Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഭരണഘടന തകർക്കാൻ...

ഭരണഘടന തകർക്കാൻ അനുവദിക്കരുത്

text_fields
bookmark_border
delhi-university
cancel

ഇന്ത്യയുടെ സാമൂഹിക ആത്മീയത ഹിന്ദുത്വമെന്ന അധീശ സംസ്​കാരത്തിലല്ല, അതി​െൻറ മതേതരത്വമെന്ന ബഹുസ്വരതയുടെ, നാനാത്വത്തി​െൻറ സാംസ്​കാരികവും ജ്ഞാനപരവുമായ ചൈതന്യത്തിലാണ് നിലനിൽക്കുന്നത്. മതേതരത്വം എന്ന സാമൂഹിക സാംസ്​കാരിക രാഷ്​ട്രീയ ജീവിതാനുഭവമില്ലാതാക്കിയാൽ ഇന്ത്യയിൽ അതോടൊപ്പം ഇല്ലാതാവുന്നത് ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവുമാണ്. പിന്നീടുള്ളത് പരിപൂർണമായും ഭരണകൂടത്തി​െൻറ നേതൃത്വത്തിലുള്ള ഫാഷിസത്തി​െൻറ തേർവാഴ്ചയും കൂരിരുട്ടും മാത്രമായിരിക്കും. വ്യത്യസ്​തതകൾക്ക് ഇടമുണ്ടാവില്ല. എതിർശബ്​ദങ്ങൾ ഇല്ലാതാക്കും. സന്തോഷമുള്ള ജീവിതം എ​ന്നന്നേക്കും അസാധ്യമാകും. ഇന്ത്യയിലെ മുസ്​ലിംകൾ ഭയക്കേണ്ടതില്ല എന്ന് ഹിന്ദുത്വ ഭരണാധികാരികൾ പറയുമ്പോഴും മുസ്​ലിംകൾ എന്നന്നേക്കുമായി ഭയക്കണം എന്നതാണ് അനുഭവ പാഠം. അന്വേഷണ കമ്മിറ്റികൾ ക്ലീൻ ചിറ്റ് കൊടുത്താലും കോടതികൾ നിരപരാധിയാണെന്ന് വിധി പറഞ്ഞാലും ഗുജറാത്തിലെ മുസ്​ലിം വംശഹത്യയുടെയും കഠ്​വയിലെ മുസ്​ലിം ബാലികയുടെ കൊലപാതകത്തി​​െൻറയും പശുവി​​െൻറയും ബീഫി​​െൻറയും പേരിൽ സമീപകാലത്ത് നടന്ന നിരവധി ആക്രമണങ്ങളുടെയും പിടച്ചിലുകൾ ഇന്ത്യയിലെ മുസ്​ലിംകളും ഒപ്പം ദലിതരും മതേതരത്വത്തിലും ജനാധിപത്യത്തിലും തുല്യനീതിയിലും വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരും എന്നന്നേക്കും മറക്കുമോ?

അസ്വാതന്ത്ര്യവും അടിച്ചമർത്തലും ഭയവും മരണവും ചൂഴ്ന്നുനിൽക്കുന്ന ഒരു നാളേക്കും പൗരജീവിതത്തിനും വേണ്ടിയല്ല പൂർവികർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടു പോരാടിയത്. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പഠിപ്പിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളാണ്. ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ പിറവിയെടുത്ത ഇന്ത്യൻ ഭരണഘടനയെ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെയും ഭയക്കുന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. ഇന്ത്യ പൊരുതിനേടിയ സ്വാതന്ത്ര്യത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്തവർ. മാത്രമല്ല, ഗാന്ധിജിയെ വധിച്ചവർ. ആ നടുക്കത്തി​​െൻറയും തിരിച്ചറിവി​​െൻറയും രാജ്യസ്​നേഹത്തി​​െൻറയും സ്​മരണകളോടെയാണ് സ്വാതന്ത്ര്യാനന്തരമുള്ള ദശകങ്ങളിൽ ജനിച്ചുവളർന്ന ഞങ്ങളുടെ തലമുറകൾ രാഷ്​ട്രീയം പഠിച്ചെടുത്തത്. ആർ.എസ്.എസ്​ നേതാവ് മോഹൻ ഭാഗവതും നരേന്ദ്ര മോദിയും അമിത് ഷായും സംയുക്​തമായി ഗാന്ധിജിയെയും അംബേദ്കറെയും പ്രകീർത്തിച്ച് ഇനിയുള്ള ഓരോ വർഷവും ഇന്ത്യയിലെ മുഴുവൻ പത്രങ്ങളിലും ലേഖനമെഴുതിയാലും പ്രസംഗിച്ചാലും മായുന്നതല്ല, യുക്​തിബോധവും രാഷ്​ട്രീയബോധ്യവുമുള്ള തലമുറകൾ മനസ്സിലാക്കിയ ഇന്ത്യൻ രാഷ്​ട്രീയ യാഥാർഥ്യങ്ങളുടെ ചരിത്രം.

