അന്ധവിശ്വാസങ്ങള്‍ വളരുന്നതെങ്ങനെ?

light

നൂറു കൊല്ലം മുമ്പ് കേരളം കുട്ടിച്ചാത്ത​​െൻറ നാടായിരുന്നു. കുട്ടിച്ചാത്ത​​െൻറ ശല്യത്തെ കുറിച്ചുള്ള പരാതികള്‍ അന്ന് വ്യാപകമായിരുന്നു. പത്രങ്ങളില്‍  ചാത്തൻ സേവ പരസ്യങ്ങള്‍ കാണാമായിരുന്നു. കുട്ടിക്കാലത്ത് കേട്ട കഥകളുടെ അടിസ്ഥാനത്തില്‍ കുട്ടിച്ചാത്തനെ ദുര്‍ദേവത എന്നതിനേക്കാള്‍ രാത്രി വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞും പകല്‍ വീടുകളില്‍ കിടക്കുന്ന തുണി കത്തിച്ചുമൊക്കെ രസിക്കുന്ന കുട്ടിദൈവമായാണ് ഞാന്‍ കണ്ടത്. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഒരു കഥ പെരേര എന്നൊരാള്‍ കുട്ടിച്ചാത്ത​​െൻറ കല്ലേറിനെ കുറിച്ച് പരാതിപ്പെട്ടെന്നാണ്. പെരേരയുടെ അഭ്യർഥനപ്രകാരം ഗുരു കുട്ടിച്ചാത്തന് ഒരു കത്തെഴുതിക്കൊടുത്തു. അതില്‍ പെരേരയെ ശല്യം ചെയ്യരുതെന്ന്​ ഗുരു ആവശ്യപ്പെട്ടു. കത്ത് വീട്ടില്‍ കൊണ്ടുവെച്ചശേഷം കുട്ടിച്ചാത്തന്‍ പെരേരയുടെ പുരക്ക്​ കല്ലെറിയുന്നത്‌ നിര്‍ത്തിയത്രേ. കാലക്രമത്തില്‍ കുട്ടിച്ചാത്തന്‍ കേരളമൊട്ടുക്ക് കുട്ടിക്കളി നിര്‍ത്തി.

ഇപ്പോള്‍ കേരളം ദൈവത്തി​​െൻറ സ്വന്തം നാട് എന്നവകാശപ്പെടുന്നു. രാജ്യത്ത് ശാസ്ത്രീയ അവബോധം വളര്‍ത്തണമെന്നാവശ്യപ്പെടുന്ന ഭരണഘടന നിലവിലുണ്ട്. നാൽപതു​ കൊല്ലമായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വിശ്വാസികളും ദൈവനാമം ഒഴിവാക്കി ദൃഢപ്രതിജ്​ഞ എടുക്കുന്ന അവിശ്വാസികളും ചേര്‍ന്ന്‍ സംസ്ഥാനം ഭരിക്കുന്നു. എന്നിട്ടും കുട്ടിച്ചാത്തന്‍ വീണ്ടും കല്ലേറ് തുടങ്ങിയിരിക്കുന്നു. ദുര്‍മന്ത്രവാദം, ബാധയൊഴിപ്പിക്കല്‍ തുടങ്ങിയ ചില പരിപാടികളും നടക്കുന്നുണ്ട്. ഇതെല്ലാം തടയാന്‍ അന്ധവിശ്വാസ നിരോധന നിയമം ഉണ്ടാക്കണമെന്ന് സംസ്ഥാന നിയമ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നു.  

