കമ്യൂണിസ്റ്റ് ആരോഗ്യവും സഭാ ആരോഗ്യവും
text_fieldsരോഗത്തിന് അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി, പ്രകൃതി തുടങ്ങിയ പല ചികിത്സമാർഗങ്ങൾ ഉണ്ടെങ്കിലും അതു ശമിച്ചുകഴിയുേമ്പാഴുള്ള മനുഷ്യാവസ്ഥയെയാണ് ആരോഗ്യം എന്നതുകൊണ്ട് സാമാന്യേന ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം ആരോഗ്യം എന്നത് രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടി യാണ്.
ഇൗ ആരോഗ്യത്തിനു തന്നെ വ്യത്യസ്ത തലങ്ങളുമുണ്ട്. ഒരു കായിക താരത്തിെൻറ ആരോഗ്യമാവില്ല ഒരു കർഷകത്തൊഴിലാളിയുടേത്. അതാവില്ല ഒരു സർക്കാർ ജീവനക്കാരേൻറത്. ഇതിൽ നിെന്നല്ലാം വ്യത്യസ്തമായിരിക്കും ഒരു രാഷ്ട്രീയ നേതാവിേൻറതും സമുദായ നേതാവിേൻറതും.
ഇത്തരത്തിൽ ഇപ്പോൾ കേരളത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന രണ്ട് ആരോഗ്യാവസ്ഥകളാണ് കമ്യൂണിസ്റ്റ് ആരോഗ്യവും കത്തോലിക്കസഭ ആരോഗ്യവും. ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരമുള്ള സാമൂഹിക സുസ്ഥിതിയല്ല മറിച്ച്, പാർട്ടിയിലെയും സഭയിലെയും പദവി അടിസ്ഥാനമാക്കിയുള്ള സുസ്ഥിതിയിലാണ് ആ ആരോഗ്യം നിലനിൽക്കുന്നത്. യാദൃച്ഛികമാവാമെങ്കിലും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടാണ് ഇതു രണ്ടും രൂപപ്പെട്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ അലോപ്പതിയും പ്രകൃതിചികിത്സയും പോലെ രണ്ടായി തോന്നാമെങ്കിലും രണ്ടിെൻറയും അന്തർധാര ഏതാണ്ട് സമാനമാണ്. അതുകൊണ്ടുതന്നെ തങ്ങൾ വിശ്വസിക്കുന്ന ആരോഗ്യം സംരക്ഷിക്കാനുള്ള ചികിത്സവിധികൾ ഇവർക്ക് ഏറക്കുറെ സമാനവുമാണ്.
പഞ്ചാബിലെ ജലന്ധറിലാണ് ഇൗ ആരോഗ്യാവസ്ഥക്ക് കാരണമായി കരുതുന്ന ഒരു ജീനിെന ഇപ്പോൾ കണ്ടെത്തിയതെങ്കിൽ മറ്റേതിെൻറ ഉത്ഭവം കേരളത്തിലെ ഷൊർണൂരിലാണ്. ബിഷപ്, എം.എൽ.എ തുടങ്ങിയ വി.െഎ.പികളിലാണ് ഇത് ഏറെ സജീവമായിരിക്കുന്നത്. മുമ്പ് കേരളത്തിൽ തന്നെ ഒരു കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി, പാർട്ടി ജില്ല സെക്രട്ടറി, മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി തുടങ്ങിയവരിലും ഇൗ ജീനിെൻറ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ‘ജീൻ മ്യൂേട്ടഷന്’ വിധേയമായ ഒരു നിര വി.െഎ.പികളുടെ പട്ടിക അതിൽ ഗവേഷണം നടത്തിയ ഒരു ആരോഗ്യവിദഗ്ധ പുറത്തുവിടുകയും ചെയ്തു.
