Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകടന്നല്‍കൂട്ടില്‍...

കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞപ്പോള്‍

text_fields
bookmark_border

മാധ്യമം ഓണ്‍ലൈന്‍ എഡിഷനിലെ സ്ഥിരം പംക്തിയായ കൊച്ചുവര്‍ത്തമാനത്തില്‍ ഞാന്‍ എഴുതിയ ‘സംവരണം ഒരു വിയോജനം’ എന്ന കുറിപ്പ് (ഒക്ടോബര്‍ 14) കൊച്ചുവര്‍ത്തമാനമായതു കൊണ്ടു തന്നെ സുവിശദമോ സവിസ്തരമോ ആയിരുന്നില്ല. അതുകൊണ്ടു കൂടി അസാമാന്യമായ പ്രതികരണങ്ങളും ഉത്കണ്ഠകളും വിമര്‍ശങ്ങളുമാണത് ക്ഷണിച്ചുവരുത്തിയത്. സ്വതേ സംവരണം ഒരു വൈകാരിക പ്രശ്നമാണ് എന്നതും ഞാന്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വേണ്ടവിധം വിശദീകരിക്കപ്പെട്ടില്ല എന്നതും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം, ഇത്രയേറെ ചര്‍ച്ചക്ക് ലേഖനം കാരണമായതില്‍ ഞാന്‍ സംതൃപ്തനാണ്. കുറിപ്പിനൊടുവില്‍ ഇത് തീര്‍ത്തും വ്യക്തിപരമാണെന്നും ഏതെങ്കിലും പത്രത്തിന്‍െറയോ സംഘടനയുടെയോ സമുദായത്തിന്‍െറയോ അഭിപ്രായമല്ളെന്നും വ്യക്തമാക്കിയിരുന്നതാണ്. കടന്നല്‍കൂട്ടിലാണ് കല്ളെറിയുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു അത്. എന്‍െറ അഭിപ്രായം എന്‍േറത് മാത്രമാണ്. മറ്റൊരാളും അത് ഒരുപക്ഷേ പങ്കിടുന്നില്ല എന്നാണ് കരുതിയത്. പക്ഷേ, പ്രതികരണങ്ങളില്‍ ചിലത് അതിന്നനുകൂലമായത് എന്നെ അദ്ഭുതപ്പെടുത്തി.  

സത്യത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എഴുതിയതായിരുന്നില്ല പ്രസ്തുത ലേഖനം. ദേശീയതലത്തില്‍ സംവരണം ചൂടേറിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും കേരളത്തിലും അതിന്‍െറ അനുരണനങ്ങള്‍ പ്രകടമാവുകയും ചെയ്തപ്പോള്‍ നേരത്തേ മനസ്സില്‍ കുടിയേറിയ ചില ചിന്തകള്‍ പങ്കുവെക്കണമെന്ന് തോന്നി. കടുത്ത വിവാദങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്ന സ്ഥിതിക്ക് ഈ വിശദീകരണം പ്രസക്തമായിത്തോന്നുന്നു. വിശിഷ്യ ടി.ടി. ശ്രീകുമാര്‍, എം.എന്‍. കാരശ്ശേരി, സണ്ണി എം. കപിക്കാട് തുടങ്ങിയ സുഹൃത്തുക്കളുടെ വിയോജനം ശ്രദ്ധിക്കാന്‍ ഇടയായപ്പോള്‍.

ഒന്ന്: സംവരണത്തെ ആമുഖത്തില്‍ ശക്തമായി പിന്താങ്ങുകയാണ് ഞാന്‍ ചെയ്തത്. ‘ജാതിയും അയിത്തവും തീരാശാപമായ ഇന്ത്യയില്‍ സംവരണ വ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ന്യൂനപക്ഷമായ സവര്‍ണര്‍ രംഗം അപ്പാടെ കൈയടക്കുമായിരുന്നു’ എന്ന് ചൂണ്ടിക്കാട്ടിയതില്‍നിന്ന് എന്‍െറ മൗലിക നിലപാട് വ്യക്തമാണ്. ഇതാണോ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്‍െറയും നിലപാട്? എങ്കില്‍ അദ്ദേഹം ആരായിരുന്നാലും ഞാനദ്ദേഹത്തോടൊപ്പമാണ്. അല്ളെങ്കില്‍ ഭഗവതിന്‍െറ വഴി വേറെ, എന്‍െറ വഴി വേറെ.

