ഇന്ത്യയെ പാകിസ്താന്‍ വീണ്ടും വിഭജിക്കുകയാണെന്നോ?

ഇന്ത്യയെ ഒരിക്കല്‍ക്കൂടി വിഭജിക്കാനുള്ള ശ്രമത്തിലാണത്രെ പാകിസ്താന്‍! കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍േറതാണ് വിചിത്രമായ ഈ ആരോപണം. വാസ്തവത്തില്‍ ചരിത്രസത്യങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് അദ്ദേഹം. വിഭജനത്തിന്‍െറ സൃഷ്ടിയാണ് പാകിസ്താന്‍. അല്ലാതെ പാകിസ്താന്‍ രൂപംകൊണ്ടശേഷം നടന്ന കര്‍മമായിരുന്നില്ല വിഭജനം. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഹിന്ദു-മുസ്ലിം ഭിന്നത മൂര്‍ച്ഛിക്കെ ഇരുപക്ഷവും വിഭജന തീരുമാനത്തില്‍ എത്തുകയാണുണ്ടായത്.

മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ടിരുന്നു എന്നത് പരമാര്‍ഥം. പക്ഷേ, ‘കാബിനറ്റ് മിഷന്‍’ എന്ന പദ്ധതി സ്വീകാര്യമാണെന്ന് ജിന്ന പ്രഖ്യാപിച്ചിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ മാത്രം കേന്ദ്രം കൈയാളാന്‍ വ്യവസ്ഥചെയ്യുന്ന പദ്ധതിയായിരുന്നു ‘കാബിനറ്റ് മിഷന്‍’. എന്നാല്‍, അത്തരം കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തേണ്ടതും ഭേദഗതികള്‍ വരുത്തേണ്ടതും ഭരണഘടന അസംബ്ളിയുടെ ചുമതലയാണെന്ന വാദം നെഹ്റു ഉന്നയിച്ചതോടെ ജിന്ന പിന്മാറി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ളെന്ന് ജിന്ന തുറന്നടിക്കുകയും ചെയ്തു.
ഹിന്ദുത്വ രാഷ്ട്രം എന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ അജണ്ട നടപ്പാക്കുന്ന ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ രാജ്നാഥ് സിങ്ങിന് സ്വാതന്ത്ര്യമുണ്ടാകാം. പാര്‍ട്ടി പ്രതികാരബുദ്ധിയോടെ അത്തരം നീക്കങ്ങള്‍ തുടരുന്നുണ്ട്.

വിവിധ സ്ഥാപനങ്ങളിലെ കുഞ്ചിക സ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന്‍െറ നിര്‍ദേശപ്രകാരമുള്ള വ്യക്തികളെ അവരോധിക്കുന്നതില്‍ ബി.ജെ.പി വീഴ്ചവരുത്താറില്ല. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ ആന്തരവത്കരിച്ച നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിലെ എക്സിക്യൂട്ടിവ് പദവിയില്‍പോലും ആര്‍.എസ്.എസ് അനുഭാവിയായ സതീഷ് ഷേണായിയെയാണവര്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ തലപ്പത്ത് ഗജേന്ദ്ര ചൗഹാനെ അവരോധിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും തീരുമാനം പുന$പരിശോധിക്കാതെ ശാഠ്യം തുടരുകയാണ് അധികൃതര്‍. ഇതര ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ നിയമനങ്ങളിലും ഇത്തരം രാഷ്ട്രീയ പരിഗണനകള്‍ തന്നെയാണ് ദൃശ്യമായത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രതിഫലിപ്പിക്കുന്ന നയപരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടു എന്നു പറയാനാകില്ല. എന്നാല്‍, തന്‍െറ ചുവടുവെപ്പുകള്‍ വലതുപക്ഷത്തേക്കാണെന്ന സൂചനകള്‍ നല്‍കുന്നവയാണ് അദ്ദേഹത്തിന്‍െറ ഓരോ പ്രഭാഷണവും. മൃദുഹിന്ദുത്വത്തിന്‍െറ മുഖാവരണമാണ് സമൂഹം വാരിയണയുന്നത്. ലോക്സഭയില്‍ അദ്ദേഹത്തിന് ഭൂരിപക്ഷം നല്‍കിയത് വ്യത്യസ്ത വിഭാഗങ്ങള്‍ ചേര്‍ന്നായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍െറ പരിഗണനയില്‍ വരാറുള്ളത് പാര്‍ട്ടി അജണ്ട മാത്രവും.

