കളിനിയമം അറിയാതെ പോയ അറബ് കുരുന്നുകൾ

എം.സി.എ നാസർ
11:13 AM
18/04/2017
യു.എസ്​ സേനാംഗത്തി​െൻറ കൂടെ ഇറാഖി ബാലൻമാർ

2003 ഏപ്രിൽ. ഇറാഖിൽ യുദ്ധം തിമിർക്കുന്ന നാളുകൾ. നാസരിയ്യയിലെ ഉൾപ്രദേശത്ത് നിനച്ചിരിക്കാതെ മിസൈൽ ആക്രമണം നടന്ന വാർത്ത. സൈനികമായി തന്ത്രപ്രധാന മേഖലപോലുമല്ല പ്രദേശം. എന്നിട്ടും എന്തുകൊണ്ട് യു.എസ് മിസൈൽ ആക്രമണം? നിരവധി പേർ കൊല്ലപ്പെട്ടു. എല്ലാവരും സാധാരണക്കാർ. ആക്രമണം നടന്നത് വെളുപ്പിനായിരുന്നു. പുറം രാജ്യങ്ങളിൽ നിന്നുള്ള രണ്ട് മാധ്യമസുഹൃത്തുക്കൾക്കൊപ്പം അവിടെ എത്തുേമ്പാൾ വൈകിയിരുന്നു. കൺമുന്നിൽ ഒരു കുടുംബം ഒന്നാകെ ഇല്ലാതായതിെൻറ നടുക്കം. തകർന്ന ഭവനത്തിൽനിന്നും സന്നദ്ധ പ്രവർത്തകർ പുറത്തെടുത്തവയിൽ ഒരു ഇളംപൈതലും. നോക്കിനിൽെക്ക, ആ ഇളംകൈ ഞങ്ങളെ നോക്കി ചലിച്ചുവോ? അവസാനമായി കാത്തുവെച്ച ടാറ്റ പറഞ്ഞതായിരിക്കുമോ? അതോ, എല്ലാം എെൻറ വെറും തോന്നൽ മാത്രമോ? വ്യാഴവട്ടത്തിനിപ്പുറവും ആ കുരുന്നിെൻറ അന്ത്യരംഗം ഉറക്കം കെടുത്തുന്നു.

ഇപ്പോഴിതാ, മുന്നിലെ ലാപ്േടാപ് സ്ക്രീനിൽ അൽജസീറ ചാനലിൽ ഇറാഖി കുരുന്നിെൻറ സിറിയൻ കൂട്ടുകാർ. പല പ്രായത്തിലുള്ള പൈതങ്ങൾ. രാസായുധം പതിച്ചതിെൻറ വേദനയിൽ അവർ പുളയുന്നു. എന്തു െചയ്യണമെന്നറിയാെത നിലവിളിക്കുന്നു, ഒപ്പമുള്ള ഉറ്റവർ. ആര്, ആരെ സമാശ്വസിപ്പിക്കണം? അറബ് മണ്ണിൽ ഇൗ ചിത്രങ്ങൾക്കൊന്നും പുതുമയില്ല. ആരും അതോർത്ത് നൊമ്പരപ്പെടുന്നുമില്ല. എല്ലാം അത്രമാത്രം നിത്യജീവിത ഭാഗമായി മാറിയിരിക്കുന്നു. ചുറ്റിലെ ക്രൂരതകൾക്കിടയിലും നിസ്സംഗത ഉള്ളിലടക്കി നടന്നുനീങ്ങാൻ അറബികളും പഠിച്ചിരിക്കുന്നു. സിറിയയിൽ വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ രാസായുധ പ്രയോഗത്തിൽ മരണപ്പെട്ടത് 80ലധികം പേർ. ചികിത്സയിലുള്ളത് മുന്നൂറിലേറെ പേർ. അതോടെ ലോകം ഉണർന്നു. ട്രംപിനു കീഴിൽ അമേരിക്കൻ സൈന്യം സിറിയക്കു നേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തി. യാങ്കിയും റഷ്യയും നേർക്കുനേർ വരുേമ്പാൾ ഭീതി സ്വാഭാവികം.

ഒന്നുറപ്പ്^അഞ്ചാണ്ടുകൾ പിന്നിട്ട സിറിയൻ കുരുതിക്ക് പൊടുന്നനെയൊന്നും പരിഹാരം ഉണ്ടാകില്ല. സ്വേച്ഛാധികാരം ഉറപ്പിക്കാനുള്ള അസദിെൻറ ധാർഷ്ട്യനിലപാടുകൾ ഒരുവശത്ത്. അതിന് വംശീയ, ൈസനിക പിന്തുണ നൽകി മേഖലയുടെ ചരിത്രം മാറ്റിമറിക്കാനുറച്ച് ഇറാനും ലബനാനിലെ ഹിസ്ബുല്ലയും. അസദിൽ ചവിട്ടി പശ്ചിമേഷ്യയിൽ സ്വാധീനം വിപുലപ്പെടുത്താൻ റഷ്യയും. പുറംശക്തികൾ കളിച്ചേപ്പാൾ ശവപ്പറമ്പായി മാറിയത് സിറിയൻ മണ്ണ്. ഇരകളായി മാറിയതോ അഞ്ചു ലക്ഷത്തിേലറെ മനുഷ്യർ. അവരിൽ നല്ലൊരു വിഭാഗവും കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ. കാലുഷ്യവേളയിൽ, എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന് യു.എൻ ചാർട്ടറിൽ രേഖപ്പെടുത്തിയവരാണ് ഇൗ മൂന്നു വിഭാഗങ്ങൾ. എന്നിെട്ടന്ത്, ഇറാഖ് മുതൽ സിറിയ വരെയുള്ള കുരുതിക്കളങ്ങളിൽ കൊഴിഞ്ഞുവീണവരിലേറെയും അവർ തന്നെ. ഇറാഖിലെ ഹലാബ്ജ മറന്നുേവാ? രാസായുധം പ്രയോഗിച്ച് കുർദുകളെ കൊന്നൊടുക്കി എന്ന കുറ്റമായിരുന്നു അധിനിവേശ നാളുകളിൽ അമേരിക്ക സദ്ദാമിൽ ചാർത്തിയത്. മനുഷ്യകുലത്തിന് അപമാനകരമായ ക്രൂരകൃത്യം എന്ന് സംഭവത്തെ അപലപിക്കാൻ യാങ്കിക്ക് പതിറ്റാണ്ടുകൾ തന്നെ വേണ്ടിവന്നു.