രണ്ട്: കുറിപ്പിലൊരിടത്തും ഞാന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തെ പരാമര്‍ശിച്ചിട്ടില്ല.  കാരണം, അത് അപ്പടിയോ കൂടുതലായോ നിലനിര്‍ത്തണമെന്ന ഉറച്ച അഭിപ്രായമാണെനിക്ക്. അധ$സ്ഥിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പഠിച്ചുയരാനുള്ള അവസരങ്ങള്‍ എത്ര സുലഭമായും സുഗമമായും ലഭിക്കുന്നുവോ അത്രയുമാണ് അവരുടെ ശാക്തീകരണവും അവസര സമത്വവും സാധ്യമാവുക. വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാര്‍വത്രികമായിക്കൊണ്ടിരിക്കെ സവര്‍ണര്‍ക്കുള്ള അവസരങ്ങള്‍ കുറയുന്നു എന്ന പരാതിക്കും പഴുതില്ല.

പഠിക്കാന്‍ ശേഷിയുള്ളവര്‍ക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ ഉയരങ്ങളിലത്തൊനുള്ള പ്രധാനതടസ്സമാണ്. ജാതി മതഭേദമെന്യേ എല്ലാ നിര്‍ധനര്‍ക്കും പഠിച്ചുയരാനുള്ള അവസരമൊരുക്കേണ്ടത് സര്‍ക്കാറിന്‍െറയും സാമൂഹിക സംഘടനകളുടെയും ഉത്തരവാദിത്തമാണ്. അതിന് പ്രഥമവും പ്രധാനവുമായി വേണ്ടത് വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന നിലവിലെ അവസ്ഥ മാറ്റുകയാണ്. വിദ്യാഭ്യാസ യോഗ്യത ആര്‍ജിച്ചുകഴിഞ്ഞാല്‍ കഴിവ് തെളിയിക്കാന്‍ ഒരധ$സ്ഥിതനും വൈമനസ്യമുണ്ടാവേണ്ടതില്ല. അഥവാ സവര്‍ണ ലോബി തടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ ആ തടസ്സം നീക്കാന്‍ സംവരണം മാത്രം പോര. രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂട്ടായ്മയും പോരാട്ടവീര്യവും വേണം. യു.പിയില്‍ മായാവതിയും മുലായംസിങ്ങും ബിഹാറില്‍ ലാലു പ്രസാദ് യാദവും ഒരുഘട്ടത്തില്‍ തെളിയിച്ചത് അതാണ്. പക്ഷേ സംവരണ വ്യവസ്ഥ ഉണ്ടായിട്ടും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഉദ്യേഗങ്ങള്‍ നേടിയെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായിട്ടില്ല എന്നതും വാസ്തവമാണ്.

അതായത്, സംവരണ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സവര്‍ണ വിഭാഗങ്ങള്‍ മാത്രമല്ല തടസ്സം സൃഷ്ടിക്കുന്നത്. അത് നേടിയെടുക്കാനുള്ള ഇച്ഛാ ശക്തിയും മത്സര ക്ഷമതയും പിന്നാക്ക വിഭാഗങ്ങള്‍ ഇനിയും ആര്‍ജിക്കേണ്ടതുണ്ട്. കേരളത്തില്‍ പിന്നാക്ക സമുദായ സംവരണാനുകൂല്യങ്ങളുടെ 10 കൊല്ലത്തെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയുക്തമായിരുന്ന ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്‍ കണ്ടത്തെിയതെന്താണ്? 12 ശതമാനം ഉദ്യോഗ സംവരണമുള്ള മുസ്ലിംകള്‍ക്ക് അര്‍ഹതപ്പെട്ട 7000ത്തില്‍പരം തസ്തികകളില്‍ നിയമനം നടന്നിട്ടില്ളെന്ന്. മറിച്ച് 14 ശതമാനം റിസര്‍വേഷനുള്ള ഈഴവ സമുദായത്തിന് കേവലം അഞ്ച് തസ്തികകളേ നഷ്ടമായിട്ടുള്ളൂ. എന്താണ് കാരണം? ഈഴവ സമുദായം ശാക്തീകരണം വലിയ അളവില്‍ നേടിയെടുത്തപ്പോള്‍ സംഘടിത രാഷ്ട്രീയ ശക്തിയുണ്ടായിട്ടും മുസ്ലിംകള്‍ക്ക് തുല്യത കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെ മേല്‍ജാതിക്കാര്‍ തടസ്സപ്പെടുത്തിയതുകൊണ്ട് മാത്രമാണോ എന്നതാണ് ചോദ്യം.

