അക്രമരാഷ്ട്രീയത്തിന്‍െറ അകവും പുറവും

കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ കൊലപാതകങ്ങളെക്കുറിച്ചുള്ള കെ. സുരേന്ദ്രന്‍െറ ഏറ്റുപറച്ചില്‍, എം.എം. മണിയുടെ സമാനമായ പ്രസംഗത്തിനുശേഷം കേരളസമൂഹം കൂടുതല്‍ നിസ്സംഗതയോടെയാണ് കേട്ടത്. നേതാക്കള്‍ ഇങ്ങനെ പരസ്യമായി പറഞ്ഞില്ളെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കാണാത്ത  നിരന്തരമുള്ള രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രം കേരളത്തിനുണ്ട് എന്നത് പൊതുവില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ളതാണ്. യഥാര്‍ഥത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും മാത്രമല്ല, കേരളത്തിലെ മറ്റു പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കൊലപാതക രാഷ്ട്രീയത്തിന്‍േറതായ ഭൂതകാലവും വര്‍ത്തമാനവുമുണ്ട് എന്നതും നമുക്കറിയാവുന്നതാണ്.

എന്നാല്‍, ആര്‍.എസ്.എസ്-ബി.ജെ.പി പരിവാറിനുള്ളത്ര വിശാലമായ അജണ്ട സി.പി.എമ്മിന്‍െറ പോലും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലില്ല എന്നത് നാം കാണാതെപോകരുത്. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണത്. ഈ അടുത്തകാലത്ത് പണ്ടെന്നോട് ഒരു ബി.ജെ.പി നേതാവുതന്നെ പറഞ്ഞകാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തങ്ങള്‍ക്ക് ശക്തിയില്ലാതിരുന്ന ആദ്യകാലത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്നാണ് സി.പി.എമ്മുമായുള്ള കണ്ണൂരിലെ കൊലപാതകപരമ്പര മുടക്കമില്ലാതെ നിലനിര്‍ത്തിയിരുന്നത് എന്നതായിരുന്നു അത്. ഇതിനെന്താണ് തെളിവെന്ന് അന്ന് പലരും ചോദിച്ചിരുന്നു. സുരേന്ദ്രന്‍െറ ഏറ്റുപറച്ചില്‍ ഒരര്‍ഥത്തില്‍ അന്ന് ഞാന്‍ കേട്ടതുമായി വളരെ സാമ്യമുള്ളതാണ്.

എന്നാല്‍, ഇതാണ് കാര്യത്തിന്‍െറ പ്രധാന വശവും. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്‍െറ ഭൂപടത്തില്‍ കണ്ണൂര്‍ ഇങ്ങനെ ചോരയില്‍ കുതിര്‍ന്നുനില്‍ക്കുന്നത് ആര്‍.എസ്.എസ് മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ടാണ്. കേരളത്തില്‍ എഴുപതുകളില്‍ ഒട്ടേറെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് മാത്രമായിരുന്നു ആര്‍.എസ്.എസ്-സി.പി.എം സംഘട്ടനം. മറ്റുള്ളവ പ്രധാനമായും സി.പി.എം-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനങ്ങളും സി.പി.എം-സി.പി.ഐ സംഘട്ടനങ്ങളും ആയിരുന്നു. മുസ്ലിം ലീഗ്, ആര്‍.എസ്.പി  തുടങ്ങിയ പാര്‍ട്ടികളുമായും സി.പി.എം സംഘട്ടനങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി സി.പി.ഐ-എ.ഐ.ടി.യു.സി പ്രവര്‍ത്തകരുംസി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകരും പരസ്പരം വെട്ടിമരിച്ചിട്ടുണ്ട് കേരളത്തില്‍.  എന്‍െറ ചെറുപ്പകാലത്ത് ഇവര്‍ പരസ്പരം കൊന്ന നിരവധി പേരുടെ പേരിലുള്ള രക്തസാക്ഷി അനുസ്മരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

