സി.പി.ഐ സാമ്പത്തിക സംവരണവാദത്തി​െൻറ ചതിക്കുഴിയിലോ? 

കേരള ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പന്‍ എന്നും പ്രതിലോമകരം എന്ന് നിസ്സംശയം പറയാവുന്ന ഒരു തീരുമാനം പിണറായി വിജയന്‍ മന്ത്രിസഭ കൈക്കൊള്ളുമ്പോള്‍ ആ യോഗത്തില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിൽക്കുകയായിരുന്നു. ദേവസ്വം വകുപ്പില്‍ സാമ്പത്തികസംവരണം എന്ന അശ്ലീലനയം അടിച്ചേൽപിക്കാന്‍ സി.പി.എം തുനിയുമ്പോള്‍ അതിനെ തടുക്കാന്‍ ബാധ്യതയുണ്ടായിരുന്ന മന്ത്രിമാരാണ് തോമസ്‌ ചാണ്ടിയുടെ പേരുംപറഞ്ഞ്​ നിർണായകമായ ആ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. 64ല്‍ പാർട്ടി  പിളർന്നതിനുശേഷം ഏറ്റവും ഉത്തരവാദിത്തരഹിതമായി സി.പി.ഐ എന്ന പ്രസ്ഥാനം പെരുമാറിയ സന്ദർഭമായി മാത്രമേ ഇതിനെ വിലയിരുത്താന്‍ കഴിയൂ. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഇതുണ്ടായിരുന്നു എന്നാണ്​ പറയുന്നത്. അന്നേ അതിനെ എതിര്‍ക്കാന്‍ ബാധ്യതയുണ്ടായിരുന്ന പ്രസ്ഥാനമാണ് സി.പി.ഐ. പക്ഷേ, തെരഞ്ഞെടുപ്പി​​​െൻറ സമയത്ത് പറഞ്ഞതെല്ലാം ഒരു മുന്നണിയും നടപ്പാക്കാറില്ലല്ലോ. സി.പി.എമ്മും ചെയ്തിട്ടില്ല. മാത്രമല്ല, അത്തരം അടിയന്തര പ്രാധാന്യമുള്ളതാണ് ഇതെന്ന് ആർക്കും  ബോധ്യപ്പെടുന്നതുമല്ല. ഒരു മുന്നണിയില്‍ പ്രവർത്തിക്കുന്നത് രാഷ്​ട്രീയമായ ധാരണകളുടെ അടിസ്ഥാനത്തിലാവണം. സി.പി.ഐ കൂടിയുള്ള ഒരു മുന്നണിയില്‍ സി.പി.ഐയുടെ പങ്ക് എന്താണ് എന്ന് കുറഞ്ഞപക്ഷം ആ കക്ഷിക്കെങ്കിലും ബോധ്യമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്.

ദേവസ്വം ബോർഡ്​ നിയമനങ്ങളിലാണ്​ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്​ 10ശതമാനം സംവരണം നടപ്പാക്കണമെന്ന് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്‌. ഒ.ബി.സി വിഭാഗത്തി​​​െൻറയും മറ്റു പിന്നാക്കക്കാരുടെയും എസ്.സി/എസ്.ടി വിഭാഗങ്ങളുടെയും സംവരണത്തിൽ വർധന വരുത്തിക്കൊണ്ടുള്ള ഒരു തീരുമാനത്തി​​​െൻറ ഇടയിലാണ് സംവരണതത്ത്വങ്ങളുടെ നഗ്​നമായ ലംഘനമായ സാമ്പത്തികസംവരണം  മുന്നാക്കക്കാർക്ക്​ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം കൊണ്ടുവരുന്നത്. കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ നീക്കമുണ്ടെന്നും വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടന​െയയും സാമാന്യ നീതിബോധ​െത്തയും വെല്ലുവിളിക്കുന്ന ഈ തീരുമാനം സി.പി.എം നേതൃത്വം ബ്രാഹ്മണമേധാവിത്വത്തി​​​െൻറ പിടിയിലായിരുന്ന കാലത്ത് അംഗങ്ങളില്‍ കടത്തിവിട്ട ജാത്യാധീശത്വ ബോധത്തി​​​െൻറ തുടർച്ചയാണ്. പക്ഷേ,  ഇതിനു നിയമപരമായ സാധുതനൽകുന്ന ഒരു തീരുമാനത്തിലേക്ക് ഇപ്പോള്‍ മാത്രമാണ് അവർക്ക്​  നീങ്ങാന്‍കഴിഞ്ഞത്. ഇത്രയുംകാലം അതിനു കഴിയാതിരുന്നതി​​​െൻറ ഒരു കാരണം പൊതുചർച്ചകളില്‍ സി.പി.ഐ നേതൃത്വം അതിനെതിരെ കൈക്കൊണ്ടുപോന്ന ആദർശാധിഷ്​ഠിതമായ നിലപാടായിരുന്നു. ഇപ്പോള്‍ ഈ തീരുമാനത്തെക്കുറിച്ച് സി.പി.ഐയുടെ അസിസ്​റ്റൻറ്​ സെക്രട്ടറി പ്രകാശ്‌ ബാബു പറഞ്ഞതായി ചില പത്രങ്ങളില്‍ വന്നത് ഇത് തങ്ങളുടെ ദേശീയതലത്തിലുള്ള സമീപനം ആണെന്നും മാത്രമല്ല, കേന്ദ്രഭരണകൂടം ഇതിന്​ അനുകൂലമായി ഭരണഘടന ഭേദഗതി ചെയ്യണം എന്നുമാണ്.