മൂന്ന്: എസ്.സി/എസ്.ടി  സംവരണം പുന$പരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായമേ ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. അവര്‍ ഏതൊക്കെ വിഭാഗങ്ങളാണെന്നതിന് കൃത്യമായ മാനദണ്ഡങ്ങളും പട്ടികയുമുണ്ട്. ഭരണഘടനയുടെ 46ാം ഖണ്ഡിക അത് വ്യക്തമായും ഉറപ്പുവരുത്തിയിട്ടുമുണ്ട്. അവര്‍ക്കുള്ള സംവരണം എത്രകാലംവരെയും തുടരട്ടെ. ഇന്ത്യയില്‍ സമീപകാലത്തൊന്നും ജാതീയതയുടെ താണ്ഡവം അവസാനിക്കുമെന്നോ കീഴാളര്‍ മുഖ്യധാരയിലേക്ക് വരുമെന്നോ പ്രതീക്ഷയില്ല. കമീഷനെ നിയോഗിച്ച് പഠിക്കണമെന്നും പുന$സംവിധാനം ചെയ്യണമെന്നും നിര്‍ദേശിച്ചത് ഒ.ബി.സിക്കാരുടെ ഉദ്യോഗ സംവരണത്തെക്കുറിച്ച് മാത്രമാണ്. അതിന് കാരണങ്ങളുമുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൃത്യമായി നിര്‍ണയിച്ച് സമുദായങ്ങളെ തദടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് കുറ്റമറ്റ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ മണ്ഡല്‍ കമീഷനുപോലും സാധിച്ചിട്ടില്ല. അതിനാല്‍ ഒരേകദേശ കണക്കില്‍ ഓരോ സംസ്ഥാനത്തും മറ്റ് പിന്നാക്ക സമുദായങ്ങളെ (ഒ.ബി.സി) കണ്ടത്തെുകയായിരുന്നു സംസ്ഥാന സര്‍ക്കാറുകള്‍. ഇത് പലപ്പോഴും അസ്വാരസ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വഴിതുറന്നു. രാജസ്ഥാനിലെ  മീണ, ഗുജ്ജാര്‍ ജാതികള്‍, യു.പിയിലെയും ഹരിയാനയിലെയും ജാട്ടുകള്‍ തുടങ്ങിയവ ഉദാഹരണം.

ഏറ്റവുമൊടുവില്‍ ഗുജറാത്തിലെ പട്ടേലുമാരും സംവരണത്തിനായി പ്രക്ഷോഭപാതയിലാണ്. ഉപര്യുക്ത സമുദായങ്ങളില്‍ ചിലതിന് സംവരണമുണണ്ട്, ചിലതിനില്ല. ഇല്ലാത്തവര്‍ സംവരണത്തിനായി പൊരുതുന്നു. സമ്മര്‍ദത്തിന്‍െറ ശക്തിയനുസരിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ ചിലര്‍ക്ക് വഴങ്ങുന്നു. തന്മൂലം മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീംകോടതി വിധി മറികടന്ന് ചില സംസ്ഥാനങ്ങള്‍ ഒ.ബി.സി സംവരണം നിയമമാക്കി. ഉദാഹരണത്തിന് തമിഴ്നാട്ടില്‍ 69 ശതമാനമാണ് സംവരണം, ത്സാര്‍ഖണ്ഡില്‍ 60ഉം.

അതേസമയം, ദലിതരെക്കാള്‍ പിന്നാക്കമെന്ന് സച്ചാര്‍ സമിതി കണ്ടത്തെിയ മുസ്ലിംകള്‍ക്ക് കേരളം, തമിഴ്നാട്, കര്‍ണാടക, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളിലേ ഒരു സമുദായമെന്ന നിലയില്‍ ഒ.ബി.സി സംവരണമുള്ളൂ. മുസ്ലിംകള്‍ ഏറ്റവും കൂടുതലുള്ള യു.പിയിലോ ബിഹാറിലോ പശ്ചിമബംഗാളിലോ അസമിലോ അവര്‍ക്ക് സാമുദായിക സംവരണമില്ല. കേന്ദ്ര സര്‍വിസില്‍ ഒട്ടുമേ ഇല്ല. മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാന്‍ നിര്‍വാഹമില്ളെന്ന നിലപാടാണ് കോടതികള്‍ക്കുപോലും. സച്ചാര്‍ സമിതി മുസ്ലിംകളെ മൂന്നായി തരംതിരിച്ച് ഏറ്റവും താഴെതട്ടിലുള്ള അര്‍ദലുകള്‍ക്കാണ് സംവരണം ശിപാര്‍ശചെയ്തിരിക്കുന്നത്. അതുപോലും നടപ്പാക്കാന്‍ കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും തയാറായിട്ടില്ല. അതായത്, നിലവില്‍ ദലിതരെക്കാള്‍ പിന്നാക്കമെന്ന് സര്‍ക്കാരിന്‍്റെ തന്നെ ഒൗദ്യോഗിക കമീഷന്‍ കണ്ടത്തെിയ ഒരു സാമൂഹിക വിഭാഗം ഓപണ്‍ ക്വാട്ടയില്‍ മത്സരിക്കേണ്ട അവസ്ഥയാണ്. നിലവിലെ ഒ.ബി.സി സംവരണം കൂടുതല്‍ ജാതികളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ ആ ഓപണ്‍ ക്വാട്ട പിന്നെയും കുറഞ്ഞു വരികയാണ്. ലേഖനത്തില്‍ ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ച പ്രധാന ആശയം അതായിരുന്നു.