സി.പി.എം-യൂത്ത് കോണ്‍ഗ്രസ് കൊലപാതകങ്ങളും സംഘര്‍ഷങ്ങളും എഴുപതുകളിലെ കേരളത്തിന് പരിചിതമായിരുന്നു. എനിക്ക് നേരിട്ട് പരിചയമുള്ളവരും എനിക്കറിയാവുന്നവരുമായ നിരവധി വ്യക്തികള്‍ ആലപ്പുഴയില്‍ സി.പി.ഐ-സി.പി.എം, സി.പി.എം-കോണ്‍ഗ്രസ് സംഘട്ടനങ്ങളില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ സംഘട്ടനങ്ങളുടെ കാരണങ്ങള്‍ വ്യത്യസ്തമായിരുന്നു. കേരളത്തിലെ ഏറ്റവും അംഗബലമുള്ള സംഘടന എന്ന നിലയിലുള്ള സി.പി.എം പ്രവര്‍ത്തകരുടെ അഹന്തകളും അസഹിഷ്ണുതകളും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മറ്റൊന്ന് അക്കാലത്തെ യൂത്ത് കോണ്‍ഗ്രസ് ഒരുവശത്ത് ശുഭ്രവസ്ത്രധാരികളായ നേതാക്കളുടെ ഒരു വലിയ നിരകാട്ടി കേരളത്തിന്‍െറ ജനാധിപത്യ മനസ്സിനെ പ്രലോഭിപ്പിക്കുമ്പോള്‍ മറുവശത്ത് താഴത്തെട്ടില്‍ അത് നിരവധി സാമൂഹികവിരുദ്ധരുടെ അഭയകേന്ദ്രമായിരുന്നു എന്നതാണ്. പ്രധാനമായും എ.കെ. ആന്‍റണിയോട് ആഭിമുഖ്യമുള്ളവരായിരുന്നു ഈ വിഭാഗം. ഇന്ന് സി.പി.എമ്മില്‍ ചെന്ന് അടിയുന്നതുപോലെ അക്കാലത്ത് ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളും സംഘങ്ങളും യൂത്ത് കോണ്‍ഗ്രസിന്‍െറ കൂടാരത്തിലായിരുന്നു അടിഞ്ഞുകൂടിയിരുന്നത്. അടിയന്തരാവസ്ഥയുടെ മറവില്‍ കേരളത്തില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങളില്‍ പലതിലും  ഈ സംഘടനയുടെ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. ആലപ്പുഴ അവലൂക്കുന്ന് ആദിവാസി കോളനിയില്‍ നടന്ന മനുഷ്യത്വരഹിതമായ സ്ത്രീപീഡനങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടവര്‍ പലരും യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു.

സി.പി.എം-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനങ്ങളും സി.പി.ഐ-സി.പി.എം സംഘട്ടനങ്ങളില്‍ ഏറിയപങ്കും ആശയസംഘര്‍ഷങ്ങളുടെ ഭാഗമായി ഉണ്ടായവയായിരുന്നില്ല. കവലയില്‍ ഒരു കൊടിമരം കെട്ടുന്നതിനെക്കുറിച്ച്, കോളജിന്‍െറ പ്രധാന കവാടത്തില്‍ ബാനര്‍ വലിച്ചുകെട്ടുന്നതിനുള്ള അവകാശത്തെക്കുറിച്ച്, പൊതുയോഗം നടത്തുമ്പോള്‍ മൈക്ക് വെക്കുന്നതിനെക്കുറിച്ച്, കയറ്റിറക്ക്-നിര്‍മാണ മേഖലകളിലെ തൊഴില്‍പ്രശ്നങ്ങളെക്കുറിച്ച്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമര്‍ ബുക്ക് ചെയ്യുന്നതിനെക്കുറിച്ച്, നാട്ടിലെ ചെറിയ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് ഒക്കെയുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളാണ് പലപ്പോഴും രാഷ്ട്രീയ സംഘട്ടനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചിരുന്നത്. അക്കാലത്ത് ജനയുഗത്തിലും ദേശാഭിമാനിയിലും കണ്ട ഒരു വാര്‍ത്ത ചെങ്കൊടിമോഷണത്തെക്കുറിച്ചായിരുന്നു. വലതന്മാര്‍ ചെങ്കൊടി മോഷ്ടിച്ചു, ഇടതന്മാര്‍ ചെങ്കൊടി മോഷ്ടിച്ചു എന്നൊക്കെ പ്രാദേശിക വാര്‍ത്തകള്‍ കാണാമായിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇന്നത്തെപ്പോലെ ധനസമാഹരണം എളുപ്പമല്ലാതിരുന്ന അക്കാലത്ത് ഒരു ചെങ്കൊടിക്ക് തുണി കണ്ടത്തെുന്ന ബുദ്ധിമുട്ട് അറിയുന്നവര്‍ ശരിയായാലും തെറ്റായാലും ഈ വാര്‍ത്തകളിലെ ആത്മാര്‍ഥതയെ ചോദ്യംചെയ്യില്ല.

