Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightആള്‍ദൈവങ്ങളുടെ...

ആള്‍ദൈവങ്ങളുടെ ഭരണക്രമത്തിലേക്ക്

text_fields
bookmark_border
ആള്‍ദൈവങ്ങളുടെ ഭരണക്രമത്തിലേക്ക്
cancel

വലിയ മാറ്റങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഇന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. അമിത് ഷാ ബി.ജെ.പി ആര്‍.എസ്.എസ് ഭരണത്തിന്‍െറ ആദ്യനാളുകളില്‍ പാര്‍ട്ടി  എക്സിക്യൂട്ടിവില്‍ പ്രഖ്യാപിച്ചത് ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ്  ചിന്താഗതി’ (Congress school of  thought) പാടേ തൂത്തെറിഞ്ഞ് ഹിന്ദുത്വവിചാരം സാമൂഹിക രാഷ്ട്രീയ അധീശമൂല്യമാക്കാന്‍ പരിശ്രമിക്കണമെന്നായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇതാണ്: ‘ദശാബ്ദങ്ങളായി സമൂഹത്തിലും രാഷ്ട്രീയത്തിലും ആധിപത്യം ചെലുത്തുന്നത് കോണ്‍ഗ്രസ് ചിന്താഗതിയാണ്. നാം പുതിയ ഒരു വഴിയിലാണു നീങ്ങുന്നത്. 1980ന് ശേഷമാണ് നമ്മുടെ പ്രത്യയശാസ്ത്രം ഈ രാഷ്ട്രത്തിലെ ജനങ്ങള്‍ അല്‍പമെങ്കിലും സ്വീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് ചിന്താഗതി പാടേ മാറ്റി നമ്മുടെ ചിന്താഗതി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കാനുള്ള സമയം എത്തിക്കഴിഞ്ഞിരിക്കുന്നു.’ ഇതേക്കുറിച്ച് വിശദമായി ഈ പംക്തിയില്‍ ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്.
കോണ്‍ഗ്രസ് ചിന്താഗതി എന്ന് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത് കൊളോണിയല്‍ വിരുദ്ധസമരത്തിലൂടെ രൂപപ്പെട്ട ലിബറല്‍ ജനാധിപത്യരാഷ്ട്രീയമാണ് എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. അല്ലാതെ ഇന്നത്തെ കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയനിലപാടുകളല്ല. കോണ്‍ഗ്രസല്ല അമിത് ഷായുടെ ശത്രു. ഈ ലിബറല്‍ സമീപനമാണ്. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഒഴികെ ഒരു കാലത്തും ഈ ലിബറല്‍ രാഷ്ട്രീയം ഇന്ത്യന്‍ ഭരണകൂടം പൂര്‍ണമായും കൈയൊഴിഞ്ഞിട്ടില്ല. എന്നാല്‍, ഈ സമീപനത്തോടും അത് ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹികസംവിധാനങ്ങളോടും ഹിന്ദുത്വരാഷ്ട്രീയത്തിന് വിപ്രതിപത്തിയും അസഹിഷ്ണുതയുമുണ്ട് എന്നത് പുതിയ കാര്യമല്ല. എന്നാല്‍, അമിത് ഷാ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ അത് പരസ്യമായി പ്രവൃത്തിയില്‍ വരുത്താന്‍ കഴിയുന്ന ഭരണകൂടത്തിനുമേലുള്ള അധികാരശക്തി അവര്‍ക്ക് മുമ്പൊരിക്കലും കിട്ടിയിരുന്നില്ല. വളരെക്കാലമായി കാത്തിരുന്ന ആ അധികാരം ഇപ്പോള്‍ കൈവന്നിരിക്കുന്നു എന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഈ തെരഞ്ഞെടുപ്പു വിജയത്തെ വ്യാഖ്യാനിക്കുന്നത്. 30 ശതമാനമേ വോട്ടു ലഭിച്ചുള്ളൂ എന്നതൊന്നും അവര്‍ കാര്യമാക്കുന്നില്ല. പല മുന്‍സര്‍ക്കാറുകളും അധികാരത്തില്‍വന്നത് അമ്പതുശതമാനം വോട്ടുകള്‍ കൈയില്‍ കിട്ടിയിട്ടല്ലല്ളോ.  