തീവ്ര ഹിന്ദുത്വ പ്രസ്ഥാനം രാഷ്ട്രീയാധികാരം ഉറപ്പിച്ചതോടെ മുസ്ലിം സംവരണം എന്നത് തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. അപ്പോള്‍ ദലിതരെക്കാള്‍ പിന്നാക്കമായ ഈ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ എന്തുണ്ട് വഴി? സംവരണത്തിന്‍െറ പേരില്‍ എന്നെ സവര്‍ണ ബ്രാഹ്മണനാക്കുന്ന പലരും ഈ വലിയ യാഥാര്‍ഥ്യത്തെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്ത്? അവര്‍ മിണ്ടുകയില്ല എന്നെനിക്കറിയാം. അങ്ങനെ മിണ്ടുന്നത് തന്നെ തീവ്രവാദമാണെന്നും അത്തരം തീവ്രവാദികളുടെ ലിസ്റ്റുമായി നടക്കുന്നതാണ് മഹത്തായ മതേതരത്വമെന്നും വിചാരിക്കുന്നവരാണ് എന്‍െറ വിമര്‍ശകരില്‍ ചിലര്‍. അപ്പോള്‍ പിന്നെ മത്സരക്ഷമത വര്‍ധിപ്പിക്കുകയും മത്സരിക്കാന്‍ അവകാശമുള്ള ഓപണ്‍ ക്വാട്ട ചുരുങ്ങാതെ നിര്‍ത്തുകയുമാണ് മുസ്ലിംകളെ പോലെ ഒരു സമൂഹത്തിന് അഭികാമ്യമായിട്ടുള്ളത്. ഈ സാഹചര്യം മനസ്സിലുള്ളതിനാലാണ് പിന്നാക്ക സമുദായ സംവരണത്തെക്കുറിച്ച് സമഗ്രമായന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷനെ നിയോഗിക്കണമെന്നും തദടിസ്ഥാനത്തില്‍ മുഖ്യധാരയിലിടം കണ്ടത്തെിയ സമുദായങ്ങളെ പട്ടികയില്‍ നിന്നൊഴിവാക്കി, അര്‍ഹരായ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ക്വാട്ട പുനര്‍നിര്‍ണയിക്കണമെന്ന അഭിപ്രായം ഞാന്‍  പ്രകടിപ്പിച്ചത്.

