Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightചൈന എങ്ങിനെ ഒളിമ്പിക്...

ചൈന എങ്ങിനെ ഒളിമ്പിക് മെഡല്‍ നേടുന്നു?

text_fields
bookmark_border

ദുരന്തവും ദു:ഖവും, അപമാനവും ഒക്കെയായി മാറിയേക്കാമായിരുന്ന, എന്‍െറ ചൈനീസ് യൂത്ത് ഒളിമ്പിക്സ് റിപ്പോര്‍ട്ടിങ്, എക്കാലവും ഓര്‍മിക്കാന്‍തക്കവിധമായത്, അവിശ്വസനീയമായ ഒരു വഴിതെറ്റലിലൂടെയായിരുന്നു. അതും ചൈനക്കാരുടെ, പിടിവാശിയും, തീരുമാനങ്ങള്‍ മാറ്റില്ളെന്ന ദൃഢനിശ്ചയവും നേരിട്ടറിഞ്ഞശേഷം.
ഞാന്‍ താമസിച്ചിരുന്ന ലിയുവാന്‍ താന്‍ജിങ് ഹോട്ടലില്‍നിന്ന് നാലാമത്തെ മെട്രോ സ്റ്റേഷനിലിറങ്ങിയാല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്ന റിസപ്ഷനിസ്റ്റിന്‍െറ നിര്‍ദേശം സ്വീകരിച്ച് ഞാന്‍ അവിടെ ചെന്നിറങ്ങി. ‘‘സൗത്ത് ഗേറ്റാണത് -പത്രക്കാന്‍െറ പാസുള്ളതിന്‍െറ ഗമയില്‍’ ഞാനകത്ത് കടക്കാന്‍, മെറ്റല്‍ഡിക്റ്റേറ്ററിനു മുന്നിലത്തെിയപ്പോള്‍ ‘വലിയ ബീപ് ശബ്ദത്തില്‍ ചുകപ്പു വെളിച്ചം; പരിശോധകന്‍, ഗൗരവത്തില്‍ ഒന്നു നോക്കിയ ശേഷം പറഞ്ഞു. ഇതിലേ കടക്കാനാകില്ല. നോര്‍ത്ത് ഗേറ്റിലേക്കുള്ള പാസാണിത്. പത്രക്കാര്‍ക്ക് ഏതുവഴിയും പോകാമെന്നൊക്കെ പറഞ്ഞുനോക്കിയിട്ടൊന്നും ഒരു കുലുക്കവുമില്ല. വരിയില്‍നിന്ന് മാറിനില്‍ക്കാനുള്ള സുഗ്രീവാജ്ഞ- നോര്‍ത്ത് ഗേറ്റിലത്തെണമെങ്കില്‍ മെട്രോയിലെ ‘മറ്റൊരു ലൈനില്‍ എഴിലധികം സ്റ്റേഷനുകള്‍ കടക്കണം’ നേരം കുറെ പിടിക്കും. രണ്ടര മണിക്ക് ആദ്യത്തെ വാര്‍ത്താസമ്മേളനം, ഓപണിങ് സെറിമണിക്കുള്ള ‘പ്രവേശന ടിക്കറ്റും വാങ്ങണം’ പുറത്തു കടന്നപ്പോള്‍ തട്ടിമുട്ടി ഇംഗ്ളീഷ് പറയുന്ന ഒരു ‘വളണ്ടിയര്‍ ചെക്കന്‍ പറഞ്ഞു, ഈ തടാകം കഴിഞ്ഞൊരു