മനുഷ്യാവകാശം പ്രതിക്കൂട്ടില്‍ 

varavarrao
ബി.ആർ. അംബേദ്‌കർ, കെ. സത്യനാരായണ, വരവരറാവു

രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളിൽ ആഗസ്​റ്റ്​​​ 30നു നടന്ന തിരച്ചിൽ പ്രക്രിയയിൽ ഒന്ന് ഞാൻ ജോലിചെയ്യുന്ന കാമ്പസിലായിരുന്നു; പ്രശസ്ത സാംസ്കാരിക പഠന പണ്ഡിതനും ദലിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫ. കെ. സത്യനാരായണയുടെ ഭവനത്തില്‍. രാവിലെ ഒമ്പതരക്ക് അദ്ദേഹത്തി​​െൻറ വീട്ടിൽ ആരംഭിച്ച തിരച്ചിൽ അവസാനിച്ചത്‌ വൈകീട്ട്​ ആറുമണിയോടെയാണ്. തിരച്ചിലി​​െൻറ ഒടുവിൽ അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്തില്ലെങ്കിലും അദ്ദേഹത്തി​​െൻറ എല്ലാ ലാപ്ടോപ്പുകളും ഹാർഡ്​ഡ്രൈവുകളും അക്കാദമിക് പേപ്പറുകളും മറ്റനവധി രേഖകളും പിടിച്ചെടുക്കുകയും അദ്ദേഹത്തി​​െൻറ ഇ-മെയിൽ തുടങ്ങിയ വിനിമയസൗകര്യങ്ങൾ താൽക്കാലികമായെങ്കിലും തടസ്സപ്പെടുത്തുകയും ചെയ്തു. 

അദ്ദേഹത്തി​​െൻറ വീട് തിരയാനുള്ള വാറൻറ്​ വാങ്ങിയത് മറാത്തി ഭാഷയിലായിരുന്നു. തിരച്ചിൽ കഴിഞ്ഞ്​ അത് വിവര്‍ത്തനം ചെയ്തു വായിച്ചപ്പോൾ മനസ്സിലായത് അദ്ദേഹത്തി​​െൻറ ഭാര്യയുടെ അച്ഛൻ പ്രശസ്ത തെലുഗു കവി വരവരറാവു അവിടെ താമസിക്കുന്നുണ്ട് എന്നും അദ്ദേഹം കൊറേഗാവ്​-ഭീമ കേസിൽ ‍പ്രതിയാണ് എന്നും പറഞ്ഞുകൊണ്ടായിരുന്നു എന്നാണ്. കവിയുടെ വീട്ടിൽ നേര​േത്ത തിരച്ചിൽ തുടങ്ങുകയും അദ്ദേഹത്തെ തടവിലിരുത്തുകയും ചെയ്തുകൊണ്ടാണ് യഥാർഥത്തിൽ ഒമ്പതരക്ക് സത്യയുടെ വീട്ടിൽ വരവരറാവുവിനെയും തിരഞ്ഞുവന്നത്. നീതിന്യായവ്യവസ്ഥയുടെ പേരിൽ എന്തുചെയ്താലും ഒന്നും പറയാനാവില്ല എന്ന അവസ്ഥയുണ്ട് എന്നർഥം. കാമ്പസിൽ പ്രവേശിക്കാൻ വി.സിയുടെ അനുവാദം വേണം എന്നത് തങ്ങള്‍ക്കു ബാധകമല്ല എന്ന് പറഞ്ഞുകൊണ്ടാണ് അവർ അകത്തു കയറിയതുതന്നെ. 

