ലൈലയുടെ പുതുജീവൻ

  • ഗ്രാവിറ്റി

ജെയിൻ കിർബി
07:22 AM
12/11/2015

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈദ്യശാസ്ത്രലോകം ലൈല റിച്ചാർഡ്സ് എന്ന ഒന്നരവയസ്സുകാരിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മരണത്തിെൻറ പടിവാതിക്കൽനിന്ന് ഏറെ നേർത്ത ഒരു സാധ്യതയെ പ്രയോജനപ്പെടുത്തി കുഞ്ഞുലൈല ജീവിതത്തിലേക്ക് തിരിച്ചുകയറിയ സംഭവം ബ്രിട്ടീഷ് മാധ്യമങ്ങളും കാര്യമായി ആഘോഷിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ, വിശേഷിച്ചും ചികിത്സാ രീതികളിൽ, പുതിയ അധ്യായം ഈ പെൺകുട്ടിയിലൂടെ രചിക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ലക്ഷക്കണക്കിന് വരുന്ന അർബുദരോഗികൾക്ക് പ്രതീക്ഷപകരുന്നതാണ് ലൈലയുടെ കഥ. ലണ്ടനിലെ ദ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽനടന്ന ആ വിജയ പരീക്ഷണത്തെക്കുറിച്ച് ചുരുക്കി വിവരിക്കാം.

നോർത് ലണ്ടനിലെ സാധാരണ ഡ്രൈവറായ അശ്ലീഗ് റിച്ചാർഡിെൻറയും നഗരത്തിലെ ഒരാശുപത്രിയിൽ റിസപ്ഷനിസ്റ്റായ ലിസ ഫോളിയുടെയും രണ്ടാമത്തെ മകളായ ലൈല ജനിച്ചത് കഴിഞ്ഞ വർഷം ജൂണിലാണ്. ജനിക്കുമ്പോൾ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അവൾക്കില്ലായിരുന്നു. ഏകദേശം മൂന്നര കിലോയുടെ അടുത്ത് തൂക്കവുമുണ്ടായിരുന്നു. മൂന്ന് മാസത്തിനുശേഷമാണ് ലൈലയുടെ ഹൃദയമിടിപ്പിെൻറ വേഗത കൂടുന്നതായി മാതാപിതാക്കൾ ശ്രദ്ധിച്ചത്. പിന്നപ്പിന്നെ ചെറിയ അസുഖങ്ങളും പിടിപെടാൻ തുടങ്ങി. ആദ്യം പരിശോധിച്ച ഡോക്ടർക്ക് കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നെ രക്ത പരിശോധന നടത്തിയപ്പോഴാണ് ലൈലക്ക് രക്താർബുദമാണെന്ന് മനസ്സിലായത്. അങ്ങനെയാണ് ലൈല, ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ (എ.എൽ.എൽ) എന്ന വിഭാഗത്തിൽപെട്ട രക്താർബുദമാണ് ലൈലക്ക് ബാധിച്ചിരുന്നത്. പിടിപെട്ടാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവ്. ഈ അസുഖം ബാധിച്ച കുട്ടികളിൽ 25 ശതമാനംവരെ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂവെന്നാണ് കണക്ക്. വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ലൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിെൻറ പിറ്റേദിവസംതന്നെ കീമോതെറപ്പിക്ക് വിധേയയാക്കി. കുറച്ചുദിവസങ്ങൾക്കുശേഷം അർബുദം കവർന്ന രക്തകോശങ്ങൾ കളയുന്നതിനായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി. പലതവണ കീമോതെറപ്പി ചെയ്തിട്ടും ലൈലയുടെ ശരീരത്തിൽനിന്ന് പൂർണമായും അർബുദകോശങ്ങൾ കളയാൻ കഴിഞ്ഞില്ല. ആ പിഞ്ചുകുഞ്ഞിെൻറ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയും ചെയ്തു. രോഗം ദേഭമാകാൻ ഒരു സാധ്യതയുമില്ലെന്ന് ഉറപ്പായതോടെ, കുഞ്ഞിനെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. പാലിയേറ്റിവ് കെയറിലേക്കുള്ള മാറ്റമെന്നാൽ, ലൈലയെ മരണത്തിന് വിട്ടുകൊടുക്കുക എന്നുതന്നെയാണ്.