അത് ഒരു ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിെൻറ ഭാഗമായിട്ടുമുണ്ട്. ഇത്തരം ആരോഗ്യ വിഷയങ്ങളിൽ പരിണതപ്രജ്ഞനായ ജനകീയ നേതാവ് പുറത്തുവിട്ട കിളിരൂർ ‘വി.െഎ.പി’ ആര് എന്നതിന് വർഷങ്ങൾക്കു ശേഷവും ഉത്തരമായിട്ടുമില്ല. ‘സൂര്യനെല്ലി’, ‘കിളിരൂർ’, ‘െഎസ്ക്രീം’, ‘സോളാർ’, ‘കണ്ണൂർ’, ‘എറണാകുളം’ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടതിനാൽ ഇപ്പോൾ എം.എൽ.എയിലും ബിഷപ്പിലും കെണ്ടത്തിയ ജീൻ തന്നെയായിരുന്നു അതെന്ന് അന്നാരും തിരിച്ചറിഞ്ഞിരുന്നുമില്ല.
പത്തെഴുപതു ദിവസം മുമ്പ് തന്നെ, ജലന്ധർ ജീനിെൻറ സ്വഭാവവിശേഷങ്ങൾ പുറത്തുവന്നിരുന്നു. അത് ആരോഗ്യ ജേണലുകളിൽ റിപ്പോർട്ടാവുകയും തുടർന്ന് വാർത്തയാവുകയും ചെയ്തു. എന്നാൽ, കേരളത്തിലെ പ്രളയത്തിൽപെട്ട് എല്ലാം തണുത്തു. അതിനിടെയാണ് ഷൊർണൂർ ജീൻ പുറത്തുവന്നത്. അതിന് വിധേയനായ വി.െഎ.പി നടത്തിയ വാർത്തസമ്മേളനത്തോടെയാണ് ഇതിനു പിന്നിലെ ‘കമ്യൂണിസ്റ്റ് ആരോഗ്യം’ വെളിപ്പെടുത്തപ്പെട്ടത്. ശാസ്ത്രലോകത്താകെ ആകാംക്ഷ പകർന്ന ഒരു സംഭവമായിരുന്നു അത്.
‘‘പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അേന്വഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം എനിക്കുമുണ്ട്.
അന്വേഷണം വന്നാൽ ഉത്തമ കമ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ നേരിടും’’ -തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഷൊർണൂരിലെ സി.പി.എം എം.എൽ.എ പി.കെ. ശശി മാധ്യമങ്ങളോട് പറഞ്ഞതാണിത്. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന ശശിക്കെതിരെയാണെങ്കിൽ അത് പാർട്ടിക്കും എതിരെയാണ്.
ലോകത്താകെ കമ്യൂണിസ്റ്റുകാരും കത്തോലിക്കരും വിരുദ്ധധ്രുവങ്ങളിലാണെങ്കിലും ശശിയുടെ ഇൗ ‘ആരോഗ്യ പച്ച’ സമാന ആരോപണം നേരിടുന്ന ജലന്ധർ രൂപതാധ്യക്ഷൻ ഫ്രാേങ്കാ മുളയ്ക്കലിനും കരുത്തു നൽകി. അതുവരെ ‘ഞാനൊന്നുമറിഞ്ഞില്ലേ കർത്താവേ’ എന്ന മട്ടിലിരുന്ന ഫ്രാേങ്കാ ബിഷപ് തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക് മെയിലിങ്ങാണെന്നും അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വെളിപ്പെടുത്തി. അതിനൊപ്പം സഭക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾ കത്തോലിക്ക സഭയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും കത്തോലിക്കസഭയും തമ്മിലുള്ള ‘നാനാത്വത്തിൽ ഏകത്വം’ പുറത്തുവരുന്നത്. പാർട്ടിക്കെതിരെയോ പാർട്ടി നേതാവിനെതിരെയോ എന്ത് ആരോപണം വന്നാലും അത് ഗൂഢാലോചനയാണെന്നും പാർട്ടിയെ തകർക്കാനാണെന്നുമായിരിക്കും ആദ്യം ആരോപണവിധേയനും പിന്നീട് പാർട്ടിയും പറയുക. ബിഷപ്പിനെതിരെ ൈലംഗിക ആരോപണം ഉയർന്നപ്പോൾ, ആദ്യം ബിഷപ്പിെൻറയും തുടർന്ന് കാത്തലിക് ബിഷപ് കോൺഫറൻസിെൻറയും നിലപാടും മറ്റൊന്നായിരുന്നില്ല. നീക്കം സഭക്കെതിരെയെന്ന് ആദ്യം ഫ്രാേങ്കായും തുടർന്ന് ‘കോടതിയെ സ്വാധീനിക്കാനും അതിനിടെ കത്തോലിക്കസഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങൾ അപലപനീയമാണെ’ന്ന കെ.സി.ബി.സിയുടെ പ്രസ്താവനയും പുറത്തുവന്നു.