രാവിലെ മുതൽ അദ്ദേഹത്തി​​െൻറ വീടിനു മുന്നിൽ അധ്യാപകരും അനധ്യാപകരുമായ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും തടിച്ചുകൂടി നിന്നിരുന്നു. ഒരു പകൽ മുഴുവൻ ആ വീടിനു മുന്നിൽ നിശ്ശബ്​ദരായി എന്തും പ്രതീക്ഷിച്ചുകൊണ്ട് അനുഭാവപൂര്‍വം അവരെല്ലാം നിലകൊണ്ടു. ഒരുപക്ഷേ ആ ഐക്യദാര്‍ഢ്യമാണോ ഒടുവിൽ കാമ്പസിനുള്ളിലെ അറസ്​റ്റില്‍നിന്ന് അവരെ പിന്തിരിപ്പിച്ചത് എന്നും തോന്നിയിരുന്നു. ഒരുപക്ഷേ അദ്ദേഹത്തെ അലോസരപ്പെടുത്തുക, മറ്റുള്ളവരിൽ ഭീതിവിതക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ മാത്രമായിരിക്കാം അവര്‍ക്കുണ്ടായിരുന്നത്. അവർ തിരച്ചിൽ കഴിഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തി​​െൻറ കുഞ്ഞി​​െൻറ കളിപ്പാട്ടക്കമ്പ്യൂട്ടർ കൂടി എടുത്തിരുന്നു എന്നുപറയുമ്പോൾ തിരച്ചിലി​​െൻറ സ്വഭാവം മനസ്സിലാകും. അകത്തു കയറി ഞങ്ങൾ നോക്കുമ്പോൾ കാണുന്നത് ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വീടാണ്. യഥാർഥത്തിൽ ഇല്ലാത്ത ഒരു ആരോപണത്തി​​െൻറ പേരില്‍, അല്ലെങ്കിൽ അവര്‍ക്ക് സത്യസ്ഥിതി അറിയാവുന്ന ഒരു കാര്യത്തി​​െൻറ പേരിലാണ് അദ്ദേഹം ഈ വിധത്തിൽ പീഡിപ്പിക്കപ്പെട്ടത്‌ എന്നത് ഒരു ജനാധിപത്യ രാജ്യത്ത് ഇത്രകാലം ആലോചിക്കാൻ കഴിയുമായിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാലം എന്നു വേണമെങ്കിൽ പറയാം. പക്ഷേ, അടിയന്തരാവസ്ഥ ഭരണഘടനയുടെ ഒരു പഴുതാണ്. ഇവിടെ അങ്ങനെ പഴുതുകൾ ഒന്നുമില്ല. കേവലാധികാരത്തി​​െൻറ നഗ്​നമായ ആക്രമണം മാത്രം. 

തിരച്ചിൽ കഴിഞ്ഞ്​ പുറത്തിറങ്ങിയ സത്യക്ക്‌ ആദ്യം പറയാനുണ്ടായിരുന്നത്, ത​​െൻറ 30 വര്‍ഷത്തെ അക്കാദമിക് ജീവിതത്തി​​െൻറ മുഴുവൻ ബൗദ്ധികസമ്പാദ്യവും അടങ്ങിയ കമ്പ്യൂട്ടറുകളും മറ്റു രേഖകളും പിടിച്ചെടുത്തതിനെക്കുറിച്ചായിരുന്നു. ആരുടെയും മനസ്സ് തകര്‍ക്കുന്ന ക്രൂരതയായിരുന്നു അത്. ഗവേഷണസംബന്ധിയായ വിവരങ്ങളും അധ്യാപനാവശ്യങ്ങള്‍ക്കുള്ള കുറിപ്പുകളും അടക്കം അദ്ദേഹത്തി​​െൻറ ജോലി നിര്‍വഹിക്കാൻ അത്യാവശ്യമായ കാര്യങ്ങളാണ് ഒരൊറ്റ ദിവസംകൊണ്ട് അദ്ദേഹത്തിന് ലഭ്യമല്ലാതാക്കിയത്. അദ്ദേഹത്തി​​െൻറ ജോലി ഗവേഷണവും അധ്യാപനവുമാണ്. അതിനാവശ്യമായ വായനകളും എഴുത്തുകളുമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. അതിനു തടസ്സം സൃഷ്​ടിക്കുക എന്നത് നിഷ്കളങ്കമായ അന്വേഷണമല്ല.   

