അഴികള്‍ക്കകത്തെ പിടച്ചിലും ആ ഉമ്മയുടെ കരച്ചിലും

  • യു.എ.ഇയിലും പുറത്തും മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുകയാണ്. ലഹരിയുടെ പുതിയ ചേരുവകള്‍ പല രൂപത്തില്‍ ഗള്‍ഫിലത്തെിക്കാന്‍ ശ്രമം. ഗള്‍ഫ് നഗരങ്ങളില്‍ ലാഭക്കൊതിയോടെ ഇരകളെ വീഴ്ത്താന്‍ നടക്കുന്ന ഇടനിലക്കാരും ശക്തം

എം.സി.എ നാസർ
22:20 PM
15/03/2017

കഴിഞ്ഞ കുറച്ചു ദിവസമായി കാസര്‍കോടുനിന്നും ഒരുമ്മയുടെ കരച്ചില്‍. ആരില്‍നിന്നോ ലഭിച്ച നമ്പറിലേക്കായിരുന്നു ആദ്യം കരച്ചില്‍ രൂപത്തില്‍ വിളിയത്തെിയത്. പിന്നീട് വാട്സ് ആപ്പിലൂടെയായി കരച്ചില്‍ പ്രവാഹം. നിത്യം പലതവണ വോയ്സ് സന്ദേശമത്തെും. എപ്പോഴും ഒറ്റ ചോദ്യം മാത്രം, എന്തായി? ദുബൈയിലെ മകനുവേണ്ടിയുള്ളതാണ് ആ സങ്കടചോദ്യം.

അവന്‍ ദുബൈ അവീര്‍ ജയിലില്‍ ആണെന്ന വിവരം മാത്രമേ അവര്‍ക്കുള്ളൂ. മുറിയുന്ന കണ്ണീര്‍ചാലുകള്‍ക്കിടയില്‍ അറിയാന്‍ കഴിഞ്ഞ വിവരം ഇതാണ്, ദേരയിലെ മൊബൈല്‍ ഷോപ്പിലായിരുന്നു മകന് ജോലി. ഗള്‍ഫിലത്തെിയിട്ട് അധികമൊന്നും ആയിട്ടില്ല. നാട്ടില്‍നിന്നു വന്ന സുഹൃത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ചെന്നതായിരുന്നു. അപ്പോഴാണ് ഇരുവരും അഴിക്കുള്ളിലാകുന്നത്. അന്വേഷിച്ചപ്പോള്‍ കഞ്ചാവ് കേസാണ്. മകന്‍ നിരപരാധിയാണെന്നും കഞ്ചാവ് കൊണ്ടുപോയ സുഹൃത്തിന്‍െറ ചതിയില്‍പെട്ടിരിക്കാനാണ് സാധ്യതയെന്നും ആ ഉമ്മ കരയുന്നു. ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍െറ നമ്പര്‍ കൊടുത്തു. ഇടക്ക് കണ്ടപ്പോള്‍ അവനും പറഞ്ഞു, അവരുടെ കണ്ണീര്‍ ഫോണൊഴിഞ്ഞ നേരമില്ളെന്ന്. അവന്‍െറ മറുപടി കിട്ടാന്‍ വൈകുമ്പോള്‍ ആ കരച്ചില്‍ വഴിതെറ്റി എന്നിലേക്ക് തന്നെ തിരിച്ചത്തെുന്നു. കേസ് ഇപ്പോള്‍ അന്വേഷണഘട്ടത്തിലാണ്. കുറ്റപത്രം ലഭിച്ചിട്ടില്ല. നിരപരാധിയാണെന്നുറപ്പായാല്‍ മകന്‍ മോചിതനാകും.

ഈ സാന്ത്വന വാക്കുകളൊന്നും പക്ഷേ, ആ ഉമ്മക്ക് ബോധ്യമാകുന്നില്ല. ഒന്നും വേണ്ട. അവന്‍ നാട്ടിലത്തെിയാല്‍ മതിയെന്ന് ദാരിദ്ര്യത്തിന്‍െറ കണ്ണീര്‍ വിലപിക്കുന്നു. ഒറ്റപ്പെട്ട സംഭവമല്ല. യു.എ.ഇയിലും പുറത്തും മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുകയാണ്. ലഹരിയുടെ പുതിയ ചേരുവകള്‍ പല രൂപത്തില്‍ ഗള്‍ഫിലത്തെിക്കാന്‍ ശ്രമം. ഗള്‍ഫ് നഗരങ്ങളില്‍ ലാഭക്കൊതിയോടെ ഇരകളെ വീഴ്ത്താന്‍ നടക്കുന്ന ഇടനിലക്കാരും ശക്തം. എന്തും വരട്ടെയെന്നുറപ്പിച്ച് വലിയ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തൊരുക്കാന്‍ തിടുക്കം കൂട്ടുന്ന സാധാരണ മനുഷ്യര്‍. അവരാണ് കാരിയര്‍ റോള്‍ ഏറ്റെടുക്കുന്നത്. കുടുങ്ങുമ്പോള്‍ മാത്രം പശ്ചാത്തപിക്കുന്നു. അപ്പോള്‍ പറയും, ഒന്നും വേണ്ടിയിരുന്നില്ളെന്ന്.

