പരിസ്ഥിതി അഭയാർഥികള്‍ ആവുന്നതിനു മുമ്പ്​

09:48 AM
15/08/2019
flood-victims

ഏതാണ്ട് കഴിഞ്ഞവർഷത്തെ അത്രയും തന്നെ ശക്തമായ ഈ പ്രളയവും ഒട്ടേറെ ഉറ്റവരെയും ജീവിതോപാധികളെയും ഇല്ലാതാക്കിയാണ് കടന്നുപോകുന്നത്. ഒരേ ദുരന്തത്തി​​​​​െൻറ ആവർത്തനം നമ്മെ പഠിപ്പിക്കുന്നത്​ സുദീർഘമായ നമ്മുടെ ചരിത്രത്തിനു പഠിപ്പിക്കാവുന്നതിലും ഏറെയാണ്‌. ചരിത്രം കേവലം മനുഷ്യബന്ധങ്ങളുടെ മാത്രമല്ലെന്നും മനുഷ്യബന്ധങ്ങളുടെയും ഉൽപാദനബന്ധങ്ങളുടെയും പ്രകൃതി-മനുഷ്യബന്ധങ്ങളുടെയും കൂടി ചരിത്രമാണെന്നും തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. ലോകത്തിലെതന്നെ അങ്ങേയറ്റം പരിസ്ഥിതിലോലമായ ഒരു പ്രദേശത്താണ് ജീവിക്കുന്നത് എന്ന്​ നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു ഭൂമിശാസ്ത്രം നമ്മുടെ അതിജീവനത്തി​​​​​െൻറ മനഃശാസ്ത്രം കൂടി ആകേണ്ടിയിരിക്കുന്നു. കേരളത്തിൽ‍ കടലിനോടു ചേർന്നുനിൽക്കുന്ന പർവതസമുച്ചയമാണ്‌ പശ്ചിമഘട്ടം. ഒരു പർവത സമുച്ചയത്തിനും കടലിനും ഇടയിൽ‍ കുറച്ച്​ ഭൂമി (കേവലം 10 മുതൽ‍ 100-120 കിലോമീറ്റർ‍ മാത്രം വീതിവരുന്ന) ഇങ്ങനെ രൂപംകൊള്ളുന്നതും നിലനിൽക്കുന്നത​ും പ്രകൃതിയുടെ ഒരത്ഭുതമാണ്. എന്നു മുതലാണ്‌ ഈ ഭൂമി ഇന്ന് കാണുന്നത്ര വിസ്തീർണം ഉള്ളതായത് എന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയില്ല. ചരിത്രകാലത്തൊന്നും ഇന്നുകാണുന്ന കേരളം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കടൽ‍ പിൻവാങ്ങി ഉണ്ടായ കര എന്ന യാഥാർഥ്യത്തിനു മുന്നിൽ‍ ഉൽപ്പത്തിയുടെ ചില സവർണ മിത്തുകള്‍ നിർബാധം പ്രചരിച്ചത്. പുതുതായി ഉണ്ടായ കര തങ്ങൾക്ക്​  അധികാരമുള്ള ഒരു പിതൃബിംബത്തിൽ‍നിന്ന് ലഭിച്ചതാണ് എന്ന് പ്രചരിപ്പിക്കാനായിരുന്നു അവർക്ക് താൽപര്യം. 