അതുമാത്രമല്ല, പാർട്ടിക്കും സഭക്കുമെതിരെ മുമ്പ് ഉയർന്ന ആരോപണങ്ങളിലും ആേരാപണവിധേയർക്കല്ല, ഇരകൾക്കാണ് ആരോഗ്യക്ഷയമുണ്ടായത്. സി.പി.എമ്മിലെ മറ്റൊരു ശശി പുറത്താക്കപ്പെട്ട ശേഷം കായകൽപ ചികിത്സ കഴിഞ്ഞ് മടങ്ങിവന്നപ്പോൾ ആരോപണമുന്നയിച്ചവരുടെ ആരോഗ്യസ്ഥിതി എന്താണെന്ന് ആർക്കുമറിയില്ല. അതുപോലെ ശിശുപീഡന ആരോപണമുയർന്ന വൈദികെൻറ ആരോഗ്യം നിലനിർത്താൻ ഇപ്പോൾ കുട്ടിയുടെ ബന്ധുക്കളുടെ തന്നെ മൊഴിമാറ്റ ചികിത്സയാണ് ആരംഭിച്ചിരിക്കുന്നത്.
മുമ്പ് കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ എന്തു പറഞ്ഞാലും അതിനു പിന്നിൽ സി.െഎ.എയായിരുന്നു. സഭക്കെതിരെ വന്നാൽ അത് കമ്യൂണിസ്റ്റുകാരും. എന്നാൽ, ഇപ്പോൾ അത്തരമൊരു ആക്ഷേപം കേൾക്കാറില്ല. ശശി വിഷയത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും പി.ബി അംഗങ്ങളും വരെ ഇടപെട്ടിട്ടും ശശിക്ക് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. കമീഷനിൽ വരെ എത്തിനിൽക്കുകയാണത്. അതിനെയാവും കമ്യൂണിസ്റ്റ് ആരോഗ്യം എന്നു പറയുന്നത്.
കന്യാസ്ത്രീക്ക് നീതിതേടി നടത്തുന്ന സമരത്തിനു പിന്നിൽ യുക്തിവാദികളാണെന്നാണ് ഏറ്റവുെമാടുവിൽ മിഷനറീസ് ഒാഫ് ജീസസിെൻറ ആരോപണം. ഒരു യുക്തിവാദി, കണ്ണാടിയിൽ നോക്കിയാൽ അന്ന് വേറൊരു യുക്തിവാദ സംഘടന ഉണ്ടാവുന്ന അവസ്ഥയിലാണ് അവർക്കിടയിലെ െഎക്യം. അങ്ങനെയുള്ളവർ കത്തോലിക്ക സഭക്കെതിരെ ഇത്രയും വലിയൊരു സമരം നടത്താൻ ശേഷി നേടിയെന്നറിഞ്ഞാൽ യുക്തിവാദി നേതാക്കളായിരുന്ന എ.ടി. കോവൂരും ഇടമറുകും ജീവിച്ചിരുന്നെങ്കിൽ ‘എെൻറ ദൈവമേ’ എന്നു വിളിക്കുമായിരുന്നുവെന്ന് ഉറപ്പാണ്.