തോടുണ്ട്, അതു കഴിഞ്ഞൊരു കുഞ്ഞരുവി, അതിനരികിലുടെ പത്തു മിനിറ്റ് നടന്നാല്‍ നോര്‍ത്ത് ഗേറ്റിലത്തൊം. ചെറിയ മഴയും എന്തുംവരട്ടേയെന്നു കരുതി വെച്ചുപിടിച്ചു. പതിനഞ്ചു മിനിട്ട് കഴിഞ്ഞിട്ടും വനമല്ലാതെ മറ്റൊന്നും കാണുന്നുമില്ല, അപ്പോഴാണ് മഞ്ഞനിറമുള്ള ഒരു ‘‘ബാറ്ററി കാറില്‍ ഒരു ചൈനീസ് ചെക്കന്‍ പറന്നുപോകുന്നത് കാണാനായത്. ഹലോ-ഹലോ- വിളിച്ചു ഞാനവന്‍െറ പുറകേ പാഞ്ഞെങ്കിലും അവനൊരു നൂറു മീറ്ററെങ്കിലും മുന്‍പിലായി കഴിഞ്ഞിരുന്നു. എന്തോ ഭാഗ്യം പോയവന്‍ തിരിച്ചുവന്നു. നന്നായിട്ടൊന്നു ചിരിച്ചു- സമാധാനം, വളണ്ടിയറാണ്. ‘എന്നെ നോര്‍ത്ത് ഗേറ്റിലൊന്ന് ഇറക്കിത്തരാമോ -പതിവിന് വിപരീതമായി മുഴങ്ങുന്ന ശബ്ദത്തില്‍ ഒന്നാംതരം അമേരിക്കന്‍ സ്ളാങില്‍ മറുപടി ‘‘വൈ നോട്ട് ഗറ്റ് ഇന്‍’ പയ്യന്‍ മഹാമനസ്കനായിരുന്നു. കാരണം ഞാന്‍ നടന്നത് വിപരീത ദിശയിലായിരുന്നു. മോഡേണ്‍ പെന്‍റാതലവന്‍െറ വേദിക്കടുത്ത്, കൃത്യസമയത്തുതന്നെ, പ്രസ് കോണ്‍ഫറന്‍സിനത്തെിച്ചു. എന്‍െറ ചൈനീസ് മൊബൈല്‍ നമ്പറും വാങ്ങി. അവന്‍ സലാം പറഞ്ഞുപിരിഞ്ഞു. വൈകുന്നേരം ഉദ്ഘാടനച്ചടങ്ങിനു പുറപ്പെടുംമുമ്പ് എന്‍െറ മൊബൈല്‍ മുഴങ്ങി, മറുവശത്തു അവനാണ് ചാള്‍സ്..., ഞാനും വരുന്നുണ്ട് നമുക്കൊപ്പം പോകാം. അതൊരു വലിയ സൗഹൃദത്തിന്‍െറ തുടക്കമായി. അന്നേദിവസം ഉച്ചകഴിഞ്ഞാണവന്‍ വന്നത് -ചൈനയുടെ ‘ഹൈടെക് കായികപരിശീലനകേന്ദ്രമായ നാന്‍ജിങ് നാഷനല്‍ അഡ്വാന്‍സ്ഡ് ട്രെയിനിങ് സെന്‍റര്‍’ കാണാനായിട്ടായിരുന്നു. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വിവരസാങ്കേതികവിദ്യ പഠിക്കുന്ന ചെക്കന്‍െറ മാതാപിതാക്കള്‍ നാന്‍ജിങ് സര്‍വകലാശാലയിലെ പ്രഫസര്‍മാരാണ്. അതുകൊണ്ടാണവനവിടെ സ്വാധീനം.
