Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്തു പേരിട്ടു വിളിക്കണം നാം, ഈ ജന്മങ്ങളെ....
cancel

ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലം. മാസത്തില്‍ പല തവണ ഒരാള്‍ ഓഫിസ് തിരഞ്ഞത്തെും. കൈയില്‍ ചുരുട്ടിപ്പിടിച്ച കുറച്ച് ബഹ്റൈന്‍ ദീനാറുണ്ടാകും. മറുകൈയില്‍ അന്ന് പത്രത്തില്‍ അച്ചടിച്ചുവന്ന ഏതോ സഹായാഭ്യര്‍ഥനയുടെ ചീന്തും. തനി സാധാരണക്കാരന്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ല. കോര്‍ണിഷില്‍ ചെറിയൊരു ചായക്കടയിലാണ് ജോലി. അരിഷ്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആള്‍. പലപ്പോഴും, ഓഫിസിലുള്ള ഞാനും സകരിയയും ജലീലും ചോദിച്ചു പോയിട്ടുണ്ട് ‘ഇയാള്‍ക്ക് ഇത് എന്തിന്‍െറ സൂക്കേടാണ്?’ എന്ന്.

അച്ചടിക്കുന്ന പത്രത്തിലെ അഭ്യര്‍ഥന കോളങ്ങള്‍ നമ്മുടെപോലും ശ്രദ്ധയില്‍ പെടാറില്ല. അപ്പോഴാണ് ഒരായിരം വാര്‍ത്തകള്‍ക്കിടയില്‍, ഏതോ കുടുംബത്തിന്‍െറ നോവിന് തന്‍െറ കൈത്താങ്ങും ആവട്ടെയെന്നു കരുതി ആ മനുഷ്യന്‍ കോര്‍ണിഷില്‍നിന്ന് ജുഫൈറിലേക്ക് വന്നത്തെുന്നത്. പത്രക്കട്ടിങ്ങിനൊപ്പം കുറച്ച് ദിനാറുകളും കൈമാറി നടന്നുമറയുമ്പോള്‍ ആ മുഖത്തെ ആഹ്ളാദം കണ്ട് അമ്പരന്നു പോയിട്ടുണ്ട്, പലപ്പോഴും. തലമുറകള്‍ക്കുള്ള കൊഴുത്ത സമ്പാദ്യമുള്ള എത്രയോ പേരുണ്ട് ചുറ്റും. എന്നിട്ടും എന്തേ, പലരും കാണാന്‍ മറക്കുന്ന അഭ്യര്‍ഥന കോളത്തില്‍ മാത്രമായി അയാളുടെ കണ്ണുകള്‍ മാത്രം ഉടക്കുന്നു? തന്‍െറ പോലും അത്യാവശ്യങ്ങള്‍ മാറ്റിവെച്ച് എന്തിന് ഇരുപതും മുപ്പതും ദീനാറുമായി അയാള്‍ ഇത്രദൂരം താണ്ടിയത്തെുന്നു? ഒന്നിനും ഉത്തരമില്ല. ആ മനുഷ്യന്‍ ഇപ്പോള്‍, ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. പക്ഷേ, അതുപോലെയുള്ള ചുരുക്കം ചിലര്‍ എവിടെയൊക്കെയോ ഉണ്ട്. മറുകൈ പോലും അറിയാതെ അജ്ഞാതര്‍ക്ക് തുണയാകാന്‍ കൊതിക്കുന്നവര്‍.

