ബാങ്കിങ് പ്രതിസന്ധിയും സംസ്ഥാന ബജറ്റും

ഇന്ത്യയിലെ ബാങ്കിങ് രംഗം അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഡിസംബര്‍ 2015ലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകളുടെ കണക്കുപുസ്തകത്തിലെ ചലനമറ്റ ആസ്തികള്‍ (നോണ്‍ പെര്‍ഫോമിങ് അസറ്റ്സ്-എന്‍.പി.എ) 4,01,590 കോടി രൂപയാണ്. സാങ്കേതികമല്ലാത്ത ഭാഷയില്‍ പറഞ്ഞാല്‍ കിട്ടാക്കടം നാലു ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. സര്‍ക്കാറിനെയും നിരീക്ഷകരെയും ഒരുപോലെ ബേജാറാക്കുന്നത് പക്ഷേ, കിട്ടാക്കടത്തിന്‍െറ വര്‍ധന മാത്രമല്ല; കിട്ടാക്കടം വര്‍ധിക്കുന്നതിന്‍െറ അദ്ഭുതപ്പെടുത്തുന്ന വേഗം കൂടിയാണ്. 2013 മാര്‍ച്ചില്‍ 1,75,882 കോടി രൂപയായിരുന്ന കിട്ടാക്കടമാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്നത്. 2013 മാര്‍ച്ചില്‍ ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകളുടെ മൊത്തം വായ്പയുടെ 3.4 ശതമാനം മാത്രമായിരുന്ന കിട്ടാക്കടം 2015 ഡിസംബറില്‍ 6.15 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍െറ അനുപാതം 3.8 ശതമാനത്തില്‍നിന്ന് 7.3 ശതമാനമായി ഉയര്‍ന്നു.

കിട്ടാക്കടം പെരുകുന്നതിന്‍െറയും അത് ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ മേല്‍ ഉയര്‍ത്തുന്ന കരിനിഴലിന്‍െറയും പ്രശ്നം ഇന്ന് ദേശീയരംഗത്ത് സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. കിട്ടാക്കടം പെരുകുന്നതിന്‍െറ കാരണങ്ങളിലേക്ക് പിന്നീട് വരാം. അതിനു മുമ്പ് ബാങ്കിങ് രംഗം നേരിടുന്ന കിട്ടാക്കടത്തിന്‍െറ പ്രശ്നവും കേരള ബജറ്റും തമ്മില്‍ എന്തുബന്ധം എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തെണം. ഇവ രണ്ടും തമ്മില്‍ രസകരവും ഏറെ ഗൗരവാവഹവുമായ ഒരു ബന്ധമുണ്ട് എന്നതാണ് വാസ്തവം.

കേരള സര്‍ക്കാറിന്‍െറ 2016-17ലേക്കുള്ള  പുതുക്കിയ ബജറ്റിനെ കേരളത്തിന്‍െറ ധനകാര്യ ചരിത്രത്തില്‍ വേറിട്ടുനിര്‍ത്തുന്നത് അത് ബജറ്റിനു പുറത്ത് പൊതുകാര്യങ്ങള്‍ക്കുവേണ്ടി ധനവിഭവങ്ങള്‍ കണ്ടത്തൊന്‍ നടത്തുന്ന വലിയ പരിശ്രമമാണ്. ഈ നീക്കം കേരളത്തിലെ മൂലധനനിക്ഷേപം വലിയ തോതില്‍ വര്‍ധിപ്പിക്കും എന്നതുകൊണ്ട് സംസ്ഥാനത്തിന്‍െറ വികസനത്തിന് വലിയ ഉത്തേജനം നല്‍കും. ബജറ്റിനു പുറത്ത് ഒരു പുതിയ ധനകാര്യ ഇടം കണ്ടത്തൊന്‍ ധനമന്ത്രിയെ നിര്‍ബന്ധിതനാക്കുന്നത് സര്‍ക്കാര്‍ സംസ്ഥാന വരുമാനത്തിന്‍െറ മൂന്ന് ശതമാനത്തില്‍ അധികം വായ്പ എടുക്കാന്‍ പാടില്ല എന്ന തികച്ചും യാഥാസ്ഥിതികമായ നിയോലിബറല്‍ നിബന്ധനയാണ്. സര്‍ക്കാറിനെ വായ്പ എടുക്കാന്‍ അനുവദിക്കാത്തതുകൊണ്ട് പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങള്‍ വഴിയായി പരോക്ഷമായി കമ്പോളത്തില്‍നിന്ന് വായ്പയും നിക്ഷേപവും സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ, ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ സൂചിപ്പിച്ചതുപോലെ ഇത് സ്വല്‍പം അനിശ്ചിതത്വവും ചില്ലറ അപകടസാധ്യതയും ഒക്കെയുള്ള വഴിയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാനും റവന്യൂ കമ്മി ഇല്ലാതാക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമം ആത്മാര്‍ഥതയുള്ളതാണെന്നും അതില്‍ നല്ല പുരോഗതി കൈവരിക്കുന്നുണ്ട് എന്നതും മാലോകരെ ബോധ്യപ്പെടുത്തണം. അല്ളെങ്കില്‍ കടവും നിക്ഷേപവും സര്‍ക്കാര്‍ ആഗ്രഹിക്കുന്ന നിരക്കിലും അളവിലും തുടര്‍ച്ചയായി ലഭിച്ചുകൊള്ളണമെന്നില്ല. അതുപോലെ മൂലധനകമ്പോളത്തിലെ കയറ്റിറക്കങ്ങള്‍ സര്‍ക്കാറിന്‍െറ ഇത്തരം പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ നേരിട്ട് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്തിക്കിട്ടിയിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ സ്വീകാര്യമായ മാര്‍ഗം.