നേരത്തെ അനുമതി വാങ്ങിയിട്ടാണെങ്കിലും പ്രവേശന കവാടത്തിലത്തെിയപ്പോള്‍ വീണ്ടും പരിശോധന. കാമറ, ഫോട്ടോ എടുക്കാവുന്ന മൊബൈല്‍ ഫോണുകള്‍ ഒക്കെ റിസപ്ഷനില്‍ ഏല്‍പ്പിക്കണം. ചുരുക്കത്തില്‍ ഉടുതുണി മാത്രമേ പാടുള്ളൂ ഉള്ളില്‍ കയറാന്‍. അത് വിസ്മയിപ്പിക്കുന്ന മറ്റൊരു ലോകംതന്നെയാണ്. പുറത്തുകാണുന്ന വലിയ സ്റ്റേഡിയത്തിന്‍െറ മൂന്നിരട്ടി വലുപ്പം. എല്ലാവിധ കളിക്കളങ്ങളും നീന്തല്‍ക്കുളങ്ങളും ജര്‍മനിയിലെ എന്‍െറ യൂനിവേഴ്സിറ്റിയില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള ഉപകരണങ്ങളും. മനക്കണ്ണില്‍ മാത്രമേ കാര്യങ്ങള്‍ പകര്‍ത്താനായുള്ളൂ. ചാള്‍സ്മെല്ളെ പറഞ്ഞു -വെറുതേ നോക്കിക്കണ്ട് നടന്നോ, രേഖകളൊക്കെ എന്‍െറ കൈയിലുണ്ട്. ഞാന്‍ സ്വകാര്യമായി മെയില്‍ ചെയ്തുതരാം ചിത്രങ്ങളും ചരിത്രവും ഒക്കെ, ചെക്കന് എന്നോടും ഇഷ്ടം തോന്നാനൊരു കാരണംകൂടിയുണ്ട്. എന്‍െറ കോട്ടില്‍ ഞാന്‍ കുത്തിവച്ചിരുന്നത് ഇത്തവണത്തെ ജര്‍മന്‍ ഫുട്ബോള്‍ ടീമിന്‍െറ ഏറ്റവും പ്രശസ്തമായ ഒരു ‘സോവനീര്‍ പിന്നായിരുന്നു. ഇന്‍ഡ്യാക്കാരനായ എനിക്കെങ്ങനെ അത് കിട്ടിയെന്നായിരുന്നു ആദ്യം എന്നെ വാഹനത്തില്‍ കയറ്റിയപ്പോഴുള്ള അവന്‍െറ ചോദ്യം. ഞാന്‍ വരുന്നത് ഹിറ്റ്ലറുടെ നാട്ടില്‍ നിന്നാണെന്നറിഞ്ഞതോടെ അവന് എന്നോട് ഇഷ്ടംകൂടി. അവന്‍ ജര്‍മന്‍ നായകന്‍ ഫിലിപ് ലാമിന്‍െറ ഏറ്റവും വലിയ ആരാധകനും ജര്‍മന്‍ ടീമിന്‍െറ അനുയായിയുമാണ്. എന്‍െറ അപൂര്‍വമായ കലക്ഷനായിരുന്ന പിന്‍ അന്നവന്‍ കൈക്കലാക്കുകയും ചെയ്തു.


ഞാന്‍ ഹോട്ടല്‍ മുറിയില്‍ തിരിച്ചത്തെിയപ്പോഴേക്കും എന്‍െറ മെയില്‍ ഐഡിയില്‍ അത്യപൂര്‍വമായ നിരവധി ചിത്രങ്ങളും വിവരങ്ങളും എത്തിക്കഴിഞ്ഞിരുന്നു.
ജനകീയ ചൈന ആദ്യമായി ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുത്തത് 1952ല്‍ ആയിരുന്നു, ഫിന്‍ലണ്ടിലെ ഹെല്‍ഹിങ്ങിയില്‍, ഒരേ ഒരു കായികതാരമായിരുന്നന്ന് ചെങ്കൊടിയുമായി മത്സരത്തിനത്തെിയത്. മെഡല്‍ ഒന്നും നേടാനായില്ളെങ്കിലും വലിയ ഒരു വിവാദത്തിനത് തുടക്കംകുറിച്ചു. റിപ്പബ്ളിക് ചൈന എന്ന പേരില്‍ തായ്വാനെയും സാര്‍വദേശീയ ഒളിമ്പിക്സ് സമിതി അംഗീകരിച്ചിരുന്നു. അതോടെ ചൈനക്കാരുടെ ഒളിമ്പിക് മത്സരവും ഏറെക്കാലത്തേക്ക് അവസാനിച്ചു. ഒന്നുകില്‍ ഞങ്ങള്‍, അല്ളെങ്കില്‍ അവര്‍. രണ്ടുംകൂടി ഒപ്പം പറ്റില്ളെന്ന നിലപാടുമായി ചൈനക്കാര്‍ 1984 വരെ. ഒളിമ്പിക്സില്‍നിന്ന് മാറിനിന്നു.