ഇന്ത്യയുടെ പ്രധാനമന്ത്രി അത്യുച്ചത്തിൽ പ്രസംഗിക്കുന്നത്, പൗരത്വബിൽ ആയിരം ശതമാനവും ശരിയാണ് എന്നാണ്. നിയമം വിദ്യാർഥികൾ തെറ്റിദ്ധരിച്ചതാണെന്ന് ആഭ്യന്തരമന്ത്രിയും നിയമത്തിനെതിരായ സമരം സാമൂഹിക വിരുദ്ധമാണെന്ന് മറ്റൊരു ബി.ജെ.പി മന്ത്രിയും അത്ര തന്നെ ഉച്ചത്തിൽ പ്രസംഗിക്കുന്നു. എന്നാൽ, അപ്രതിരോധ്യമായ കൊടുങ്കാറ്റു പോലെ ഹുങ്കാരത്തോടെ രാജ്യമാകെ, ലോകമാകെ മുഴങ്ങുന്നത് നിയമത്തിനെതിരെയുള്ള പ്രതിഷേധമാണ്. പൗരത്വഭേദഗതി നിയമം തെറ്റും ഭരണഘടനാവിരുദ്ധവുമാണെന്നു പറയുന്നത് ബുദ്ധിയും ജാഗ്രതയും വേദനയും രോഷവും നിറഞ്ഞ ജനങ്ങളുടെ എതിർപ്പി​െൻറ കൂട്ടായ ശബ്​ദമാണ്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി, ഹിന്ദുത്വ രാഷ്​ട്രസങ്കൽപം സ്​ഥാപിച്ചെടുക്കാൻ ഭരണഘടന ലംഘനം നടത്തിയാണ് ബിൽ പാസാക്കിയതെന്ന് ഹിന്ദുത്വരാഷ്​ട്രീയത്തെ എതിർക്കുന്ന ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഉറക്കെ പറയുന്നു.

മതം അടിസ്​ഥാനമാക്കിയ പൗരത്വഭേദഗതി ഭരണഘടനയുടെ അടിസ്​ഥാന തത്ത്വം ലംഘിക്കുന്നതാണെന്നും. അതിനാൽത്തന്നെ സുപ്രീംകോടതി റദ്ദാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭരണഘടനക്ക് കാലോചിത ഭേദഗതികൾ മുമ്പ് നടന്നിട്ടുണ്ട്. എന്നാൽ, അതൊരിക്കലും മതത്തി​​െൻറ, ജാതിയുടെ, ലിംഗവ്യത്യാസത്തി​​െൻറ അടിസ്​ഥാനത്തിലായിരുന്നില്ല. മതേതരത്വം ഇല്ലാതാക്കാൻ ഇന്ത്യൻ ഹിന്ദുത്വ ഫാഷിസത്തി​െൻറ നിർമാണശാലയിൽ ഉൽപാദിപ്പിച്ചു കൊണ്ടേയിരുന്ന രക്​തദാഹിയായ ആയുധമാണീ പൗരത്വ ഭേദഗതിനിയമം. മതേതരരാജ്യത്തി​െൻറ ശിരസ്സു പിളർന്ന് ഹിന്ദുരാഷ്​ട്രം എന്ന ഭൂരിപക്ഷ മതാധിഷ്ഠിത ഭരണഘടനക്കുവേണ്ടിയുള്ള മൂർച്ചയുള്ള ആയുധം.