നാല്: ഇനിയുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണ പ്രശ്നമാണ്.  സ്ത്രീ വാദത്തിന്‍െറ ചാമ്പ്യന്മാരെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നതും തദ്സംബന്ധമായ എന്‍െറ പരാമര്‍ശങ്ങളാണ്. വാസ്തവത്തില്‍ കുതിരക്ക് മുന്നില്‍ വണ്ടികെട്ടുന്ന അവസ്ഥ സ്ത്രീ സംവരണ വിഷയത്തിലുണ്ട്. ആ യാഥാര്‍ഥ്യം മുന്നോട്ട് വെക്കാനാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യം വിശദീകരിക്കാം: ഉദ്യോഗ/വിദ്യാഭ്യാസ സംവരണത്തില്‍ അതത് സംവരണ വിഭാഗങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും സ്വയം സജ്ജരായി മുന്നോട്ട് വരുകയുമാണ്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിന്‍െറ കാര്യത്തില്‍ ഇതല്ല സ്ഥിതി. മിക്കയിടങ്ങളിലും, മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്ത്രീകളില്‍ മത്സരത്തിനായി മുന്നോട്ടുവരാന്‍ തയാറാവുന്നില്ല. അതായത്, നിര്‍ബന്ധങ്ങള്‍ക്കും നിരന്തര സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് പലേടത്തും സ്ത്രീകള്‍ മത്സര രംഗത്തേക്ക് വരുന്നത്. ഇത് നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ അവസ്ഥ അനുഭവിക്കുന്നുണ്ട്. അതേപോലെ പ്രസക്തമായ മറ്റൊരു കാര്യവുമുണ്ട്. ഇങ്ങനെ സമ്മര്‍ദങ്ങള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും വിധേയമായി മത്സരിക്കുകയും ജയിക്കുകയും ചെയ്ത സ്ത്രീകള്‍ രാഷ്ട്രീയത്തിലോ ഭരണത്തിലോ തുടരുന്നില്ല എന്നതാണത്. നല്ളൊരു ശതമാനം വന്നേടത്തേക്ക്, അഥവാ അടുക്കളയിലേക്കോ അങ്കണവാടികളിലേക്കോ തിരിച്ചുപോവുന്നു. ഇതൊരു  സത്യമാണ്. ഇത് പറഞ്ഞതിന്‍െറ പേരില്‍ എന്നെ പിന്തിരിപ്പനാക്കിയതുകൊണ്ട് യാഥാര്‍ഥ്യം ഇല്ലാതാവുന്നില്ല.

ഇനി, ഇങ്ങനെയൊരു അവസ്ഥയുണ്ടാകാന്‍ കാരണമെന്താണ്? രാഷ്ട്രീയ പാര്‍ട്ടികളൊന്നും പാര്‍ട്ടി നേതൃസമിതികളില്‍ സ്ത്രീകളെ തെരഞ്ഞെടുക്കാനോ അവരെ ക്രമാനുഗതം വളര്‍ത്താനോ കാര്യമായ  ശ്രമം നടത്തുന്നില്ല. കേരളത്തിലെ ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്ന് ഒരേയൊരു വനിതയാണ് ജയിച്ചുകയറിയത്. രണ്ടാമത്തെ പാര്‍ട്ടിയായ മുസ്ലിം ലീഗ് പെണ്ണൊരുത്തിയെ മത്സരിപ്പിച്ചു പോലുമില്ല. യു.ഡി.എഫ് ടിക്കറ്റില്‍ ജയിച്ചുവന്ന പട്ടികവര്‍ഗക്കാരിയെ മന്ത്രിയാക്കിയതും രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദംകൊണ്ടാണ്.  പിന്നെയെങ്ങനെ സ്ത്രീകള്‍ ഭരണശേഷിയും പ്രാപ്തിയും നേടും? അതിനാല്‍ പഞ്ചായത്ത്-നഗരസഭകളിലെ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് യോഗ്യരായവരെ കിട്ടാതെവരുന്നു. അടുക്കളയിലും അങ്കണവാടികളിലും സ്ഥാനാര്‍ഥികളെ തിരയേണ്ടിവരുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് മതിയായ അവസരം നല്‍കിക്കൊണ്ടാണ് ഭരണപരമായ ചുമതലകള്‍ ഏല്‍പിക്കേണ്ടത്. അമ്പത് ശതമാനം സംവരണത്തിന്‍െറ ഗുണം ലഭിക്കണമെങ്കില്‍ അതാണ് വഴി.

ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായ വിഭാഗം വനിതകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണപ്രാപ്തി തെളിയിക്കുകയും മത്സരശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് അവര്‍ ജനറല്‍ സീറ്റുകളില്‍ മത്സരിക്കട്ടെ എന്നും ബാക്കി 33 ശതമാനം സംവരണം തുടരട്ടെ എന്നും ഞാന്‍ അഭിപ്രായപ്പെട്ടത്. ഭരണപ്രാപ്തിയും നേതൃപാടവവും ആര്‍ജിച്ച സ്ത്രീകള്‍ സുലഭമാവുമ്പോള്‍ 100 ശതമാനം സീറ്റുകളും അവര്‍ പിടിച്ചെടുത്താലും എനിക്കതില്‍ അതൃപ്തിയോ എതിര്‍പ്പോ ഇല്ല. ലിംഗഭേദമല്ല ഭരണയോഗ്യതയും സംശുദ്ധിയും അഴിമതിമുക്തിയുമാണ് എന്‍െറ കണ്ണില്‍ പ്രഥമ പ്രധാനം; രണ്ടാമത് ശാക്തീകരണവും. ഇപ്പോള്‍ സംഭവിക്കുന്നത് അഞ്ചുവര്‍ഷം പഞ്ചായത്ത്-നഗരസഭകളില്‍ പ്രവര്‍ത്തിച്ച സ്ത്രീകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞാല്‍ വന്നേടത്തേക്ക് തിരിച്ചുപോവുന്നതാണ്. വീണ്ടും പകരക്കാരെ തിരയേണ്ടിയും നിര്‍ബന്ധിക്കേണ്ടിയും വരുന്നു.

