പാരമ്പര്യ ചികിത്സയും സുപ്രീംകോടതി വിധിയും

ayurvedic medicine

സുപ്രീംകോടതി വിധികൾ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുന്ന കാലമാണ് നമ്മുടേത്. നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളുടെമേൽ സുചിന്തിതമായ കോടതിവിധികൾ ഉണ്ടാകുമ്പോൾ അവ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 2018 ഏപ്രിലിൽ അത്തരത്തിലൊരു വിധി സുപ്രീംകോടതി തീർപ്പാക്കുകയുണ്ടായി. ജസ്​റ്റിസ് എ.കെ. അഗർവാൾ, ജസ്​റ്റിസ്​ മോഹൻ സന്താനഗൗഡർ എന്നിവർ ചേർന്നാണ് വിധിപ്രസ്താവം നടത്തിയത്. ആയുർവേദ പാരമ്പര്യ വൈദ്യ ഫോറം എന്ന സംഘടന തങ്ങളുടെ അംഗങ്ങൾക്ക് ചികിത്സ നടത്താനുള്ള അധികാരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ച അപ്പീൽ ഹരജി തീർപ്പാക്കുകയായിരുന്നു കോടതി.

ആയുർവേദ പാരമ്പര്യവൈദ്യ ഫോറം കേരളത്തിൽ രജിസ്​റ്റർ ചെയ്യപ്പെട്ട സൊസൈറ്റിയാണ്. പരമ്പരാഗതവും തനതു സ്രോതസ്സുകളിൽനിന്ന് ലഭിച്ചതുമായ അറിവുകൾ ഉപയോഗിച്ച് വൈദ്യചികിത്സ നടത്തുന്ന വ്യക്തികളുടെ കൂട്ടായ്‌മയായാണ് സ്വയം പരിചയപ്പെടുത്തുന്നത്. അവർ മുഖ്യധാരാ ഇന്ത്യൻ മെഡിസിനിൽനിന്ന്​ വേറിട്ടുനിൽക്കുന്നു. ആയുർവേദ, യൂനാനി, സിദ്ധ തുടങ്ങിയ ചികിത്സ സമ്പ്രദായങ്ങൾ പരിശീലനത്തിന് പ്രാരംഭകാലത്ത് പാരമ്പര്യ രീതികൾ ഉപയോഗിച്ചിട്ടുണ്ട്. ക്രമേണ വിജ്ഞാനം, നൈപുണ്യം എന്നിവക്ക് ഊന്നൽ കൊടുത്തുകൊണ്ട് ആധുനികരീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള വിശദമായ അധ്യാപനം, പ്രാക്​ടിസ് എന്നിവ ഉൾപ്പെടുത്തി ബിരുദതല വിദ്യാഭ്യാസമുറപ്പിച്ചു കഴിഞ്ഞു. രാജ്യത്തെമ്പാടും ബിരുദതല പരിശീലനം സ്ഥാപിച്ചുകഴിഞ്ഞമുറക്ക്​ പാരമ്പര്യ ചികിത്സ ഒഴിവാക്കാനുള്ള നടപടിയും ആരംഭിക്കുകയുണ്ടായി. ഇതുതന്നെ പൊടുന്നനെയുണ്ടായ മാറ്റമല്ല; 1953 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ പരിണമിച്ചുവന്ന മാറ്റമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പാരമ്പര്യ വൈദ്യപരിചരണം 1953 മുതൽ സമ്മർദത്തിലായിക്കഴിഞ്ഞു.  

