Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകണ്ണൂരും കരുണയും  വിരൽ...

കണ്ണൂരും കരുണയും  വിരൽ ചൂണ്ടുന്നത്

text_fields
bookmark_border
കണ്ണൂരും കരുണയും  വിരൽ ചൂണ്ടുന്നത്
cancel

മെഡിക്കൽ വിദ്യാഭ്യാസരംഗം വീണ്ടും കലുഷിതമായതെന്തുകൊണ്ട്? വൈദ്യവിദ്യാഭ്യാസം കച്ചവടത്തിന് വിധേയമാകുന്നു എന്ന വാദം നിലനിൽക്കുമ്പോൾ തന്നെ വിദ്യാഭ്യാസ വാണിജ്യത്തെ സ്വാധീനിക്കുന്ന സാമൂഹിക  ഘടകങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കേണ്ടതും ആവശ്യമാണ്. ഒരുവേള അതൊക്കെയാവും  കണ്ണൂർ, കരുണ മെഡിക്കൽ കോളജ് വിഷയത്തിൽ സർക്കാറിനുതന്നെ വല്ലായ്മ വരുത്തിയ ഓർഡിനൻസും ബില്ലും ചർച്ചചെയ്യപ്പെടാൻ സാഹചര്യമൊരുക്കിയത്. കച്ചവടക്കണ്ണുള്ളവർ നിക്ഷേപവുമായി വൈദ്യവിദ്യാഭ്യാസരംഗം കൈയടക്കി എന്നതുകൊണ്ടുമാത്രം മേഖല ജീർണിച്ചുപോകില്ല. അതിൽ പങ്കാളികളാകാൻ തയാറുള്ള ഉപഭോക്തൃ സമൂഹവും കൂടി വേണം.  സ്വകാര്യമേഖലയെ അനുകൂലിക്കുന്ന വലിയൊരു സമൂഹം നമുക്കുചുറ്റുമുണ്ട് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള കണക്കുകൾ പുതുതായി വൈദ്യശാസ്ത്രം പഠിക്കാനെത്തുന്നവർക്ക് അനുകൂലമല്ലെങ്കിലും മെഡിക്കൽ സീറ്റിനുവേണ്ടി സമ്മർദം തുടരുന്നത് സമൂഹത്തിലെ വാണിജ്യത്വരയെ സൂചിപ്പിക്കുന്നു.

കേരളത്തിൽ കുട്ടികളെ ഡോക്ടറാക്കുക എന്നത് രക്ഷാകർത്താക്കൾക്കുമേൽ ഉണ്ടാകുന്ന ശക്തമായ സാമൂഹിക സമ്മർദമാണ്. സ്ഥിരജോലിക്ക് മറ്റുസാധ്യതകൾ ഇല്ലാത്തിടത്തു യാഥാസ്ഥിതിക സമീപനങ്ങൾ ഉണ്ടാകുന്നത് ശരിയായിത്തോന്നാം. സംസ്ഥാനത്തിപ്പോഴും ആയിരത്തിനൊന്ന് എന്ന അനുപാതത്തിൽ ഡോക്ടർമാരെ വിന്യസിക്കാനായിട്ടില്ല; ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന നിരക്ക് ലോകാരോഗ്യസംഘടന ശിപാർശചെയ്യുന്നു. ഈ അനുപാതമെത്തുംവരെ ഡോക്ടർമാരെ ഉൽപാദിപ്പിക്കാമെന്നു കരുതുന്നതും പൂർണമായും ശരിയല്ല. സർക്കാർ ആരോഗ്യമേഖലയിൽ മുതൽ മുടക്കാൻ മടിച്ചുനിന്നാൽ ആരോഗ്യരംഗം നാമറിയാതെതന്നെ സ്വകാര്യവത്കരിക്കപ്പെടും. ഇപ്പോൾ ഏകദേശം 7500 തസ്തികകളാണ് വൈദ്യവിദ്യാഭ്യാസത്തിലും ആരോഗ്യവകുപ്പിലുമായി നിലവിലുള്ളത്. ഉദ്ദേശം 4000 വിദ്യാർഥികൾ പ്രതിവർഷം മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നുവെങ്കിൽ സർക്കാർ ജോലിയിലുണ്ടാകാൻ പോകുന്ന സമ്മർദം ഊഹിക്കാവുന്നതേയുള്ളൂ. ഇവരിൽ 25 ശതമാനം പേർക്കാണ് ബിരുദാനന്തര പഠനത്തിന് സാധ്യതയുള്ളത്; വലിയ വിഭാഗം ബിരുദധാരികൾ സ്വകാര്യമേഖലയിലെ ചുരുങ്ങിയവേതനവുമായി നിരന്തരം പോരാടിക്കൊണ്ടിരിക്കും. എം.ബി.ബി.എസ് ഡോക്ടർമാരുടെ സേവനം വാങ്ങാൻ സമൂഹം തയാറാവുന്നില്ലെങ്കിൽ അവരുടെ സ്വതന്ത്ര പ്രാക്ടീസും പരിമിതപ്പെടും. സമൂഹം സാമ്പത്തികമായി പിന്താങ്ങുന്ന തൊഴിലുകൾ മാത്രമേ നിലനിൽക്കൂ എന്ന ലളിതമായ സാമ്പത്തികവിജ്ഞാനം മതി ഇത് മനസ്സിലാക്കാൻ.