ഗള്‍ഫ് ജയിലുകളില്‍ സന്ദര്‍ശനം നടത്തുന്ന സാമൂഹികപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു, ഇത്തരം മലയാളികളുടെ എണ്ണം കൂടുകയാണെന്ന്. രണ്ടാമതൊരു കൂട്ടരുണ്ട്. അറിയാതെ ചതിയില്‍ പെടുന്നവര്‍. അടുത്ത സുഹൃത്തുക്കളുടെ, പരിചയക്കാരുടെ വേഷത്തിലാകും അവരുടെ വരവ്. ഗള്‍ഫിലേക്കാണല്ളോ പോകുന്നത്. അവര്‍ ഏല്‍പിക്കുന്ന ചെറിയൊരു പൊതി എങ്ങനെ വേണ്ടെന്നു പറയും? ഈ സൗമനസ്യത്തിലാണ് അവര്‍ കൊത്തുന്നത്. ഗള്‍ഫ് തടവറകളില്‍ കൊണ്ടുതള്ളിയ പലര്‍ക്കും പങ്കുവെക്കാനുള്ളതും അതേ ചതിക്കഥകള്‍.

ഒന്നും രണ്ടുമല്ല, എത്രയോ മലയാളികളുണ്ട് ഇങ്ങനെ കുരുക്കില്‍ പെട്ടവര്‍. സൗദിയില്‍ വധശിക്ഷ വരെ കാത്തു കഴിയുന്നവരും കൂട്ടത്തിലുണ്ട്. കൊണ്ടുവന്ന പൊതി തന്‍േറതല്ളെന്ന് കോടതിയില്‍ തെളിയിക്കണം. അതൊന്നും അത്ര എളുപ്പമല്ല. പിന്നെ ചിലരുണ്ട്, ഭാഗ്യം കൊണ്ടുമാത്രം കൊടുംശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടവര്‍. കുവൈത്തില്‍ പ്രവാസിയായ പെരുമ്പാവൂര്‍ വല്ലംകര പറക്കുന്നത്ത് കബീര്‍ അങ്ങനെ ഒരാള്‍.

2015 നവംബര്‍ 20ന് നാട്ടില്‍നിന്നു വരുമ്പോഴാണ് കുവൈത്തില്‍ പിടിയിലായത്. ലഗേജില്‍നിന്ന് അധികൃതര്‍ കഞ്ചാവ് കണ്ടത്തെി. ശിക്ഷ ജീവപര്യന്തം തടവും പതിനായിരം ദിനാര്‍ പിഴയും. സുലൈബിയ സെന്‍ട്രല്‍ ജയിലില്‍ കഴിച്ചുകൂട്ടിയത് ഒരു വര്‍ഷം. എന്നിട്ടും കബീര്‍ പ്രതീക്ഷ വിട്ടില്ല. കുടുംബാംഗങ്ങള്‍, പ്രവാസി സുഹൃത്തുക്കള്‍, സംഘടനകള്‍- കബീറിനെ അറിയുന്ന എല്ലാവരും ചേര്‍ന്നുനിന്നു. അപ്പീല്‍കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്തി. അങ്ങനെ കബീര്‍ വീണ്ടും സ്വാതന്ത്ര്യത്തിലേക്ക്. കാഞ്ഞങ്ങാട് സ്വദേശി റാശിദും ചതിയില്‍പെട്ട് കുവൈത്തില്‍ പിടിയിലായ മറ്റൊരു ഇരയാണ്. നാട്ടുകാരും പ്രവാസികളുമാണ് അവനും തുണനിന്നത്. ഷിജു എന്ന മലയാളിയുടെ അനുഭവവും മറ്റൊന്നല്ല. അബൂദബി ജയിലില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് മോചനം ലഭിച്ചത്. സംസ്ഥാന സര്‍ക്കാറും എംബസിയും സുഹൃത്തുക്കളും ചേര്‍ന്നുനിന്നതിന്‍െറ വിജയം.