എന്നാല്‍, സംഘ്പരിവാര്‍ ശക്തികള്‍ക്ക്  നന്നായറിയാവുന്ന വസ്തുത അവര്‍ക്ക് അധികാരം ലഭിച്ചത്, നിലനില്‍ക്കുന്ന ഭരണഘടനയിലെ ലിബറല്‍ ജനാധിപത്യ പ്രാതിനിധ്യ രാഷ്ട്രീയത്തിലൂടെയാണെന്നും അത് അട്ടിമറിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്നത് ഈ മുപ്പതുശതമാനത്തില്‍ ഭൂരിപക്ഷത്തിനുപോലും യോജിക്കാന്‍ കഴിയുന്നതല്ല എന്നതുമാണ്. അതുകൊണ്ടുതന്നെ ആശയപരമായ അധീശത്വത്തിനുള്ള ആക്രമണോന്മുഖമായ ഒരു സമീപനമാണ് ഇപ്പോള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.  ഇതിനു ഒരു കേന്ദ്രീകൃത നേതൃത്വത്തിന്‍െറ നിതാന്തമായ മോണിറ്ററിങ്  ആവശ്യമില്ല.  പല രീതിയില്‍ പോഷകസംഘടനകളും എഴുത്തുകാരും മാധ്യമങ്ങളിലെ ഒരു വിഭാഗവും ഉദ്യോഗസ്ഥവൃന്ദവും ജാതിവ്യവസ്ഥയുടെ ഒത്തുതീര്‍പ്പുകാരും പൊതുവേ അധികാരത്തെ ചോദ്യംചെയ്യാതെ ‘സമാധാനപരമായി’ ജീവിക്കണം എന്ന് വിചാരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എന്‍.ജി.ഒകളും വിദ്യാലയങ്ങളും കലാലയങ്ങളും എല്ലാം ചേര്‍ന്ന്  പലതലങ്ങളിലായി പുതിയ അധീശരാഷ്ട്രീയത്തിന് സമ്മതി നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. അല്ലാതെ പൊലീസും പട്ടാളവും കോടതിയും മാത്രമല്ല ഇതിന്‍െറ നിര്‍മാണത്തിന്‍െറ പിന്നിലുള്ളത്. ഈ സംവിധാനങ്ങളെല്ലാം ഒരേ ദിശയില്‍ ചലിക്കുകയാണ്. ഒരേ നിലപാടുകള്‍ കൈക്കൊള്ളുകയാണ്. ഒരേ ശത്രുക്കളെ കണ്ടത്തെുകയാണ്. ഹിംസയുടെ എകഭാഷയില്‍മാത്രം സംസാരിക്കുകയാണ്.
അങ്ങനെയാണ് ഇപ്പോള്‍ ഉണ്ടായ ദേശീയതാവിവാദം സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ ചില ഉത്തരേന്ത്യന്‍ യുവജനങ്ങളോട് ഈയിടെ സംവദിച്ചിരുന്നു. അവരെല്ലാം കലാലയങ്ങളുടെ ജനാധിപത്യസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യംതന്നെ ഒരു കാര്യം ഊന്നിപ്പറയുന്നു. രാജ്യത്തിനെതിരെ സംസാരിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല. ഭരണകൂടത്തിന്‍െറ ആഭ്യന്തരവൈദേശിക നയങ്ങളോടുള്ള വിയോജിപ്പ് രാജ്യത്തിനെതിരെയുള്ള നിലപാടായി മുദ്രകുത്താനും കര്‍ക്കശമായി നേരിടാനും ആദ്യമായല്ല ഇന്ത്യന്‍ ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. ഇത് ഇന്ത്യയുടെമാത്രം പ്രത്യേകതയുമല്ല. ചൈനയിലെ അഴിമതിക്കെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തപ്പോള്‍ അവരെ പട്ടാളപ്പീരങ്കികള്‍ ടിയാനന്‍മെന്‍ ചത്വരത്തിലിറക്കി അതിനടിയില്‍ ഞെരിച്ചമര്‍ത്തി കൊന്ന് ചോരപ്പുഴ ഒഴുക്കിയ ചൈനീസ് ഭരണകൂടവും ആ കുട്ടികളെ രാജ്യദ്രോഹികളെന്നാണ് വിളിച്ചത്.  എന്നാല്‍, ഇന്ത്യയില്‍ ഇന്ന് അത് സാര്‍വത്രികമായ ഒരു പൊതുവീക്ഷണമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചിരിക്കുന്നു എന്നാണു ആ യുവാക്കളുടെ പ്രതികരണങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയത്. ‘ഞാന്‍ ഒരു രാജ്യദ്രോഹിയല്ല’ എന്നുപറയാതെ ഒരു ചെറിയ വിമര്‍ശം പോലും ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുന്നു. അവരുടെ ഉപബോധത്തില്‍ അത് പതിഞ്ഞിരിക്കുന്നു.    