അദ്ദേഹത്തി​​െൻറ ഗ്രന്ഥശേഖരം അരിച്ചുപെറുക്കിയപ്പോൾ അതിൽ മാവോയുടെ, മാർക്​സി​​െൻറ, അംബേദ്‌കറുടെ ഒക്കെ പുസ്തകങ്ങള്‍ ‘കണ്ടുപിടിക്കപ്പെട്ടു’. അവയൊക്കെ എന്തിനാണ് അദ്ദേഹം വാങ്ങിവായിക്കുന്നത് എന്നായിരുന്നു അവരുടെ പ്രധാന ചോദ്യം. ദലിത്‌ മനുഷ്യാവകാശമേഖലയിലും സാഹിത്യത്തിലും ഗവേഷണവും അധ്യാപനവും നിര്‍വഹിക്കുന്ന ഒരു മുതിര്‍ന്ന അക്കാദമിക് പണ്ഡിതനോട് എന്തിനാണ് മാര്‍ക്സും അംബേദ്‌കറും വായിക്കുന്നത് എന്നു ചോദിച്ചാൽ എന്തു മറുപടിയാണ് പറയേണ്ടത്? തൊട്ടടുത്ത രാജ്യത്തെ സാമൂഹിക പരിവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുകയും അവിടത്തെ സാമൂഹികവിപ്ലവത്തിന് നേതൃത്വം നൽകുകയും ചെയ്ത നേതാവായ മാവോയെ എന്തിനാണ് വായിക്കുന്നത് എന്നതിന് എന്തു മറുപടിയാണ് പറയുക? എന്നാൽ, ഇതുമാത്രം വായിച്ചുജീവിക്കുന്ന ആളുകളാണോ അക്കാദമിക് മേഖലയിലുള്ളവര്‍? സത്യതന്നെ പറഞ്ഞപോലെ, ഗാന്ധിയും ഗോള്‍വാൾക്കറും അതേ ഷെല്‍ഫിൽതന്നെയുണ്ട്‌. വായനയുടെ വൈവിധ്യമാര്‍ന്ന തലങ്ങൾപോലും കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് എവിടെച്ചെന്നാണ് അവസാനിക്കുക? ഇതൊക്കെ വായിക്കാതെ സന്തോഷമായി ജോലിചെയ്തു കഴിഞ്ഞുകൂടേ എന്നുമവർ സത്യയോട് ചോദിച്ചുവത്രെ. അതിനു സത്യ പറഞ്ഞ ഉത്തരം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: എ​​െൻറ സന്തോഷമാണ് എ​​െൻറ ജോലി. അത് ആത്മാര്‍ഥമായി ചെയ്യാനാണ് ഞാനിതൊക്കെ വായിക്കുന്നത്. നിങ്ങൾ എ​​െൻറ ജോലി ചെയ്യാനുള്ള അവകാശമാണ് തടസ്സപ്പെടുത്തുന്നത്. ഒരു അക്കാദമിക് ത​​െൻറ ജോലിയുടെ ഭാഗമായി നടത്തുന്ന പരന്ന വായനയിൽ കുറ്റകൃത്യം കണ്ടെത്തുന്ന സമീപനത്തിലേക്ക് ഒരു ഭരണകൂടം സ്വയം താഴുകയാണ്.

പൊലീസ് തിരിച്ചുപോകാൻ തുടങ്ങുന്നതിനു മുന്പുതന്നെ അവിടെ കൂടിയിരുന്ന വിദ്യാര്‍ഥികളും മറ്റുള്ളവരും മുദ്രാവാക്യങ്ങൾ വിളിച്ചുതുടങ്ങിയിരുന്നു. ഒരു പ്രതിഷേധജാഥപോലെയാണ് അദ്ദേഹത്തോടൊപ്പം എല്ലാവരും മാധ്യമങ്ങളെ കാണാൻ പോയത്. പിറ്റേദിവസം കാമ്പസിൽ പഠിപ്പുമുടക്കും പ്രതിഷേധവും ഉണ്ടായിരുന്നു. അധ്യാപക സംഘടനയും പ്രതിഷേധിക്കുകയും വാർത്തസമ്മേളനം നടത്തുകയും ചെയ്തു. പിന്നീട് ‘നഗരനക്സലു’കള്‍ (അര്‍ബൻ നക്സല്‍സ്) എന്ന പ്രയോഗത്തിന് എതിരെയും സുധ ഭരദ്വാജ്, വരവരറാവു, വെർണർ ഗോണ്‍സാൽവസ്, അരുൺ ഫെറാറിയ, ഗൗതം നവ്​ലഖ എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്​റ്റിനെതിരെയും രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി. ഇപ്പോഴും അത് തുടരുകയാണ്. 