സഹ്യപർവ‍തത്തിനു താഴെ ചില ചെറു ദ്വീപുകളാണ് ആദ്യം രൂപംകൊണ്ടതെന്നും പിന്നീട് അവയിൽ‍ ചിലത് കൂടുതൽ‍ ഉയർന്നു വരികയും അത്തരത്തിൽ‍  അടുത്തടുത്തുള്ളവ തമ്മിൽ‍ കൂടിച്ചേരുകയും ചെയ്തു എന്നാണ്​ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇത് കേൾക്കുമ്പോള്‍ പലരും കേരളത്തിന്‌ ഇത്രകാലത്തെ ചരിത്രമേ ഉള്ളോ എന്ന് അമ്പരക്കാറുണ്ട്. ചരിത്രമില്ല എന്നല്ല, കേരളത്തി​​​​​െൻറ ഭൗമരൂപവത്​കരണം താരതമ്യേന ‘ഹോലോസീന്‍’ (Holocene) എന്ന് ഭൗമശാസ്ത്രജ്ഞർ‍ വിളിക്കുന്ന പുതുകാലത്തെ അനിശ്ചിതവും അനുസ്യൂതവുമായ കടൽ‍ കയറ്റിറക്കങ്ങള്‍ കൊണ്ടും കൂടി അടയാളപ്പെടുത്തപ്പെട്ടതാണ് എന്നാണ് ഇതിൽ‍നിന്ന് മനസ്സിലാക്കേണ്ടത്. ഇത് സൂചിപ്പിക്കുന്ന ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതായത് ഈ പ്രക്രിയക്ക്​ ഒരു പ്രാഗ്ചരിത്രമുണ്ട്, ചരിത്രമുണ്ട്. അത് അവസാനിച്ചിട്ടില്ല. വർത്തമാനകാലത്തും ആ പ്രക്രിയ-കേരളതീരത്തി​​​​​െൻറ രൂപവത്​കരണം- തുടരുകയാണ്. അതിനുമുന്പ് സത്യത്തിൽ‍ കേരളം ഇന്ന് കാണുന്നതി​​​​​െൻറ പകുതിപോലുമില്ല. ഒരു ചെറിയ താഴ്വാരം. പിന്നീട് ആ ലഗൂണുകള്‍ കൂടിച്ചേർന്ന്​ ഇപ്പോള്‍ കാണുന്ന വിസ്തീർണമുള്ള കരയുണ്ടായി. ഇതുതന്നെ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. എത്ര വലിയ ഭൗമാനിശ്ചിതത്വമാണ് നമ്മുടെ അസ്തിത്വത്തിനുള്ളത് എന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. 

അതുകൊണ്ടാണ്, ഇത്രയധികം ചെറുനദികളും ജലാശയങ്ങളും കേരളത്തിൽ‍ കാണുന്നത്‌. ഇതിൽ‍നിന്ന് ഞാന്‍ കണ്ടെടുക്കുന്ന ഒരർഥം കേരളം യഥാർഥത്തിൽ‍ ഒരു കരപ്രദേശമല്ല, ജലപ്രദേശമാണെന്നാണ്. ജലം സ്വാഭാവിക നിലയാണ് കേരളത്തിൽ‍. കര യാദൃച്ഛികതയാണ്‌. ഈ യാദൃച്ഛികത അതിനെ അങ്ങേയറ്റം പരിസ്ഥിതി ലോലമാക്കുന്നു. ഗാഡ്ഗിൽ‍ റിപ്പോർട്ട് ചർച്ചകാലത്ത് ഞാന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞതാണ്. പശ്ചിമഘട്ട സംരക്ഷണം എന്നതല്ല പ്രശ്നം, കേരളമാകെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. അങ്ങനെയല്ലാതെ അതിനെ കാണുന്നത് തെറ്റായ സമീപനമാണ്. പശ്ചിമഘട്ടപ്രദേശത്തെ കുറച്ചു സ്ഥലങ്ങള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച്​ ഭൂമിയുടെ ക്രയവിക്രയം തടയാം എന്നല്ലാതെ കേരളത്തിലെ ഇടനാട്ടിലെയും തീരദേശത്തെയും അനിയന്ത്രിതമായി ‘വികസിക്കാന്‍’ വിടുന്നത് ഈ മേഖലകള്‍ തമ്മിൽ‍ കേരളത്തി​​​​​െൻറ ഭൂമിശാസ്ത്രത്തിലുള്ള ജൈവബന്ധത്തെ കാണാതിരിക്കലാണ്. ‘അവിടെ’ നടക്കുന്ന പ്രവർത്തനങ്ങൾക്ക്​  മാത്രമല്ല, ‘ഇവിടെ’ നടക്കുന്ന പ്രവർത്തനങ്ങൾക്കും  പ്രത്യാഘാതങ്ങള്‍ ഉണ്ട്. ഞാന്‍ ഗാഡ്ഗിൽ‍ റിപ്പോർട്ട്  തള്ളിക്കളയുന്ന ആളല്ല. പ​േക്ഷ, കേരളത്തി​​​​​െൻറ പാരിസ്ഥിതിക, രാഷ്​ട്രീയചരിത്രവുമായി ചേർത്തു​െവച്ച്​ വിമർശനാത്മകമായാണ് അത് സ്വീകരിക്കപ്പെടേണ്ടത്. 