1984ലെ അവരുടെ തിരിച്ചുവരവൊരു വരവുതന്നെയായി. 216 കായികതാരങ്ങളെ അണിനിരത്തി. പതിനഞ്ച് സ്വര്‍ണവും എട്ടു വെള്ളിയും ഒമ്പത് ഓട്ടുമെഡലുകളുമായി മൊത്തം മെഡല്‍ പട്ടികയില്‍ ‘നാലാം സ്ഥാന’ത്തേക്ക് ജയിച്ചുകയറി. തുടര്‍ന്ന് ജനകീയ ചൈനയുടെ കടന്നുകയറ്റത്തിന്‍െറ വേദിയായി ‘സാര്‍വദേശീയ മത്സരങ്ങള്‍. 2008ല്‍ അവര്‍ ഒളിമ്പിക്സിന് ആതിഥേയരായപ്പോള്‍ നേടിയത് 100 മെഡലുകളും പ്രഥമസ്ഥാനവും. ആഹ്ളാദകരമാണ് ഈ വിജയങ്ങളും.  കഴുത്തിനു അലങ്കാരമാകുന്ന മെഡലുകളും. എന്നാല്‍, അത് എങ്ങനെ അവരുടെ കഴുത്തിലത്തെുന്നുവെന്നതിനെക്കുറിച്ചറിഞ്ഞാല്‍ ഒരുപക്ഷേ അത് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതയുടെയും പീഡനങ്ങളുടെയും ദുരന്തങ്ങളുടെയും ശിശുക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെയും അവസാനിക്കാത്ത കഥകള്‍, യാഥാര്‍ഥ്യമാകുന്നത് നമുക്ക് നേരിട്ടനുഭവിക്കേണ്ടിവരും.
ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ വിഹ്വലതയുണ്ടാക്കുന്നതും ശരാശരി മാതാപിതാക്കളുടെ രക്തം ഉറഞ്ഞുകൂടും വിധമുള്ളതുമാണ്.
ചൈനയിലെ ഏറ്റവും വലിയ ശിശുപീഡനകേന്ദ്രമാണ് ഞാന്‍ സന്ദര്‍ശിച്ചത്. ബാല്യവും കൗമാരവും യൗവനവും ഒരുപോലെ ഇവിടെ തളച്ചിടപ്പെട്ടിരിക്കുന്നു. ഇതുപോലെ അറുപത്തിയെട്ട് ഒൗദ്യോഗിക കേന്ദ്രങ്ങളാണ് ചൈനയിലുള്ളത്.
ഗ്രാമഗ്രാമാന്തരങ്ങളിലുള്ള തീരെ പാവപ്പെട്ട കര്‍ഷകകുടുംബങ്ങളിലെയും ചെറുകിടക്കാരുടെ കുഞ്ഞുമക്കളെയുമാണ് കായിക പരിശീലനകേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത്. വിശ്വസിക്കുവാനാകുമോ കേവലം നാലേ നാലു വയസ്സുള്ള മുലകുടി മാറാത്ത ഒരു പൈതലിനെയാണ് കായിക പരിശീലനത്തിലേക്ക് അവരുടെ മാതാപിതാക്കള്‍ കൈമാറുന്നതെന്ന്.
പൈശാചികമെന്ന് വിശേഷിപ്പിക്കാവുന്ന പീഡനമുറകളിലൂടെയാണ് കായികവിദ്യാഭ്യാസം. കുഞ്ഞിക്കാലുകളും കൈകളും അതിശക്തരായ, കരുത്തിന്‍െറ പ്രതീകങ്ങളായ പരിശീലകര്‍ വലിച്ച് പിരിച്ച് പ്രകൃതിനിയമങ്ങളെപ്പോലും ചെയ്യുന്നവിധം കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍, എങ്ങിനെ ഒതുക്കിവെച്ചിട്ടും പുറത്തുവന്നിരിക്കുന്നു. നാലേനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ജിംനാസ്റ്റിക് താരമാക്കാന്‍ നൂറു കിലോയിലധികം ഭാരമുള്ള ഒരു ‘കാട്ടാളന്‍’ അവളുടെ കുഞ്ഞിക്കാലുകള്‍ ചവിട്ടിമെതിക്കുന്ന ചിത്രം മാനവരാശിയോട് തന്നെയുള്ള ക്രൂരതയുടെ പര്യായമായി  നിറഞ്ഞുനില്‍ക്കുന്നു.