12 കോടി വരുന്ന മുസ്ലിംകള്‍ക്ക് പാര്‍ലമെന്‍റില്‍ വേണ്ടത്ര പ്രാതിനിധ്യമില്ല. അപ്രധാനമായ വകുപ്പ് ഒരു മുസ്ലിം മന്ത്രിക്ക് നല്‍കി ദാക്ഷിണ്യം കാട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. സ്വന്തം പരിദേവനങ്ങള്‍ പ്രകടിപ്പിക്കാന്‍ മുസ്ലിംകള്‍ക്ക് ശബ്ദമില്ലാത്ത അവസ്ഥ. എന്തുകൊണ്ട് മുസ്ലിംകള്‍ നിശ്ശബ്ദത ദീക്ഷിക്കുന്നു എന്ന എന്‍െറ ചോദ്യത്തിന് ഭൂരിപക്ഷ സമുദായം മുസ്ലിംകളുടെ ദേശക്കൂറില്‍ തന്നെ സംശയം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ പ്രാണരക്ഷയാണ് പ്രധാനമെന്നായിരുന്നു ജാമിഅ മില്ലിയ വാഴ്സിറ്റിയിലെ ഒരു പ്രഗല്ഭ വ്യക്തിയുടെ മറുപടി.

മുസ്ലിംകളെക്കുറിച്ച് ഹിന്ദുത്വവാദികള്‍ പുലര്‍ത്തുന്ന സംശയം സ്പഷ്ടമാക്കുന്നതായിരുന്നു മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ പ്രഭാഷണം. ശരാശരി ഹിന്ദുക്കളും ശരാശരി മുസ്ലിംകളും പരസ്പരം വിശ്വസിക്കുന്നു. ഒന്നിച്ചുവസിക്കുന്നതിലും ബിസിനസ് നടത്തുന്നതിലും നീരസമില്ലാത്തവരുമാണവര്‍. എന്നാല്‍, നേതാക്കള്‍ ഈ സ്നേഹഭാവം തകര്‍ക്കുന്ന പ്രസ്താവനകളുമായി രംഗപ്രവേശം ചെയ്യുന്നത് പതിവായിരിക്കുന്നു. മതേതരത്വത്തെ പൂര്‍ണമായി സ്ഥാപിക്കാന്‍ ഇന്ത്യക്ക് സാധ്യമായിട്ടില്ളെന്നതാണ് യാഥാര്‍ഥ്യം. ജനാധിപത്യത്തെ നാം നട്ടുവളര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പുവേളകളില്‍ മതേതരത്വത്തിന്‍െറ കായ്ഫലങ്ങള്‍ കാണാറില്ല. മുസ്ലിംകളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ട ബാധ്യത ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടേതാണ്.

രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ സ്വകാര്യ മേഖലയില്‍ ജോലി അന്വേഷിക്കെ മുസ്ലിം ആയതിന്‍െറ പേരില്‍ അവസരം നിഷേധിക്കപ്പെട്ട അനുഭവകഥ ഈയിടെ ശ്രീനഗറില്‍വെച്ച് ഒരു കശ്മീരി എന്‍ജിനീയര്‍ പങ്കുവെച്ചത് ഓര്‍മിക്കുന്നു. 1960ല്‍ ഡല്‍ഹിയില്‍ സ്റ്റേറ്റ്സ്മാന്‍ പത്രത്തില്‍ സേവനം ചെയ്കെ തലസ്ഥാനനഗരിയില്‍ വാടകവീട് നിഷേധിക്കപ്പെട്ട മുസ്ലിം സുഹൃത്തിന്‍െറ അനുഭവവും ഓര്‍മിക്കുന്നു.

ഭൂരിപക്ഷ സമുദായത്തിന്‍െറ മുസ്ലിംവിരുദ്ധ മനോഭാവങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഇപ്പോഴും ദൃശ്യമല്ല. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിംകള്‍ക്ക് വീടുകള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥക്ക് പരിഹാരം കണ്ടത്തൊന്‍ മന്ത്രി രാജ്നാഥ് സിങ് മുന്‍കൈയെടുക്കേണ്ടതുണ്ട്. മുംബൈപോലുള്ള പരിഷ്കൃത നഗരങ്ങളില്‍പോലും ഇത്തരം വിവേചനങ്ങള്‍ തുടരുന്നു. വര്‍ഗീയ കലാപഘട്ടങ്ങളില്‍ പൊലീസ് സേനയുടെ പക്ഷപാതിത്വവും കുപ്രസിദ്ധമായ തോതില്‍ തുടരുന്നു.
ഇന്ത്യയെ വെട്ടിമുറിക്കാന്‍ പാകിസ്താന്‍ തക്കംപാര്‍ക്കുന്നുവെന്ന ആരോപണക്കസര്‍ത്തുകള്‍ക്കു പകരം സ്വന്തം നിയന്ത്രണത്തിലുള്ള പൊലീസ് സേനയെ മതഫോബിയകളില്‍നിന്ന് മുക്തരാക്കാന്‍ പരിശ്രമിക്കുക എന്നതാകണം ആഭ്യന്തരമന്ത്രി നിര്‍വഹിക്കേണ്ട ദൗത്യം.

COMMENTS