വനിതാ സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടട്ടെ: നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനമാണ് സ്ത്രീ സംവരണം. സമൂഹത്തില്‍ പാതി സ്ത്രീയും പാതി പുരുഷനുമാണ് എന്നതാണ് സാമാന്യമായ കണക്ക്. അതായത്, ജനസംഖ്യാനുപാതിക സംവരണമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത്. ഇതേ, ജനസംഖ്യാനുപാതിക സംവരണം ജാതി സംവരണത്തിന്‍െറ കാര്യത്തില്‍, മഹാന്മാരായ സ്ത്രീവാദികളില്‍ പലര്‍ക്കുമില്ല എന്നത് അവരുടെ ഇരട്ട സമീപനത്തിന് തെളിവാണ്. അവര്‍ ഈ നിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ ഒരു കുടില ബുദ്ധിയുണ്ട്. പിന്നാക്ക സമുദായങ്ങളില്‍ സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ പിന്നാക്കമായിരിക്കും. അതായത്,  സ്ത്രീ സംവരണം കൂടുന്ന മുറക്ക് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള അധികാര പങ്കാളിത്തം കുറക്കാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ സവര്‍ണ കുടില ബുദ്ധിയെ സ്ത്രീവാദത്തിന്‍െറ മേല്‍കുപ്പായമിട്ട് അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ജനസംഖ്യയില്‍ പകുതിയായ സ്ത്രീകള്‍ക്ക് പകുതി സീറ്റ് സംവരണം ചെയ്യാമെങ്കില്‍ പകുതിയായ പുരുഷന്മാര്‍ക്ക് മറ്റേ പകുതിയും സംവരണം ചെയ്യുന്നതിനെക്കുറിച്ച് ഇവര്‍ എന്തുപറയുന്നു? അതായത്, ലിംഗ നീതി എന്നത് ഇരു ലിംഗവിഭാഗങ്ങള്‍ക്കും ബാധകമാണല്ളോ? പക്ഷേ, അതൊന്നും പറയാനേ പാടില്ല എന്നതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവരുടെ നിലപാട്. കൃത്രിമവും മേലെനിന്ന് അടിച്ചേല്‍പിക്കുന്നതുമായ ലിംഗസമത്വം വരുത്തിവെക്കുന്ന വിനകളെ കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് പെരിസ്ട്രോയിക്കയില്‍ എഴുതിയ കാര്യങ്ങളെങ്കിലും അവരൊന്ന് വായിച്ചാല്‍ നന്ന്.
സ്ത്രീ സംവരണത്തിന്‍െറ വിഷയത്തില്‍ എന്നെ വിമര്‍ശിക്കാന്‍ വന്നവര്‍ ഈ സംവാദത്തില്‍ കക്ഷിയല്ലാത്ത ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ വലിയ ആവേശം കാണിക്കുന്നതില്‍ എനിക്ക് അദ്ഭുതമില്ല. എനിക്ക് ജമാഅത്തെ ഇസ്ലാമിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാഞ്ഞിട്ടും എന്‍െറ ലേഖനത്തിന് ഒരു സംഘടനയുമായി ബന്ധമില്ല എന്നു പറഞ്ഞിട്ടും പിന്നെയും ജമാഅത്തെ ഇസ്ലാമിയുടെ മേക്കിട്ട് കയറുന്നത് വേറൊരു അസുഖമാണ്.

