപിച്ചെടുക്കാമല്ലോ എന്നുവരെ ശ്രീറാം വാദിക്കുന്നുണ്ട്! കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്നവർ ദേശവിരുദ്ധരാണെന്നും, അവര്‍ രാജ്യത്തി​​​​െൻറ പൊതുതാൽപര്യത്തിനെതിരായവരാണ് എന്നുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ശ്രീറാമോ അര്‍ണബോ മാത്രമല്ല. ഹിന്ദുത്വത്തി​​​​െൻറ ദേശീയ-ആഗോള ശൃംഖലകൾ ഇൗയൊരു പ്രചാരണത്തി​​​​െൻറ കുന്തമുനയായി മാറിയിരിക്കുന്നു. ഒരു സംസ്ഥാനത്തി​​​​െൻറ സ്വാഭിമാനം നിര്‍ലജ്ജം ചോദ്യംചെയ്യപ്പെടുന്നു എന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങളില്‍നിന്ന് നഷ്‌ടമായ ജനാധിപത്യപരത വീണ്ടെടുക്കുക എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാവുകയാണ്.  
 

Loading...
COMMENTS