വേദികളിലും പത്രവാര്‍ത്തകളിലും ടെലിവിഷന്‍ കാഴ്ചകളിലുമൊന്നും ഇവരെ നാം കണ്ടെന്നു വരില്ല. ഒരു കാര്യം ഉറപ്പാണ് ഇത്തരം ആളുകള്‍ ഉള്ളതു കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലുമൊക്കെ ബാക്കിയാവുന്നത്. ചെറുപ്പത്തില്‍ നേരിട്ട പരാധീനതകളും പ്രവാസത്തിന്‍െറ ആദ്യകാലം അനുഭവിച്ച ദുരിതങ്ങളുമാകാം അജ്ഞാതരായ സഹജീവികള്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. മുമ്പൊരിക്കല്‍ പ്രേംജി പറഞ്ഞത് ഓര്‍ക്കുന്നു. വാങ്ങുക എന്നതില്‍ ത്യാഗമില്ല. കൊടുക്കുന്നതിലാണ് ത്യാഗം. നാടിന്‍െറ ഏതൊക്കെയോ കോണില്‍, ആരാലും തുണയില്ലാതെ പോകുന്ന മനുഷ്യജന്മങ്ങള്‍ക്ക് കൂട്ടാകാന്‍ കൊതിക്കുകയാണ് ഇവര്‍. ഉറപ്പ്, ഒരു ബിസിനസ് പ്രമുഖന്‍െറയും ഉദാരതക്ക് സമാനമാകില്ല, ഇവരുടെ ഈ ചില്ലറത്തുട്ടുകള്‍. നാട്ടിലെ മാത്രമല്ല, പ്രവാസലോകത്തെ പതിത ജീവിതങ്ങള്‍ക്കും തുണയാകാന്‍ ഇറങ്ങി പുറപ്പെടുന്ന കുറെ മനുഷ്യരുണ്ട്. തൊഴില്‍ നിയമത്തിന്‍െറ പരിരക്ഷ പോലും ലഭിക്കാത്തവര്‍.

അറബ് വീടുകളിലും പുറത്തുമായി ഉപജീവനം പുലര്‍ത്തുന്നവര്‍. കഫറ്റീരിയകളിലും ഗ്രോസറികളിലും കഠിനാധ്വാനം നടത്തുന്നവര്‍. ഗള്‍ഫുകാരന്‍ എന്ന പൊതുസംജ്ഞയില്‍ വ്യവഹരിക്കപ്പെടുമ്പോഴും ആധികള്‍ വിടാതെ പിന്തുടരുന്ന ഇക്കൂട്ടരുടെ സങ്കടഹരജികള്‍ കേള്‍ക്കാന്‍ അവര്‍ ഓടിയത്തെുന്നു. എപ്പോള്‍ വിളിച്ചാലും വരാന്‍ റെഡിയായി തൊട്ടപ്പുറം തന്നെ ഉണ്ടാകും ഇവര്‍. എംബസിയിലേക്കും കോണ്‍സുലേറ്റിലേക്കും പോകുന്ന അതേ ആവേശത്തില്‍ തന്നെ ആശുപത്രിയിലേക്കും ജയിലിലേക്കും മോര്‍ച്ചറിയിലേക്കും ശ്മശാനങ്ങളിലേക്കും അവര്‍ ഓടിയത്തെും. ജീവിതദുരിതത്തില്‍ തളര്‍ന്നുപോയവര്‍ക്ക് തുണയാകുന്ന പേരറിയാ മനുഷ്യര്‍. കൂട്ടത്തില്‍ സംഘടിത കൂട്ടായ്മകളും ഉണ്ട്. എന്നാല്‍, അതിനെ പോലും ചലിപ്പിക്കുന്നത് ഒറ്റപ്പെട്ട ചില മനുഷ്യരാണ്.

ഇവിടെ ഗള്‍ഫില്‍ വന്നത് പണമുണ്ടാക്കാനല്ളേ എന്ന ചോദ്യം നിത്യം ആയിരംവട്ടം ഉരുവിടുന്ന പൊതു പ്രവാസിബോധം ഇവരെ ഒട്ടും തീണ്ടിയിട്ടില്ളെന്ന് ഉറപ്പിച്ചു പറയാം. സഹജീവികള്‍ക്കുള്ള ഓട്ടത്തിനിടയില്‍ തന്‍െറ തന്നെ വിസ കാലഹരണപ്പെട്ടത് അറിയാത്ത ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നേരത്തെ ജിദ്ദയില്‍ ഉണ്ടായിരുന്നു. വ്യവസ്ഥാപിത സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറുന്നിടത്താണ് ഒറ്റപ്പെട്ട മനുഷ്യരുടെ ഈ അതിജയിക്കല്‍. അല്ളെങ്കില്‍ നോക്കൂ, സേവനത്തിനുള്ള നിരക്കുപോലും അടിക്കടി ഉയര്‍ത്താന്‍ മത്സരിക്കുകയല്ളേ നമ്മുടെ എംബസികള്‍?