അടുത്തടുത്തുണ്ടായ രണ്ടു പ്രളയങ്ങള്‍ ചില വസ്തുതകള്‍ ഒരിക്കൽ‍കൂടി നമ്മുടെ മുന്നിലേക്ക്‌ ശക്തമായി കൊണ്ടുവരുന്നു. ഇതിൽ‍ ഏറ്റവും പ്രധാനം കേരളം ഭൗമചരിത്രത്തിലെ ഒരു സമീപകാല ആകസ്മികതയാണ് എന്നതാണ്. അത് സഹ്യപർവതത്തി​​​​​െൻറ പടിഞ്ഞാറ്, കടലിൽ‍ പ്രകൃതിയുടെ വളരെ അടുത്തകാലത്തുണ്ടായ ചില മാറ്റങ്ങളുടെ ഫലമായി ഉണ്ടായതാണ്. ഏതാനും ആയിരം വർഷങ്ങള്‍ എന്നത് ചരിത്രത്തെക്കുറിച്ചുള്ള ഒരു ന്യൂനീകരണമല്ല. മറിച്ച്​, ഭൗമയാഥാർഥ്യം ശരിയായി മനസ്സിലാക്കൽ‍ മാത്രമാണ്. മറ്റൊന്ന് പശ്ചിമഘട്ടം മുതൽ‍ തീരദേശം വരെയുള്ള പരിസ്ഥിതിയെ  വേറിട്ടു കാണുന്നതിൽ‍ അർഥമില്ല.  ‘നമ്മള്‍’- ‘അവർ‍’ വിഭജനം മലയും തീരവും തമ്മിൽ‍ വിചാരിച്ചെടുക്കുന്നതിൽ‍ കാര്യമില്ല. മലയിലെ പാറയായാലും വിഴിഞ്ഞത്തെ തരിമണലായാലും അതിസൂക്ഷ്​മമായ ഒരു പാരിസ്ഥിതിക ചരിത്രത്താൽ‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തി​​​​​െൻറ പരിസ്ഥിതിപരമായ ദുർബലത- ഒരുതരം സവിശേഷമായ ക്ഷിപ്രഭ്രംശത അനുഭവിക്കുന്ന പ്രദേശമായി കേരളത്തെ മാറ്റിത്തീർത്തിരിക്കുന്നു എന്ന യാഥാർഥ്യത്തെ അംഗീകരിക്കേണ്ടതുണ്ട്. ഗാഡ്ഗിൽ‍ റിപ്പോർട്ട്  ദക്ഷിണേന്ത്യയിലെ മുഴുവന്‍ പശ്ചിമഘട്ടത്തെയും സമഗ്രമായിക്കണ്ട്​ തയാറാക്കിയ പരിസ്ഥിതിപഠനമാണ്. അതിലെ ചില നിഗമനങ്ങള്‍ പശ്ചിമഘട്ടത്തിനു മാത്രമായല്ലാതെ കേരളത്തെ ഒന്നായിക്കണ്ടുകൊണ്ടു സ്വീകരിക്കേണ്ടതും രണ്ടാം ഭൂപരിഷ്കരണം പോലുള്ള ഉൽപാദനബന്ധങ്ങളിലെ പൊളിച്ചെഴുത്തുകൾക്ക്​ തടസ്സമാവാത്ത രീതിയിൽ‍ നടപ്പിലാക്കേണ്ടവയുമാണ്. അമിതാവ് ഘോഷി​​​​​െൻറ The Great Derangement: Climate Change and the Unthinkable (Penguin Books, 2016)- (ബൃഹത്തായ ക്രമഭംഗം- കാലാവസ്ഥ വ്യതിയാനവും അചിന്തനീയവും) എന്ന കൃതിയിൽ‍  ചർച്ച ചെയ്യുന്നത് ഇത്തരം ദുരന്തങ്ങളുടെ ആവർത്തനം സൃഷ്​ടിക്കുന്ന പുതിയ ലോകസാഹചര്യത്തെക്കുറിച്ചാണ്. നവമി ക്ലീന്‍ (Naomi Klein) മുതലാളിത്തമാണ് ഇന്നത്തെ കാലാവസ്ഥവ്യതിയാനത്തി​​​​​െൻറ ഉത്തരവാദിയെന്ന് പറയുന്നതിനോട് അദ്ദേഹം ഒരു കാര്യം കൂടി ചേർത്തു​െവക്കുന്നു. 