യഥാര്‍ഥത്തില്‍ പൊതുകടം സംബന്ധിച്ച പ്രധാനപ്പെട്ട സാമ്പത്തികശാസ്ത്ര രചനകള്‍ ഒന്നും തന്നെ നേരത്തേ സൂചിപ്പിച്ചതുപോലെയുള്ള കടുത്ത നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നില്ല. പൊതുകടം എന്നത് ഭാവിതലമുറയുടെ മേല്‍ ഇന്നത്തെ തലമുറ കയറ്റിവെക്കുന്ന ഭാരമാണ്. അതുകൊണ്ട് കടംകൊള്ളുന്ന പണം ഇന്നത്തെ ദൈനംദിന ഉപഭോഗച്ചെലവുകള്‍ക്കുവേണ്ടി ആവരുത്, മറിച്ച്, ഭാവിയില്‍ ഉല്‍പാദനവും വരുമാനവും വളരുന്നതിന് ഉതകുന്ന രീതിയിലാവണം എന്ന നിഷ്കര്‍ഷ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കടം മൂലധനനിക്ഷേപത്തിനാണെങ്കില്‍ തെറ്റില്ല എന്ന നിലപാട് പൊതുവേ സ്വീകരിക്കപ്പെട്ടത്. ഇന്നത്തെ വികസിതരാജ്യങ്ങള്‍ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിനും മൂലധനനിക്ഷേപത്തിനും പൊതുകടത്തിന്‍െറ വഴി ധാരാളമായി ഉപയോഗിച്ചിരുന്നു. സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയ ചൈനയും പൊതുകടത്തിന്‍െറ മാര്‍ഗം ഒരു ലോഭവുമില്ലാതെ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും സ്വാതന്ത്ര്യാനന്തര കാലത്ത് വിശേഷിച്ചും ബാങ്ക് ദേശസാത്കരണത്തിനുശേഷം ബാങ്കുകളുടെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പോലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും പണം പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു.

നവഉദാരീകരണവാദികള്‍ രംഗം കൈയടക്കിയതോടെ കാര്യങ്ങള്‍ മാറി. ഭരണകൂടം വായ്പയെടുക്കുന്നത് സ്വകാര്യ സംരംഭകരെ നിരുത്സാഹപ്പെടുത്തും എന്ന സിദ്ധാന്തം വന്നു. പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന് സ്വകാര്യമേഖലയെ ഉദാര വായ്പ നല്‍കി പ്രോത്സാഹിപ്പിക്കണമെന്നും ഉല്‍പാദനച്ചെലവിന് ആനുപാതികമായി ജനങ്ങളുടെ കൈയില്‍നിന്ന് യൂസര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നും അവര്‍ നിലപാടെടുത്തു. പശ്ചാത്തല മേഖലയുടെ വികസനം സ്വകാര്യ മൂലധനം നടത്തിക്കൊള്ളുമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ നവഉദാരീകരണവാദികള്‍ പ്രതീക്ഷിച്ചതുപോലെയൊന്നും കാര്യങ്ങള്‍ നടന്നില്ല. ഇന്ത്യ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന്‍െറ കാര്യത്തില്‍ വലിയ പരാജയമായി. റെയില്‍വേ, ദേശീയ ഹൈവേകള്‍, ഊര്‍ജം, ജലസേചനം തുടങ്ങിയ രംഗങ്ങളില്‍ രാജ്യം വലിയ തിരിച്ചടി നേരിട്ടു. പ്രതീക്ഷിച്ചതുപോലെ കോര്‍പറേറ്റുകള്‍ പശ്ചാത്തലമേഖലയില്‍ മുതല്‍മുടക്കാന്‍ തയാറായില്ല.