കാരണം വ്യക്തം. ഇന്ന് റഷ്യക്ക് സിറിയൻ ഭരണാധികാരി എത്രമാത്രം പ്രിയപ്പെട്ടവനാണോ അതുക്കും മേലെയായിരുന്നു അന്ന് അമേരിക്കക്ക് സദ്ദാം ഹുസൈൻ. സദ്ദാം കുർദുകൾക്കുമേൽ രാസായുധം പ്രയോഗിെച്ചങ്കിൽ ആരായിരുന്നു അത് നൽകിയത്? എതിരാളികളെ കൊന്നൊടുക്കാൻ സദ്ദാമിന് സർവസൈനിക സന്നാഹങ്ങളും പടക്കോപ്പുകളും യഥേഷ്ടം കൈമാറിയതും ആര്? അമേരിക്കയും ഇഷ്ടരാജ്യങ്ങളും കേൾക്കാൻ ആഗ്രഹിക്കാത്തതാണ് ഇൗവക ചോദ്യങ്ങൾ. കാരണം, അന്ന് ഖുമൈനിയുടെ ഇറാൻ മാത്രമായിരുന്നു ഉന്നം. എന്തു വില കൊടുത്തും ഇസ്ലാമിക ഇറാനെ തകർക്കുക മാത്രമായിരുന്നു ലക്ഷ്യം.എട്ടുവർഷം നീണ്ട ഇറാൻ^ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടത് ലക്ഷക്കണക്കിന് മനുഷ്യർ. ആരോർക്കുന്നു, അതൊക്കെ ഇപ്പോൾ. ഒടുവിൽ സദ്ദാം മറുവഴി തേടി. അതോടെ അദ്ദേഹവും ഇറാഖുമായി പുതിയ ടാർഗറ്റ്. കൊളോണിയൽ ശക്തികൾ എന്നും അങ്ങനെയാണ്. ലാഭകരമാണോ, എവിടെയും അവർ ഉണ്ടാകും. ഏതായാലും രാസായുധപ്രയോഗം സിറിയൻ പ്രശ്നത്തെ വീണ്ടും ജ്വലിപ്പിച്ചു നിർത്തുകയാണ്.

സിറിയയെയും ബശ്ശാർ അൽഅസദിനെയും അത്ര പെെട്ടന്നൊന്നും റഷ്യ കൈവിടില്ല. പിന്നിട്ട വർഷങ്ങളിൽ സിറിയയുമായി ബന്ധപ്പെട്ട ആറ്
യു.എൻ പ്രമേയങ്ങൾ കൊന്നു കുഴിച്ചുമൂടാൻ കൂട്ടുനിന്ന റഷ്യയുടെ അടുത്ത ചുവടുവെപ്പ് പ്രധാനം. വീറ്റോ പവറിെൻറ ബലത്തിലാണ് യാങ്കിയും റഷ്യയുമൊക്കെ കളിക്കുന്നത്. ആറു പതിറ്റാണ്ടിലധികമായി ഇസ്രായേലിനെ യാങ്കി കാത്തുപോരുന്നു. അതും ഇതേ വീറ്റോ പവർ ബലത്തിൽ തന്നെ. ദുരന്തവേളയിൽ ഞെട്ടിയുണർന്നും വൈകാെത പിൻവലിഞ്ഞുമുള്ള പതിവു കളിയിലാണ് മറ്റ് വൻശക്തി രാജ്യങ്ങളും. എല്ലാറ്റിനും മാപ്പുസാക്ഷിയായി യു.എൻ എന്ന ഒരു സംവിധാനം. അഞ്ചു വർഷം കൊണ്ട് മേഖലക്ക് സിറിയൻ പ്രതിസന്ധി ഏൽപിച്ച ആഘാതം ചെറുതല്ല.

ലക്ഷങ്ങളാണ് അഭയാർഥികളായി മാറിയത്. അവരെ ഏറ്റെടുക്കാൻ പോലും വിസമ്മതിക്കുകയായിരുന്നല്ലോ, പല രാജ്യങ്ങളും. അജണ്ട വലുതാണ്. അറബ് മേഖലയെ വംശീയാടിസ്ഥാനത്തില്‍ വിഭജിക്കുക. പരസ്പരം പോരടിക്കുന്ന കൊച്ചുരാജ്യങ്ങള്‍ സൃഷ്ടിക്കുക. 1916ൽ രൂപം നൽകിയ സൈക്‌സ്-പീക്കോ ഉടമ്പടിയുടെ പൊരുളും മറ്റൊന്നല്ല. എവിടെയും ഗുണഭോക്താക്കൾ വൻശക്തി രാജ്യങ്ങൾ മാത്രം. അതുകൊണ്ട് അവർ കളി തുടരും. മറ്റുള്ളവർ വെറും കാഴ്ചക്കാർ. പുതിയ കളിനിയമം അതാണല്ലോ.

COMMENTS