അടിയന്തരാവസ്ഥക്കുശേഷം ആന്‍റണികോണ്‍ഗ്രസും സി.പി.ഐയും ഉള്‍പ്പെട്ട ഇടതുജനാധിപത്യമുന്നണി രൂപപ്പെട്ടതോടെ ഈ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ സംഘട്ടനങ്ങള്‍ കേരളത്തില്‍നിന്ന് ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായി. കാരണം, യൂത്ത് കോണ്‍ഗ്രസ് ഗുണ്ടായിസത്തിന്‍െറആണിക്കല്ലായ വ്യക്തികളും സംഘങ്ങളും ആന്‍റണിയോടൊപ്പമായിരുന്നു. കരുണാകരനോടൊപ്പം അന്ന് പ്രായേണ ആരും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയുടെ മുഴുവന്‍ പാപഭാരവും സി.പി.എം കരുണാകരന്‍െറ തലയില്‍ ചാര്‍ത്തി, അടിയന്തരാവസ്ഥയില്‍ പൊലീസിന്‍െറ ഒറ്റുകാരും പീഡകരുമായിരുന്ന ആന്‍റണി കോണ്‍ഗ്രസ് ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കി. തുടര്‍ന്നുവന്ന സര്‍ക്കാറില്‍ ആന്‍റണി കോണ്‍ഗ്രസ് ഒരു മുഖ്യകക്ഷി ആയതോടെ ഇവര്‍ക്കെതിരെ കേസുകള്‍പോലും ഇല്ലാതായി എന്നാണ് എന്‍െറ ഓര്‍മ.

അതോടെ, സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനങ്ങള്‍ക്ക് കേരളത്തില്‍ കൂടുതല്‍ ദൃശ്യതയുണ്ടായി. ഇതിനുശേഷം മറ്റു പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സംഘട്ടനങ്ങളും കൊലപാതകങ്ങളുമുണ്ടായിട്ടില്ല എന്നല്ല. എന്നാല്‍, കേരളത്തിലെ പ്രധാന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ രണ്ടു പ്രസ്ഥാനങ്ങള്‍ തമ്മില്‍ മാത്രമുള്ളവയായി മാറുന്ന സാഹചര്യമുണ്ടായി. മുമ്പ് കോണ്‍ഗ്രസിന്‍െറയോ സി.പി.എമ്മിന്‍െറയോ പ്രവര്‍ത്തകരുണ്ടാക്കുന്ന പ്രകോപനങ്ങളുടെ പേരിലുണ്ടാവുന്ന പ്രാദേശിക വഴക്കുകള്‍ കൊലപാതകങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഈ സംഘട്ടനങ്ങള്‍. എം.എം. മണി പറഞ്ഞവര്‍ ആര്‍.എസ്.എസുകാരായിരുന്നില്ല. ഈ കൊലപാതകങ്ങളില്‍ തന്നെ പലതും ആസൂത്രിതവും നേതാക്കളുടെയും ജില്ല-സംസ്ഥാന ഘടകങ്ങളുടെയുമൊക്കെ അറിവോടെയും (ടി.പി വധം പോലെ) നടന്നിട്ടുള്ളവയാണെങ്കില്‍പോലും ആര്‍.എസ്.എസ് അജണ്ട ഇതില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാതെ തങ്ങള്‍ക്ക് ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാന്‍ കഴിയില്ളെന്ന് മനസ്സിലാക്കി അറുപതുകള്‍ മുതല്‍ മറ്റു ചെറുപാര്‍ട്ടികളുടെ മുന്നണി എന്ന സങ്കല്‍പവുമായി ആര്‍.എസ്.എസ് മുന്നോട്ടുവന്നിരുന്നു. അത്തരം പാര്‍ട്ടികള്‍ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ഇന്ത്യ പിടിക്കുക എന്ന ആര്‍.എസ്.എസ് അജണ്ടയുടെ ചട്ടുകങ്ങള്‍ മാത്രമായിരുന്നു. ഇ.എം.എസിനെയും സുര്‍ജിത്തിനെയുമൊക്കെ ഇതുപോലെ ഭംഗിയായി ആര്‍.എസ്.എസ് തങ്ങളുടെ കോണ്‍ഗ്രസ് വിരുദ്ധ അജണ്ടക്കുവേണ്ടി ഉപയോഗിച്ചിരുന്ന കാലത്തും കേരളത്തില്‍ സി.പി.എം അവരുടെ ടാര്‍ജറ്റ് ആയിരുന്നു. കാരണം, കേരളത്തില്‍ സി.പി.എമ്മിനു ബദല്‍ തങ്ങളാണ് എന്ന പൊതുബോധം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