അദ്ദേഹം ത​​െൻറ സന്തോഷത്തെക്കുറിച്ചു പറഞ്ഞത് നൂറു ശതമാനം സത്യമായിരുന്നു. ഞാൻ പഠിപ്പിക്കുന്ന വകുപ്പുകൂടി ഉള്‍പ്പെട്ട സ്കൂളി​​െൻറ ഡീൻ ആണ് അദ്ദേഹം. ഡീൻ എന്നത് ഇവിടെ ഒരു പ്രമോഷൻ തസ്തികയോ അധികാരസ്ഥാനമോ അല്ല. മുതിര്‍ന്ന പ്രഫസര്‍മാർ ഉൗഴമിട്ട്‌ ഏറ്റെടുക്കുന്ന ഭരണപരമായ ഒരു ഉത്തരവാദിത്തമാണ്. ആ ചുമതല അങ്ങേയറ്റം ഭംഗിയായി അദ്ദേഹം നിര്‍വഹിക്കുന്നു. ഈ സംഭവങ്ങൾ നടക്കുമ്പോൾ അദ്ദേഹം എന്നോടൊപ്പം ഒരു അന്താരാഷ്​ട്ര സെമിനാർ നടത്തുന്നതി​​െൻറ നെടുംതൂണായി ഒപ്പംനില്‍ക്കുകയായിരുന്നു. അതി​​െൻറ കാര്യങ്ങൾ വി.സിയുമായി ചര്‍ച്ചചെയ്യുന്നത് മുതൽ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ​െവച്ചുകൊണ്ട് അദ്ദേഹം പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഈ അപ്രതീക്ഷിത അനുഭവമുണ്ടാവുന്നത്. എന്നാൽ, ശക്തമായ മനസ്സോടെ അദ്ദേഹം ഈ അന്വേഷണം സൃഷ്​ടിച്ച അലോസരങ്ങള്‍ക്കും രാഷ്​ട്രീയ-നിയമ പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയിലും യാതൊരു കാരണവശാലും ത​​െൻറ സ്കൂളിൽ നടക്കുന്ന ഒരു അക്കാദമിക് പ്രയത്നം പാഴായിപ്പോകരുത് എന്ന വാശിയോടെ ആദ്യവസാനംവരെ ഒപ്പംനിന്നു. സെമിനാറി​​െൻറ ഉദ്​ഘാടനത്തിലും സമാപനത്തിലും പങ്കെടുത്തു, ഇടക്ക് സെമിനാർ​വേദിയിൽ വന്നു കാര്യങ്ങളന്വേഷിച്ചു. അതി​​െൻറ വിജയത്തി​​െൻറ ആഹ്ലാദം അദ്ദേഹത്തിനുകൂടി അവകാശപ്പെട്ടതാണ്. 

വിവേകപൂർണമായ ജനാധിപത്യം വിമതശബ്​ദങ്ങളെ ഭയക്കുന്നില്ല. അവയെ തുറുങ്കിൽ അടച്ചില്ലാതാക്കാം എന്ന് കരുതുകയുമില്ല. കാസർകോട്​ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി  സി. നാഗരാജിനെ യൂനിവേഴ്​സിറ്റിയുടെ ആവശ്യപ്രകാരം നിസ്സാരകുറ്റത്തിനു കേരള പൊലീസ് അറസ്​റ്റ്​ ചെയ്​ത്​ ദിവസങ്ങളോളം തടവിലിട്ടു. അവിടത്തെ അധ്യാപകനായ പ്രസാദ് പന്ന്യനും മറ്റുചിലരും മാത്രമാണ് യൂനിവേഴ്​സിറ്റിയുടെയും കേരള പൊലീസി​​െൻറയും ഈ നടപടിയിൽ പ്രതിഷേധിച്ചത്. അതി​​െൻറ പേരിൽ അദ്ദേഹത്തെ ഇപ്പോൾ വകുപ്പധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നു. നാഗരാജി​​െൻറ അറസ്​റ്റിനെതിരെ കേരളത്തിൽ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യാവകാശത്തെ പ്രതിക്കൂട്ടിലാക്കുന്ന ഭരണകൂടപ്രവണതകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായി ചെറുക്കപ്പെടണം. 

വീടിനുള്ളിൽനിന്ന് നിറഞ്ഞകണ്ണുകളുമായി വന്ന സത്യയെ ഞങ്ങള്‍ ആശ്ലേഷിച്ചുസ്വീകരിച്ചത് ജോലിയോടും സമൂഹത്തോടും പ്രതിബദ്ധതയോടെ നില്‍ക്കുന്ന ഒരു അധ്യാപകനെ അകാരണമായി അസ്വസ്ഥതകളിൽ തള്ളിയിടുന്ന ഭരണകൂടസമീപനം അങ്ങേയറ്റം  പ്രതിഷേധാര്‍ഹമായ ഒന്നായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. അറസ്​റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പാര്‍ശ്വവത്​കരിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്​ദിക്കുന്നവരാണ്. അവർ നിശ്ശബ്​ദരാകണം എന്ന് ആഗ്രഹിക്കുന്നത് ജനാധിപത്യം വാഴരുതെന്ന അജണ്ടയുള്ള ശക്തികളാണ്. തെരഞ്ഞെടുപ്പ്​ ആസന്നമായിരിക്കുന്ന ഈ സമയത്ത് ഇത്തരം തെറ്റായ ഭരണകൂട സമീപനത്തിനെതിരെ വിശാലമായ ജനാധിപത്യമുന്നണി ഉണ്ടാകുമെന്നും ഇവിടെ കേന്ദ്രത്തിലായാലും കേരളത്തിലായാലും അനുദിനം വളരുന്ന ഫാഷിസ്​റ്റ്​ പ്രവണതകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുകയാണ്.

Loading...
COMMENTS