അതാകട്ടെ എളുപ്പം ഭേദമാകുന്നതുമല്ല. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ: ജമാഅത്തെ ഇസ്ലാമിയുടെ പരമോന്നത ഭരണഘടനാ സമിതിയാണ് അതിന്‍െറ കേന്ദ്ര പ്രതിനിധി സഭ (മജ്ലിസെ നുമാഇന്തഗാന്‍). പ്രസ്തുത സമിതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ, സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അനുപാതമായി സീറ്റുകള്‍ നീക്കിവെച്ച സംഘടനയാണത്. ഇന്ത്യയില്‍ ഏതെങ്കിലും സംഘടന അങ്ങനെ ചെയ്തതായി എനിക്കറിയില്ല. എന്തായാലും വീരശൂര പുരോഗമനകാരികളായ ഇടതുപക്ഷ പാര്‍ട്ടികള്‍ അത് ചെയ്തിട്ടില്ല. വാസ്തവം ഇതായിരിക്കുമ്പോള്‍ തന്നെ, ജമാഅത്തെ ഇസ്ലാമി സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്നില്ല എന്ന പച്ചക്കള്ളം എഴുതിയ ആളാണ് എം.എന്‍ കാരശ്ശേരി. അദ്ദേഹം തന്നെയാണ് സ്ത്രീ സംവരണ വിഷയത്തില്‍ എനിക്കെതിരെ ഇപ്പോള്‍ വാളെടുത്ത് വീശുന്നത്.

അഞ്ച്: ഇനി പട്ടികജാതി-പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളുടെ കാര്യം. 10 കൊല്ലത്തിലൊരിക്കലെങ്കിലും അത്തരം സീറ്റുകള്‍ റൊട്ടേഷനിലാക്കിയാല്‍ എന്ത് നഷ്ടമാണാവോ സംഭവിക്കുക? എസ്.സി/എസ്.ടി ജനസംഖ്യ പരിഗണനീയമായ അളവിലുള്ള മണ്ഡലങ്ങളുള്ള ലിസ്റ്റ് തയാറാക്കി, എസ്.സി/എസ്.ടി സംവരണം അത്തരം മണ്ഡലങ്ങളില്‍ മാറിമാറി വരുന്ന അവസ്ഥ വരുന്നതല്ളേ വിവിധ മണ്ഡലങ്ങളിലുള്ള എസ്.സി/എസ്.ടി ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാവുക? ഇതിലെന്താണ് അപകടകരമായിട്ടുള്ളത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഈ അഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ ബ്രാഹ്മണ മാടമ്പിയായിയൊക്കെ അവതരിപ്പിക്കുന്നത് അല്‍പം കടന്ന കൈയല്ളേ? ഇനി, അതല്ല, എസ്.എസി/എസ്.ടി സംവരണ മണ്ഡലങ്ങള്‍ കാലാകാലവും മാറാതെ നില്‍ക്കണമെന്ന് പറയുന്നതില്‍ എന്‍െറ പ്രിയ ദലിത് ബുദ്ധിജീവികള്‍ എന്ത് യുക്തിയാണ് കാണുന്നത്?

മുസ്ലിം ന്യൂനപക്ഷങ്ങള്‍ ധാരാളമുള്ള മണ്ഡലങ്ങള്‍ എസ്.സി/എസ്.ടി സംവരണമാക്കരുതെന്നത് എന്‍െറ അഭിപ്രായമല്ല. സച്ചാര്‍ സമിതി ശിപാര്‍ശയാണ്. നിയമനിര്‍മാണ സഭകളിലെ മുസ്ലിം പ്രാതിനിധ്യം ദയനീയമാംവിധം കുറവായതാണ് സാഹചര്യം. ‘കൂടുതല്‍ യുക്തമായ നടപടിയിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് മത്സരിക്കാനും പാര്‍ലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവസരമൊരുക്കണം. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യുന്നത് ഒഴിവാക്കണം.’ (സച്ചാര്‍ സമിതി റിപ്പോര്‍ട്ട്: അധ്യായം 12, ഖണ്ഡിക: 2.3 ഭരണപങ്കാളിത്തം മെച്ചപ്പെടുത്തല്‍). മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഉദാഹരണമായി പറഞ്ഞതും ഇതേ സച്ചാര്‍ സമിതി തന്നെയാണ്. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പട്ടികജാതി സംവരണം ഒഴിവാക്കണമെന്നു ഞാന്‍ നിര്‍ദേശിച്ചിട്ടുമില്ല. അതില്‍ ക്ഷുഭിതനായി എന്തെല്ലാം കടുത്ത വാക്കുകളാണ് എന്‍െറ വിമര്‍ശകന്‍ ഉപയോഗിച്ചിരിക്കുന്നത്! മലപ്പുറത്തെ മറ്റ് മണ്ഡലങ്ങളിലൊക്കെ മുസ്ലിംകളല്ളേ മത്സരിക്കുന്നത്, പാലായില്‍ മാണി കുത്തകയാക്കിയില്ളേ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? മുസ്ലിം ലീഗുകാരും മാണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഒരേ മണ്ഡലത്തില്‍നിന്ന് സ്ഥിരമായി ജയിച്ചുകയറുന്നത് ന്യൂനപക്ഷ സംവരണത്തിന്‍െറ ബലത്തിലാണോ? ആ മണ്ഡലങ്ങളില്‍ വേണമെങ്കില്‍ ഏത് ദലിതനും മത്സരിക്കാന്‍ സാങ്കേതിക തടസ്സങ്ങളില്ലതാനും.
നിലവിലെ സംവരണം മാറ്റമില്ലാതെ ലോകാവസാനംവരെ തുടരുന്നതിലാണ് ദലിതരുടെയും സ്ത്രീകളുടെയും വിമോചനമെന്ന് വിശ്വസിക്കുന്നതാണ് വലിയ വിപ്ളവമെങ്കില്‍ അങ്ങനെ കരുതുന്നവരില്‍ ഈയുള്ളവന്‍ ഉള്‍പ്പെടുന്നില്ല. അത് അള്‍ഷിമേഴ്സിന്‍െറ തുടക്കമാണെങ്കില്‍ തല്‍ക്കാലം ചികിത്സയും ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം.