ചൈനീസ് കായികമികവിന്‍െറ പ്രഭവകേന്ദ്രങ്ങള്‍ എന്നു വിശേഷണമുള്ള ഇത്തരം പീഡനകേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് പില്‍ക്കാലത്ത് അവര്‍ ഏതുതരം കായിക ഇനങ്ങളിലെ വമ്പന്മാരോ, വമ്പത്തികളോ ആകുംമുമ്പ് ആറു വര്‍ഷത്തേക്ക് നിര്‍ബന്ധിത ജിംനാസ്റ്റിക്കും നീന്തലുമാണ് പാഠ്യപരിശീലന വിഷയം. ഈ രണ്ടിനങ്ങളിലും മികവുതെളിയിച്ച ശേഷമേ മറ്റിനങ്ങളിലേക്ക് പരിശീലനത്തിന് നിയോഗിക്കുകയുള്ളൂ.
ഈ കാലം ഒരു കായിക താരത്തിന്‍െറ മനസ്സിലെ കറുത്ത അധ്യായങ്ങളുമായിരിക്കും- കാരണം പരിശീലനകാലത്ത് ഇവിടെ മാനുഷിക പരിഗണനകള്‍ ഒന്നും തന്നെയില്ല. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് മനുഷ്യശരീരമാണെന്ന പരിഗണനകളൊന്നും പരിശീലകരില്‍നിന്നോ സംഘാടകരില്‍നിന്നോ പ്രതീക്ഷിക്കുകയും വേണ്ട. യന്ത്രങ്ങളെപ്പോലെ, അതിന്‍െറ പാര്‍ട്ടുകള്‍, വളച്ചും തിരിച്ചും മുറിച്ചെടുത്തും പകരം ചേര്‍ത്തുവെക്കുന്നതുപോലാണ് കുഞ്ഞിക്കാലുള്ള കൈകാലുകള്‍ വലിച്ച് പിരിച്ച് ഇവിടെ പരുവപ്പെടുത്തുന്നത്. വിഹ്വലതയുണര്‍ത്തുന്ന ചിത്രങ്ങളില്‍ പ്രഥമ സ്ഥാനം നേടിയിരിക്കുന്നത് മൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ, അവളുടെ അരഭാഗവും തലയും കാല്‍പാദങ്ങളില്‍ എത്തിക്കാനായി, ഭീമാകാരനായ ഒരു മനുഷ്യന്‍ അവളുടെ തോളില്‍ കയറിയിരിക്കുന്നതാണ്. കണ്ടാല്‍ ഏതു കഠിനഹൃദയനും ഞെട്ടിവിറക്കുന്ന രംഗം.
ലോകം മുഴുവന്‍ ഉത്തേജക ഒൗഷധങ്ങളുടെ പിന്നില്‍ മാത്രം, അന്വേഷണങ്ങള്‍ ഒതുക്കിനിര്‍ത്തുമ്പോഴാണ് ഡോഷിങ്ങിനെ വെല്ലുന്ന, ഹൃദയഭേദകമായ ഇത്തരം പരിശീലനങ്ങള്‍ യാതൊരു പ്രതിഷേധത്തിനും വഴിവെക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ നീന്തലില്‍ ഇതിഹാസതാരമായി തീര്‍ന്ന പതിനാറുകാരി ‘യേശിവേന്‍’ 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയത് ലോകത്തെ വിസ്മയിപ്പിച്ച ഒരു റിക്കാര്‍ഡ് പ്രകടനത്തോടെയായിരുന്നു. പുരുഷവിഭാഗത്തില്‍ ലോകറിക്കാര്‍ഡ് നേടിയ ആളേക്കാള്‍, എത്രയോ, വേഗമേറിയതായിരുന്നു ഈ പെണ്‍കുട്ടിയുടെ അവസാന അമ്പതു മീറ്റര്‍ ദൂരം പിന്നിട്ട പ്രകടനമെന്നാണ് ലോകമാധ്യമങ്ങള്‍  മൂക്കത്ത് വിരല്‍വെച്ച് വിളിച്ചുപറഞ്ഞത്.