ഇന്ത്യയുടെ വികസനത്തെ വഴിമുട്ടിച്ച ഇതേ നയംമാറ്റമാണ് ബാങ്കുകളെയും ബാധിച്ചത്. ഗവണ്‍മെന്‍റുകള്‍ക്ക് വായ്പ നല്‍കരുത് എന്ന നിബന്ധന പശ്ചാത്തല സൗകര്യങ്ങളുടെ വികസനം മുടക്കിയതിനോടൊപ്പം സുരക്ഷിതമായി വായ്പ നല്‍കാവുന്ന ഒരു അവസരം കൂടിയാണ് ബാങ്കുകള്‍ക്ക് ഇല്ലാതാക്കിയത്. ഗവണ്‍മെന്‍റുകള്‍ക്ക് നല്‍കിയിരുന്ന വായ്പകൂടി ഇപ്പോള്‍ സ്വകാര്യമേഖലക്ക് നല്‍കേണ്ടിവരുന്നു. തിരിച്ചടവുശേഷിപോലും പരിഗണിക്കാതെ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കപ്പെട്ടു. ആഗോളമാന്ദ്യം 2008ന് ശേഷം ഇന്ത്യയെ ബാധിച്ചുതുടങ്ങിയപ്പോള്‍ വായ്പവ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി. മാന്ദ്യത്തിന്‍െറ ക്ഷീണം മാറ്റാന്‍ ഇന്ത്യന്‍ കുത്തകകള്‍ ഉപയോഗപ്പെടുത്തിയത് ബാങ്കുകളുടെ, വിശേഷിച്ചും പൊതുമേഖലാ ബാങ്കുകളുടെ പണമാണ്. വായ്പാ പ്രതിസന്ധി സംബന്ധിച്ച് റിസര്‍വ് ബാങ്ക് നടത്തിയ പഠനം രോഗകാരണങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. പശ്ചാത്തലമേഖലയുടെ വികസനത്തിന് കോര്‍പറേറ്റുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് നല്‍കിയ വായ്പയാണ് കിട്ടാക്കടത്തില്‍ ഏറെയും. കിട്ടാക്കടത്തിന്‍െറ ഏതാണ്ട് മുഴുവന്‍ ഉത്തരവാദിത്തവും വന്‍കിടക്കാര്‍ക്കാണുതാനും. ഇത്തരം കിട്ടാക്കടങ്ങള്‍ ആവര്‍ത്തിച്ചു പുതുക്കിനല്‍കി അപകടം പുറത്തറിയിക്കാതെ മുന്നോട്ടുപോകുകയായിരുന്നു ബാങ്കുകള്‍. കടം പുതുക്കി നല്‍കാന്‍ ഒത്താശ ചെയ്തുകൊടുത്തിരുന്ന അധികാരികള്‍ നയംമാറ്റിയപ്പോള്‍ സംഗതി പുറത്തുവന്നു എന്നേയുള്ളൂ.

ചുരുക്കത്തില്‍ രാജ്യത്തിന്‍െറ വികസനത്തിന് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാനുള്ള ഗവണ്‍മെന്‍റുകളുടെ അവകാശം വെട്ടിക്കുറച്ചപ്പോഴുണ്ടായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബാങ്കിങ് മേഖലയെ ബാധിച്ചിരിക്കുന്നത്. നേരിട്ട് വായ്പയെടുക്കാനുള്ള വഴി നിഷേധിച്ചപ്പോള്‍ ബദല്‍മാര്‍ഗം കണ്ടത്തൊനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവഉദാരീകരണനയങ്ങള്‍ വരുത്തുന്ന വിനകള്‍ എന്നുപറഞ്ഞാല്‍ മതിയല്ളോ. സാമ്രാജ്യത്വം നല്‍കുന്ന കുറുപ്പടികള്‍ ഉപേക്ഷിച്ച് നമ്മുടെ നാടിന് ചേര്‍ന്ന ബാങ്കിങ്-വായ്പനയങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

(സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രഫസറാണ് ലേഖകന്‍) harilal@cds.ac.in

Loading...
COMMENTS