ഇത്തരമൊരു നിയമം ആദ്യമായി നിലവില്‍ വന്നത് മഹാരാഷ്​ട്രയിലാണ്. അവിടെ ഡോക്ടറും സാമൂഹികപ്രവര്‍ത്തകനും അന്ധവിശ്വാസ ഉന്മൂലന സമിതിയുടെ സ്ഥാപകനുമായ നരേന്ദ്ര ദാഭോല്‍കർ 2003ല്‍ ഒരു ബില്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചു. ചില മതസ്ഥാപനങ്ങള്‍ അതിലെ വ്യവസ്ഥകളെ എതിര്‍ത്തു. തുടര്‍ന്ന് സര്‍ക്കാര്‍ പരിഷ്കരിച്ച ബില്‍ തയാറാക്കി. അത് പാസാകാതെ കിടക്കുമ്പോള്‍ ഒരു ഹിന്ദു ഭീകര സംഘം 2013ല്‍ ദാഭോല്‍കറെ വെടിവെച്ചുകൊന്നു. അന്നത്തെ  കോൺഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ ഉടന്‍തന്നെ ഓര്‍ഡിനൻസിലൂടെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. പിന്നീട്, അത് നിയമസഭ പാസാക്കുകയും ചെയ്തു.

മഹാരാഷ്​ട്രയില്‍ ദാഭോല്‍കറും യുക്തിവാദിയും കമ്യൂണിസ്​റ്റ്​ നേതാവുമായ  ഗോവിന്ദ് പൻസാരെയും കൊല്ലപ്പെട്ടതിനു സമാനമായ സാഹചര്യങ്ങളില്‍ എം.എം. കൽബുര്‍ഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടശേഷം കർണാടക സർക്കാറും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ദുരാചാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമം പാസാക്കി. ഈ നിയമങ്ങൾ എന്തു ഗുണം ചെയ്തു എന്ന് വിലയിരുത്താനുള്ള സമയമായിട്ടില്ല. മഹാരാഷ്​ട്രയില്‍ ഓര്‍ഡിനൻസ്​ വന്നയുടന്‍ പൊലീസ് രണ്ട് യു.പിക്കാര്‍ക്കെതിരെ ദുർമന്ത്രവാദത്തിനു കേസെടുത്തു. ഇതല്ലാതെ രണ്ടു സംസ്ഥാനങ്ങളിലും പുതിയ നിയമപ്രകാരം കേസെടുത്തതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. നിയമത്തെ പേടിച്ച് ആളുകള്‍ അന്ധവിശ്വാസം വലിച്ചെറിഞ്ഞതാകാനിടയില്ല. പൊലീസ് ഈ നിയമങ്ങള്‍ ഉപയോഗിക്കാന്‍ താൽപര്യം കാട്ടുന്നില്ലെന്നാണ് കരുതേണ്ടത്.

സമ്പൂർണ സാക്ഷരത നേടുന്നതിനു മുമ്പുതന്നെ ആധുനിക വിദ്യാഭ്യാസത്തി​​െൻറയും സാമൂഹിക പരിഷ്കരണപ്രക്രിയയുടെയും  ഫലമായി കേരളത്തില്‍ അന്ധവിശ്വാസം നന്നേ കുറഞ്ഞു. അത് വീണ്ടും വളരാന്‍ തുടങ്ങിയ ഘട്ടത്തില്‍ എം.സി. ജോസഫ്, എ.ടി. കോവൂര്‍ എന്നീ യുക്തിവാദികള്‍ ധീരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിനുശേഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അന്ധവിശ്വാസത്തിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍, അവയെ മറികടന്നുകൊണ്ട് അന്ധവിശ്വാസം വളര്‍ന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. 

മതസ്ഥാപനങ്ങള്‍ക്ക് ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. എല്ലാ മതങ്ങളുടെയും ആദ്യ പാഠങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരായ ആഹ്വാനങ്ങളാണ്. കാലക്രമത്തിൽ അവക്കുള്ളിലും ദുഷ്പ്രവണതകള്‍ കടന്നുകൂടിയതായും മതനേതാക്കള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചതായും കാണാം. മതമൂല്യങ്ങള്‍ മറന്നു ആചാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ ഈ പ്രക്രിയ ശരിയായ രീതിയില്‍ മുന്നോട്ടു പോകില്ല. അപ്പോള്‍ തിരിച്ചടിയുണ്ടാകുന്നു. ഇതിനു തെളിവ് കേരളത്തിലെ ജാതിമത സംവിധാനങ്ങളില്‍നിന്ന് കണ്ടെത്താനാകും.  