ഫോറം പ്രതിനിധികൾ ആവശ്യപ്പെടുന്നത് അവരുടെ പ്രാവീണ്യവും ദീർഘകാലത്തെ ചികിത്സാപരിചയവും കണക്കിലെടുത്തു കേരളത്തിൽ ചികിത്സ നടത്താനുള്ള ലൈസൻസ് നൽകണം എന്നാണ്. വിശദമായ അന്വേഷണത്തിനും വാദംകേൾക്കലിനും ശേഷം സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചിരിക്കുന്നു. അതായത്, പത്രത്തിലൂടെയും പരസ്യത്തിലൂടെയും ക്യാമ്പുകളിലൂടെയും രോഗമുക്തി വാഗ്‌ദാനം ചെയ്യുകയും കൃത്യമായ രോഗനിർണയമില്ലാതെ രോഗലക്ഷണങ്ങളുടെയും സാക്ഷ്യംപറച്ചിലുകളുടെയും അടിസ്ഥാനത്തിൽ ചികിത്സിക്കുന്ന ആയിരക്കണക്കിന് ചികിത്സകർ വ്യാജവൈദ്യന്മാരായി മാറിയിരിക്കുന്നുവെന്ന് സാരം. ഇവർക്ക് കൃത്യമായ പഠനമോ പരിശീലനമോ ഇല്ല എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പാരമ്പര്യ ചികിത്സ എന്ന ഭംഗിയുള്ള വിളിപ്പേരുണ്ടെങ്കിലും പല ചികിത്സകരും പാരമ്പര്യത്തി​​െൻറ അനുഭവമോ നൈപുണ്യമോ ഉള്ളവരല്ല. പലപ്പോഴും പാരമ്പര്യം എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് അനവധി വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങളും ധാരണകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു എന്നുമാത്രമാണ്. പാരമ്പര്യചികിത്സകൻ എന്ന പ്രയോഗം നമ്മുടെ മനസ്സിൽ കൊണ്ടുവരുന്നത്, രണ്ടോ അതിലധികമോ തലമുറകളായി കൈമാറിവരുന്ന അനുഭവജ്ഞാനവും വൈദഗ്ധ്യവും ചികിത്സയിൽ പ്രതിഫലിപ്പിക്കാൻ കഴിവുള്ള വ്യക്തിയെയാണ്. അങ്ങനെയാകാനുള്ള സാധ്യത ഏറക്കുറെ ഇല്ലെന്നുതന്നെ പറയാം. പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും ചികിത്സകരിൽ പലർക്കും കാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാര്യം സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. വിധിന്യായത്തി​​െൻറ ഏഴാം ഖണ്ഡികയിൽ ഇതേക്കുറിച്ചു പരാമർശവുമുണ്ട്. ഔപചാരിക വിദ്യാഭ്യാസം ശരീരത്തെയും രോഗങ്ങളെയും സാമൂഹിക ജൈവശാസ്ത്ര നിബദ്ധമായ മൂല്യസങ്കൽപങ്ങളെയും മനസ്സിലാക്കുന്നതിന്​ അവശ്യം വേണ്ടതാണ്.  ഇതി​​െൻറ അഭാവം സമൂഹത്തെയും പൊതുജനാരോഗ്യത്തെയും അപകടത്തിലാക്കുമെന്ന് സർക്കാർ ഭയക്കുന്നു.

സർക്കാർ മറ്റു രണ്ടു തടസ്സവാദങ്ങൾകൂടി കോടതിക്കു മുന്നിൽ വെച്ചു. ഒന്ന്, പല പാരമ്പര്യ ചികിത്സകരും മദ്യം അമിതമായി ചേർത്ത ഔഷധക്കൂട്ടുകൾ പാകപ്പെടുത്തി രോഗികൾക്ക് നൽകുന്നു. മദ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് വിരുദ്ധമായാണ് പലപ്പോഴും ഇതെല്ലം നടത്തുന്നത്. രണ്ട്, ഇന്ത്യൻ പാർലമ​െൻറ് അംഗീകൃത ബിരുദമോ പരിശീലനമോ ഇല്ലാത്ത വ്യക്തികളെ പൊതുജനാരോഗ്യ രംഗത്തുനിന്ന്​ ഘട്ടംഘട്ടമായി നീക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച്​ 1970ൽ നിയമം വന്നപ്പോൾ പുതുതായി പാരമ്പര്യ ചികിത്സകർക്ക് ലൈസൻസ് നൽകേണ്ടതില്ലെന്നും അഞ്ചു വർഷമെങ്കിലും പ്രാക്ടിസിൽ ഉള്ളവർക്ക് മാത്രം തങ്ങളുടെ പ്രാക്ടിസ് തുടരാമെന്നും നിഷ്കർഷിച്ചിരിക്കുന്നു. ഇതിൽനിന്നു മനസ്സിലാക്കേണ്ടത്, സർക്കാറി​​െൻറ നയം ലൈസൻസില്ലാത്ത, വ്യക്തമായ വിദ്യാഭ്യാസ അടിത്തറയില്ലാത്ത വ്യക്തികളെ പൊതുജനാരോഗ്യ രംഗത്തുനിന്ന്​ മാറ്റിനിർത്തുക എന്നതുതന്നെ. ഏതെങ്കിലും പാരമ്പര്യത്തി​​െൻറ പേരിൽ 1970നു ശേഷം പുതിയ ചികിത്സകർക്ക്​ ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കാതിരിക്കുക എന്നും തന്നെ.