എന്നാൽ, ലിസയും അശ്ലീഗും ലൈലയെ പാലിയേറ്റിവ് കെയറിലേക്ക് അയക്കാൻ തയാറായില്ല. ഏറ്റവും ചെറിയ സാധ്യതപോലുമുള്ളതും ഇനിയും പൂർണമായും പരീക്ഷണവിധേയമാക്കിയിട്ടുള്ള ചികിത്സക്കുപോലും കുഞ്ഞിനെ വിട്ടുകൊടുക്കാൻ തയാറാണെന്ന് ആശുപത്രി അധികൃതരോട് അവർ പറഞ്ഞു. മറ്റേതൊരു എ.എൽ.എൽ രോഗിയെയുംപോലെ മരണത്തിന് കീഴടങ്ങുമായിരുന്ന ലൈലയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആ മാതാപിതാക്കളുടെ ഈ നിലപാടായിരുന്നു. പാതിവഴിയിലുള്ള തങ്ങളുടെ ഒരു ഗവേഷണഫലം ലൈലയിൽ പരീക്ഷിക്കാൻ ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ തീരുമാനിക്കുന്നത് അങ്ങനെയാണ്.

അർബുദംബാധിച്ച കോശങ്ങൾ ജീൻ തെറപ്പി വഴി ശരിയാക്കിയെടുക്കുന്നതു സംബന്ധിച്ച് അവിടെ ഒരുവർഷമായി ഗവേഷണം നടക്കുന്നുണ്ട്. ലണ്ടൻ യൂനിവേഴ്സിറ്റി കോളജിെൻറ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് എന്ന സ്ഥാപനമാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മേയിൽ എലികളിൽ നടത്തിയ പരീക്ഷണം വലിയ വിജയമായിരുന്നു. ലുക്കീമിയ ബാധിച്ച എലികളുടെ കോശങ്ങൾ ജീൻ തെറപ്പിക്ക് വിധേയമാക്കിയപ്പോൾ അത് അർബുദ മുക്തമായതായി തെളിഞ്ഞിരുന്നു. അർബുദംബാധിച്ച കോശങ്ങളിൽ രോഗത്തിന് കാരണമായ ജീൻഘടകങ്ങളെ തിരിച്ചറിയുകയും അവ എടുത്തുമാറ്റുകയും ചെയ്താൽ രോഗത്തിൽനിന്ന് രക്ഷപ്പെടാമെന്നാണ് ഈ പരീക്ഷണത്തിൽനിന്ന് വ്യക്തമാകുന്നത്. ഈ പരീക്ഷണം ലൈലയുടെ ശരീരത്തിലും നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. എന്നാൽ, അതിന് പല നിയമതടസ്സങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി, ഈ പരീക്ഷണം മുമ്പ് എലികളിൽമാത്രമാണ് നടത്തിയിട്ടുള്ളത്. അതിെൻറഫലങ്ങൾ പൂർണമായും അവലോകനം ചെയ്തിട്ടുമില്ല. ഇത് മനുഷ്യനിൽ എത്രമാത്രം ഫലപ്രദമാകുമെന്നും വ്യക്തമല്ല. അത്തരത്തിലുള്ള അന്വേഷണങ്ങളൊന്നും കൃത്യമായിനടത്താതെ മനുഷ്യനിൽ പരീക്ഷിക്കാൻ ബ്രിട്ടനിൽ നിയമമനുവദിക്കുന്നില്ല. അതുകൊണ്ട് അധികാരികളുടെ അനുമതി ലൈലയുടെ കാര്യത്തിൽ നിർബന്ധമായിരുന്നു. അനുമതിലഭിച്ചാൽതന്നെ പരീക്ഷണം വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടർമാർ ലൈലയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തി.