രാഷ്​ട്രീയപ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. ജനങ്ങളോട് അടുത്തുനില്‍ക്കുന്നവയെന്ന നിലയില്‍ സമൂഹത്തില്‍ ദുഷ്പ്രവണതകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വേഗം മനസ്സിലാക്കാനും നിരുത്സാഹപ്പെടുത്താനും അവക്ക്​ കഴിയേണ്ടതാണ്. പക്ഷേ, അത് യാഥാസ്ഥിതിക വിഭാഗങ്ങളെ അലോസരപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അവര്‍ ഭയപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒരു വിഭാഗമാണ്‌ മാധ്യമങ്ങള്‍. നവോത്ഥാനം കേരളത്തെ മുന്നോട്ടു നയിച്ച കാലത്ത് ഒപ്പംനീങ്ങിയ പത്രങ്ങള്‍ ഇവിടെയുണ്ട്. ഇന്ന് അവ പിന്തിരിഞ്ഞോടുന്നവര്‍ക്കൊപ്പമാണ്. ജനങ്ങളെ സ്വാധീനിക്കാന്‍ ഏറ്റവുമധികം കഴിവുള്ള ദൃശ്യമാധ്യമങ്ങള്‍ ഏറ്റവും വലിയ അപകടകാരികളായിരിക്കുന്നു. പുരാണകഥകള്‍ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരെ അവയില്‍നിന്ന് കാലാനുസൃതമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നതിനുപകരം കാലഹരണപ്പെട്ട ഫ്യൂഡല്‍ മൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കാനാണ്‌ അവ ശ്രമിക്കുന്നത്. നിത്യവും ടി.വിക്കു മുന്നില്‍ ജനങ്ങളെ മണിക്കൂറുകള്‍ പിടിച്ചിരുത്തുന്ന പരമ്പരകള്‍ ചെയ്യുന്നതും അതുതന്നെ.

ഈ സാഹചര്യത്തില്‍ നിയമത്തിലൂടെ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നു തോന്നുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ലമ​െൻറ്​ പാസാക്കുകയും പിന്നീട് ഭേദഗതികളിലൂടെ ശക്തിപ്പെടുത്തുകയും ചെയ്ത സ്ത്രീധന നിരോധന നിയമംപോലെ ഇതും നിയമപുസ്തകത്തില്‍ ഒതുങ്ങാനാണിട. നിർദിഷ്​ടനിയമം ഉദ്ദേശിക്കുന്ന ഫലം നല്‍കണമെങ്കില്‍ അധികൃതര്‍ക്ക് അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഉണ്ടാകണം. അവര്‍ക്ക് അതുണ്ടാകണമെങ്കില്‍ സംസ്ഥാനത്ത് അതിനനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടണം. ആചാരങ്ങളല്ല, മതത്തി​​െൻറ മൂല്യങ്ങളാണ് പ്രധാനം എന്നറിവുള്ള മതനേതാക്കളും രാജ്യത്തി​​െൻറ പുരോഗതി എന്നാല്‍ സമൂഹത്തി​​െൻറ ആരോഗ്യകരമായ വളര്‍ച്ചയാണ് എന്നറിവുള്ള പൊതുപ്രവര്‍ത്തകരുമാണ് ആ ദൗത്യം ഏറ്റെടുക്കേണ്ടത്. അവരുടെ ശ്രമം വിജയിക്കുന്നെന്ന് കണ്ടാല്‍ രാഷ്​​ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും നിലപാട് മാറ്റും. ഭൂരിപക്ഷം പ്രസ്ഥാനങ്ങളും മാധ്യമങ്ങളും  തെറ്റുകാര്‍ക്കൊപ്പം നില്‍ക്കുന്നത് അവര്‍ കൂടുതല്‍ ശക്തരാണെന്ന വിശ്വാസം മൂലമാണ്.

Loading...
COMMENTS