ശ്രീശ്രീ രവിശങ്കര്‍ എന്ന പ്രതിഭാസം പോലും ഇത്രയും കരുത്തനാകുന്നത് ഈ പുതിയ അധീശരാഷ്ട്രീയത്തിന്‍െറ തണലിലാണ്. ആര്‍ട്ട്  ഓഫ് ലിവിങ്  എന്ന പദ്ധതിയെ ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഒരു മതേതരച്ഛായ നല്‍കി   അവതരിപ്പിക്കുന്നതില്‍ വളരെ മുമ്പുതന്നെ രവിശങ്കര്‍ വിജയിച്ചിരുന്നു. ലോകബാങ്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും രവിശങ്കറും  ഈ പദ്ധതിയും വളരെക്കാലമായി ഭാഗമാണ്. ഞാന്‍ ഈ വ്യക്തിയെ ആദ്യം കാണുന്നത് 2003ലാണ്. ദക്ഷിണ കൊറിയയില്‍  ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനല്‍ (Transparency International) സംഘടിപ്പിച്ച അന്താരാഷ്ട്ര അഴിമതി വിരുദ്ധ സമ്മേളനത്തില്‍ (International Anti Corruption Conference) അവരുടെ ക്ഷണം സ്വീകരിച്ചു പോയതാണ്. അന്നത്തെ  ഉദ്ഘാടനവേദിയില്‍ പ്രധാന ലോകക്ഷണിതാക്കള്‍ക്കൊപ്പം  മുഖ്യപ്രസംഗകരില്‍ ഒരാളായി ശ്രീശ്രീ രവിശങ്കറും ഉണ്ടായിരുന്നു. ഈ ലോകത്ത് ‘belongingness’ (sic)  ഇല്ലാതാവുകയാണ് എന്നൊക്കെയുള്ള ഉപരിപ്ളവമായ ചില പ്രസ്താവങ്ങള്‍ അടങ്ങിയ ഒരു പ്രസംഗമാണ് രവിശങ്കര്‍ നടത്തിയത്.  ഇത്തരം പ്രഭാഷകര്‍ ഉപയോഗിക്കുന്ന യുക്തിയിലും രൂപകങ്ങളിലും തളച്ചിട്ട ഒരു സാധാരണ പ്രസംഗമായിരുന്നു അത്.
