Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകിടപ്പാടം...

കിടപ്പാടം പണയപ്പെടുത്തി ഒരു ഒളിമ്പിക്സ് പങ്കാളിത്തം

text_fields
bookmark_border

റഹീം സാബ് എന്ന് മാത്രം വിളിച്ചിരുന്ന ഒരു പരിശീലകന്‍ ഒരിക്കല്‍ ഇന്ത്യക്കുണ്ടായിരുന്നു. അദ്ദേഹത്തിന് മുമ്പോ അതിനുശേഷമോ ഇന്ത്യക്കാര്‍ അതുപോലെ ഫുട്ബാള്‍ കളിച്ചിട്ടില്ല.
1956 ഡിസംബര്‍ ഒന്നിന് മെല്‍ബോണ്‍ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മത്സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ നേരിട്ടത് ആതിഥേയരായ ആസ്ത്രേലിയയെ ആയിരുന്നു. ബൂട്ട് കെട്ടാനറിയാതെ, അതിട്ട് കളിക്കാനറിയാതെ 11കറുത്ത യുവാക്കള്‍ പാകമല്ലാത്ത കളിക്കുപ്പായങ്ങളുമായി കളിക്കളത്തിലിറങ്ങിയപ്പോള്‍ ഇന്നത്തെപോലെ വാര്‍ത്താപ്രാധാന്യമൊന്നും അന്നുണ്ടായിരുന്നില്ളെങ്കിലും അത് റിപ്പോര്‍ട്ട് ചെയ്യാനത്തെിയ സാര്‍വ്വ ദേശീയ വാര്‍ത്താലേഖകരും ബി.ബി.സി റേഡിയോ കമന്‍േററ്റര്‍മാരും പുച്ഛത്തോടെയായിരുന്നു റഹീം സാബിന്‍െറ കുട്ടികളെ നോക്കിക്കണ്ടത്.  ഒപ്പം ആതിഥേയരായ ആസ്ത്രേലിയക്കാരുടെ വന്‍വിജയത്തെ കുറിച്ചൊക്കെ എങ്ങിനെ എഴുതി പിടിപ്പിക്കണമെന്നുള്ള മുന്‍കരുതലോടെ റിപ്പോര്‍ട്ടിങ് ഗ്യാലറിയില്‍ ഉപവിഷ്ടരായി.
റഫറിയുടെ വിസിലിനൊപ്പം ഇളം നീലക്കുപ്പായമിട്ട ഇന്ത്യക്കാര്‍ ‘ചെരുപ്പില്ലാതെ’ പന്തുമായി പാഞ്ഞുകയറുന്നതുകണ്ട് പരിചയ സമ്പന്നരായ ആസ്ത്രേലിയക്കാര്‍ അതിശയിച്ചപ്പോള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കളിയെഴുത്തു തുടങ്ങിയവര്‍ ഞെട്ടുകയാണുണ്ടായത്.
പീറ്റര്‍ തങ്കരാജ് എന്ന ആജാനബാഹുവായ ഗോളിയെ മാത്രം പിന്‍നിരയില്‍ നിര്‍ത്തി ഹൈദരാബാദുകാരന്‍ അസീസുദ്ദീനും സലാമും ലത്തീഫും കൊമ്പയ്യയും നൂര്‍ മുഹമ്മദും പാഞ്ഞുകയറിയപ്പോള്‍ അവരുടെ കാലുകളില്‍നിന്ന് വിസ്മയിപ്പിക്കുന്ന തന്ത്രങ്ങളുമായി പന്തുകിട്ടിയ പി.കെ. ബാനര്‍ജിയും സമര്‍ ബാനര്‍ജിയും അത് നെവില്‍ ഡിസോസയെന്ന നാണംകുണുങ്ങി പയ്യന് മറിച്ചുകൊടുത്തു. ഒപ്പം ജെ.കിട്ടുവും; പിന്നെ നടന്നത് അതിശയിപ്പിക്കുന്ന സങ്കല്‍പ്പിക്കുവാന്‍ കഴിയുന്നതിലുമപ്പുറമുള്ള കാര്യങ്ങളായിരുന്നു. ഇന്ത്യക്കാര്‍ ഒന്നിനു പിറകെ ഒന്നായി നാലു ഗോളുകള്‍ ആതിഥേയരായ ആസ്ത്രേലിയക്കാരുടെ വലക്കുള്ളില്‍ അടിച്ചുകയറ്റുന്നു. 19 കാരനായ തുളസീദാസ് ബല്‍റാമിന്‍െറ പാസില്‍നിന്ന് ആദ്യ ഗോളടിച്ച നെവില്‍ ഡിസൂസ തുടര്‍ച്ചയായി മറ്റു രണ്ടു ഗോളുകള്‍ കൂടി നേടിയപ്പോള്‍ അത് ഒളിംബിക്സിലെ ഒരു ഏഷ്യന്‍ വംശജന്‍െറ ആദ്യ ഹാട്രിക്കായി റെക്കോഡു ബുക്കില്‍ എഴുതിചേര്‍ത്തു.


