തുര്‍ക്കി: അക് പാര്‍ട്ടിയുടെ വിജയത്തിനു പിന്നില്‍

08:26 AM
05/11/2015

കഴിഞ്ഞ ജൂണ്‍ ഏഴിന് നടന്ന തുര്‍ക്കി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷി അക് പാര്‍ട്ടിയായിരുന്നെങ്കിലും കേവലഭൂരിപക്ഷം ഇല്ലാത്തതിനാലും കൂട്ടുകക്ഷി ഭരണത്തിന് ഇതര പാര്‍ട്ടികള്‍ സന്നദ്ധരല്ലാത്തതിനാലും മാത്രമാണ് അവര്‍ക്ക് ഭരിക്കാന്‍ കഴിയാതെപോയത്. ഉര്‍ദുഗാന്‍ പ്രസിഡന്‍റായതിനെ തുടര്‍ന്ന് അക് പാര്‍ട്ടി നേതാവായ ദാവൂദ് ഒഗ്ലു ഒരു കൂട്ടുകക്ഷി ഭരണത്തിന് കിണഞ്ഞുശ്രമിക്കുകയുണ്ടായി. പക്ഷേ, ഒരു കക്ഷിയും സഹകരിക്കുകയുണ്ടായില്ല. പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുത്തശേഷം ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തന്നെയുണ്ടായ ഈ തിക്താനുഭവം വ്യക്തിപരമായി ഒഗ്ലുവിന് ഒരാഘാതമായിരുന്നു. അര്‍ബകാന്‍െറ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുമായി താന്‍ സുസില്ലറുടെയും ബുലന്ദ് എസവിത്തിന്‍െറയും പാര്‍ട്ടികള്‍ കൂട്ടുകക്ഷി മന്ത്രിസഭകളുണ്ടാക്കിയ മാതൃക തുര്‍ക്കി രാഷ്ട്രീയത്തിലുണ്ട്.

ഭരണപ്രതിസന്ധിയുണ്ടാകുമ്പോള്‍ പട്ടാളം ഇറങ്ങിക്കളിക്കുന്ന പതിവും മുമ്പ് തുര്‍ക്കി രാഷ്ട്രീയത്തിന്‍െറ ഭാഗമായിരുന്നു. ക്രമത്തിലെങ്കിലും പട്ടാളത്തിന്‍െറ ചിറകരിയുന്നതില്‍ അക് പാര്‍ട്ടി നേടിയ വിജയംമൂലം അത്തരം പട്ടാളക്കളികള്‍ക്ക് ഇപ്പോള്‍ ഏതാണ്ട് വിരാമമായിട്ടുണ്ട്. രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പില്‍ അക്പാര്‍ട്ടിയെ തറപറ്റിക്കാം എന്ന അമിതവിശ്വാസത്തിലായിരുന്നു ഇതര പാര്‍ട്ടികള്‍. അതുകൊണ്ടാണ് അക് പാര്‍ട്ടിയുടെ ഉള്‍ക്കൊള്ളലിന്‍െറ രാഷ്ട്രീയം തിരസ്കരിച്ചുകൊണ്ട് അവര്‍ തൊട്ടുകൂടായ്മയുടെ രാഷ്ട്രീയം സ്വീകരിച്ചത്. ദാവൂദ് ഒഗ്ലുവിനെ സംബന്ധിച്ചിടത്തോളം നവംബര്‍ ഒന്നിന് നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പ് പലനിലക്കും വെല്ലുവിളിയായിരുന്നു. ഈ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പിന്നാക്കംപോയാല്‍ അദ്ദേഹത്തിന്‍െറ നേതൃശേഷികൂടി ചോദ്യംചെയ്യപ്പെടുമായിരുന്നു. സിറിയയില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം, ഐ.എസിന്‍െറയും വിഘടനവാദികളായ കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെയും (പി.കെ.കെ) ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവക്കെല്ലാം മധ്യേയാണ് രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