നാട്ടില്‍നിന്ന് പരിചയക്കാരന്‍ നല്‍കിയ മയക്കുമരുന്നു പൊതിയായിരുന്നു ഇവിടെയും വില്ലന്‍. നാട്ടില്‍നിന്നു ലഭിച്ച ‘പൊതി’ ഭാഗ്യത്തിന് തുറന്നുനോക്കിയതു കൊണ്ടു മാത്രം രക്ഷപ്പെട്ടവരും കുറെയുണ്ട്. മയക്കുമരുന്ന് കേസുകളാണോ, ഒട്ടും അലിവ് വേണ്ടെന്ന തീര്‍പ്പിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ഇന്ത്യക്കാര്‍ കുവൈത്ത് ജയിലുകളില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും നേരത്തേ പുറത്തുവന്നു. എളുപ്പം കുറെ പണം ഉണ്ടാക്കാനുള്ള വ്യഗ്രത. ഇടനിലക്കാരുടെ വന്‍ പ്രലോഭനം. ഇതൊക്കെയാണ് അറിഞ്ഞു കൊണ്ട് കുറ്റകൃത്യത്തിന്‍െറ വഴി തെരഞ്ഞെടുക്കാന്‍ പലര്‍ക്കും പ്രേരണ. ‘വലിയ വില നല്‍കേണ്ടി വരും’ എന്നത് വെറും പരസ്യവാചകം അല്ളെന്ന് തിരിച്ചറിയാന്‍ പക്ഷേ, വൈകും. കഴുമരമാകും പിന്നെ വിധി നിര്‍ണയിക്കുക.

മയക്കുമരുന്ന് കേസുകളില്‍ വാദിക്കാന്‍പോലും അഭിഭാഷകര്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്. ജയിലില്‍ അടക്കപ്പെട്ടവനെ വിടാം. നാട്ടിലെ കുടുംബങ്ങളാണ് തീ തിന്നുന്നത്. അപമാനത്തില്‍ വെന്തുനീറുന്നവര്‍. വലിയ തുക മുടക്കി വക്കീലിനെ വെച്ച് കേസ് നടത്താന്‍ കഴിയാത്തവരുടെ സങ്കട സമസ്യ വേറെയും. മയക്കുമരുന്ന് ലോബി എല്ലാ വഴികളും തേടും. എയര്‍പോര്‍ട്ടിലെ സുരക്ഷഗേറ്റ് കടന്ന് ഇരയിലൂടെ ‘പൊതി’ ഇപ്പുറത്ത് വന്നാല്‍ ലഭിക്കുന്ന ലാഭം മാത്രമേയുള്ളൂ, അവരുടെ മുന്നില്‍. അഥവാ, കുടുങ്ങിയാല്‍ ഇവരെയൊന്നും നാലയലത്തു പോലും കാണില്ല. ഇര മാത്രം ഒറ്റക്ക് ജയിലിലേക്ക്.

പണ്ടൊക്കെ മയക്കുമരുന്ന് മാത്രമായിരുന്നു പ്രശ്നം. ഇപ്പോള്‍, ലഹരിപദാര്‍ഥം അടങ്ങിയ വേദനസംഹാരി മരുന്നുകള്‍ വരെ സൂക്ഷിക്കണം. മുന്‍കൂര്‍ അനുമതിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഇല്ലാതെ അതുപോലും അനുവദിക്കില്ളെന്നാണ് നിയമം. പോസ്റ്റല്‍ കൊറിയര്‍ വഴി അയക്കുന്ന മരുന്നുകള്‍ക്കും ഇതു ബാധകം. നിരോധിത മരുന്നുകളുടെ വലിയ പട്ടിക തന്നെ കാണാം, യു.എ.ഇ കസ്റ്റംസ് വെബ്സൈറ്റില്‍. എന്തിനധികം, ഭക്ഷണത്തിന് രുചി പകരുന്ന കസ്കസിനു പോലും സൗദിയിലും മറ്റും വിലക്കുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. മയക്കുമരുന്ന് ലോബി അത്രയും ശക്തം. കഞ്ചാവ് അരച്ചെടുത്ത് ജാം, അച്ചാര്‍ പാത്രങ്ങളിലാക്കി കാരിയര്‍മാര്‍ മുഖേന കടത്താനും ഇവര്‍ക്ക് മടിയില്ല. ഒരു ജനതയെ കൊന്നൊടുക്കാന്‍ എന്തും ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍. അവരെ അമര്‍ച്ച ചെയ്യാന്‍ കഠിനശിക്ഷ കൂടിയേ തീരൂ.

ഇതാ, സമയം പാതിരാത്രി. അപ്പുറത്ത് വാട്സ്ആപ്പില്‍ ആ ഉമ്മയുടെ കരച്ചില്‍ വീണ്ടും. മകനെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു, അവര്‍ക്ക്. എന്തു ശബ്ദസന്ദേശമാണ് ഞാനവര്‍ക്ക് മറുപടിയായി നല്‍കേണ്ടത്?

COMMENTS