കോടതിതന്നെ പാരമ്പര്യ മേഖലയിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾ ശ്രദ്ധിച്ചിരുന്നു എന്നുവേണം കരുതാൻ. എട്ടാം ഖണ്ഡികയിൽ പാരമ്പര്യ ചികിത്സകരുടെ രീതിയെക്കുറിച്ചു പറയുന്നുണ്ട്. ആദ്യമായി അവർ സൊസൈറ്റീസ് നിയമം വഴി ഒരു സംഘടന രൂപവത്​കരിക്കുന്നു. തുടർന്ന്, ഈ സംഘടനയിലെ അംഗങ്ങൾക്ക് നമ്പറും സീലും ഉൾ​െപ്പടെ ലൈസൻസ് സർട്ടിഫിക്കറ്റ് നൽകുന്നു. നിയമസാധുത ഇല്ലെങ്കിലും സമൂഹത്തിൽ എന്തെങ്കിലും അംഗീകാരം ലഭിച്ചുവെന്ന തോന്നലുണ്ടാക്കാൻ ഇത്രയും മതി. അവർ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്ന ഡിഗ്രികളും സാക്ഷ്യപത്രങ്ങളും തട്ടിപ്പാകാനാണ് സാധ്യത. പ്രാക്ടിസി​​െൻറ അടിസ്ഥാനംതന്നെ വ്യാജമാകുമ്പോൾ ചികിത്സയിലെ സത്യസന്ധതയും ചോദ്യംചെയ്യപ്പെടാമല്ലോ. രോഗങ്ങളെക്കുറിച്ചും അവയുടെ സങ്കീർണതകളെക്കുറിച്ചും ധാരണയില്ലാത്തവർ അവരെ വിശ്വസിച്ചെത്തുന്നവർക്ക് എങ്ങനെയാണ് രോഗമുക്തി ഉറപ്പാക്കുക?
ഒരു രോഗത്തെക്കുറിച്ച് അറിവുണ്ടാകാനും നിർണയിക്കാനും യുക്തമായ ചികിത്സ നിശ്ചയിക്കാനും പ്ര​േത്യക വൈദഗ്ധ്യം അത്യാവശ്യമാണ്. സുപ്രീംകോടതിയുടെ അഭിപ്രായത്തിൽ ഇത്തരം വൈദഗ്ധ്യം ഉറപ്പാക്കുന്നതുപോലും നിയമംമൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത കാലയളവിലെ പഠനവും പ്രാവീണ്യവും ഉറപ്പാക്കുന്ന പാഠ്യപദ്ധതിയും ബിരുദവുമാണ് അതിനടിസ്ഥാനം. അമ്മാതിരി യോഗ്യതകൾ കൈവരിക്കാത്തവർക്കു ചികിത്സകരാകുക നിഷിദ്ധമത്രെ.

ഇത് പൊതുജനാരോഗ്യ രംഗത്ത്​ മാത്രം കാണുന്ന പ്രശ്നമല്ല. മറ്റു സാമൂഹിക മേഖലകളിലും ലൈസൻസിങ് വന്നമുറക്ക്​  മെച്ചപ്പെട്ട വിദ്യാഭ്യാസവും നൈപുണ്യവും അനിവാര്യമായിത്തീർന്നു. ഉദാഹരണത്തിന്, സ്വാതന്ത്ര്യലബ്​ധിക്കുമുമ്പ് കേരളത്തിലെ കീഴ്കോടതികളിൽ നിയമബിരുദം ആവശ്യമില്ലായിരുന്നു. ചില ലഘുപരീക്ഷകൾ ജയിക്കുന്നവർക്കും മജിസ്‌ട്രേറ്റ് കോടതികളിൽ യഥേഷ്​ടം പ്രാക്ടിസ് ആവാം. ഇതുപോലെ അധ്യാപകരാകാനും എൻജിനീയറാകാനും ബിരുദം അടിസ്ഥാന യോഗ്യതയായിരുന്നില്ല. ഇന്ന്, കോടതിയേതായാലും വക്കീലായി പ്രാക്​ടിസ് ചെയ്യാൻ നിയമബിരുദം ഒഴിച്ചുകൂടാത്തതാണ്. സമാനമായ മാനദണ്ഡങ്ങൾ അധ്യാപകവൃത്തിയിലും സാങ്കേതിക ജോലികളിലും നിയമംമൂലം സ്ഥാപിച്ചിട്ടുണ്ട്. മറ്റു മേഖലകളിൽ പ്രശ്നങ്ങളില്ലാതെ നടപ്പാക്കിയ ഇത്തരം നവീകരണങ്ങൾ വൈദ്യശാസ്ത്ര മേഖലയിൽ വേണ്ടെന്നു​വെക്കാനാകുമോ?