തീവ്ര സെക്കുലറിസ്റ്റുകളുടെ മാത്രമല്ല, അറബ് മേഖലയില്‍ നിന്നുപോലുമുള്ള മാധ്യമങ്ങളും അക് പാര്‍ട്ടിക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി അധികാരത്തിലേറുമെന്ന് മിക്കവാറും എല്ലാ സര്‍വേകളും പ്രവചിച്ചിടത്താണ് 550 സീറ്റുകളില്‍ 316 സീറ്റുകള്‍ നേടി മുന്‍ വിജയങ്ങളെയെല്ലാം അതിശയിപ്പിക്കുന്ന വിജയക്കുതിപ്പ് അക് പാര്‍ട്ടി നടത്തിയിരിക്കുന്നത്. കേവലഭൂരിപക്ഷത്തിലും 20 സീറ്റും വോട്ടില്‍  10 പോയന്‍റും കൂടുതല്‍. ജൂണിലെ 41 ശതമാനത്തില്‍നിന്ന് വോട്ടുകള്‍ 49.5 ശതമാനമായി വര്‍ധിച്ചു. സുസ്ഥിരതക്കും ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിനും ലഭിച്ച ജനസമ്മതിയായിരുന്നു ഇത്.

മറുവശത്ത് മൂന്നു പ്രതിപക്ഷ പാര്‍ട്ടികളുടെയും വോട്ടുകള്‍ ജൂണില്‍ കിട്ടിയതിനെക്കാള്‍ ഗണ്യമായി കുറഞ്ഞു. ജൂണില്‍ 13 ശതമാനം വോട്ട് സമാഹരിച്ച് ചരിത്രവിജയം കുറിച്ച കുര്‍ദനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എച്ച്.ഡി.പി) ഇത്തവണ 10.7 ശതമാനം വോട്ടേ കിട്ടിയുള്ളൂ. 59 സീറ്റുകള്‍ നേടി പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനത്ത് വരാന്‍ സാധിച്ചെങ്കിലും നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടിക്കാണ് (എം.എച്ച്.പി) ഏറ്റവും വലിയ തകര്‍ച്ച സംഭവിച്ചത്. അവരുടെ സീറ്റുകള്‍ 80ല്‍നിന്ന് 40 ആയി ചുരുങ്ങി; വോട്ടിങ് 11.9 ശതമാനവും. ഏറ്റവും വലിയ തകര്‍ച്ച സംഭവിച്ചത് എം.എച്ച്.പിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന തുര്‍ക്കിയുടെ ദക്ഷിണ ഭാഗത്താണ് എന്നതാണ് ശ്രദ്ധേയം. എം.എച്ച്.പി നേതാവ് ബഹശ്തലിയെ വ്യക്തിപരമായി ബാധിക്കുന്നതാണ് ഈ പരാജയം. എം.എച്ച്. പിക്ക് നഷ്ടപ്പെട്ട വോട്ടുകളത്രയും അക് പാര്‍ട്ടി മുതല്‍ക്കൂട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് വേളയില്‍ സ്വന്തം എം.പിമാരിലൊരാള്‍ അക് പാര്‍ട്ടിയിലേക്ക് കാലുമാറിയത് തടയാന്‍പോലും ബഹശ്തലിക്ക് സാധിക്കുകയുണ്ടായില്ല.