N E Balaram
എൻ.ഇ. ബാലറാം
 

ബാലറാമി​​​െൻറ വിമർശനങ്ങൾ
എന്നുമുതലാണ് സി.പി.ഐ സാമ്പത്തിക സംവരണവാദികളായതെന്ന് എനിക്കറിയില്ല. സി.പി.ഐ നേതാക്കളില്‍ അവസാനമായി കാര്യകാരണ ബന്ധത്തോടെയും ഉയർന്ന രാഷ്​ട്രീയബോധത്തോടെയും അനാദൃശമായ പാണ്ഡിത്യത്തോടെയും  ആശയസമരം നടത്തിയിരുന്നത് എൻ.ഇ . ബാലറാം ആയിരുന്നു. പുതിയ ഇടതുമുന്നണി എഴുപതുകളുടെ അവസാനം രൂപമെടുത്തതിനു ശേഷവും ഇ.എം.എസിനെപ്പോലുള്ള സി.പി.എം നേതാക്കളുടെ നിലപാടുകൾക്കെതിരെ സ്വന്തം പാർട്ടിയുടെ സമീപനങ്ങള്‍ വിശദീകരിക്കുന്നതിനും അത് പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതിനും എൻ.ഇ. ബാലറാം നിർണായകമായ സംഭാവനകള്‍ നൽകിയിരുന്നു. നിശിതമായി സി.പി.എമ്മിനെ വിമർശിച്ചുകൊണ്ടുതന്നെയാണ് സി.പി.ഐ ഇടതുമുന്നണിയില്‍ എക്കാലവും തുടർന്നിട്ടുള്ളത്. ‘നമ്പൂതിരിപ്പാടി​​​െൻറ അന്യാപദേശം’ എന്ന സുദീർഘമായ ലേഖനമടക്കം എൺപതുകളിലും തൊണ്ണൂറുകളിലും സി.പി.എം നിലപാടുകളെ തുറന്നെതിർത്തുകൊണ്ട് നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.1967ൽ സി.പി.ഐ കൂടി അംഗമായിട്ടുള്ള കൂട്ടുമന്ത്രിസഭയുടെ കാലത്ത് തോമസ്‌ ചാണ്ടി പ്രശ്നത്തിന് സമാനമായ പ്രശ്നങ്ങള്‍ ഉയർന്നുവന്നപ്പോള്‍ സി.പി.എം അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെയും അഴിമതി നിവാരണ ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്നുപോലും പിന്നോട്ടുപോയതിനെയും ബാലറാം നിശിതമായി വിമർശിച്ചിട്ടുണ്ട്. ആ പാരമ്പര്യം പുതിയ ഇടതുമുന്നണിയുടെ കാലത്തും അദ്ദേഹം തുടർന്നിരുന്നു.

സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള സി.പി.ഐയുടെ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് എൻ.ഇ. ബാലറാം ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. സംവരണത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ എന്ന ലേഖനത്തില്‍ സംവരണം തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉള്ളതാണ്, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉള്ളതാണ് തുടങ്ങിയ അസംബന്ധങ്ങളെ വിമർശിക്കുന്നുണ്ട്. ചരിത്രപരമായി അധികാരത്തില്‍നിന്ന് പുറംതള്ളപ്പെടുകയും ഭരണരംഗവും ഭരണയന്ത്രവും ബാലികേറാമലയായി തുടരുകയുംചെയ്യുന്ന ചരിത്രപ്രക്രിയയുമായി ബന്ധപ്പെട്ടാണ് സംവരണം പ്രസക്തമാവുന്നത് എന്നും അദ്ദേഹം എഴുതിയിരുന്നു. മാത്രമല്ല, കേരളത്തിൽ മലയാളി മെമ്മോറിയല്‍, ഈഴവമെമ്മോറിയല്‍ നിവർത്തന പ്രക്ഷോഭം തുടങ്ങിയവയുടെ തുടർച്ചയായാണ് മുപ്പതുകള്‍ മുതല്‍ സോഷ്യലിസ്​റ്റ്​ കോൺഗ്രസ്​​ പിന്നാക്ക ജനപ്രാതിനിധ്യത്തിനായുള്ള നിലപാടുകള്‍ കൈക്കൊണ്ടത് എന്ന് വ്യക്തമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്‌. പൊതുസമരങ്ങളിലൂടെയാണ് പബ്ലിക്​ സർവിസ് കമീഷന്‍ എന്ന സ്ഥാപനവും സംവരണം എന്ന സമ്പ്രദായവും കേരളത്തില്‍ നടപ്പിലായത് എന്ന് തുറന്നെഴുതാനുള്ള സത്യസന്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു.

കുബേരസിദ്ധാന്തം
സാമ്പത്തിക സംവരണവാദത്തി​​​െൻറചില നിലപാടുകളെ കുബേരസിദ്ധാന്തം എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്‌. മറ്റൊരു ലേഖനത്തില്‍ (മണ്ഡല്‍ റിപ്പോർട്ട്​  മുതല്‍ കുബേരസിദ്ധാന്തം വരെ) അദ്ദേഹം എഴുതുന്നു: ‘സാമ്പത്തിക സംവരണവാദം എന്നുകേൾക്കുമ്പോള്‍ പ്രഥമദൃഷ്​ട്യാ അതൊരു ശാസ്ത്രീയ സമീപനമാണെന്നു തോന്നാം. സാമ്പത്തിക സംവരണം എന്ന തത്ത്വം ഒരു ഇടതുപക്ഷ ആശയമാണെന്നുപോലും ചിലര്‍ കരുതുന്നുണ്ട്. ഈ  ചിന്തകളുടെ ഉള്ളില്‍ക്കടന്ന്​ പരിശോധിച്ചാല്‍ ഈ വാദത്തി​​​െൻറ യുക്തിരാഹിത്യം എളുപ്പത്തില്‍ മനസ്സിലാകും’. തുടർന്ന്  അദ്ദേഹം നിയമപരമായി ഇതെങ്ങനെ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നു: ‘സംവരണത്തിന് സാമ്പത്തികം എന്ന ഉപാധിയോ മാനദണ്ഡമോ ഭരണഘടന അംഗീകരിക്കുന്നില്ല’. മാത്രമല്ല. ക്രീമിലെയര്‍ എന്ന സുപ്രീംകോടതി നിലപാടുതന്നെ എതിർക്കപ്പെടേണ്ടതാണ് എന്ന് ബാലറാം പറയുന്നുണ്ട്. ക്രീമിലെയര്‍ കൊണ്ടുവന്ന സുപ്രീംകോടതി വിധിക്കെതിരെ ഭരണഘടന ഭേദഗതി ചെയ്യണം എന്നതാണ് സി.പി.ഐ നിലപാട് എന്നുപറഞ്ഞ ബാലറാമി​​​െൻറ സ്ഥാനത്താണ്‌ പ്രകാശ്ബാബു എന്ന സി.പി.ഐ വിപ്ലവനേതാവ് ഇപ്പോള്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമായി ഭരണഘടന ഭേദഗതി ചെയ്യാന്‍ ബി.ജെ.പി സർക്കാറിനോട് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ചെയർമാനായി രൂപവത്​കരിച്ച ഭരണപരിഷ്​കാര കമ്മിറ്റി കേരളത്തില്‍ ആദ്യമായി 1958 സാമ്പത്തികസംവരണപ്രശ്നം ഉന്നയിച്ചതിനെ നിർഭാഗ്യകരം എന്നാണ്​ ബാലറാം വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്നു: ‘കേരളത്തിലെ കമ്യൂണിസ്​റ്റ്​ പാർട്ടി രണ്ടായി പിളരുന്നതുവരെ സാമ്പത്തികസംവരണത്തെ അംഗീകരിച്ചിട്ടില്ല.1958ല്‍ നമ്പൂതിരിപ്പാട്‌ റിപ്പോർട്ടിലെ പ്രസക്തഭാഗവും അന്ന് പാർട്ടി അംഗീകരിച്ചിട്ടില്ല’. 1967ല്‍ രൂപവത്​കരിച്ച നെട്ടൂര്‍ ദാമോദരൻ കമീഷന്‍ അതി​​​െൻറ റിപ്പോർട്ടില്‍ സാമ്പത്തിക സംവരണവാദം ഉന്നയിച്ചത് തുടർന്നുവന്ന അച്യുതമേനോന്‍ സർക്കാർ തള്ളിക്കളഞ്ഞത് കേരളചരിത്രത്തി​​​െൻറ ഭാഗമാണ് എന്ന് ബാലറാം അഭിമാനപൂർവം പറയുന്നുണ്ട്.