ഡിസൂസയുടെ ഈ ഗോള്‍ ആഘോഷം കാണാനായി ബസ് യാത്രക്കാരായിരുന്ന നാലു ആസ്ത്രേലിയക്കാരുണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് നെവില്‍ ഡിസോസ മെല്‍ബോണിലെ ഒരു ലോക്കല്‍ ബസില്‍ക്കയറി. നഗരം കാണാന്‍ ഒറ്റക്കൊരു യാത്ര സംഘടിപ്പിച്ചു. ഇന്ത്യയുടെ ദേശീയ വേഷത്തിലായിരുന്നു യാത്ര. കോട്ടില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ അടയാളം. അതുകൊണ്ട് ഹോക്കി കളിക്കാരനാണ് തങ്ങള്‍ക്കൊപ്പമുള്ളതെന്ന് കരുതി ഈ നാലു യുവാക്കളും ഓട്ടോഗ്രാഫ് വാങ്ങാന്‍ ഒപ്പംകൂടി. ഒപ്പമുള്ളത് ഫുട്ബാള്‍ കളിക്കാരന്‍ ആണെന്നറിഞ്ഞതോടെ പുച്ഛത്തോടെയാണവര്‍ മടങ്ങിയത്. എന്നാല്‍, നെവില്‍ ഡിസോസ അവരെ കളി കാണാന്‍ ക്ഷണിച്ചിരുന്നു. ഹോക്കി കളിക്കാരന്‍െറ കാല്‍പന്തു മികവു കണ്ടവര്‍ അതിശയിക്കുകയും പുറത്ത്കാത്തുനിന്ന് അഭിനന്ദിച്ച് ഓട്ടോഗ്രാഫും വാങ്ങി മാപ്പു പറഞ്ഞാണവര്‍ അന്നു മടങ്ങിയത്. ഓസ്ട്രേലിയയെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചും ഇന്ത്യയുടെ നാലാം ഗോള്‍ കിട്ടുവിന്‍െറ വകയും.
അങ്ങനെ ഇന്ത്യയായി ഏഷ്യന്‍ വന്‍കരയില്‍നിന്ന് ഒളിമ്പിക് ഫൈനലില്‍ എത്തുന്ന ആദ്യ ടീം.

ഇക്കഥകളൊക്കെ മിക്കവാറും കളി ആസ്വാദകര്‍ക്കറിയാവുന്ന കാര്യങ്ങളും ചരിത്രവുമാണ്. എന്നാല്‍, ഈ ടീം എങ്ങിനെ ഒളിമ്പിക്സില്‍ കളിക്കാന്‍ എത്തി എന്നുള്ള യാഥാര്‍ത്ഥ്യം; യക്ഷിക്കഥകളിലെ യാഥാര്‍ത്ഥ്യം പോലെ അസുലഭവും അവിശ്വസനീയവുമാണ്. 17 കളിക്കാരും കോച്ചും മാനേജരും അടങ്ങിയതായിരുന്നു അന്നത്തെ ടീം. പങ്കജ് ഗുപ്തയായിരുന്നു ഇന്ത്യയില്‍ ഫുട്ബാള്‍ സംഘടനയുടെ പ്രസിഡന്‍റ്. എന്നാല്‍, പങ്കജ് ഗുപ്തയുടെ എതിര്‍ ചേരിക്കാരനായ മഹാരാജാ യാദവേന്ദ്ര സിങ് ആയിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ്. അദ്ദേഹത്തിന് പങ്കജ് ഗുപ്തയുടെ വലിയ സ്ഥാനം ഇഷ്ടമല്ലായില്ല. അതുകൊണ്ട് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനെതന്നെ പങ്കെടുപ്പിക്കാതിരിക്കാനും അതുവഴി പങ്കജ് ഗുപ്തയുടെ പങ്കാളിത്തം തടയുവാനുമുള്ള തന്ത്രം അദ്ദേഹം രൂപപ്പെടുത്തി. അതനുസരിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനെ ഇന്ത്യന്‍ സംഘത്തില്‍ ചേര്‍ക്കണമെങ്കില്‍ 33,000 രൂപ ‘ഡിമാന്‍റ് ഡെപ്പോസിറ്റ്’ മൂന്നു ദിവസിത്തിനകം കെട്ടിവെക്കണമെന്ന് ഉത്തരവും നല്‍കി. അന്ന് അതൊരുവലിയ തുകയായിരുന്നു. ഒരു പരിധിവരെ അസാധ്യവുമായിരുന്നു. നിശ്ചിത സമയത്തിനകം കെട്ടിവക്കുക എന്നത് അന്നത്തെ ടീം മാനേജരും പങ്കജ് ഗുപ്തയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനുമായിരുന്ന സിയാവുദ്ദീന്‍ വിഖ്യാത ദടന്‍ ദിലീപ് കുമാറിന്‍െറ അടുത്ത കൂട്ടുകാരനായിരുന്നു. സങ്കടാവസ്ഥ ദിലീപ് കുമാറിനെ അറിയിക്കുകയും കൃത്യസമയത്ത് ഇന്ത്യന്‍ സൂപ്പര്‍താരം പണമത്തെിച്ച് ഇന്ത്യന്‍ ടീമിന് പോകാനുള്ള അനുമതി തരമാക്കുകയും ചെയ്തു.