നമ്മുടെ കാഴ്ചപ്പാടി​​െൻറ വൈകല്യമാണ് ഇതിലടങ്ങിയിരിക്കുന്ന പ്രശ്നം. നമുക്ക്, ശരിയായ വിദ്യാഭ്യാസമുള്ള അധ്യാപകരും നിയമപാലകരും വേണം. എന്നാൽ, നമ്മുടെ ആരോഗ്യം പരിരക്ഷിക്കാനോ രോഗം നിർണയിച്ചു ചികിത്സ ഉറപ്പാക്കാനോ വ്യാജവൈദ്യന്മാർ ധാരാളം. വ്യാജചികിത്സകർക്കാകട്ടെ, രോഗനിർണയത്തിനും ചികിത്സക്കും എന്തെങ്കിലും കൃത്യമായ ശാസ്ത്രം ഉള്ളതായി തോന്നുന്നില്ല. ഒരാൾ കണ്ണിൽ നോക്കി രോഗനിർണയം നടത്തുന്നു, മറ്റൊരാൾ നാഡി പരിശോധിച്ചാണ് രോഗം കണ്ടെത്തുന്നത്. ചികിത്സയിലും കാണാം വൈവിധ്യങ്ങൾ. ഒരേ രോഗത്തിന് രണ്ടു ചികിത്സകർ വ്യത്യസ്തതരം ഔഷധങ്ങളാണ് നിർദേശിക്കുക. പല ചികിത്സകളും മാജിക്കൽ അനുഭവമായി പരിണമിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അഭ്യസ്തവിദ്യരും സമൂഹത്തിൽ നിലയും വിലയും ഉള്ളവരുംപോലും വ്യാജവൈദ്യ പ്രചാരകരായി മാറുന്നത് കാണാം. പലപ്പോഴും വ്യാജവൈദ്യ ചികിത്സക്കിടെ രോഗം മൂർച്ഛിക്കുകയും മരണംപോലും സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെടാവുന്ന അവസ്ഥയിലുള്ള വ്യക്തികളാണ് ഇത്തരത്തിൽ പൊലിഞ്ഞുപോയത്.

ചികിത്സാരംഗം നിയമത്തി​​െൻറ പരിധികളിൽ നിർത്താൻ തീരുമാനിച്ച സർക്കാർ, നിയമങ്ങൾ നടപ്പാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പത്രങ്ങളിലും ഇലക്ട്രോണിക് മീഡിയയിലും കാണുന്ന വ്യാജചികിത്സകരുടെ വ്യാപകമായ പരസ്യങ്ങൾ ജനങ്ങൾ എത്രത്തോളം വശീകരിക്കപ്പെടുന്നു എന്നതി​​െൻറ തെളിവാണ്. വ്യാജചികിത്സയുടെയും അത്ഭുത രോഗശാന്തിയുടെയും പരസ്യവും ചികിത്സയും നിയന്ത്രിക്കേണ്ടതും പൊതുനന്മ കണക്കാക്കിയാൽ ആവശ്യംതന്നെ.  

സുപ്രീംകോടതിയുടെ 2018ലെ വിധി നടപ്പാക്കേണ്ടതും സർക്കാർ ബാധ്യതയാണ്; സർക്കാർകൂടി കക്ഷിയായിരുന്ന കേസിലെ വിധിന്യായം സർക്കാറിനെ വിധിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാരമ്പര്യത്തി​​െൻറയും അത്ഭുതങ്ങളുടെയും പേരിൽ നടത്തുന്ന ചികിത്സകൾ കേരളത്തി​െൻറ സാമൂഹിക പശ്ചാത്തലംകൂടി കണക്കാക്കിയാൽ ആവശ്യമില്ല.

Loading...
COMMENTS