പക്ഷേ ഒന്നുണ്ട്, നന്മയുടെ ആ വംശാവലി നന്നെ കുറഞ്ഞു വരുകയാണ്. എഴുപതുകളിലെ ഒന്നുമില്ലായ്മയിലേക്ക് കടല്‍ നീന്തിപ്പറ്റിയവര്‍ക്ക് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ഖോര്‍ഫുകാനില്‍ ഒരു മനുഷ്യന്‍െറ സ്ഥാപനം ഉണ്ടായിരുന്നു -കാലിക്കറ്റ് ഹോട്ടല്‍. ഗള്‍ഫില്‍ അന്നദാനത്തിന്‍െറ ആ മഹദ് മാതൃകക്കു പോലും പിന്നീട് തുടര്‍ച്ചകള്‍ ഇല്ലാതെ പോയി. രോഗാതുര ജീവിതത്തിനിടയിലും സേവനമുദ്രകളില്‍ അഭിരമിച്ച ഒരു വനിത സാമൂഹിക പ്രവര്‍ത്തകയുണ്ടായിരുന്നു ദമ്മാമില്‍. സഫിയ അജിത്ത്. അവര്‍ വിടവാങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. ഒരു പെണ്ണിന് ഇത്രയൊക്കെ ഈ അറബ് മണ്ണില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കുമോ എന്ന് അന്നും ഇന്നും അദ്ഭുതപ്പെടുന്നു മറ്റുള്ളവര്‍. വീട്ടുവേലക്കാരികളുടെ സങ്കട സമസ്യകള്‍ അധികൃതരിലത്തെിച്ച് പരിഹാരം തേടാനുള്ള വെമ്പലില്‍ ആയിരുന്നു ആ സ്ത്രീ.

അര്‍ബുദരോഗത്തിന് കീഴ്പ്പെടുമ്പോഴും കിഴക്കന്‍ പ്രവിശ്യയിലെ കണ്ണീര്‍ ജന്മങ്ങളുടെ സങ്കടം കേള്‍ക്കാന്‍ ജീവിതം മാറ്റിവെക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകണമല്ളോ എന്ന് ഒടുക്കംവരെ അവര്‍ അഭിലഷിച്ചു. എന്നിട്ടും പരമാവധി സ്വാര്‍ഥരാകാന്‍ ഒരു ജനതയെ നാം നിരന്തരം പ്രേരിപ്പിച്ചും പഠിപ്പിച്ചും കൊണ്ടിരിക്കുന്നു. ഗള്‍ഫ് നഗരങ്ങളിലെ മോര്‍ച്ചറികളിലാണ് പ്രവാസത്തിന്‍െറ എല്ലാ അഹന്തയും പൊടിഞ്ഞമരുന്നതെന്ന് പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്. ഉള്ളവനും ഇല്ലാത്തവനും എന്ന അന്തരം കീഴ്മേല്‍ മറിയുന്ന മനോഹര ഇടം.

ഹൃദയാഘാതം വന്നും അപകടത്തില്‍പെട്ടും സ്വയം കഴുത്തില്‍ കുരുക്കിട്ടും അവസാനിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ പാടുപെടുന്ന ചില ജന്മങ്ങളുണ്ടാകും അവിടെയും. മരിച്ചവന്‍െറ ബന്ധുക്കളും സഹപ്രവര്‍ത്തകരും കൂട്ടുകാരുമൊക്കെ പരേതര്‍ക്കു വേണ്ടി തിരയുന്നു, ആ മനുഷ്യരെ. അശ്റഫ് താമരശ്ശേരി കൂട്ടത്തില്‍ ഒരാള്‍ മാത്രം. പ്രവാസലോകത്ത് സമാനതകളില്ലാത്ത മനുഷ്യര്‍. ഒന്നുകൂടി പറയട്ടെ ഉള്ളില്‍ നന്മ നിറച്ച്, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാന്‍ മറക്കുന്നു ഈ മനുഷ്യര്‍. അവര്‍കൂടിയില്ലായിരുന്നെങ്കില്‍ ഈ പുറവാസം എത്ര ദരിദ്രമായേനെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ASHRAF THAMARASSERYSAFIYA AJITH
News Summary - ASHRAF THAMARASSERY AND SAFIYA AJITH
Next Story