അഞ്ചുകൊല്ലംകൂടി കഴിഞ്ഞാൽ നമ്മുടെ ആരോഗ്യമേഖലയിൽ വരാൻപോകുന്ന സമ്മർദങ്ങളുടെ രൂപമിതാണ്. ഭൂരിപക്ഷം സ്വകാര്യ മെഡിക്കൽ കോളജുകളിൽ പഠനാന്തരീക്ഷം, ലബോറട്ടറി, ക്ലിനിക്കൽ സൗകര്യങ്ങൾ, രോഗികളുടെ ലഭ്യത, രോഗങ്ങളുടെ വൈവിധ്യം, സ്ത്രീരോഗികളുടെ സാന്നിധ്യം എന്നിവ കൃത്യമായി അളക്കുന്നതിനു സംവിധാനങ്ങളില്ല. യൂനിവേഴ്സിറ്റി, മെഡിക്കൽ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങൾ ഇതിൽ ഇടപെടാറുമില്ല. മെഡിക്കൽ ഗവേഷണം, ഫോറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ എന്നീ സുപ്രധാന വിഷയങ്ങൾക്ക് നിസ്സാര ഗൗരവമാണ് വിദ്യാർഥികൾ നൽകുന്നത്. പ്രകടമായ ഇത്തരം മാറ്റങ്ങൾക്കിടയിലും മെഡിക്കൽ സീറ്റുകളുടെ ഡിമാൻഡ് നിലനിൽക്കുന്നുവെന്നുള്ളത് നമ്മെ ആശ്ചര്യപ്പെടുത്തും.

പഠനാന്തരീക്ഷത്തിൽ മാത്രമല്ല ഇടിവുള്ളത്; പഠിതാക്കളിലും മാറ്റം പ്രകടമാണ്. 2017 ലെ പ്രവേശന പരീക്ഷാഫലങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമത്. സർക്കാർ കോളജിൽ പ്രവേശനം ലഭിക്കുന്ന ഏറ്റവും താഴത്തെ റാങ്ക് ഓൾ ഇന്ത്യ ലിസ്​റ്റിൽ 4914 ആണ്. ഓപൺ കാറ്റഗറിയിൽ സ്വകാര്യ കോളജിൽ പ്രവേശനം നേടിയ ഏറ്റവും താഴത്തെ റാങ്ക് 22,856 ആണ്. ഉദ്ദേശം 40,000 ത്തിനടുത്തു റാങ്ക് നേടിയവർ വരെ പ്രൈവറ്റ് കോളജിൽ പഠിക്കുന്നുണ്ട്. വിഷമകരവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ പഠിച്ചുപോകാനുള്ള പരിമിതമായ സമയമേ എം.ബി.ബി.എസ്‌ കോഴ്‌സിൽ ഏർപ്പാടാക്കിയിട്ടുള്ളൂ. പലപ്പോഴും വിദ്യാർഥികൾക്ക് പാഠ്യവിഷയങ്ങൾ ഗ്രഹിക്കുന്നതിൽ വലിയ അന്തരമുണ്ടായാൽ എന്താണുചെയ്യുക എന്നതിൽ വ്യക്തതയില്ല. എന്നിട്ടും പരീക്ഷാഫലങ്ങൾ പുറത്തുവരുമ്പോൾ 85 ശതമാനം പേരും പാസാകുകയാണ് പതിവ്.