EMS
Courtesy: The Indian Express
 

എന്തുകൊണ്ട്​ ഇൗ പിന്മാറ്റം?
ഇതായിരുന്നു ഇതുവരെയുള്ള സി.പി.ഐയുടെ നിലപാട് എന്ന് ഞാന്‍ വിശ്വസിക്കുകയാണ്. ഇതില്‍നിന്ന് എന്തുകൊണ്ട്​ പിന്മാറി എന്ന് വിശദീകരിക്കാനുള്ള ബാധ്യത ആ പാർട്ടിക്കുണ്ട്. കേവലം പാർട്ടി  പിളർന്നതിനുശേഷം ജന്മിവാദി എന്ന്​ ബാലറാം വിശേഷിപ്പിച്ചിരുന്ന ഇ.എം.എസിന്​, സി.പി.എമ്മില്‍ ഒളിച്ചുകടത്താന്‍ കഴിഞ്ഞ ഒരു പ്രതിലോമകരമായ ചിന്തയെ എതിര്‍ക്കാനുള്ള ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനിൽക്കാന്‍ സി.പി.ഐക്കു കഴിയില്ല എന്നവര്‍ ഓർക്കേണ്ടതല്ലേ? എ.ഐ.എസ്​.എഫും എ.ഐ.വൈ.എഫും മറ്റും ഇപ്പോഴും നിലവില്‍ ഉണ്ടെങ്കില്‍ അവരും ഇതിനെ എതിർക്കേണ്ടതല്ലേ? എന്തുവലിയ ചതിക്കുഴിയിലാണ് നേതൃത്വത്തി​​​െൻറ ജാഗ്രതക്കുറവുമൂലം സി.പി.ഐ അകപ്പെട്ടിരിക്കുന്നത് എന്ന് അവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ?

സി.പി.ഐയുടെ രാഷ്​ട്രീയത്തെക്കുറിച്ചുള്ള എന്തെങ്കിലും വലിയപ്രതീക്ഷകള്‍ ​െവച്ചുപുലര്‍ത്തിക്കൊണ്ടല്ല ഈ വരികള്‍ ഇവിടെ കുറിക്കുന്നത്. ഇന്ത്യ ഇന്ന് അതി​​​െൻറ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ വിപത്തായ ഭൂരിപക്ഷമതവാദത്തി​​​െൻറ കൈപ്പിടിയില്‍ അമർന്നിരിക്കുകയാണ്. ജാതിവാദികൾക്ക്​ മേൽക്കൈയുള്ള ആ പ്രത്യയശാസ്ത്രം ചാതുർവർണ്യത്തി​​​െൻറ അടിസ്ഥാനങ്ങള്‍ പുനരാനയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ സന്ദർഭത്തില്‍ ഇത്തരം ചെറുത്തുനിൽപുകൾക്ക്​ വലിയ പ്രസക്തിയുണ്ടെന്നു മനസ്സിലാക്കുന്നതുകൊണ്ടാണ് ഈ ഓർമപ്പെടുത്തലിന്​ തുനിയുന്നത്. പിണറായി വിജയ​​​െൻറ സാമ്പത്തിക സംവരണവാദത്തെ എതിർത്തു​  തോൽപിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു നിമിഷംപോലും സി.പി.ഐ ഈ മുന്നണിയില്‍ തുടരരുത് എന്ന് കരുതുന്നതും അതുകൊണ്ടാണ്. സവർണ ജാതിവാദികളുടെ കൈയിലെ ചട്ടുകമായി ക്രമേണ മാറിക്കൊണ്ടിരിക്കുന്ന സി.പി.എമ്മി​​​െൻറ നിലപാടുകള്‍ കേരളത്തില്‍ ഹിന്ദുവോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി അജണ്ട നടപ്പാക്കുക എന്നതാണ് എന്നാണു ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. അതാണോ സി.പി.ഐയുടെയും നിലപാട് എന്നും അതി​​​െൻറ ഭാഗമാണോ ഇപ്പോഴത്തെ ഈ ഒളിച്ചുകളി എന്നും ആ പാർട്ടി വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

COMMENTS