നാട്ടിലെ ഒരു ആള്‍ദൈവം എന്നല്ലാതെ വേറെ കാര്യങ്ങള്‍ ഒന്നും രവിശങ്കറെക്കുറിച്ച് എനിക്ക് അന്ന് അറിയില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നെ ക്ഷണിച്ച ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനല്‍ പ്രവര്‍ത്തകരോട് ചോദിച്ചു: ശ്രീശ്രീ രവിശങ്കര്‍ എന്ന വ്യക്തിയെ എന്തുകൊണ്ടാണ് ഈ സമ്മേളനത്തിലെ മുഖ്യപ്രഭാഷകരില്‍ ഒരാളായി ഉദ്ഘാടനവേദിയിലേക്ക് ക്ഷണിച്ചത്? അപ്പോള്‍ അവര്‍ പറഞ്ഞത് തങ്ങളല്ല, ലോകബാങ്കാണ് ഈ പേര് നിര്‍ദേശിച്ചത് എന്നായിരുന്നു. ആ സമ്മേളന നടത്തിപ്പില്‍ ലോകബാങ്ക് ഒരു പങ്കാളി/സ്പോണ്‍സര്‍ ആണ്. ഉദ്ഘാടനസമ്മേളനത്തിലേക്ക് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ലോകബാങ്ക് ആണ് ഈ വ്യക്തിയുടെ പേര് നിര്‍ദേശിച്ചത്. ‘ഞങ്ങളുടെ ആളല്ല,  അവരുടെ ആളാണ്’ എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അവിടെ ഉണ്ടായിരുന്ന ലോകബാങ്ക് പവലിയനില്‍ ചെന്നു ശ്രീശ്രീ രവിശങ്കറുമായി അവര്‍ക്കുള്ള ബന്ധമെന്താണ് എന്ന് അന്വേഷിച്ചു. ലോകബാങ്കിന്‍െറ യുവാക്കള്‍ക്ക്  വേണ്ടിയുള്ള എന്തോ ആഗോളപരിപാടികളുടെ ചുമതല രവിശങ്കര്‍ക്കാണ് എന്നോ മറ്റോ ആണ് അവര്‍ അന്ന് എന്നോട് പറഞ്ഞത്. കൃത്യമായ വിവരം ആ പവലിയനില്‍ ഇരുന്നവര്‍ക്ക്  അറിയുമായിരുന്നില്ല.
ആഗോളതലത്തില്‍തന്നെ വലിയ ബന്ധങ്ങള്‍ ഉള്ളവരാണ് ആള്‍ദൈവങ്ങളില്‍ പലരും. നമ്മുടെ രാഷ്ട്രീയനേതാക്കളും ബ്യൂറോക്രാറ്റുകളും കോര്‍പറേറ്റ് അധിപന്മാരും ഒക്കെ അടങ്ങുന്ന ഒരു വലിയ വരേണ്യവിഭാഗത്തിന്‍െറ പിന്തുണയും ആദരവും ലഭിക്കുന്നവരാണ് ഇവരെല്ലാം. എന്നാല്‍, ഇപ്പോഴത്തെ മാറിയ രാഷ്ട്രീയത്തില്‍ ഈ ആള്‍ദൈവങ്ങള്‍ ഭരണത്തിന്‍െറതന്നെ ഭാഗമായിമാറുകയാണ്. കാരണം, ഇപ്പോള്‍ അധീശവ്യവഹാരമായി മാറിക്കൊണ്ടിരിക്കുന്ന, പുതിയ പ്രത്യയശാസ്ത്രസമ്മിതിയുടെ അടിസ്ഥാനമായിട്ടുള്ള, ലിബറല്‍ ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്‍െറ നെടുംതൂണുകള്‍ കൂടിയാണ് ഇവരെല്ലാം. ഡല്‍ഹിയിലെ രവിശങ്കറിന്‍െറ ലോകസാംസ്കാരികോത്സവത്തിനു പട്ടാളം മുതല്‍ സകല ഭരണസംവിധാനങ്ങളും വിടുപണിചെയ്യാന്‍നിന്നത് യാദൃച്ഛികമല്ല. രാജ്യം അമിത് ഷായുടെ ആ സങ്കല്‍പസാമ്രാജ്യം ആയിത്തീരുന്നു എന്നതിന്‍െറ സൂചനയാണത്. രവിശങ്കറും മറ്റും അതിന്‍െറ കേവല ഗുണഭോക്താക്കള്‍ മാത്രമല്ല, അതിന്‍െറ കാവല്‍ക്കാരും വേട്ടക്കാരും കൂടിയാണ് എന്ന് ഡല്‍ഹിയിലെ സംഭവവികാസങ്ങളും അവരുടെ ഹിംസാത്മകമായ പ്രതികരണങ്ങളും നമുക്ക് കാട്ടിത്തരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sri sri ravi shankarart of living festWorld Culture Festival
Next Story