134 സീറ്റുകള്‍ നേടിയ റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിക്ക് (സി.എച്ച്.പി) മാത്രമാണ് പൂര്‍വസ്ഥിതി നിലനിര്‍ത്താനായത്. 25.4 ശതമാനമാണ് അവര്‍ നേടിയ വോട്ടുകള്‍. പക്ഷേ, പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാത്തതില്‍ അണികള്‍ നിരാശരാണ്. രണ്ടാം റൗണ്ടില്‍ ഭരണം പിടിച്ചടക്കാമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. വളരെ ശക്തമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍. സി.എച്ച്.പി നേതാവ് കമാല്‍ കുലിശ്തദാറിന് അണികള്‍ക്ക് മുന്നില്‍ വിയര്‍ക്കേണ്ടിവരും. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.എച്ച്.പിയുടെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിക്കേണ്ടിവരും. അക് പാര്‍ട്ടിയുടെ ചരിത്രവിജയം ദാവൂദ് ഒഗ്ലുവിന്‍െറ വ്യക്തിപരമായ വിജയംകൂടിയാണ്. ഉര്‍ദുഗാന്‍െറ അഭാവം പാര്‍ട്ടിയുടെ ഭാവിയെ ബാധിച്ചിട്ടില്ളെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. 13 വര്‍ഷത്തെ അക് പാര്‍ട്ടി ഭരണത്തിന് തുടര്‍ച്ച നല്‍കാനും ഈ വിജയത്തിലൂടെ ഒഗ്ലുവിന് സാധിച്ചിരിക്കുകയാണ്.
അഞ്ചുമാസം മുമ്പ് നേടിയ 259 സീറ്റില്‍നിന്ന് അക് പാര്‍ട്ടിക്ക് 316 സീറ്റുകളിലേക്ക് കുതിക്കാന്‍ എങ്ങനെ സാധിച്ചു? അതിനുമാത്രം നാടകീയമായ എന്ത് സംഭവങ്ങളാണുണ്ടായത്? സുസ്ഥിര ഭരണത്തിന് തുര്‍ക്കി ജനത മുന്‍ഗണന നല്‍കി എന്നാണ് തുര്‍ക്കി പത്രമായ ‘ഹുര്‍രിയത്തി’ല്‍ രാഷ്ട്രീയ നിരീക്ഷകനായ സീര്‍കാര്‍ ദമീര്‍ത്വാശ് എഴുതിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളില്‍ പരാജയപ്പെട്ട കൂട്ടുകക്ഷി ഭരണപരമ്പരകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ജൂണിനുശേഷം അനുഭവപ്പെട്ട രാഷ്ട്രീയ ശൂന്യതയെന്ന് ദമീര്‍ത്വാശ് ചൂണ്ടിക്കാട്ടുന്നു. തൂക്കുപാര്‍ലമെന്‍റിന്‍െറ അസ്ഥിരതയിലേക്കുള്ള ഒരു പിന്മടക്കം തുര്‍ക്കി ജനത ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അക് പാര്‍ട്ടിയിലൂടെ സുസ്ഥിരതയെ അവര്‍ തെരഞ്ഞെടുത്തു.

ദീര്‍ഘകാലത്തിനുശേഷം തുര്‍ക്കിയില്‍ ഏറ്റവും വലിയ രണ്ട് ഭീകരാക്രമണങ്ങള്‍ നടന്ന അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈയില്‍ സറൂജിലും ഒക്ടോബറില്‍ തലസ്ഥാന നഗരിയായ അങ്കാറയിലും നടന്ന ഈ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഐ.എസ് ആണെന്ന് പറയപ്പെടുന്നു. ഇതോടൊപ്പമായിരുന്നു അബ്ദുല്ല ഓഗ്ലാന്‍െറ നിരോധിത വിഘടനവാദി സംഘടനയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ (പി.കെ.കെ) ഭീകരപ്രവര്‍ത്തനങ്ങള്‍. ഐ.എസിനെയും പി.കെ.കെയെയും തുര്‍ക്കി ജനത ഒരുപോലെയാണ് കാണുന്നത്. പി.കെ.കെയുമായുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി. അനാതോലിമയുടെ തെക്കു കിഴക്കന്‍ മേഖലയില്‍ സ്വയംഭരണ പ്രദേശങ്ങളും കാന്‍റണുകളും സ്ഥാപിക്കാനുള്ള പി.കെ.കെയുടെ ശ്രമങ്ങള്‍ തുര്‍ക്കികളില്‍ ശക്തമായ കുര്‍ദ് വിരുദ്ധ വികാരങ്ങളുണര്‍ത്തി.  ഐ.എസിനും പി.കെ.കെക്കുമെതിരെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അക് പാര്‍ട്ടി ആഞ്ഞടിച്ചു. പി.കെ.കെയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ കുര്‍ദ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എച്ച്.ഡി.പി) തിരിച്ചടിയായി. അവര്‍ക്ക് വോട്ടുചെയ്ത മതബോധമുള്ള കുര്‍ദുകള്‍ ഇത്തവണ അക് പാര്‍ട്ടിയെയാണ് പിന്തുണച്ചത്. കുര്‍ദ് വിഘടനവാദം സൃഷ്ടിക്കുന്ന അസ്ഥിരത സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് കണ്ട വ്യാപാര-വ്യവസായ വൃത്തങ്ങളും അക് പാര്‍ട്ടിയെ പിന്തുണച്ചു. നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി (എം.എച്ച്.പി) അണികളിലെ കുര്‍ദ് വിരുദ്ധ വികാരം മുതല്‍ക്കൂട്ടുന്നതിലും അക് പാര്‍ട്ടി വിജയിച്ചു. എം.എച്ച്.പിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയത്രയും അക് പാര്‍ട്ടിയിലേക്കായിരുന്നു.