മറ്റു പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മാത്രം സി.പി.എം ആധിപത്യത്തെ ചെറുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ആളില്ല എന്നത് ഒരു പ്രശ്നമായി ആര്‍.എസ്.എസ് ഒരിക്കലും കണ്ടില്ല. മറ്റു പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ എത്തി കൃത്യം നിര്‍വഹിച്ചുപോകുന്ന ഒരു രീതി ആര്‍.എസ്.എസ് ഉപയോഗിച്ചതോടെയാണ് കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയില്ലാതായത്. അതിന്ന് സ്വയംസമ്പൂര്‍ണമായ ഒരു അക്രമ-കൊലപാതക വ്യവസ്ഥയാണ്. ഇപ്പോള്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഇരുപാര്‍ട്ടികളിലെയും രക്തസാക്ഷികളുടെ ബന്ധുമിത്രാദികള്‍കൂടി ഏറ്റെടുത്തു നടത്തുന്ന ആഭിചാരമായി മാറിയിരിക്കുന്നു.

സി.പി.ഐ-എം.എല്‍ പ്രസ്ഥാനം കേരളത്തില്‍ പരസ്യപ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍, സി.പി.എം പ്രകോപനങ്ങള്‍ അവര്‍ക്കുനേരെയും ഉണ്ടായ സാഹചര്യത്തില്‍ കെ. വേണു ഒരു ലഘുലേഖ എഴുതിയിരുന്നു. ‘വര്‍ഗരാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും തമ്മിലുള്ള അന്തരം’ എന്നായിരുന്നു അതിന്‍െറ തലക്കെട്ട്. തങ്ങള്‍ക്ക് ആള്‍ബലം കുറവായതുകൊണ്ടോ കൊല്ലാന്‍ അറിയാത്തതുകൊണ്ടോ അല്ല ഉന്മൂലനരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരായിട്ടും സി.പി.ഐ-എം.എല്‍ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരെ തിരിച്ചാക്രമിക്കാത്തത് എന്നും സി.പി.എമ്മിനുവേണ്ടി മരിക്കാന്‍ വരുന്നവര്‍ തങ്ങള്‍ സ്വന്തം ചോരയായി കരുതുന്ന പാവപ്പെട്ട തൊഴിലാളികള്‍ ആയതുകൊണ്ടാണെന്നും വേണു അതില്‍ എഴുതിയിരുന്നു. ആര്‍.എസ്.എസിനോ സി.പി.എമ്മിനോ പക്ഷേ അത്തരം കരുതലുകള്‍ ഒന്നുമില്ല.  ഒന്ന്, രണ്ട്, മൂന്ന് എന്നുപറഞ്ഞ് അവര്‍ കൊന്നുകൊണ്ടിരിക്കുന്നു. ആര്‍.എസ്്.എസിന്‍െറ അക്രമക്കെണിയില്‍ വീണുകഴിഞ്ഞ സി.പി.എം രക്ഷപ്പെടാനാവാതെ ആ കൊലപാതകവ്യവസ്ഥയില്‍ നിസ്സഹായരായി കുടുങ്ങിക്കിടക്കുന്നു.

 

COMMENTS