മെഡിക്കൽ വിദ്യാഭ്യാസത്തിലെ അകം പൊരുളുകൾ പഠിക്കേണ്ടതി​​​െൻറ ആവശ്യം അതിനാൽ സുപ്രധാനമാണ്. ശ്യാമ രാജഗോപാൽ (2014) നടത്തിയ പഠനത്തിൽ പറയുന്നത് കേരളത്തിൽ 2002 മുതൽ വൈദ്യശാസ്ത്രപഠനത്തിനെത്തുന്നവർ ഏറെയും പെൺകുട്ടികളാണെന്നാണ്. ഇത് ക്രമമായി വർധിച്ചുവരുന്നു എന്നത് സ്വാഗതാർഹം തന്നെ. 2011 ൽ പ്രവേശനം ലഭിച്ചവരിൽ 457 ആൺകുട്ടികളും 1012 പെൺകുട്ടികളും ഉണ്ടായിരുന്നു. പ്രവീൺലാൽ പിന്നീട് നടത്തിയ പഠനത്തിലും ഈ പ്രവണത സ്ഥിരീകരിക്കുകയുണ്ടായി. കൃഷ്ണ റാവു, ആരുഷി ഭട്‌നാഗർ (2017) എന്നിവർ നടത്തിയ ലോകാരോഗ്യ സംഘടന പഠനത്തിൽ കണ്ടത് നമ്മുടെ എം.ബി.ബി.എസ്‌ ബിരുദധാരികളിൽ 75 ശതമാനം പേരും കേരളത്തിൽ തന്നെ പ്രവർത്തിക്കുന്നു എന്നാണ്. ഉദ്ദേശം 20 ശതമാനം പേര് ഇതരസംസ്ഥാനങ്ങളിലും അഞ്ചു ശതമാനം പേര് വിദേശത്തും പോകുന്നു. ഭാഷ, സംസ്കാരം എന്നിവയുയർത്തുന്ന പ്രതിബന്ധങ്ങളാവണം ഡോക്ടർമാരുടെ ദേശാന്തരഗമനത്തെ നിരുത്സാഹപ്പെടുത്തുന്നത്. കേരളസമൂഹത്തി​​​െൻറ കർശനമായ യാഥാസ്ഥിതികത എന്തുപങ്കുവഹിക്കുന്നു എന്നതും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കാരണത്താൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പെൺകുട്ടികൾക്ക് അനുയോജ്യമായ ​ പ്രഫഷനൽ വിദ്യാഭ്യാസമാണ് മെഡിസിൻ.