അക് പാര്‍ട്ടിയുടെ വിജയത്തില്‍ അയല്‍രാജ്യമായ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘടകത്തിനുമുണ്ട് ഒരു പങ്ക്. ബശ്ശാര്‍ വിരുദ്ധ പ്രതിപക്ഷങ്ങളുടെ താവളമാണ് തുര്‍ക്കി. ബശ്ശാര്‍ അല്‍അസദിന്‍െറ അലവി ന്യൂനപക്ഷ ഏകാധിപത്യത്തിനെതിരെ ഉര്‍ദുഗാന്‍ എടുത്ത നിലപാട് അലവികള്‍ക്ക് ഭൂരിപക്ഷമുള്ള റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയെ തഴഞ്ഞ് സുന്നി വോട്ടുകള്‍ അക് പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കാന്‍ സഹായകമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
അക് പാര്‍ട്ടിയുടെ പരാജയം സ്വപ്നംകണ്ട പല ശക്തികളുമുണ്ട്. ബശ്ശാറിന് മാത്രമല്ല ബശ്ശാറിനെ സൈനികമായി സഹായിക്കുന്ന പുടിനുപോലും അതില്‍ താല്‍പര്യമുണ്ടായിരുന്നു. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് ഓട്ടോമന്‍ സുല്‍ത്താന്മാരുമായി നീണ്ടുനിന്ന യുദ്ധങ്ങളുടെ ഒരു ചരിത്രമുണ്ട് റഷ്യക്ക്. സാര്‍-സുല്‍ത്താന്‍ ഏറ്റുമുട്ടലിന്‍െറ ആ കാലം തിരിച്ചുവരുന്നതിന് ഇപ്പോള്‍ സിറിയ നിമിത്തമായിരിക്കുകയാണ്. അക് വിജയം ബശ്ശാറിനെയും പുടിനെയും മാത്രമല്ല നിരാശരാക്കിയത്. ചില അറബ് രാജ്യങ്ങളും അതില്‍ നിരാശരാണ്. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സൗദി പത്രം ‘അശ്ശര്‍ഖുല്‍ ഒൗസത്ത്’ തെരഞ്ഞെടുപ്പ് കാലത്ത് ബാനര്‍ തലക്കെട്ട് നല്‍കിയത് തുര്‍ക്കികള്‍ അകിനും സുസ്ഥിരതക്കുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നു എന്നായിരുന്നു. അക് വന്നാല്‍ അസ്ഥിരത എന്ന് ധ്വനി. സല്‍മാന്‍ രാജാവ് നയം മാറ്റിയിട്ടും ഈ പത്രം കണ്ണടച്ചതിന് കാരണം മറ്റൊരു രാജ്യത്തുനിന്നുള്ള പണമൊഴുക്കായിരിക്കുമെന്നാണ് ഒരു കോളമിസ്റ്റ് എഴുതിയത്. സ്കൈ ന്യൂസ് ചാനല്‍ അക് വിജയത്തെ വിശേഷിപ്പിച്ചത് ‘ഏകാധിപത്യ ജനാധിപത്യം’ എന്നായിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് അകിനെതിരെ വെണ്ടക്ക നിരത്തിയ ചില അറബ് മാധ്യമങ്ങളില്‍ അക് വിജയം ഉള്‍പ്പേജില്‍ ഒതുങ്ങുന്നതും കാണാനായി. തുനീഷ്യയിലൊഴികെ അറബ്വസന്ത രാജ്യങ്ങളില്‍ ജനാധിപത്യം അറുകൊലചെയ്യപ്പെട്ടപ്പോള്‍ തുര്‍ക്കിയില്‍ ജനാധിപത്യത്തിന്‍െറ ശോഭ ജ്വലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അക് പാര്‍ട്ടിക്ക് അഭിമാനിക്കാം.

 

Loading...
COMMENTS