രാജ്യം വിദ്യാർഥികളുടെ വലിയ പ്രക്ഷോഭത്തിൽ ഇളകിമറിയുകയാണ്; സ്വാതന്ത്ര്യസമര കാലത്തെന്നപോലെ. ജാമിഅ മില്ലിയ്യ, അലീഗഢ് യൂനിവേഴ്സിറ്റികളിൽ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികൾക്കുനേരെ പൊലീസും ഗുണ്ടകളും നടത്തിയത് കൊടിയ മർദനങ്ങളാണ്. ‘‘കൂടിപ്പോയാൽ മരിക്കുമായിരിക്കും. എന്നാലെന്താ? നീതിക്കുവേണ്ടിയാണ്. അവകാശത്തിനുവേണ്ടിയാണ് എന്ന സന്തോഷത്തോടെ മരിക്കും; പേടിയില്ല’’-ജാമിഅ മില്ലിയ്യയിൽനിന്ന് കേട്ട ലദീദയുടെ നിശ്ചയദാർഢ്യംതന്നെയാണ് പങ്കെടുക്കുന്ന ഓരോ വിദ്യാർഥിയുടേതും. മുസ്​ലിംവിദ്യാർഥികൾ മാത്രമല്ല സമരത്തിൽ പങ്കെടുക്കുന്നതെന്ന് ഭരണാധികാരികൾക്കറിയാം. എങ്കിലും അവർ മുദ്രകുത്തുന്നത് മുസ്​ലിംവിദ്യാർഥികളുടെ സമരമെന്നാണ്. എല്ലാ സംസ്​ഥാനങ്ങളിലും ഐ.ഐ.ടികളിൽനിന്ന്, കേന്ദ്ര സർവകലാശാലകളിൽനിന്ന്, ശാസ്​ത്ര സാങ്കേതിക കലാശാലകളിൽനിന്ന്, ആർട്സ്​ കോളജുകളിൽനിന്ന് പ്രതിഷേധാഗ്​നി ഇന്ത്യയാകെ ആളിക്കത്തുകയാണ്. നാളത്തെ ഇന്ത്യയുടെ ബൗദ്ധികതയുടെ വെളിച്ചങ്ങളാണ് ഈ വിദ്യാർഥികൾ. ഈ വെളിച്ചങ്ങൾ തല്ലിക്കെടുത്തുന്ന മർദനങ്ങൾക്കുനേരെ രാജ്യമാകെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

ഭരണാധികാരത്തി​െൻറ ബലത്തിൽ ആർ.എസ്.എസും ബി.ജെ.പിയും അതിവേഗം ഹിന്ദുത്വഫാഷിസം സമ്പൂർണമായി സ്​ഥാപിച്ചെടുക്കുന്നതി​െൻറ ഭാഗമാണ്​ ഇൗ നിയമം. അതിനായി ഭരണഘടനയുടെ അടിത്തറ പൊളിക്കുകയാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ശ്വാസംപോലെ, ജീവൻപോലെ ലോകത്തിലെതന്നെ മഹത്തായതെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ തെരുവിലിറങ്ങേണ്ടിവന്നത്. അസമിൽനിന്ന്, വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിൽനിന്ന് തുടങ്ങിയ സമരങ്ങൾ ഇന്ത്യ മുഴുവൻ പടർന്നുകഴിഞ്ഞു. വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തി​​െൻറതായ കാലത്ത് നമ്മൾ ഇന്ത്യക്കാർക്ക്​ ഇന്ന് ജീവിക്കേണ്ടതായിവന്നിരിക്കുന്നു. മുമ്പത്തെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് കോളനി വാഴ്​ചക്കെതിരായിരുന്നെങ്കിൽ ഇന്നത്തേത്​, വർഗീയതയും വംശീയതയും കുഴച്ചെടുത്ത് മത ജാതി വിഭാഗീയതകൾ അനുകൂലമായി രാക്ഷസീയമായി വളർത്തിയെടുത്ത് ഇന്ത്യയുടെ അധികാരസ്​ഥാനത്തേക്ക് തഴച്ചു വളർന്നെത്തിയ ഹിന്ദുത്വ ഫാഷിസത്തിനെതിരെയാണെന്ന വ്യത്യാസമുണ്ട്.