ഉപരിപഠനം ലഭ്യമായാൽ നന്ന്; ഇല്ലെങ്കിലും മുഷിയില്ല, പ്രാക്​ടീസും വിവാഹവുമായി കഴിയാമല്ലോ എന്ന ചിന്തക്ക് ആക്കം കൂടും. നാം കരുതുന്നതിലും പ്രബലമായ നിലപാടാണിത്. ആകൃതി റാവു, അന്ന ഐസക് (2016) എന്നിവരുടെ പഠനത്തിൽ പെൺകുട്ടികൾ വിവാഹിതരാകുന്നത് 2005 - 2014, കാലഘട്ടത്തിൽ 22.9 വയസ്സിൽ നിന്ന് 21.4 വയസ്സിലേക്കു താഴ്ന്നിരിക്കുന്നതായി കണ്ടു. പെൺകുട്ടികളുടെ വിവാഹപ്രായം താഴുന്നത് അഭികാമ്യമായ മാറ്റമല്ല; വികസനത്തിനനുകൂലവുമല്ല. ശക്തമായ സാമൂഹിക സമ്മർദം ഇതിനുപിന്നിലുണ്ട് എന്നു കരുതേണ്ടിയിരിക്കുന്നു.പെൺകുട്ടികൾക്ക് സ്വയം വികസിക്കാനും തങ്ങളുടെ പ്രവർത്തനമേഖലയും ജീവിതരീതികളും തിരഞ്ഞെടുക്കാനും പൂർണ സ്വാതന്ത്ര്യം ഉണ്ടാവുകയാണ് ഉത്തമം. അതൊരു ഉട്ടോപ്യൻ ആശയമായി   സമൂഹം കാണുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. അതിനാൽത്തന്നെ സുപ്രീംകോടതി വിലക്കിയ തലവരിപ്പണം നൽകാനും, എൻ.ആർ.ഐ സീറ്റ് വലിയ വിലകൊടുത്തു കരസ്ഥമാക്കാനും നമുക്ക് മടിയില്ല. സ്വകാര്യ കോളജുകളിലെ ഫീസ് ഘടനയും അനുബന്ധ ​െചലവുകളും വളരെ വലുതായിട്ടുപോലും അനേകം സാധാരണക്കാർ മെഡിക്കൽ സീറ്റിനു പിന്നാലെ പോകുന്നതിനു കാരണം മറ്റൊന്നല്ല. ​െചലവാക്കിയ പണം തിരികെക്കിട്ടാൻ പ്രവേശനം നഷ്​ടപ്പെട്ട വിദ്യാർഥികൾ ശ്രമം തുടങ്ങിക്കഴിഞ്ഞു. അവർ ഉയർത്തുന്ന വാദങ്ങളിൽ തലവരിപ്പണമായോ സംഭാവനയായോ തങ്ങൾക്ക് പണം നൽകേണ്ടിവന്നുവെന്നു സൂചനകളുണ്ട്.

ദേശീയ മെഡിക്കൽ കമീഷൻ ബിൽ എന്തെല്ലാം ഭേദഗതികളോടെയാണ് പുറത്തുവരുകയെന്ന് ഇപ്പോൾ പറയാനാവില്ല. ലഭ്യമായ സൂചനകളനുസരിച്ചു ബിരുദാനന്തര പഠനം കോളജുകൾക്ക് സ്വന്തമായി, പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ലാതെ നടത്താവുന്ന പദ്ധതിയായി ചുരുങ്ങുമെന്നു കരുതുന്നു. അങ്ങനെവന്നാൽ എം.ബി.ബി.എസ്‌ അംഗീകാരം കോളജിനെ സംബന്ധിച്ചിടത്തോളം നിലനിർത്തിയേപറ്റൂ. മുൻ വർഷത്തെ പ്രവേശനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ മെഡിക്കൽ കമീഷൻ ബിൽ നിയമമാകും മുമ്പ് പരിഹരിക്കപ്പെടുക എന്നത് കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളെ സംബന്ധിച്ചിടത്തോളം സർവപ്രധാനമാകുന്നത് അങ്ങനെയാണ്. പരോക്ഷമായെങ്കിലും അവർക്ക് ഗുണം ചെയ്യുന്നതാണ് 2017 ലെ ഓർഡിനൻസ്. നിയമസഭ 2018ൽ ബിൽ ചർച്ചക്കെടുക്കുമ്പോൾ രാഷ്​ട്രീയകക്ഷികൾ വിദ്യാഭ്യാസത്തോടുള്ള തങ്ങളുടെ നയങ്ങൾ മാറ്റിവെച്ചു മാനേജ്​മ​​െൻറനുകൂല നിലപാടെടുത്തതും അതിനാലാവണം. ബിൽ നിയമമായിക്കഴിഞ്ഞാൽ അതിന്മേൽ വരുന്ന കേസുകൾ നടത്തേണ്ടത് സർക്കാർ സ്വാഭാവികമായും ബാധ്യതയായിക്കൊള്ളുമല്ലോ. 