സാധാരണഗതിയിൽ ഗവേഷണഘട്ടങ്ങൾ പൂർണമായും അവസാനിക്കാതെ അധികാരികളിൽനിന്ന് ഇത്തരം പരീക്ഷണങ്ങൾക്ക് അനുമതി നൽകാറില്ല. എന്നാൽ, ലൈലയുടേത് അസാധാരണ സംഭവം എന്ന നിലയിൽ അനുമതി നൽകുകയായിരുന്നു. അങ്ങനെ ലൈലയുടെ ശരീരത്തിൽ, ജനിതക എൻജിനീയറിങ് സാങ്കേതികവിദ്യ വഴി തയാറാക്കിയ ഒരു മില്ലി അളവ് കോശങ്ങൾ (ഇമ്യൂൺ സെൽ) കുത്തിവെച്ചു. ഏതാണ്ട്  പത്ത് മിനിറ്റ് ഈ പ്രക്രിയ നീണ്ടു. ഒരു സിറിഞ്ചിനുള്ളിലെ കുറച്ച് ദ്രവങ്ങൾക്ക് എങ്ങനെയാണ് വലിയൊരു രോഗംമാറ്റാൻ കഴിയുകയെന്ന് അശ്ലീഗിന് സംശയം; അതും പലതവണ കീമോ പരാജയപ്പെട്ടിടത്ത്. അയാൾ അത് ഡോക്ടർമാരുമായി പങ്കുവെക്കുകയും ചെയ്തു.

ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യുന്ന ശ്വേത രക്തകോശങ്ങളാണ് (ടി സെൽസ്) ലൈലയിൽ കുത്തിവെച്ചത്. കുത്തിവെക്കുന്നതിനുമുമ്പ് അർബുദ കോശങ്ങളെ തുരത്തുന്നതിനായി അതിൽ മറ്റു ചില ജീൻ ഘടകങ്ങൾക്കൂടി ചേർത്തിരുന്നു. ജീനോം എഡിറ്റിങ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരുതരം നൂതന ചികിത്സ. ചികിത്സ ഫലിച്ചാൽ, ഒരാഴ്ചക്കകംതന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അങ്ങനെ, ലൈലയെ പാലിയേറ്റിവിലേക്ക് തിരിച്ചയക്കാൻ ഒരുങ്ങി. പോകുന്നതിനുമുമ്പായി ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് അർബുദകോശങ്ങളിൽ മാറ്റം സംഭവിക്കുന്നതായി കണ്ടത്. മൂത്തമകൾ റിയയെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരുംവഴിയാണ് ലിസയെ ആ ശുഭവാർത്ത തേടിയെത്തിയത്.

ഇപ്പോൾ മാസം രണ്ട് പിന്നിട്ടിരിക്കുന്നു. ലൈലയുടെ രക്താർബുദം പൂർണമായും മാറിയെന്നുതന്നെ പറയാം. ഇതിനിടെ, ലൈല ഒരിക്കൽകൂടി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി; ആരോഗ്യം പൂർണമായും വീണ്ടെടുത്തു. ഇപ്പോൾ മറ്റേതൊരു കുട്ടിയെയുംപോലെ അവൾ വീട്ടിൽ കളിക്കുകയാണ്.
ജീൻ തെറപ്പിയിലൂടെ അർബുദ മുക്തി നേടിയ ആദ്യത്തെ ആളായിരിക്കുന്നു ലൈല. നിഗൂഢ രോഗങ്ങളെ വൈദ്യശാസ്ത്രം എങ്ങനെ അതിജയിക്കുന്നുവെന്നതിെൻറ പാഠങ്ങളുമുണ്ട് ലൈലയുടെ കഥയിൽ. ഒരു ചികിത്സാരീതി രൂപപ്പെടുന്നതിെൻറ മുഴുവൻഘട്ടങ്ങളും നമുക്കിവിടെ കാണാം. അതിനെല്ലാമുപരി, ലക്ഷക്കണക്കിന് അർബുദരോഗികൾക്ക് ആശ്വാസം പകരുന്നതാണ് ഈ സംഭവം.  ലൈലയെപ്പോലുള്ള മറ്റു പത്ത് കുട്ടികളെക്കൂടി ഇവ്വിധത്തിൽ പരീക്ഷണം നടത്താനുള്ള ഒരുക്കം ലണ്ടനിലെ പല ആശുപത്രികളിലായി നടക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ വാർത്ത. അടുത്തവർഷം മുതൽ ഈ പരീക്ഷണങ്ങൾക്കായി വൻതോതിൽ ഫണ്ട് ഇറക്കാൻ ഫ്രാൻസിലെ സെല്ലറ്റിക്സ് എന്ന കമ്പനിയും രംഗത്തുവന്നിട്ടുണ്ട്.

Loading...
COMMENTS