ഇതൊന്നുംകൊണ്ട് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍െറ യാത്ര സുഗമമായി എന്നു കരുതരുത്. ടീം പുറപ്പെടുന്നതിന്‍െറ ഒരാഴ്ച മുമ്പാണ് ഇന്ത്യന്‍ ഒളിമ്പിക് അസോ. അറിയിക്കുന്നത് ഫുട്ബാള്‍ ടീമിനെ സ്പോണ്‍സര്‍ ചെയ്യാന്‍ തങ്ങള്‍ ഒരുക്കമല്ളെന്നും സാമ്പത്തിക ബാധ്യത അതിന് അനുവദിക്കില്ളെന്നും അതിനര്‍ത്ഥം ഓരോ കളിക്കാരനും സ്വന്തം ചെലവില്‍ മെല്‍ബോണില്‍ പോയി കളിച്ചു മടങ്ങണമെന്നു തന്നെയായിരുന്നു.
ഇവിടെയാണ് നാം അന്നത്തെ ഫുട്ബാള്‍ സംഘാടകരുടെ ഹൃദയ വിശാലതയും ഫുട്ബാളിനോടുള്ള സ്നേഹവും കണേണ്ടത്. പങ്കജ്ഗുപ്ത തനിക്കാതെയുണ്ടായിരുന്ന ‘വില്ല’ മെര്‍ക്കുറി ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് എന്ന വിഘ്യാത സ്ഥാപനത്തിന് പണയപ്പെടുത്തിയത്. താന്‍ അടക്കമുള്ള 18 പേര്‍ക്കുള്ള മെല്‍ബോണ്‍ ടിക്കറ്റ് അന്നു വാങ്ങിയത്. ആ ടീമായിരുന്നു ബൂട്ടുപോലുമില്ലാതെ സെമിഫൈനലില്‍ ചെന്നത്തെി ഇന്ത്യയുടെയും ഏഷ്യന്‍ വന്‍കരയുടെയും കാല്‍പ്പന്തുകളിയുടെ സൗന്ദര്യ ശാസ്ത്രം റഹീം സാഹിബിലൂടെ കാലത്തിന് കാട്ടികൊടുത്തത്.
ഡിസംബര്‍ ഒന്നിന് 59 വര്‍ഷം തികയുകയാണ് ഭാരതീയന്‍െറ മനസുകളിലെ ജ്വലിക്കുന്ന ഓര്‍മ്മയായ ആ ഫുട്ബാള്‍ വിസ്ഫോടനം സംഭവിച്ചിട്ട്. അതിന് മുമ്പോ അതിനുശേഷമോ ഇന്ത്യാ മഹാരാജ്യം കാല്‍പന്തുകളിയില്‍ അത്തരമൊരു ‘നോസ്റ്റള്‍ജിക്’ വിജയം ആസ്വദിച്ചിട്ടില്ല, അറിഞ്ഞിട്ടുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed ashraffootballrahim sab
Next Story