മനു ​െസബാസ്​റ്റ്യൻ (നവംബർ 2017) എഴുതിയ ലേഖനത്തിൽ 21/ 2017 ാം നമ്പർ ഓർഡിനൻസി​​​െൻറ കഥ വിവരിക്കുന്നു. ഭരണതലത്തിലെ എതിർപ്പ് മറികടന്ന് നിയമവകുപ്പ് നൽകിയ ഉപദേശമാണത്രെ ഓർഡിനൻസിൽ കലാശിച്ചത്. ഓർഡിനൻസ് ഫലത്തിൽ ലക്ഷ്യമിട്ടത് നിലവിലുള്ള കോടതിവിധികളെ പ്രവർത്തനരഹിതമാക്കാനായിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പ്രവേശനം നഷ്​ടപ്പെട്ട വിദ്യാർഥികൾക്ക് പഠനം തുടരാൻ മറ്റു നിയമങ്ങളോ കോടതിവിധികളോ തടസ്സമാകില്ല എന്ന നിലവന്നു. കോടതിവിധികൾ മറികടക്കാൻ നിയമനിർമാണത്തിനു പരിമിതികളുണ്ട്. ഒരു പ്രത്യേക നടപടി അരുത് എന്ന് കോടതി പറഞ്ഞുകഴിഞ്ഞാൽ നിയമനിർമാണം വഴി അങ്ങനെയാവാം എന്നു പറയുന്നത് നിയമത്തി​​​െൻറ ദൃഷ്​ടിയിൽ അനഭിമതമാണ്. അനേകം കോടതിവിധികളിലൂടെ തീർപ്പാക്കിയ പ്രശ്നമാണിത്. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുന്ന തർക്കത്തിൽ കേരളവും തമിഴ്നാടും തമ്മിൽ നടന്ന 2014 ലെ കേസിലും സുപ്രീംകോടതി പറഞ്ഞത് കോടതിവിധി തടയുന്ന നിയമനിർമാണം തെറ്റാണെന്നുതന്നെ.

മനു സെബാസ്​റ്റ്യൻ മറ്റൊരു വൈകല്യം കൂടി ചൂണ്ടിക്കാണിക്കുന്നു. ഓർഡിനൻസിന്  ‘ഏക വ്യക്തി നിയമം’ എന്ന പോരായ്‌മ ഭവിച്ചിരുന്നു. ഇതി​​​െൻറ ഗുണഭോക്താക്കൾ ഒന്നോ രണ്ടോ വ്യക്തികൾ മാത്രമായി ചുരുങ്ങിയതാണ് കാരണം. കണ്ണൂർ, കാരുണ്യ, മെഡിക്കൽ കോളജുകളെ മാത്രം ബാധിക്കുന്ന പ്രശ്നം തരണം ചെയ്യാനുദ്ദേശിച്ചിരിക്കുന്നു എന്നതിനാലാണത്. എല്ലാരും തുല്യർ എന്ന ഭരണഘടനാ സങ്കൽപത്തെ ഹനിക്കാൻ പോന്ന കാഴ്ചപ്പാടാണ്. അങ്ങനെ ഇത് നിയമത്തി​​​െൻറ നൈതികതയോടുള്ള ചോദ്യമായി. ഗവർണർ ആദ്യം ഒപ്പിടാതെ മടക്കിയ ഓർഡിനൻസ് രണ്ടാം വട്ടമാണ് അംഗീകരിച്ചത്. ഗവർണർ എന്ന പദവിയിൽ ഒരു പക്ഷേ, രണ്ടാം വട്ടം ഒപ്പിടേണ്ടതായി വരാം. മുൻ ചീഫ് ജസ്​റ്റിസ് ആയിരുന്ന ഗവർണർക്ക് അങ്ങനെ ചെയ്യേണ്ടി വരുമ്പോൾ പരസ്പരം ചേരാത്ത രണ്ടു നിയമസംഹിതകളിൽ അടങ്ങിയ അതിസങ്കീർണതകൾ  നാം ദർശിക്കുന്നു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ നിഷ്കളങ്കരായ വിദ്യാർഥികളുടെ പ്രശ്നമായി ഇതിനെ കാണാനാവില്ല. വിദ്യാഭ്യാസത്തിലും സമൂഹത്തിലും മൂലധന ഇടപെടലുകളിലും ഉണ്ടായിവരുന്ന മാറ്റങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് നാം കാണുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemedical educationkannur medical collegekaruna medical collegeMalayalam News
News Summary - Kannur and Karuna Medical Colleges - Article
Next Story