ആറ്: പോയിപ്പോയി എന്‍റെ കുടുംബ പുരാണമൊക്കെ പരതാന്‍ ചില ഗവേഷക/ബുദ്ധിജീവി സുഹൃത്തുക്കള്‍ സന്നദ്ധമാവുകയുണ്ടായി. ചേന്ദമംഗല്ലൂരിലെ മേലാള ബോധത്തിന്‍െറ പ്രതിനിധിയാണത്രേ ഞാന്‍. അങ്ങനെയൊരു ബോധവും അധികാര ഘടനയും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ ആ ഗ്രാമത്തില്‍ ആഗ്രഹിച്ചവരെ വകഞ്ഞ് മുന്നോട്ടുപോയതിന്‍െറ പേരില്‍ മതമൗലികവാദി, തീവ്രവാദി എന്നൊക്കെയുള്ള പട്ടങ്ങള്‍ ഏറ്റുവാങ്ങിയവനാണ് ഞാന്‍. എന്നല്ല, ആ അധികാരഘടനയെ മറികടന്നതിന്‍െറ കലിപ്പിന്‍െറ പേരില്‍ മാത്രം ഞാന്‍ പശ്ചാത്തലമാക്കിയ പ്രസ്ഥാനത്തെ നിരന്തരം ഭര്‍ത്സിക്കുക ദിനചര്യയാക്കിയ എന്‍െറ ഗ്രാമക്കാരനായ എഴുത്തുകാരനെ മഹാ ദാര്‍ശനികനാക്കി കൊണ്ടുനടക്കുന്നതാണ് കേരളത്തിന്‍െറ സാംസ്കാരിക മുഖ്യധാര. ആ ആരോപണങ്ങള്‍ എന്നെ തളര്‍ത്തിയിട്ടില്ല. ഇനിയിപ്പോള്‍, ഈ എഴുപത്തൊന്നാം വയസ്സില്‍ സവര്‍ണ മാടമ്പിയും ബ്രാഹ്മണരുടെ കൂട്ടിക്കൊടുപ്പുകാരനുമൊക്കെയായി കുറേ പേരങ്ങനെ ഭര്‍ത്സിക്കുന്നതില്‍ എനിക്കൊരു പരിഭവവുമില്ല. പക്ഷേ, ഒരു കാര്യം എനിക്ക് ഈ വിവാദങ്ങള്‍കൊണ്ട് മനസ്സിലായി. വ്യത്യസ്ത സ്വരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന മഹാജനാധിപത്യവാദികള്‍ ചെറിയൊരു അഭിപ്രായ വൈവിധ്യം പ്രകടിപ്പിക്കുമ്പോഴേക്ക് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു അവരുടെ ശൈലി. സഹിഷ്ണുതയെന്നത് ഞാന്‍ പറയുന്ന അഭിപ്രായം നീയും പറയുമ്പോള്‍ മാത്രമേ ഉള്ളൂ എന്നാണ് അവരുടെ വിമര്‍ശനത്തിലെ ഭാഷയും ശൈലിയും വ്യക്തമാക്കുന്നത്. ആ തിരിച്ചറിവ് നല്‍കിയെന്നതാണ് വിവാദ ലേഖനം കൊണ്ടുണ്ടായ ഗുണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oabdurahmanreservation
Next Story