ഈ പോരാട്ടം ദുഷ്​കരം തന്നെയാണ്. കാരണം, ഫാഷിസം വെള്ളത്തിലും അന്നത്തിലും വായുവിലും വിഷം കലർത്തിക്കഴിഞ്ഞു. എത്രയോ അധികംപേർ അതി​െൻറ മയക്കത്തിലകപ്പെട്ട് ബോധശൂന്യരായിരിക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണ് എന്ന് ഫാഷിസം പ്രചരിപ്പിക്കുന്ന നുണകൾ വിശ്വസിക്കാനിഷ്​ടപ്പെടുന്നവരും വർഗീയതയിൽമാത്രം അടയിരിക്കുന്ന അനുയായികളും അവർക്കുണ്ട്. അവർ എല്ലായിടത്തുമുണ്ട്, നമ്മുടെ വീടുകളിലടക്കം. അയോധ്യയെന്നും രാമനെന്നും ശബരിമലയെന്നും അയ്യപ്പനെന്നും വിശ്വാസത്തിലകപ്പെട്ട് യുക്​തിബോധം പാടേ ഉപേക്ഷിച്ച് അവർ ന്യൂനപക്ഷത്തിനും മതേതര വിശ്വാസികൾക്കുംനേരെ അക്രമാസക്​തരായി വിന്യസിച്ചുനിൽക്കുകയാണ്. ഇതേ ഹിംസയെ കാവൽനിർത്തി, രാജ്യം അംബാനിക്കും അദാനിക്കും അതിവേഗം പങ്കുവെച്ചു കൊടുത്തുതീർക്കുകയാണ് കേന്ദ്രസർക്കാർ. ഉണ്ണാനും ഉടുക്കാനും മുട്ടിയാലും ശരണം പ്രാപിക്കാൻ രാമനും അയ്യപ്പനും ഉണ്ടെന്ന് ആശ്വസിക്കുമോ എന്നന്നേക്കും ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ അനുയായികൾ?

ഇന്ത്യയുടെ പൊതുമേഖല മുഴുവൻ വിറ്റു തീർക്കുന്നു. കാടും കടലും പ്രകൃതിവിഭവങ്ങളും എഴുതിക്കൊടുക്കുന്നു. നൂറ്റമ്പത് തീവണ്ടികളും അമ്പത്് സ്​റ്റേഷനുകളും വിൽക്കുന്നു. വിമാനത്താവളങ്ങൾ വിൽപനയിലാണ്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് കശ്മീരിനെയും വിൽക്കാൻ വെച്ചിരിക്കുന്നു. ബി.എസ്​.എൻ.എല്ലും മറ്റു പൊതുമേഖല സ്​ഥാപനങ്ങളും നഷ്​ടപ്പെട്ടുകഴിഞ്ഞു. ഭരണഘടനക്കു മേൽ തുടർച്ചയായി ആഘാതങ്ങളേൽപിക്കുന്നു. നീതി എവിടെ നിന്നും പ്രതീക്ഷിക്കാനില്ലാത്ത വിധം നിരാശയും നിസ്സഹായതയും വേദനയും അതിൽ നിന്നുള്ള രോഷവും രാജ്യത്താകമാനം പുകയുന്നു. അങ്ങനെ പ്രതിഷേധിക്കുമ്പോൾ അർബൻ നക്സലൈറ്റുകളെന്ന് മുദ്രകുത്തി ഭീഷണിയുയർത്തുകയും ജയിലിലടക്കുകയും ചെയ്യുന്നു.

മതേതര പ്രതിപക്ഷപാർട്ടികൾ അവസരത്തിനൊത്തുയർന്ന് വിദ്യാർഥികളുടെ പോരാട്ടങ്ങൾക്ക്, സ്​ത്രീകളുടെയും മുസ്​ലിംകളുടെയും ദലിതരുടെയും ആദിവാസികളുടെയും പ്രതിഷേധങ്ങൾക്ക് മുന്നോട്ടുപോകാനുള്ള കൂടുതൽ നീതിപൂർണമായ ജനാധിപത്യ രാഷ്​ട്രീയ അന്തരീക്ഷമുണ്ടാക്കിയേ മതിയാവൂ. കോൺഗ്രസും ഇടതുപാർട്ടികളും മറ്റു സെക്കുലർ പാർട്ടികളും ആ വലിയ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൂടുതൽ ബാധ്യതയുള്ളവരാണ്. അതിനുള്ള രാഷ്​ട്രീയ തന്ത്രങ്ങളും നേതൃത്വങ്ങളും വൈകാതെ രൂപപ്പെട്ടുവരുന്നതു കാണാൻ ഇന്ത്യയിലെ തീർത്തും അധികാരരഹിതരാക്കപ്പെട്ട യുക്തിബോധമുള്ള ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇന്നത്തെ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക്, മുസ്​ലിംകൾക്ക് സമാധാനം സ്വപ്നം കാണാൻ കൂടുതൽ ജനാധിപത്യ, മതേതര രാഷ്​ട്രീയപ്രതീക്ഷകൾ ഉണ്ടായേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionMalayalam ArticleCitizenship Amendment Act
News Summary - Indian Constitution CAA -Malayalam Article
Next Story