മുതലാളിത്തം മാത്രമല്ല സാമ്രാജ്യത്വവും- ഫലത്തിൽ‍ ഇതു രണ്ടും തോളോടുതോള്‍ ചേർന്ന പ്രക്രിയകളാണെങ്കിലും- ഇതിനുത്തരവാദിയാണ്‌. കേരളത്തി​​​​​െൻറ പാരിസ്ഥിതിക സമ്മർദങ്ങള്‍ വർധിക്കുന്നത് ബ്രിട്ടീഷ് മൂലധനത്തി​​​​​െൻറ വരവോടെ ഉണ്ടായ കാർഷികമാറ്റങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനത്തി​​​​​െൻറയും പശ്ചാത്തലത്തിലാണ്. കിഴക്കന്‍മലകള്‍ കാടുവെട്ടുന്നതിനും നാണ്യവിളക്കൃഷിക്കുമായി തുറന്നും കാർഷികോൽപന്നങ്ങളും തടിയും മലകളിൽനിന്ന് ചെറു തുറമുഖങ്ങളിലും അഴിമുഖങ്ങളിലും എത്തിക്കാനായി കിഴക്ക്-പടിഞ്ഞാറായി മാത്രം പാതകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചും പ്രകൃതിസന്തുലനത്തെ ആഴത്തിൽ‍ മാറ്റിത്തീർക്കാന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞു. അതി​​​​​െൻറ തുടർച്ചയാണ് ഇന്നും കാണുന്നത്. അതിനപ്പുറത്ത്​ ഒരു വികസനമാതൃക നമുക്കില്ല. അമിതാവ് ഘോഷി​​​​​െൻറ പുസ്തകം ആരംഭിക്കുന്നത് ത​​​​​െൻറ പ്രപിതാമഹന്മാർ‍ ബംഗ്ലാദേശിൽ‍നിന്നുള്ള പരിസ്ഥിതി അഭയാർഥികളായിരുന്നു എന്ന ഓർമയിൽ നിന്നാണ്. ഒരു ജനത എന്ന നിലയിൽ‍ കേരളീയർ‍ ഇപ്പോള്‍ പരിസ്ഥിതി അഭയാർഥികളായി മാറുകയാണ്. കേരളത്തി​​​​​െൻറ തെക്ക് വെള്ളം പൊങ്ങുമ്പോള്‍ വടക്കുനിന്നും വടക്ക് പൊങ്ങുമ്പോള്‍ തെക്കുനിന്നും കിഴക്കന്‍ പ്രദേശങ്ങള്‍ മുങ്ങുമ്പോള്‍ പടിഞ്ഞാറു നിന്നുമൊക്കെ ഇപ്പോള്‍ നമുക്ക് പരസ്പരം കൈത്താങ്ങാവാന്‍ കഴിയും; അതിനുള്ളിലെ എല്ലാ വൈരുധ്യങ്ങളും മറക്കാതെ തന്നെ. ഇതിനു പക്ഷേ, ഒരു പരിധിയുണ്ട്. നാം പരിസ്ഥിതിദുർബലമായ ഒരു ഭൗമമേഖലയിൽ‍ അധിവസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ, നിരന്തരദുരന്തങ്ങളുടെ ആവർത്തനത്തിൽ‍ ഇന്ത്യയുടെ മുന്നിൽ‍, ലോകത്തി​​​​​െൻറ മുന്നിൽ‍ കേവലം പരിസ്ഥിതി അഭയാർഥി‍കളായി മാറുന്നതിനുമുമ്പ്​ ഈ ജന്മഭൂമിയെ സംരക്ഷിക്കുന്നത് എങ്ങനെ എന്ന് ഒന്നിച്ചു ചിന്തിക്കാന്‍ നാം ബാധ്യസ്ഥരാവുകയാണ്.

Loading...
COMMENTS