എന്നാല്‍ ഈ മെഡലിന്‍െറ തിളക്കത്തിന്‍െറ പിന്നിലെ പീഡനപര്‍വം ആരറിയാന്‍. മൂന്നാമത്തെ വയസ്സില്‍, അക്ഷരാര്‍ഥത്തില്‍ നീന്തല്‍ക്കുളത്തില്‍ വലിച്ചെറിയപ്പെട്ടവളായിരുന്നു, ഈ ചൈനീസ് പെണ്‍കുട്ടി.  ദിവസം പതിനാറു മണിക്കൂര്‍വരെ, പതിമൂന്നു വര്‍ഷം, അവള്‍ അവിടെ ചെലവഴിച്ചു. അത്യാധുനിക നീന്തല്‍ക്കുളങ്ങളില്‍, അപ്രതിരോധ്യമായ ഒഴുക്കിനെ തരണം ചെയ്താണവള്‍ നീന്തിപ്പിടിച്ചതും മസിലുകള്‍ക്ക് കാരിരുമ്പിന്‍െറ കരുത്ത് നേടിയെടുത്തതും. വേണോ ഇത്തരം മൃഗീയമായ ക്രൂരതകള്‍ ശൈശവത്തോടെന്ന് ചോദിക്കാന്‍ ആരും തയാറാകുന്നില്ല. അസ്വസ്തതയുണ്ടാക്കുന്ന ഇത്തരം പരിശീലനമുറകളുടെ ചിത്രങ്ങള്‍ ലോകത്തെ വിഡ്ഢിയാക്കിക്കൊണ്ട് പുറത്തുവന്നിട്ടുപോലും.

ഒരു സാര്‍വദേശീയ മത്സരത്തില്‍ ഒരു ചൈനീസ് കായികതാരം, മുഖം കാണിക്കാനുള്ള യോഗ്യത നേടിയെടുക്കണമെങ്കില്‍ പത്തു മുതല്‍ പതിമൂന്നു വര്‍ഷംവരെ, ഇത്തരം പീഡനവര്‍ങ്ങളിലൂടെ കടന്നുപോകണം. പരിശീലനം, പരിശീലനം, പരിശീലനം ഇതു മാത്രമാണവരുടെ മുദ്രാവാക്യം. പരിശീലകര്‍ക്കും അധ്യാപകര്‍ക്കും സര്‍വതന്ത്ര സ്വാതന്ത്ര്യമാണവിടെ, ഏതുതരം ക്രൂരതയും കൈയേറ്റങ്ങളും ശിക്ഷണമുറകളും അവര്‍ക്കെടുത്തുപയോഗിക്കാം. വിജയം മാത്രമേ അതിനായിട്ടവര്‍ക്കാവശ്യമുള്ളൂ.
ശൈശവത്തോടും ബാല്യത്തോടുമുള്ള ക്രൂരതക്ക്, കൗമാരത്തിന്‍െറ കഴുത്ത് ഞെരിച്ചെറിയലിന്, യൗവനത്തോടുള്ള അവഹേളത്തിന്, കാലം മാപ്പുപറയേണ്ടിവരില്ളേ പില്‍ക്കാലത്ത്? ‘മാനവികതയുടെ മുഖത്ത് നോക്കിയുള്ള കാര്‍ക്കിച്ച് തുപ്പല്‍പോലെ’ അസ്വസ്തതയുണ്ടാക്കുന്നു ഈ ചിത്രങ്ങള്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story